Sunday, January 27, 2008

ചൊവ്വാക്കാരി - ഒരു തിരുത്ത്

ഇന്നലെ ഒരു പത്രത്തില്‍ (മാതൃഭൂമിയിലല്ല) വന്ന ചൊവ്വയിലെ സ്ത്രീയെ സംബന്ധിച്ച വാര്‍ത്ത കളവാണെന്ന് മറ്റൊരു പത്രത്തില്‍ (മനോരമയിലല്ല) വന്ന വാര്‍ത്തക്ക് വിശ്വാസ്യത കുറവാണെന്ന് മൂന്നാമതൊരു പത്രം (കേരള കൌമുദിയല്ല) റിപ്പോര്‍ട്ട് ചെയ്തതിന് അടിസ്ഥാനമില്ലെന്ന് ഒരു ആംഗലേയ പത്രം (ഹിന്ദുവല്ല) പ്രസിദ്ധീകരിച്ച വാര്‍ത്തയെ ഖണ്ഡിച്ചുകൊണ്ട് ഒരു മലയാള പത്രം ‍(ദേശാഭിമാനിയല്ല) പ്രസിദ്ധീകരിച്ച ബോക്സ് ന്യൂസ് വെറും സെന്‍സേഷണലിസമാണെന്ന മറ്റൊരു പത്രത്തിലെ (മാധ്യമമല്ല) പരാമര്‍ശത്തില്‍ കഴമ്പില്ലെന്ന എഡിറ്റോറിയല്‍ (മംഗളത്തിലേതല്ല) വെറും വാചകമടി മാത്രമാണെന്ന ഫ്രണ്ട് പേജ് ന്യൂസ് (ജനയുഗത്തിലേതല്ല) പുന:പ്രസിദ്ധീകരിച്ച ആംഗലേയ പത്രത്തിന്റെ (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അല്ല) നടപടി ജുഗുപ്സാവഹവും പത്രധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന ഓപ്പണ്‍ എഡിറ്റോറിയല്‍ ( ടൈം ഓഫ് ഇന്ത്യയുടേതല്ല) വസ്തുതകള്‍ വിലയിരുത്താതെയും പരാമൃഷ്ട വിഷയത്തെ സംബന്ധിച്ച പുതിയ വസ്തുതകള്‍ തിരക്കാതെയും റെഫറന്‍സ് സൈറ്റുകള്‍ (വിക്കിയല്ല) പരിശോധിക്കാതെയും പ്രസിദ്ധീകരിച്ചതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.

വായനക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.

Sunday, January 6, 2008

പ്രശ്നപുരത്തെ ജീവരക്ഷാ പ്രശ്നം

പ്രശ്നപുരം രാജ്യത്തിലെ രാജാവ് വ്യത്യസ്തനായൊരു രാജാവാണ്. കുറ്റവാളികളെ ശിക്ഷിക്കുന്നതില്‍ ചില പ്രത്യേകരീതികള്‍ അദ്ദേഹത്തിനുണ്ട്. രക്ഷപ്പെടാനുള്ള അവസരങ്ങള്‍ കുറ്റവാളികള്‍ക്ക് നല്‍കിക്കൊണ്ട് അദ്ദേഹം ശിക്ഷ നടപ്പിലാക്കുന്നു.

രാജ്യത്തെ 125 കുറ്റവാളികളെ ഒരു ക്യൂവിലെന്നവണ്ണം ഒന്നിനു പിറകെ ഒന്നായി നിര്‍ത്തിയിരിക്കുന്നു. ഓരോരുത്തരുടേയും തലയില്‍ ഓരോ തൊപ്പി വെക്കും. ഒന്നുകില്‍ നീല അല്ലെങ്കില്‍ ചുവപ്പ്. പ്രത്യേകിച്ച് ഓര്‍ഡര്‍ ഒന്നും ഇല്ല. റാന്‍ഡം ആയി എടുത്ത് വെക്കുന്നതാണ്. ഓരോരുത്തര്‍ക്കും അവരുരുടെ മുന്നിലുള്ള എല്ലാവരുടേയും തലയിലെ തൊപ്പി കാണാം.

ഓരോരുത്തരും തങ്ങളുടെ തലയിലെ തൊപ്പിയുടെ നിറം എന്ത് എന്നു എല്ലാവരും കേള്‍ക്കെ ഉറക്കെ പറയണം. കൃത്യമായി പറയുകയാണെങ്കില്‍ അവര്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകും. തെറ്റായാണ് പറയുന്നതെങ്കില്‍ തലവെട്ടും. ഏറ്റവും അവസാനത്തെ ആള്‍ ആദ്യം തന്റെ തലയിലെ തൊപ്പിയുടെ നിറം പറയും. തുടര്‍ന്ന് തൊട്ടുമുന്നിലെ ആള്‍. പിന്നെ അതിനു മുന്നിലെ ആള്‍. അതാണ് ഓര്‍ഡര്‍.

ശിക്ഷ നടപ്പിലാക്കിത്തുടങ്ങുന്നതിനുമുന്‍പ് അവര്‍ക്ക് ഒരുമിച്ച് കൂടി ചര്‍ച്ച ചെയ്യാനും രക്ഷപ്പെടുന്നതിന് എന്തെങ്കിലും തന്ത്രങ്ങള്‍ ഉണ്ടെങ്കില്‍ രൂപീകരിക്കുവാനും ഒരവസരം നല്‍കിയിട്ടുണ്ട്. അതിനുശേഷം മാത്രമേ ക്യൂവില്‍ നിര്‍ത്തുകയും തലയില്‍ തൊപ്പി വെക്കുകയും ചെയ്യുകയുള്ളൂ. തുടര്‍ന്ന് തൊപ്പിയുടെ നിറം പറയാന്‍ തുടങ്ങിയാല്‍ മതി.

ഏറ്റവും കൂടുതല്‍ പേരെ രക്ഷിക്കാനുള്ള എന്തെങ്കിലും തന്ത്രം മനസ്സില്‍ തോന്നുന്നുണ്ടോ?