Tuesday, September 11, 2007

ഒരു രൂപയ്ക്ക് 45 ഡോളര്‍ കിട്ടുന്ന കാലം

രംഗം ഒന്ന്

സ്ഥലം: ന്യൂയോര്‍ക്ക്

കുറച്ച് അമേരിക്കന്‍ ടെക്കീസ് കൊച്ചുവര്‍ത്തമാനത്തില്‍

ഒന്നാമന്‍: എന്താടേ അത്?

രണ്ടാമന്‍: നമ്മുടെ ബോബ് കുട്ടപ്പ് അയച്ചുതന്ന ചില ഫോട്ടോകള്‍.

ഒന്നാമന്‍: ഏതാ ഈ സ്ഥലം?

മൂന്നാമന്‍: ഓ..ഇത് കൊച്ചിയിലെ ഇന്റലിജന്റ് സിറ്റി ആണ്.

ഒന്നാമന്‍: ങ്ഹേ! ആ പഹയന്‍ മാരുതി വാങ്ങിച്ചോ?

രണ്ടാമന്‍: നോക്കട്ടെ..ശരിയാ ..മാരുതി‍...അവന്‍ ആള് പുലി തന്നെ. ജീവിതം ആസ്വദിക്കയല്ലേ..

മൂന്നാമന്‍: നിങ്ങള്‍ക്കറിയുമോ മാരുതിക്ക് 200K ആണ് വില. ഡോളറിലാവുമ്പോ..2,00,000X45=90,00,000 ഡോളര്‍

‍രണ്ടാമന്‍: ഹൊ! നമുക്കിതൊന്നും ഇവിടെ സ്വപ്നം കാണാന്‍ കൂടി കഴിയില്ല.

ഒന്നാമന്‍: നമുക്കെങ്ങിനെയെങ്കിലും ഇന്ത്യയിലേക്ക് കടന്ന് ഒരു ജോലി സംഘടിപ്പിക്കണം.

മൂന്നാമന്‍: നടക്കും കൂട്ടരെ. നമ്മുടെ കൊന്നയും ഒരുനാള്‍ പൂക്കും അളിയന്മാരെ..

രംഗം 2

സ്ഥലം: സാന്‍ ഫ്രാന്‍സിസ്കോ

കുറച്ച് ട്രെയിനിമാര്‍ സംസാരിക്കുന്നു

ഒന്നാമന്‍: നമ്മളെത്ര കാലമായി ഇങ്ങനെ ഒന്നു കൂടിയിട്ട്... എന്റെ ഇന്ത്യയിലേക്കുള്ള വിസ എപ്പോ വേണേല്‍ വരാം.

രണ്ടാമന്‍: പാര്‍ട്ടി എപ്പഴാ?

ഒന്നാമന്‍: സംഭവം കയ്യില്‍ ‍കിട്ടിയാല്‍ ഉടന്‍

‍രണ്ടാമന്‍: നിനക്കവിടെ എവിടെയാ ജോലി?

ഒന്നാമന്‍: ലാലൂരില്‍

‍രണ്ടാമന്‍: ലാലൂര്‍...കേട്ടിട്ടുണ്ട്...എന്നാലും കറക്ടായിട്ട് എവിടെയാ?

ഒന്നാമന്‍: തൃശ്ശൂരിനടുത്ത്

മൂന്നാമന്‍: ഭാഗ്യവാന്‍...ഉഗ്രന്‍ ക്ലൈമറ്റല്ലേ..നമ്മുടെ കാലിഫോര്‍ണിയാ പോലെ ഒന്നും അല്ല. എന്റെ ഒരു ഫ്രണ്ട് പടിഞ്ഞാറേക്കോട്ടയിലുണ്ട്. അവന്‍ പറയുന്നത് ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടമാണ് അതിവിടമാണ് എന്നാണ്.

രണ്ടാമന്‍: അതൊരു മല്ലുവുഡ് സിനിമയിലെ ഡയലോഗല്ലേ..

നാലാമന്‍: ആരാ നിന്റെ മൊതലാളി?

ഒന്നാമന്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍‌ന്ന് കേട്ടിട്ടുണ്ടോ?

