ചെവിയില്‍ കുന്ത്രാണ്ടോം തിരുകി നീയെന്തെടുക്കുകയാടാ?
കൊറ്ച്ച് ശാസ്ത്രീയ സംഗീതം കേള്‍ക്കാമെന്നു കരുതി..ലൈറ്റ് ആയിട്ട്...
ആരുടെ?
ദാസേട്ടന്റെ...എന്ന തവം ശെയ്വെനോ......
ഹഹഹഹഹ... നിന്റെ ഒരു ജേശുദാശ്..അങ്ങേര്‍ക്ക് പാടാനറിയ്യോ...അരിയാക്കുടിയുടെ എന്ന തവം എവടെ കെടക്ക്ണു, ദാസിന്റെ എന്ന തവം എവടെ കെടക്ക്ണ്.. അജഗജാന്തര വ്യത്യാസല്ലേ...
ചേട്ടാ അജഗജാന്തരംന്ന് മതി. മറ്റേതില്‍ പൌനരുക്ത്യ ദോഷം ഉണ്ട്...
അയ്യടാ...ഒരു പന്മന മാഷ് വന്നിരിക്കുന്നു...നീ വിഷയം മാറ്റല്ലെ.. ഈ ദാസിനൊക്കെ മനോധര്മ്മണ്ടോ? ആര്‍ക്കാനും വേണ്ടി ഓക്കാനിക്കണ പോലെ അല്ലെ പാട്ട്...ക്ലാസിക്കല്ന്ന് പറഞ്ഞാ നമ്മടെ എം.ഡി.ആറിനെപ്പോലെ വേണം..പാടാന്‍...നിധി ചാല സുഖമാ...രാമാ....
പക്ഷെ ചേട്ടാ...എനിക്കിത് ഇഷ്ടാണ്..കേള്‍ക്കുന്നു....മറ്റാരും മോശക്കാരായിട്ടല്ല..ഈ ശബ്ദം ഇഷ്ടാണ്..
നല്ല ശബ്ദണ്ട്...ന്നട്ടെന്താ കാര്യം...സാധകം ചെയ്യാണ്ടിരുന്നാ.. തുരുമ്പിച്ചില്ലേ കാര്യം...നമ്മടെ ബാലമുരളീനെകണ്ട് പഠിക്ക്...ഈ വയസ്സിലും എന്താ ഒരു ശാരീരം...ശോഭില്ലു സപ്തസ്വരാ..കേട്ടിട്ടുണ്ടാ...അടിവയറ്റീന്നാണ് ശബ്ദം..ചില്ലറ കളിയല്ല..
ഞാനിത് കേള്ക്കണതോണ്ട് ചേട്ടനെന്തെങ്കിലും കുഴപ്പമുണ്ടോ?
എനിക്ക് കുഴപ്പമൊന്നുമില്ല. എന്നാലും ദാസിന്റെ നെരവല്‍ ഒരു വകക്ക് കൊള്ളുവോ? ആ മധുരമണീടെ ഒക്കെ കൂടെ വെച്ച് നോക്കിയാ...ത്യാഗൂ..നീ എന്നെ അങ്ങട് വിളിച്ചളാന്ന് പറയാന്‍ തോന്നും...
ആരാ ഈ ത്യാഗു?
അതറിയാത്ത നീയൊക്കെയാണ് ക്ലാശിക്കണത്... ത്യാഗരാജസ്വാമികള്‍...നിനക്കറിയ്യോ...രാഗം താനം പല്ലവീന്ന് പറഞ്ഞാ.. താനംത തുംതതുംതം...യേശൂന്റെ താനം കേട്ടാ ആന പോലും ആ വഴിക്ക് വരൂല്ലാ...ജീയെന്ബീന്റെ ശിവകാമേശ്വരിംന്നുള്ള കല്യാണി കേട്ട് നോക്ക്..ഒറങ്ങിപ്പോവും...ആ ദീക്ഷിതന്റെ കൃതിയാ..
ചേട്ടാ ഇതൊക്കെ കേട്ട് കേട്ട് ഞാന്‍ അങ്ങോട്ട് വന്നോളാം..ചേട്ടന് സമാധാനപ്പെട്..
ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ.. നീ ആലത്തൂര്‍ ബ്രദേര്സിന്റെ വാതാപി കേട്ടിട്ടുണ്ടാ...ഇല്ലേ കേക്കണം...കൊട്ടക്കണക്കിനു കേസറ്റ് എറക്കീന്ന് വെച്ചിട്ട് പാട്ട് ശരിയാവണംന്നൊന്നൂല്യ...യേശൂന്റെ വാതാപി കേട്ടാ ജേശീബീ മൂന്നാറില്‍ പണിയെടുക്കണ ചേലാണ്.. ഹംസദ്ധ്വനി ആണെങ്കിലും കാക്ക കരയണപോലെ ആണ്...
ഓവറാവല്ലേ ചേട്ടായീ....എന്റെ ഇഷ്ടത്തിന് ഒരു പാട്ട് കേള്‍ക്കാന്‍ പറ്റില്ലാന്ന് വെച്ചാ..
യേശൂനെപ്പോലെ നിന്റെയും തെരഞ്ഞെടുപ്പ് ശരിയല്ല. രാഗങ്ങള്‍ തെരഞ്ഞെടുക്കണ കാര്യത്തില്‍ ഈ ദാസിന് എന്തറിയാം...മാഷ് കൊറച്ച് പഠിപ്പിച്ചണ്ട്..അത് വെച്ച് താങ്ങലന്നെ താങ്ങല്..മഹാരാജപുരത്തിന്റെ അപ്പി കൊറച്ച് കഴിക്കണം..എന്നാലേ ശരിയാവൂ കാര്യം...
അതെവിടെ കിട്ടും?
ഊതല്ലെ മോനേ.. സെമിക്ലാസിക്കല്‍ ദാസ് ഒരു വിധം നന്നായിട്ട് പാടും..ന്നാലും നമ്മടെ എസ്.പി.ബാലസുബ്ബൂന്റെ ഏഴയലത്ത് വരുവോ? ശങ്കരാഭരണത്തിലെ ചൊമപോലും രാഗച്ഛായ കലര്‍ന്നതല്ലേ..യേശു പാട്ടിനെടേ ചൊമച്ചാ രോഗച്ഛായ ഉണ്ടാവുംന്ന് മാത്രം...
അല്ല ചേട്ടാ. നിങ്ങള്‍ ഇത്രയൊക്കെ പറഞ്ഞില്ലേ..പക്ഷെ, യേശുദാസിന്റെ ക്ലാസ്സിക്കല്‍ പാട്ട് ഇഷ്ടപ്പെടുന്ന സാധാരണക്കാര്‍ എത്രയാ ഉള്ളത്?
എട മോനെ..ഈ ശാധാരണക്കാരണ് വല്ല വിവരോം ഉണ്ടാ?
ഇന്നാലും ചേട്ടാ...ശിശുര്‍വേത്തി പശുര്‍വേത്തി വേത്തി വേത്തി ഗാനരസം ഫണി എന്നോ മറ്റോ അല്ലേ? ശിശുവും പശുവും പാമ്പും പോലും സംഗീതം അസ്വദിക്കും എന്നൊക്കെയല്ലേ? അവരെക്കൂടി രസിപ്പിക്കുന്നതല്ലേ നല്ല സംഗീതം..?
ഇവടെ നെന്റെ അന്വയം തെറ്റി...അതിന്റെ അര്‍ത്ഥം അതല്ല...യേശൂന്റെ പാട്ട് നെന്നെപ്പൊലുള്ള ശിശുക്കള്‍ക്കും, പിന്നെ നെന്റെ കൂട്ട് ഉള്ള പശുക്കള്‍ക്കും പിന്നെ ചെല പാമ്പുകള്‍ക്കും മാത്രേ ഇഷ്ടപ്പെടൂന്നാ അതിന്റെ അന്വയം..സംസ്കൃതം പഠിക്കണം...
ചേട്ടന് പഠിച്ചിട്ടുണ്ടൊ?
വേണ്ടാ വേണ്ടാ..ചോദ്യം ഇങ്ങോട്ട് വേണ്ടാ..
