Sunday, September 21, 2008

നരസിംഹ മൂര്‍ത്തി ഏലിയാസ് ദി വിസ ഗോഡ്

പരസ്യങ്ങളില്ലാതെ അമ്പലങ്ങള്‍ക്കും നിലനില്‍പ്പില്ല. കാലം മാറുന്നതിനനുസരിച്ച് കോലവും ദൌത്യവുമൊക്കെ മാറുന്ന ദൈവങ്ങള്‍ പുത്തരിയല്ലാതായിരിക്കുന്നു.

ആഴ്ചയില്‍ രണ്ടോ മൂന്നോ ഭക്തര്‍ വന്നിരുന്ന അമ്പലങ്ങള്‍ ദൈവത്തിന്റെ പേരൊന്നു മാറ്റിയും, ചാണക്യനെ തോല്‍പ്പിക്കുന്ന മാനേജ്‌മെന്റ് തന്ത്രങ്ങളിലൂടെയും, പരസ്യങ്ങളിലൂടെയും ആഴ്ചയില്‍ ലക്ഷങ്ങള്‍ സന്ദര്‍ശിക്കുന്ന സൂപ്പര്‍ ഡ്യൂപ്പര്‍ അമ്പലങ്ങളായി മാറും. ഭാഗ്യം കേറി വരുന്ന വഴി പലപ്പോഴും പാവം ദൈവങ്ങള്‍ പോലും അറിയാറില്ല...

ആന്ധ്രപ്രദേശിലെ ചില്‍ക്കയിലെ ബാലാജി ക്ഷേത്രം ഉദാഹരണം..

ഒരുത്തനും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന അമ്പലത്തെ ഹിറ്റ് ആക്കിയെടുക്കാന്‍ ക്ഷേത്ര ട്രസ്റ്റികള്‍ പയറ്റിയ തന്ത്രങ്ങള്‍ പരസ്യരംഗത്തെയും മാനേജ്മെന്റ് രംഗത്തെയും വിദ്യാര്‍ത്ഥികള്‍ കണ്ടു പഠിക്കണം..

അമേരിക്കയിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും ഒരു വിസ എന്ന സ്വപ്നവുമായി നടക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലഘട്ടം. അമേരിക്കയാകട്ടെ വിസയുടെ കാര്യത്തില്‍ പല നിയന്ത്രണങ്ങളും കൊണ്ടു വരുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എന്താണ് വഴി...

വാ കീറിയ ദൈവം വിസയും തന്നുകൊള്ളും എന്ന് പറഞ്ഞ് ചുമ്മാ ഇരുന്നാല്‍ വിസ വരുമോ? (അമ്പലത്തിലേക്ക് ആളുവരുമോ? വരുമാനം വരുമോ?)

അതിനു ദൈവം തന്നെ രക്ഷ. ആളൊഴിഞ്ഞു കിടന്നിരുന്ന ബാലാജി ക്ഷേത്രത്തെ അതിന്റെ ട്രസ്റ്റിമാര്‍ ഒന്ന് “മോഡേണൈസ്” ചെയ്യുവാന്‍ തീരുമാനിക്കുന്നു. ബാലാജി എന്ന പേരിനു ഒരു മോഡേണ്‍ ലുക്ക് ഇല്ല എന്ന് എടുത്ത് പറയേണ്ടല്ലോ. അവര്‍ ബാലാജിയുടെ പേര്‍ കാലഘട്ടത്തിനൊത്ത് ഒന്ന് പരിഷ്കരിച്ചു. The Visa God...

തീര്‍ന്നില്ല..അവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്കെല്ലാം ഉടന്‍ വിസ ശരിയാവുമെന്ന പ്രചരണം അടിച്ചിറക്കുന്നു. പ്രമുഖ പത്രങ്ങളില്‍ ലേഖനം വരുന്നു. വെബ് സൈറ്റ് തുടങ്ങുന്നു. പരസ്യ ബ്രോഷര്‍ ഇറക്കുന്നു. കഥ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വരെ വരുന്നു. ആകെ ജഗപൊഗ...ഇന്നവിടെ ആഴ്ചയില്‍ ഒരു ലക്ഷം പേര്‍ സന്ദര്‍ശിക്കുന്നുവത്രെ. സാധാരണ അമ്പലങ്ങളില്‍ അച്ഛനും അമ്മയും കുട്ടികളെയും കൊണ്ട് വന്ന് ‘മോനേ പ്രാര്‍ത്ഥിക്കൂ, മോളേ പ്രാര്‍ത്ഥിക്കൂ’ എന്നൊക്കെ പറയുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ്. കുട്ടികളാണ് അച്ഛനെയും അമ്മയെയും ഒക്കെ കൊണ്ട് വന്ന് പ്രാര്‍ത്ഥിപ്പിക്കുന്നത്. വിസ കിട്ടാന്‍...11 തവണ ക്ഷേത്രപ്രദക്ഷിണം എന്നതാണ് വിസ കിട്ടാനുള്ള എളുപ്പ വഴി...

എത്ര പേര്‍ക്ക് വിസ കിട്ടി എന്നൊന്നും ചോദിക്കരുത്...അമ്പലത്തിനു നല്ല സാമ്പത്തിക സ്ഥിതിയിലേക്കുള്ള വിസ എന്തായാലും കിട്ടിയിട്ടുണ്ട്.

ഈ അമ്പലത്തെക്കുറിച്ച് എന്തിനു പറയുന്നുവെന്നല്ലേ? വിസ മാത്രം കൊടുത്തുകൊണ്ടിരുന്നാല്‍ എത്ര കാലം മുന്നോട്ട് പോകും? അതും diversification എന്നത് വിജയമന്ത്രമായി എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കരുതുന്ന ഈ അവസരത്തില്‍?

