
എക്സൊര്‍സിസ്റ്റിനെക്കുറിച്ചുള്ള ഈ ലിങ്ക് വായിച്ച ശേഷം തിരിച്ചു സംഭവവിവരണത്തിലേക്ക് വരിക...:)
ഭൂതപ്രേതപിശാചുക്കളില്‍ ഒട്ടും തന്നെ വിശ്വാസമില്ലാതിരുന്ന, ‘അവിശ്വാസിയായ‘ ദേവദത്തന് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴൊക്കെ ”ഇത്ര നല്ല തമാശപ്പടത്തെ ഭീകരചിത്രമായി കാണുന്ന ജനങ്ങളുടെ ഹാസ്യബോധമില്ലായ്മയെപ്പറ്റി“ വ്യാകുലനാകുകയായിരുന്നു. ചിത്രം കണ്ടില്ലായിരുന്നെല്‍ നഷ്ടമായേനെ എന്ന ആത്മഗതവും.

എം.ജി.റോഡിലൂടെ മധുമതി എന്ന ഹിന്ദി ചിത്രത്തിലെ പ്രശസ്തമായ പാട്ടും പാടി ഇടക്കൊന്ന് രണ്ടു കൈയും വിട്ട് ചവിട്ടി ദേവദത്തന് ചരിത്രപ്രസിദ്ധമായ കോട്ടപ്പുറം ഭാഗത്തേക്ക് സൈക്കിള്‍ തിരിച്ചു...
കെ.എസ്.ഇ.ബിയുടെ ഭീമാകാരവും ഭീതിജനിപ്പിക്കുന്നതുമായ ഗോഡൌണും, അതിനടുത്തൊരു തോടും വിശാലമായ പാടവും പാടത്തിനപ്പുറത്ത് ജനം ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന, പ്രേതങ്ങളിലെ റിയല്‍ എസ്റ്റേറ്റുകാര്‍ കയ്യടക്കിവെച്ചിരുന്ന വിജനമായ റെയില്‍വേ ട്രാക്കുമുള്ള അന്നത്തെ കോട്ടപ്പുറം...

എതിരെ നിന്നു വന്ന ആള് ദേവദത്തന്റെ സൈക്കിളിനു നേരെ കൈകാണിച്ചു...ദേവദത്തന് റാഡോ വാച്ചില്‍ സമയം നോക്കി..കൃത്യം 12 മണി..
“തീപ്പെട്ടിയുണ്ടോ മാഷുട്ട്യേ?’ ( ബീഡിയുണ്ടോ സഖാവെ എന്ന ഡയലോഗ് അന്ന് പ്രചാരത്തിലായിട്ടില്ല...കാരണം...ആ സിനിമ ഇറങ്ങിയിട്ടില്ല)
ഒന്ന് ഒന്നിനുപോയേക്കാം എന്നു കൂടി കരുതി സൈക്കിളില്‍ നിന്നും ഇറങ്ങി ദേവദത്തന് തീപ്പെട്ടി നീട്ടി...ബീഡി കത്തിച്ചു കഴിഞ്ഞശേഷം തീപ്പെട്ടി തിരിച്ചു നീട്ടിയ അയാള്‍ അബദ്ധത്തിലെന്നവണ്ണം അത് താഴേക്കിട്ടു......
തീപ്പെട്ടി എടുക്കാനായി കുനിഞ്ഞ ദേവദത്തന്റെ ഉള്ളിലൂടെ ഒരു കിളി പാഞ്ഞു...................
അയാളുടെ കാലിന്റെ സ്ഥാനത്ത്...കാലിന്റെ സ്ഥാനത്ത്......
പോത്തിന്റെ കാലുകള്‍......................................
എഴുന്നേറ്റ് അയാളുടെ മുഖത്തേക്ക് നോക്കിയ ദേവദത്തന്റെ ഉള്ളിലൂടെ രണ്ടാമത്തെ കിളി പാഞ്ഞു...
കഴുത്തിനു മുകളില്‍ ശൂന്യം......................
പേടിച്ചാല്‍ ഓടുക എന്ന മലയാളിയുടെ ജനിതകപരമായ സ്വഭാവം ദേവദത്തനെയും ഭരിച്ചപ്പോള്‍ അയാള്‍ ഓട്ടം തുടങ്ങി..കാലില്‍ അമ്മിക്കല്ലു വെച്ചപോലെ തോന്നുന്നുണ്ടായിരുന്നുവെങ്കിലും....ആരെയെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍ ഒരു കൂട്ടായേനേ എന്നു കരുതിയപ്പോഴേക്കും ഒരാള്‍ വരുന്നു...അയാള്‍ അടുത്തെത്തിയപ്പോള്‍ ദേവദത്തന് വിക്കി വിക്കി(പീഡിയ അല്ല) പറഞ്ഞു..