രണ്ടാ‍മന്‍‍: ഉം..എന്റെ ഒരു ഫ്രണ്ട് അവിടെ CRD(ചവര്‍ റിമൂവല്‍ ഡിപ്പാര്‍ട്ട്മെന്റ്) ല്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഒടുക്കത്തെ ടെക്നോളജിയാണവിടെ. ശരിക്ക് പണിയറിയാവുന്നവന്‍ ഇങ്ങനെ കേറിക്കേറിപ്പോകും...അസൂയ തോന്നും. ഓരോന്ന് കേട്ടാല്‍....

ഒന്നാമന്‍: അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിനുവേണ്ടി കണക്ക് എഴുതലാണ് ജോലി. ലാലൂരിലെ ചവര്‍ ഡിസ്പോസല്‍ പ്ലാന്റിന്റെ.

രണ്ടാമന്‍: ഭാഗ്യവാന്‍ അളിയാ...അതാണാ രാജ്യത്തിന്റെ ഒരു പ്രത്യേകത. ഏത് ജോലിക്കും നമ്മുടെ എല്ലാ കഴിവും ഉപയോഗിക്കണം. ഇവിടത്തെപ്പോലെ ഒന്നും അല്ല. എന്നെ നോക്ക്...ആ സ്പേയ്സ് ഷട്ടിലിന്റെ റിമോട്ടിനുവേണ്ട പ്രോഗ്രാം എഴുതി എഴുതി ജമ്മം തൊലയ്ക്കുന്നു.

ഒന്നാമന്‍: വിഷമിക്കാതിരി...ഞാന്‍ എന്റെ റീഡിഫ് ഐ.ഡി.തരാം. അവിടെ എത്തിയാല്‍ മെയില്‍ അയക്കാം. നിങ്ങള്‍ ബയോ‌ഡാറ്റാ അയച്ചുതാ. ഞാന്‍ അതെന്റെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഫോര്‍വേഡ് ചെയ്യാം.

മൂന്നാമന്‍: നമ്മുടെ കൊന്നയും ഒന്ന് പൂത്താല്‍ മതിയായിരുന്നു.

രംഗം 3

സ്ഥലം: ടെക്സാസ് യൂണിവേര്‍സിറ്റി

ഒന്നാമന്‍: ഒരു കിടിലന്‍ ന്യൂസുണ്ട്.. നമ്മടെ ഈ ജോര്‍ജ് കുട്ടിക്ക് കേരളാ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടി. ബി.എ. ഹിസ്റ്ററിക്ക്...ഉഗ്രന്‍ സബ്‌ജെക്ടല്ലേ...അവനും രക്ഷപ്പെട്ടു. സ്കോളര്‍ഷിപ്പും ഉണ്ട്.

ജോര്‍ജ്‌കുട്ടി: ഇന്നലെ എന്റെ വിസ വന്നു..എല്ലാം ഫൈനലൈസ്‌ഡ്

രണ്ടാമന്‍: കണ്‍ഗ്രാറ്റ്സെടേയ്..അപ്പോ നീയും ആ സ്വര്‍ഗരാജ്യത്തിലേക്ക് പോകുന്നു..

മൂന്നാമന്‍: ബി.എ.ഹിസ്റ്ററി...പഠിക്കുന്നെങ്കില്‍ ഇതുപോലുള്ള കോഴ്സുകള്‍ തന്നെ വേണം... എന്താ സിലബസ്...ഇവിടത്തെപ്പോലെ ഒന്നുമല്ല..

രണ്ടാമന്‍: എത്രയാടേ സ്കോളര്‍ഷിപ്പ്?

ജോര്‍ജ്‌കുട്ടി: 1200 രൂപ....

രണ്ടാമന്‍: 1200രൂപ!!!!! അതായത് 1200 ഇന്റു 45 സമം 54000 ഡോളര്‍...എന്റമ്മേ..ആ പൈസകൊണ്ടിവിടെ ഒരു ബെന്‍സ് കാറും ഫ്ലാറ്റും വാങ്ങാം.

