Monday, April 30, 2007

ഹലോ പ്രിയഗീതം-കുട്ടപ്പന്‍ സ്റ്റൈല്‍

കുട്ടപ്പന്‍ മൂരി നിവര്‍ന്ന് എഴുന്നേറ്റു.

ഇന്നെങ്കിലും ഒരെണ്ണം തടഞ്ഞില്ലെങ്കില്‍ താന്‍ ചിലപ്പോ പട്ടിണിയായിപ്പോകും എന്ന് മനസ്സില്‍ കരുതി റേഡിയോ ഓണ്‍ ചെയ്തു. ജോലിക്ക് പോകുന്നതിനു മുന്‍പ് കൃത്യമായി ‘ഹോം വര്‍ക്ക്” ചെയ്യുക എന്നത് തന്റെ മാത്രം പ്രത്യേകതയാണോ എന്ന് കുട്ടപ്പന്‍ വെറുതെ ചിന്തിച്ചു. ഈ ഫീല്‍ഡില്‍ ഇത്രയും കാലം ആരോഗ്യത്തോടെ പിടിച്ചു നില്‍ക്കാന്‍ തന്നെ സഹായിച്ചത് ഹോം വര്‍ക്ക് അല്ലാതെ മറ്റൊന്നുമല്ല.

ഈ ഇന്റര്‍നെറ്റ് യുഗത്തിലും റേഡിയോ നല്‍കുന്ന സേവനങ്ങളെക്കുറിച്ചാലോചിച്ചപ്പോള്‍ ഗുഗ്ലീല്‍മോ മാര്‍ക്കോണിയുടെ മഹത്വത്തെക്കുറിച്ച് ഒരു ഒരു പാട്ട് പാടിയാലോ എന്ന് കുട്ടപ്പനു തോന്നി. മാര്‍ക്കോണി തന്നെയാണോ റേഡിയോ കണ്ടുപിടിച്ചത് എന്നത് തന്റെ തലവേദനയല്ല

ഹലോ

ഹലോ..ഹലോ പ്രിയഗീതം പരിപാടിയിലേക്ക് സ്വാഗതം..അരാണ് സംസാരിക്കുന്നത്?

ഞാന്‍ കുഞ്ഞമ്മിണിയാണ് സാറേ..

ഈ സാറേ വിളി ഒഴിവാക്കിക്കൂടെ അമ്മിണീ? പരിപാടി തുടങ്ങുന്നതിനു മുന്‍പ് എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട്.ഇന്നു തൊട്ട് ഈ പരിപാടിയില്‍ പങ്കെടുത്ത് ഏറ്റവും നന്നായി ഉത്തരം പറയുന്നവര്‍ക്ക് ഒരു പ്രത്യേക സമ്മാനമുണ്ട്. സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഒരു അജ്ഞാതന്‍ ആണ്..

ആണോ..എന്നാ എനിക്കു തന്നെ സമ്മാനം..ആരാ സാറെ ഈ അജ്ഞാതന്‍?

‍അതറിയത്തില്ല..ഏതൊ രസികനായ വ്യക്തിയായിരിക്കണം. ആട്ടെ കുഞ്ഞമ്മിണി എവിടുന്നാണ് വിളിക്കുന്നത്?

മാവിലായീന്നാ ചേട്ടാ..

(കുട്ടപ്പന്‍ കേരളത്തിന്റെ മാപ്പ് നിവര്‍ത്തി)

അയ്യോ ...മാവിലായി എനിക്ക് ഭയങ്കര ഇഷ്ടമുള്ള സ്ഥലമാണ്.. മാവിലായില്‍ എവിടെയാണ്?

പള്ളി ഇല്ലേ..അതിന്റെ പിറകിലുള്ള റോഡിലാണ്

അയ്യോ എനിക്ക് വളരെ പരിചയമുള്ള റോഡാണ്.. അവിടെ ഏതു വീട്?

കുര്യന്‍ മാഷിന്റെ വീടില്ലേ ..അതിനു തൊട്ടടുത്തുള്ള ടെറസിട്ട രണ്ടു നില വീടില്ലേ..അതാണെന്റെ വീട്..

കുര്യന്‍ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്..മാഷോട് എന്റെ അന്വേഷണം പറയണേ..

പറയാം സാറെ.. അല്ല ...ചേട്ടാ..

മാഷ് കുഞ്ഞമ്മിണിയെ പഠിപ്പിച്ചിട്ടുണ്ടോ?

ഇല്ല..മാഷ് അഞ്ചാം ക്ലാസ് തൊട്ടെ പഠിപ്പിക്കത്തൊള്ളൂ..

ഉം..മനസ്സിലായി..ആട്ടെ അമ്മിണി എന്തു ചെയ്യുന്നു?

ഇപ്പോ ഈ ഫോണും തിരുപ്പിടിച്ച് ചുമ്മാ നില്‍ക്കുകയാ ചേട്ടാ

അതല്ല ചോദിച്ചത് കുഞ്ഞമ്മിണി എന്ത് ജോലിചെയ്യുന്നു എന്ന്? അതായത് ഹൌസ് വൈഫ് ആണോ

എന്നു വെച്ചാ?

അതായത് ഇങ്ങനെ വീട്ടു കാര്യവുമൊക്കെ നോക്കി...ഫോണൊക്കെ വിളിച്ച്...

ആ അങ്ങനെ ത്തന്നെ..

വീട്ടില്‍ ആരൊക്കെയുണ്ട്?