“അവിടെ എന്താണ്? നിങ്ങളെന്തിനാണ് വിറയ്ക്കുന്നത്?”
നടന്ന സംഭവങ്ങള്‍ മുഴുവന്‍ ദേവദത്തന് പറഞ്ഞൊപ്പിച്ചു...ഒടുവില്‍ പറഞ്ഞു
”അയാളുടെ കാലിന്റെ സ്ഥാനത്ത് പോത്തിന്‍കാലായിരുന്നു”
തന്റെ കാല് നീട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു “ദാ ഇതുപോലത്തെ കാലായിരുന്നോ?”
ദേവദത്തന് ഒന്നേ നോക്കിയുള്ളൂ....അതും പോത്തിന്കാല്...
ഹൃദയം സ്തംഭിച്ചു മരിച്ചുവീണ സുന്ദരനായ ആ യുവാവിന്റെ മൃതദേഹം പിറ്റേന്ന് രാവിലെ വരെ അവിടെ അനാഥമായി കിടന്നു.....
*
തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും ഒരു കാലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന അത്ഭുതശാസ്ത്രീയപ്രതിഭാസത്തെക്കുറിച്ച് ഒരു പോസ്റ്റുപോലും ബൂലോഗത്തില്‍ വന്നില്ല എന്നത് തികച്ചും നാണക്കേടായി തോന്നിയതുകൊണ്ട് ബൂലോഗത്തിന്റെ മാനം രക്ഷിക്കുന്നതിനായി ഞാന്‍ എന്റെ തികച്ചും വിലയേറിയതും പൊന്നിനും പണത്തിനും ഒപ്പം മാത്രം തൂക്കി നോക്കാവുന്നതുമായ സമയം ചിലവഴിച്ച് ഒരെണ്ണം പ്രസിദ്ധീകരിക്കുന്നു. അന്ധവിശ്വാസജടിലമായ ഇന്നത്തെ സമൂഹത്തില്‍ ഇതുപോലുള്ള ശാസ്ത്രീയ ചിന്തകള്‍ വളരുന്നത് വരുന്ന തലമുറയോട് ചെയ്യുന്ന പാതകം ക്ഷമിക്കണം സേവനമാകും എന്നുറപ്പുണ്ട്. ഇത് വായിച്ചിട്ട് അശാസ്ത്രീയം, അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു കമന്റിടാന്‍ വരാനിടയുള്ള അശാസ്ത്രികളെ ഈ പോസ്റ്റ് വായിക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ലെങ്കിലും അവര്‍ ഇവിടെ കമന്റിടാന്‍ പാടുള്ളതല്ല. കമന്റിട്ട് പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ വഴി തെറ്റിക്കും എന്നതിനാലാണിത്. ദയവായി ഇതില്‍ ഫാസിസ്റ്റ് മനോഭാവം ആരോപിക്കരുത്..
ഇത് 100% നടന്ന സംഭവമാണ്. ഇതിലെ ഓരോ വാക്കും വരിയും സത്യമാണ്. ഇന്നും യുക്തികൊണ്ടോ ശാസ്ത്രം കൊണ്ടോ വിശദീകരിക്കാനായിട്ടില്ലാത്ത ഈ പ്രതിഭാസം കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടതായി വന്ന വാര്‍ത്തകള്‍ ഈ പ്രതിഭാസത്തിന്റെ യൂണിവേഴ്സാലിറ്റിക്ക് നിദര്‍ശനമാണ്. ഗണപതി പാലുകുടിക്കുന്നതുമായി ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല എങ്കില്‍പ്പോലും സംവത്സരങ്ങളിലൂടെ തുടര്‍ന്നു പോകുന്ന ശാസ്ത്രീയ ചിന്തയുടെ ഒരു നാര് അതിലും കാണാം..
*
ദേവദത്തന് ചത്തെങ്കില് പിന്നെ താനെങ്ങിനെ ഇതൊക്കെ അറിഞ്ഞെടോ എന്നല്ലേ?
അവിശ്വാസികളേ..കുവിശ്വാസികളേ...നിങ്ങള്‍ക്ക് ഹാ...കഷ്ടം.
*
ഡോ. സൂരജ് നിര്‍മ്മിച്ച സര്‍വരോഗ നിവാരണ യന്ത്രം ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക. :)