നാലാമന്‍: നീ ബെന്‍സും കെട്ടിപ്പിടിച്ചോണ്ടിരുന്നോ..ഇവന്‍ അവിടെപ്പോയി മാരുതിയിലും അംബാസിഡറിലുമൊക്കെയായിരിക്കും ചെത്തുന്നത്..

ഒന്നാമന്‍: അച്ഛനോട് അന്നേ പറഞ്ഞതാ എന്നെ മലയാളം മീഡിയത്തില്‍ ചേര്‍ത്താല്‍ മതിയെന്ന്...

മൂന്നാമന്‍: വിഷമിക്കല്ലെ...നമുക്ക് അവിടത്തെ വല്ല പാരലല്‍കോളേജിലും അഡ്മിഷന്‍ കിട്ടുമോന്ന് ട്രൈ ചെയ്യാം. അങ്ങിനെയെങ്കിലും നമ്മടെ കൊന്നയും പൂക്കുമോന്ന് നോക്കാം കൂട്ടരേ

രംഗം 4

സ്ഥലം: ഹോളിവുഡ്.

ആര്‍ണോള്‍ഡ് ശിവശങ്കരന്‍ വിഷമിച്ചിരിക്കുന്നു.

സഹായി: എന്ത് പറ്റി സാര്‍.ഒരു വിഷമം?

ആ.ശി: എന്തു പറയാനാ...മല്ലുവുഡ്ഡീന്ന് ഒരു ഓഫര്‍ വന്നതാ..

സഹായി: നായകനായിട്ടാണോ?

ആ.ശി: എവടെ? മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കത്തി നിക്കുമ്പോ നമുക്കെവടെ ചാന്‍സ്? പക്ഷെ, കിട്ടിയ റോളും പോയിക്കിട്ടി.

സഹായി: എന്തു പറ്റി?

ആ.ശി: വിസ ശരിയായില്ല. ഒടുക്കത്തെ ചുവപ്പ് നാട.

സഹായി: കഷ്ടമായിപ്പോയി..ഈ രാജ്യത്തിന്റെ ഒരു കാര്യം..ആ റോള്‍ പോയി എന്നുറപ്പാണോ?

ആ.ശി.: ഉം..ഷാജി കൈലാസ് സാറിന്റെ അസിസ്റ്റന്റ് സാര്‍ വിളിച്ചിരുന്നു.. ആ റോള്‍ ഭീമന്‍ രഘുവിനു കൊടുത്തെന്ന്...ച്ചേ..എത്ര മോഹിച്ചതാ..

സഹായി: സാര്‍ വിഷമിക്കല്ലെ..എനിക്ക് ജോഷി എന്നൊരു ഡയറക്ടറെ പരിചയമുണ്ട്..വല്ലതും നടക്കുമോന്ന് നോക്കാം..

ആ.ശി: എങ്ങനെയെങ്കിലും ശരിയാക്കെടെ..അവിടെപ്പോയി ഒരു നാലു സിനിമയില്‍ അഭിനയിച്ച് കുറച്ച് രൂപാ സമ്പാദിച്ചില്ലേല്‍ ജീവിതം കട്ടപ്പൊക.

സഹായി: നോക്കട്ടെ..എന്തായാ‍ലും മലയാളമൊക്കെ ശരിക്ക് പഠിച്ച് വെക്ക്..ഇന്നത്തെക്കാലത്ത് അതൊക്കെ അറിയാമെങ്കിലേ രക്ഷയുള്ളൂ...ഡെയ്‌ലി മാതൃഭൂമിയും മനോരമയുമൊക്കെ വായിക്ക്...വെള്ളിനക്ഷത്രവും...മൊത്തത്തില്‍ എല്ലാവരെയും പരിചയമാകട്ടെ..ഒരു രൂപക്ക് 45 ഡോളറാണെന്നത് മന്ത്രം പോലെ ചൊല്ലിക്കൊണ്ടിരി...

ആ.ശി: എപ്പ ചൊല്ലിയെന്ന് കേട്ടാ മതി. എന്റെ കൊന്നയും പൂക്കണ്ടേടേ?