ഞാനും രണ്ടു പിള്ളാരും മാത്രമേ ഉള്ളൂ..

ഭര്‍ത്താവ് അതായത് ഹസ്‌ബന്‍ഡ് എന്തു ചെയ്യുന്നു?

ചേട്ടന്‍ ദുബായിലാ ചേട്ടാ..

(കുട്ടപ്പന്‍ ഒന്ന്‌ ഇളകിയിരുന്നു)

അണോ..ഭാഗ്യവതി..അപ്പോ നല്ല കാശുകാരിയായിരിക്കുമല്ലോ..

എന്നു പറയാന്‍ പറ്റത്തില്ല. അത്യാവശ്യം..എനിക്കിഷ്ടം സ്വര്‍ണ്ണമാണ്.. അതാണ് ജാസ്തി..

ഈ സ്വര്‍ണ്ണമൊക്കെ വീട്ടില്‍ത്തന്നെയാണോ സൂക്ഷിക്കുന്നത്?

ദൈവം സഹായിച്ച് പണയം വെക്കേണ്ട ആവശ്യം ഇതു വരെ വന്നിട്ടില്ല ചേട്ടാ..

കാശൊക്കെ ബാങ്കിലായിരിക്കും അല്ലേ? നല്ല പലിശ കിട്ടുന്നുണ്ടാകുമല്ലോ..

ഇല്ലില്ല...എല്ലാം വീട്ടിത്തന്നെയാണ് സൂക്ഷിക്കുന്നത്..ഈ ബാങ്കൊക്കെ പൊളിഞ്ഞാലോ..നമ്മുടെ കാശ് നമ്മുടെ കൈയില്‍ത്തന്നെ ഇരിക്കുന്നതല്ലേ ബുദ്ധി?

അതും ശരിയാണ്...ഇരിക്കുമെങ്കില്‍ അതാണ് ബുദ്ധി. അവിടെ എന്തോ ശബ്ദം കേള്‍ക്കുന്നല്ലോ. വീട്ടിലെ പട്ടിയാണോ?

അത് ടിവിയിലെ പട്ടിയാണ്.. ഇവിടേം ഒണ്ടായിരുന്നു..പക്ഷെ ചത്തുപോയി.

(ആ അത്മാവിന് നല്ലതു വരട്ടെ..കുട്ടപ്പന്‍ മനസ്സില്‍ പറഞ്ഞു)

ആട്ടെ അമ്മിണീക്ക് ഏതു പാട്ടാണ് വേണ്ടത്...പഴയത് വേണോ പുതിയത് വേണോ?

ചേട്ടന്‍ എന്റെ പിള്ളാരുടെ കാര്യമൊന്നും ചോദിച്ചില്ല. പോട്ടെ. ഇനിയും വിളിക്കാമല്ലോ. എനിക്ക് പഴയ പാട്ട് മതി...കള്ളന്‍ ചക്കേട്ടു..കണ്ടാമിണ്ടണ്ട.. എന്ന പാട്ടില്ലെ.. അതു മതി...

അമ്മിണീ ഈ പാട്ട് ആര്‍ക്കെങ്കിലും ഡെഡിക്കേറ്റ് ചെയ്യുന്നുണ്ടോ?

അതെന്തുവാ? എന്തായാലും ചേട്ടന്‍ തന്നെ തീരുമാനിച്ചാ മതി.. എന്റെ സമ്മാനം..?

അപ്പോ ശരി കുഞ്ഞമ്മിണി.. സംസാരിച്ചതിന് നന്ദി..അമ്മിണിക്കും കുട്ടികള്‍ക്കും ഭര്‍ത്താവിനും വേണ്ടി..കള്ളന്‍ ചക്കേട്ടു എന്ന പാട്ട് ഇപ്പോള്‍ പ്രക്ഷേപണം ചെയ്യുന്നു...വിജയി ആരാണെന്ന് നാളെ ഇതേ സമയം ഇതേ പരിപാടിയില്‍ അറിയിക്കുന്നതാണ്...സമ്മാനം ഉണ്ടെങ്കില്‍ വീട്ടില്‍ എത്തിച്ചു തരും കേട്ടോ കുഞ്ഞമ്മിണീ.

കുട്ടപ്പന്‍ റേഡിയോ ഓഫ് ചെയ്തു...

മാവിലായില്‍ എത്തുമ്പോഴേക്കും എത്ര മണിയാവും എന്ന് മനസ്സില്‍ കണക്കു കൂട്ടി.

കുളിച്ച് ഒന്നു കൂടി കുട്ടപ്പനായി, പണിയായുധങ്ങള്‍ ബാഗിലാക്കി, കൊച്ചുണ്ണിയുടെ ചിത്രത്തിനു മുന്‍പില്‍ ഒരു മിനിറ്റ് മൌനമായി നിന്ന് ,വീട് ഭദ്രമായി പൂട്ടി പുറത്തിറങ്ങി.

ഇന്നു നല്ലതു വല്ലതും തടഞ്ഞാല്‍ അടുത്തയാഴ്ച്ച മുതല്‍ ഈ വിളിക്കുന്ന പാ‍വങ്ങള്‍ക്ക് സമ്മാനത്തുക കൂട്ടിക്കൊടുക്കണം. ബസ് സ്റ്റോപ്പിലേക്ക് നടക്കവേ കുട്ടപ്പന്റെ മനസ്സ് മന്ത്രിച്ചു.