എന്തായാലും ചേട്ടാ... രഞ്ജകോ ജനചിത്താനാം സ രാഗഃ എന്നാണ് പുസ്തകങ്ങളില്‍ പറയുന്നത്..മനുഷ്യനെ രസിപ്പിക്കുന്നത് ഏതോ അതാണ് രാഗം..അതാണ് നല്ല സംഗീതം. യേശുദാസിന്റെ പാട്ടിന് പോരായ്മകള്‍ ഉണ്ടായിരിക്കാം. അല്ലെങ്കില്‍ ഉണ്ട്. എന്നാലും അത് ആസ്വദിക്കുന്നവനെ കളിയാക്കുന്നത് ശരിയല്ല. ടോപ്പ് ആള്‍ക്കാരുടെ മാത്രമേ കേള്‍ക്കാവൂ എന്ന് വന്നാ പുതിയവര്‍ എങ്ങനെ വരും?
അത് നീ ടൈഗര്‍ വരദാചാരിയുടെ ആലാപനം കേള്‍ക്കാത്തതുകൊണ്ട് പറയുന്നതാണ്. അതിന്റെ ഭാവഗരിമ ഒന്നു വേറെ ആണ്...
ചേട്ടനിത്തരത്തില് അങ്ങിനെ എല്ലാ കാര്യവും വിലയിരുത്തുന്നത് ശരിയല്ല...എനിക്കിഷ്ടമുള്ളത് ഞാന്‍ കേള്‍ക്കും..ചേട്ടന് ഇഷ്ടമുള്ളത് ചേട്ടനും.. ചേട്ടന് പറഞ്ഞ എം.ഡി.ആറിനേയും മധുരമണി അയ്യരേയും ഇഷ്ടമില്ലാത്ത വിദഗ്ദര്‍ ഉണ്ടല്ലോ..ജി.എന്‍.ബി വെറും നമ്പര്‍ ആണെന്നു വിശ്വസിക്കുന്നവരില്ലെ? കുന്നക്കുടി ഗാലറിക്കു വേണ്ടി കസര്‍ത്ത് കാണിക്കുന്നു എന്നു പറയുന്നവരില്ലേ.. എന്നു വെച്ച് അവരിലാരെങ്കിലും മോശക്കാരാകുമോ? പഴയ ആശാന്മാര് ശാസ്ത്രീയ സംഗീതത്തെ ജനത്തില്‍ നിന്ന് അകറ്റി ഒരു വിഭാഗത്തിന്റെ കുത്തകയാക്കി എന്ന ആരോപണവും ഉണ്ടല്ലോ..അതുപോലെത്തന്നെ...
ടാ ടാ.. പുസ്തകം വായിച്ച് രാഷ്ട്രീയം പറയാന്‍ നിക്കാണ്ട്.. നീ പോയെ. എന്നെ പഠിപ്പിക്കാന്‍ വരാതെ ആ കാസറ്റും കെട്ടിപ്പിടിച്ചോണ്ടിരി..ചേട്ടന് വേറേ പണീണ്ട്... കൊറച്ച് ശുദ്ധസംഗീതം ആസ്വദിക്കട്ടെ ഞാന്‍...
ചേട്ടന് ടേപ്പ് റിക്കാറ്ഡര് ഓണ്‍ ചെയ്ത്..ഹേഡ്ഫോണ് ചെവിയില്‍ കയറ്റി..ആസ്വദിച്ച് താളം പിടിച്ച് അങ്ങിനെ ഇരുന്നു...ആ ചെവിയില്‍ ശുദ്ധസംഗീതം മുഴങ്ങി....
ഒരു കൌതുകത്തിനു വേണ്ടി ഞാന്‍ ചെവി ചേര്‍ത്തുനോക്കി....
ഹഹഹഹ..
അപ്പോ കേള്‍ക്കാം..ചേട്ടന്റെ ചെവിയില്‍....
ഷട്കാല ഗോവിന്ദമാരാരോടേല്ക്കുവാന് തല്ക്കാലം ഞാനേയുള്ളൂ..ഇപ്പോ തല്ക്കാലം ഞാനേയുള്ളൂ
ഈശോയേ...ദാസേട്ടന്റെയും ജയേട്ടന്റെയും കൃഷ്ണചന്ദ്രന്റേയും പാട്ട്
*********
സംഗീതത്തിലെ എല്ലാ മഹാന്മാരോടുമുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട്.....ആസ്വാദകരോടുള്ള എല്ലാ സ്നേഹവും നിലനിര്‍ത്തിക്കൊണ്ട്...