രംഗം 5

തിരുവനന്തപുരം

ടെക്നോളജി പാര്‍ക്കില്‍ ജോലിചെയ്യുന്ന ടെര്‍മിനേറ്റര്‍ക്ക് ഒരു ഫോണ്‍

അച്ഛന്‍: മോനേ..നീ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ.

ടെര്‍മി‍: ഞാന്‍ മെയില്‍ അയച്ചിരുന്നല്ലോ അച്ഛാ...

അച്ഛന്‍: മെയിലോ? ഇവിടെ കണക്ഷന്‍ ഭയങ്കര സ്ലോയാ മോനേ..എക്സ്പ്ലോറര്‍ തുറന്നു വരാന്‍ തന്നെ സമയമെടുക്കും.

ടെര്‍മി‍: ഉം.. ഞാന്‍ രാവിലത്തെ ഫുഡ്ഡ് കഴിക്കുകയായിരുന്നു. അച്ഛന്‍ കഴിച്ചോ?

ആച്ഛന്‍: ഇവടെ ഇപ്പോ രാത്രിയല്ലേ മോനേ..നേരത്തേ കഴിച്ചു...ആട്ടെ നീയെന്താ കഴിക്കുന്നത്? ആരോഗ്യമൊക്കെ നോക്കുന്നില്ലേ?

ടെര്‍മി‍: കോക്കനട്ട് സൂപ്പ് വിത്ത് ചില്ലിയും റൈസ് ബ്രെഡ്ഡും..

അച്ഛന്‍: എന്നു വെച്ചാലെന്താ?

ടെര്‍മി‍: ഇവിടെ ഇതിന് ഇഡ്ഡലിയും ചട്ട്ണിയും എന്നാണ് പറയുന്നത്...

അച്ഛന്‍: അങ്ങനെ പറ. സൂപ്പര്‍ ഫുഡ്ഡല്ലേ..നമ്മുടെ കുടുമ്മത്ത് നീയെങ്കിലും രക്ഷപ്പെട്ടല്ലോ..ഒരു കൊന്നയെങ്കിലും പൂത്തല്ലോ. അച്ഛന് സന്തോഷായി മോനെ...സന്തോഷായി..



(ഒരു ഇന്റര്‍നെറ്റ് തമാശയുടെ മലയാളാന്തരീകരണം)

Friday, August 24, 2007

ഇങ്ങനേയും കളമൊരുക്കാം....

ഓണം സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സമൃദ്ധിയുടേയും മാത്രം ഉത്സവമല്ല. സര്‍ഗ്ഗവൈഭവത്തിന്റേയും കൂടി ഉത്സവമാണ്. ഉള്ളത് കൊണ്ട് ഓണം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് തങ്ങളുടേതായ രീതിയില്‍ ‘പൂക്കള‘മൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കാന്റീന്‍ ജീവനക്കാര്‍.

അവര്‍ക്കും അവരുടെ ഫലിതബോധത്തിനും തലയിലെ ആള്‍ താമസത്തിനും ഒരു പോസ്റ്റ് സല്യൂട്ട്...


ഈയൊരു വെള്ളരിക്ക കൂടി വെച്ചാല്‍ കളം പൂര്‍ണ്ണം.
മനോരമ ആലപ്പുഴ എഡിഷനില്‍ വന്ന ഫോട്ടോ എന്ന് ഹരി പറയുന്നു.
പിന്‍‌കുറിപ്പ്:
ഹരി/ഹരീഷ് ഇട്ട കമന്റ് കാണുക.
ഈ ഫോട്ടൊ മനോരമയില്‍ വന്നതാണെന്ന് അറിയില്ലായിരുന്നു. ഒരു പക്ഷെ മറ്റു ചില പത്രങ്ങളിലും വന്നിട്ടുണ്ടായിരിക്കാം.
എന്റെ ഒരു സുഹൃത്ത് അവരുടെ ഓഫീസിലെ ഓണാഘോഷ, സദ്യ ഫോട്ടോകളുടെ കൂടെ അയച്ചു തന്ന ഫോട്ടോ ആയിരുന്നു ഇത്. വളരെ നന്നായി തോന്നിയതു കൊണ്ടും, അതിലെ ഐഡിയ ഇഷ്ടപ്പെട്ടതുകൊണ്ടും, കൂടുതല്‍ ആളുകള്‍ കാണേണ്ടതുണ്ട് എന്ന് തോന്നിയതുകൊണ്ടും പെട്ടെന്ന് പോസ്റ്റിയതാണ്‌.

ഹരി ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ മനോരമ ഓണ്‍ലയിന്‍ തപ്പി.‍ ഈ കളത്തിന്റെ തന്നെ വേറൊരു ഫോട്ടോ കണ്ടു. ഒരു പക്ഷെ ആ സുഹൃത്തും അതേ സ്ഥലത്ത് നിന്ന് ഫോട്ടോ എടുത്തതാകാം.
ഒരു പറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

Saturday, August 18, 2007

ആട്ടോരക്ഷകന്‍!

രാവിലെ എഴുന്നേറ്റ് ഒന്ന് മൂരി നിവര്‍ന്ന് കണ്ണാടിയില്‍ നോക്കി.

പണ്ട് തൊട്ടേയുള്ള ശീലമാണ്. അവനവനെത്തന്നെ കണികാണണം എന്നത്.

വേറെ ആരെയെങ്കിലും കണ്ട് അന്നത്തെ ദിവസം പോയിക്കിട്ടിയാല്‍ പിന്നെ അയാളെ പ്രാകിപ്രാകി ഉള്ള പാപം മുഴുവന്‍ തലയില്‍ കേറ്റി വെയ്ക്കണം.

ഓരോ തവണ മറ്റൊരാളെ പ്രാകുമ്പോഴും നമ്മുടെ ആയുസ്സില്‍ നിന്ന് പ്രാക്കിന്റെ ത്രീവ്രതയനുസരിച്ച് ആനുപാതികമായി ഇത്ര സെക്കന്റ് നഷ്ടപ്പെടുന്നു എന്ന് പ്രസിദ്ധ റഷ്യന്‍ മന:ശാസ്ത്രജ്ഞനായ കിടിലോവ്സ്കി പറഞ്ഞിട്ടുണ്ട്. (ഇതിനു ലിങ്ക് വേണമെന്നോ? വേണമെങ്കില്‍ വിശ്വസി.)

മാത്രമല്ല കാറ്റു പോയി സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ നമ്മടെ അദ്ദേഹം‍ പഴയ കണക്കൊക്കെത്തപ്പി നമ്മളെ വല്ല നരകത്തിലേക്കും വിട്ടാല്‍ പ്ലാന്‍ മുഴുവന്‍ തകരാറിലാവും.

സ്വര്‍ഗത്തില്‍ സെറ്റില്‍ ചെയ്യണം എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമാണ്. അതുകൊണ്ടല്ലെ ഇത്ര നല്ല മനുഷ്യനായി ഇങ്ങനെ ജീവിക്കുന്നത്.

പല്ലുതേപ്പിലും കുളിയിലും ഷേവിങ്ങിലുമൊന്നും വിശ്വാസമുണ്ടായിട്ടല്ല. ഗോദ്‌രെജ് കാരനും കോള്‍ഗേറ്റ്കാരനും പാര്‍ച്യൂട്ട് എണ്ണക്കമ്പനിക്കാരനുമൊക്കെ ജീവിച്ചുപോണ്ടേ? അതുകൊണ്ട് ആ കലാപരിപാടികളൊക്കെ കഴിച്ച്, പാന്റും ഷര്‍ട്ടുമൊക്കെ ഫിറ്റ് ചെയ്ത് പുറത്തിറങ്ങി.

“ഇന്നെങ്കിലും ഇവനെ ഒറ്റ കിക്കില്‍ സ്റ്റാര്‍ട്ടാക്കിയിട്ടുള്ള കാര്യമേയുള്ളൂ”

അങ്ങിനെ മനസ്സില്‍ പറഞ്ഞ് സ്റ്റാര്‍ട്ടറില്‍ ആഞ്ഞു ചവിട്ടി.

ബൈക്കാരാ മോന്‍. നമ്മള്‍ മനസ്സില്‍ കാണുന്നത് അവന്‍ മരത്തില്‍ കാണും.

ഒരനക്കവുമില്ല. നീയിന്നെങ്ങോട്ടും പോണ്ടെടേയ് എന്ന മട്ട്.

ചോക്കിട്ട് ഒന്നു കൂടി ചവിട്ടി നോക്കി.....എവടെ?

പിന്നെ പ്ലുഗ്ഗൊക്കെ ഊരി ഊതി ഒന്നു കൂടി ഫിറ്റ് ചെയ്ത് ഒരു നാലഞ്ച് ചവിട്ട് ചവിട്ടി. ഇത്തരം ചില സ്നേഹപ്രകടനങ്ങളൊക്കെ നടത്തിയാല്‍ ഏത് കൊലകൊമ്പന്‍ ബൈക്കും വഴിക്കു വരും.

അവനനക്കം വെച്ചു. ഇനി താമസിപ്പിക്കണ്ട എന്ന് കരുതി വെച്ച് പിടിച്ചു.

റോഡിലൂടെ വണ്ടിയോടിച്ച് കുഴിയില്‍ച്ചാടാതെ നോക്കണോ, കുഴിയിലൂടെ വണ്ടിയോടിച്ച് റോഡില്‍ കയറാതെ നോക്കണോ എന്ന ശങ്ക വിട്ടുമാറാത്തതുകൊണ്ട് റോഡ് കുഴി, കുഴി റോഡ് എന്നമട്ടില്‍ കുതിര സവാരിപോലെ ചാടിച്ചാടി ഓടിച്ചുകൊണ്ടിരിക്കെയാണ് പിന്നിലൊരു ബഹളം.

പതുക്കെ ട്രാഫിക് നിയമം തെറ്റിക്കാതെ തിരിഞ്ഞു നോക്കി. (അതെങ്ങനാണെന്നോ? അതിനെപ്പറ്റി ഉടനെ ഒരു പോസ്റ്റിടുന്നുണ്ട്.)

ഒരു ഓട്ടോക്കാരനാണ്.

അവന്റെ ഒടുക്കത്തെ ഹോണടിയും ഇരപ്പിക്കലും. ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമാണെന്ന് കണ്ടാലറിയില്ലേ? വായു ഗുളിക വാങ്ങാനുള്ള പോക്കാണെന്നു തോന്നുന്നു.

വിട്ടുകൊടുത്താല്‍പ്പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല? ആക്സിലറേറ്റര്‍ ഞെരിച്ചു പിടിച്ചു.

ബൈക്കിനോടാണിവന്റെ കളി.

പതുക്കെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ അവനും ഇരച്ച് വരുക തന്നെയാണ്.

സ്പീഡോമീറ്ററിന്റെ സൂചി അങ്ങനെ മുന്നോട്ട് നീക്കി. അവനും അത് തന്നെ ചെയ്യുന്നു.

ഇപ്പോള്‍ തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല എന്ന പാട്ടിന്റെ പിക്ചറൈസേഷന്റെ മട്ടിലായി. ലൈറ്റും ഇട്ടിട്ടുണ്ട്.

ആട്ടോറിക്ഷക്ക് എന്നാണാവോ ആംബുലന്‍സ് ലൈസന്‍സ് കിട്ടിയത്?

പറപ്പിച്ചു.

പക്ഷെ, ആത്മാഭിമാനം വിട്ടുള്ള കളിയില്ല എന്ന വാശി ഈ ആനവണ്ടി ആനവണ്ടി എന്നു പറയുന്ന ശത്രുവിന്റെ മുന്നില്‍ തകരും എന്നുറപ്പായി.

സ്പീഡ് കുറച്ചില്ലേല്‍ ആനക്ക് അട വെക്കേണ്ടി വരും.

കിട്ടിയ ചാന്‍സില്‍ ആട്ടോക്കാരന്‍ ഒപ്പത്തിനൊപ്പമായി. അവനോട് മത്സരിച്ചതല്ല എന്ന ഭാ‍വത്തില്‍ നേരെത്തന്നെ നോക്കി വണ്ടി വിട്ടു.

അവനെന്തോ പറയുന്നുണ്ട്. തെറിയാവും. മൈന്‍ഡ് ചെയ്തില്ല.

ഉടനെ തനിസ്വഭാവം കാണിച്ചുകൊണ്ട് അവന്‍ വണ്ടി ക്രോസ്സാക്കി നിര്‍ത്തി.

ചവിട്ടിയേ പറ്റൂ..ചവിട്ടി.

അവന്‍ ഇനി പറയാന്‍ പോകുന്നതിനെക്കുറിച്ചോര്‍ത്തപ്പോള്‍ വിപദിധൈര്യം എന്നു പറയുന്ന സംഭവം തലച്ചോറിലേക്ക് ഇരച്ചുകയറി. അഡ്രിനാലിന്‍ പമ്പ് ചെയ്യുക എന്ന് സായിപ്പ് പറയുന്ന സംഭവം തന്നെ.

അറ്റാക് ഈസ് ദി ബെസ്റ്റ് വേ ഓഫ് ഡിഫന്‍സ് എന്ന് പറഞ്ഞ മഹാനെ മനസ്സില്‍ ധ്യാനിച്ച് അലറി.

“എവടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്. നിനക്ക് കണ്ണു കണ്ട് കൂടെ, നീയെന്താ വായു ഗുളിക വാങ്ങാന്‍ പോണോ?“

വാമൊഴി സൌന്ദര്യത്തിന്റെ ഈ പ്രയോഗത്തില്‍ അവന്‍ ഒന്നു പകച്ചു. ആ പകപ്പ് മുതലെടുത്ത് അടുത്ത ഡോസ് കയറ്റിക്കൊടുത്തു. അവന്റെ വര്‍ഗത്തിനിട്ട് താങ്ങിയാല്‍ കുറച്ച് കൂടി ഇഫക്ട് കിട്ടും.

“ അല്ലെങ്കിലും ഈ ഓട്ടോക്കാരന്മാരൊക്കെ ഇങ്ങനെയാണ്. നീയൊന്നും മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ”.

ഞാന്‍ ഇത്രയൊക്കെ അലറിയിട്ടും അവന്റെ കണ്ട്രോള്‍ വിടാത്തതു കണ്ട് ഞാനൊന്നമ്പരന്നു. ഇനിയിപ്പോ ഞാനല്ലേ മാന്യന്‍?

അവന്‍ പറ്റാവുന്നത്ര സൌമ്യമായി പറഞ്ഞു.

“സാറെ, സാര്‍ സൈഡ് സ്റ്റാന്‍ഡ് തട്ടിയിട്ടില്ല. അത് പറയാനാണ് ഞാനീ പെടാപ്പാട് പെട്ടത്.“

പതുക്കെ താഴോട്ട് നോക്കിയപ്പോള്‍ ശരിയാണ്. ബൈക്ക് സ്റ്റാര്‍ട്ടായ സന്തോഷത്തില്‍ തട്ടാന്‍ മറന്നതാണ്.

ഇനിയിപ്പോ എന്ത് പറയും എന്ത് ചെയ്യും എന്നാലോചിച്ചപ്പോള്‍ പഴയ വിപദിധൈര്യമൊക്കെ ചോര്‍ന്നുപോയി. അവന്റെ വാമൊഴി സംഗീതത്തിനായി ചെവിതയ്യാറാക്കി.

ങേ? അവനൊന്നും പറയാതെ വണ്ടിയെടുത്ത് പോവുകയാണ്

പോകുന്ന പോക്കില്‍ അവന്‍ യാത്രക്കാരനോട് പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു.

“ ചാവണ്ട എന്ന് വിചാരിച്ച് സഹായിക്കാന്‍ ചെന്നപ്പോ കണ്ടില്ലെ സാറെ അനുഭവം. ഇതാ പറയുന്നത് ഇക്കാലത്ത് ആരെയും സഹായിക്കാന്‍ ചെല്ലരുതെന്ന്‌.“