പുതിയ മേഖലകളിലേക്ക് അമ്പലം കടക്കുകയാണ്....

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ലോകത്തെ മൂടുമോ ഇല്ലയോ എന്ന ആശങ്കാജനകമായ സ്ഥിതിവിശേഷം അല്ലേ ഇപ്പോള്‍. ഫെഡറല്‍ റിസര്‍വും മറ്റു കേന്ദ്രബാങ്കുകളും പയറ്റാവുന്ന പയറ്റുകള്‍ പയറ്റിക്കൊണ്ടിരിക്കുന്നു. പ്രശ്നമൊക്കെ ഉണ്ടാക്കി വെച്ചത് ആര്‍ എന്നൊന്നും ചോദിക്കരുത്. ക്രൈസിസ് മാനേജ്മെന്റില്‍ ആ ചോദ്യം നിഷിദ്ധം. ഈ പ്രശ്നത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ഒരു അമ്പലത്തിന് എന്ത് ചെയ്യാന്‍ കഴിയും?

പലതും ചെയ്യാന്‍ കഴിയും.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് അമേരിക്കയെയും ലോകത്തെയും രക്ഷിക്കാന്‍ ഈ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയിരിക്കുന്നു. ജോലി നഷ്ടപ്പെട്ട അമേരിക്കയിലെ പ്രമുഖ ബാങ്ക് ജീവനക്കാരിയുടെ ആവശ്യാനുസരണമാണ് പൂജ നടത്തിയത്. സെപ്തംബര്‍ 18ന് ക്ഷേത്രം അധികൃതര്‍ക്ക് അമേരിക്കയിലെ ഡെട്രോയിട്ടില്‍നിന്ന് ഫോണ്‍ കോള്‍ വരുന്നു. ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരിയായ പെണ്‍കുട്ടി ഫോണിലൂടെ പൊട്ടിക്കരയുന്നു. ലോകത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പൂജ നടത്തൂ എന്ന് ആ പെണ്‍കുട്ടി പൂജാരിയോട് അഭ്യര്‍ഥിക്കുന്നു. അന്നു തന്നെ പൂജ നടത്തുന്നു.

നരസിംഹമൂര്‍ത്തി എന്ന നമ്മുടെ വിസ ഗോഡിനെ പ്രീതിപ്പെടുത്തുന്ന രണ വിമോചന നരസിംഹ സ്തോത്രം ചൊല്ലിയാണ് പൂജ നടത്തിയത്. രണ്ട് റൌണ്ട് എക്സ്ട്രാ പ്രദക്ഷിണവും വിശ്വാസികള്‍ നടത്തിയത്രെ. അപ്പോ 13 റൌണ്ട് പ്രദക്ഷിണം.

ഒരു ഡോസ് കൊണ്ട് അസുഖം മാറുമെന്നുറപ്പില്ലെങ്കില്‍ ഡോക്ടര്‍മാര്‍ എന്ത് ചെയ്യും? അടുത്ത് ഡോസ് കൊടുക്കും. അല്ലേ?

അതു തന്നെ ഇവിടെയും. 21ന് വീണ്ടും പൂജ അരങ്ങേറുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലോകം രക്ഷപ്പെട്ടാല്‍ വഴിയെ പോസ്റ്റിടാം...

:)

Monday, September 15, 2008

ചിയേഴ്സ്! കേരളമേ..

പ്രിയരേ,

ഓണമൊക്കെ നല്ല രീതിയില്‍ ആഘോഷിച്ച് ജോലിസ്ഥലത്തേക്കും മറ്റും തിരിക്കുന്ന ഈ സമയത്ത് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കര്‍പ്പിക്കുന്നത് അല്പം കടന്ന കൈയാണെന്നറിയാം. എങ്കിലും ആവശ്യക്കാരന് ഔചിത്യ ബോധത്തിന്റെ ആവശ്യമില്ല എന്ന പഴമൊഴിയുടെ പച്ചക്ക് ഞാന്‍ എന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കുകയാണ്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും നിങ്ങള്‍ പതിവു തെറ്റിച്ചില്ല എന്നത് എന്നെ സംബന്ധിച്ചേടത്തോളം തികച്ചും ചാരിതാര്‍ത്ഥ്യജനകമാണ്. വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും വില്പനയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ പോകുന്നതില്‍ എനിക്കുള്ള സന്തോഷം ആദ്യമേ രേഖപ്പെടുത്തട്ടെ. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും തന്നെയാണ് എന്നും ഞങ്ങളുടെ ശക്തി. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയുള്ള ഈ സഹകരണം ദുര്‍ബലപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകളുടെ കൂട്ടായ്മയും മറ്റും ഉണ്ടായി വരുന്നുണ്ടെങ്കിലും അതിനെയെല്ലാം ഡൈല്യൂട്ട് ചെയ്ത് മുന്നേറുന്ന നിങ്ങള്‍ മറ്റെല്ലാ മേഖലകളിലെയും ജനങ്ങള്‍ക്ക് ഉത്തമ മാതൃകയാണ്. വലിപ്പ-ചെറുപ്പ വ്യത്യാസം (small-large difference) എന്നത് നിങ്ങള്‍ക്കിടയില്‍ ഇല്ല എന്നത് തന്നെയാണ് നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. ടിപ്പു സുല്‍ത്താന്റെയും പഴശ്ശിയുടെയും ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ മണ്ണില്‍ ഓണദിനങ്ങളില്‍ നിങ്ങള്‍ അവര്‍ക്കായി അര്‍പ്പിച്ച ‘അര്‍ച്ചന‘ അവരുടെ ആത്മാക്കളെ സന്തോഷിപ്പിക്കുന്നുണ്ടാകണം.

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ നിങ്ങള്‍ നല്‍കുന്ന സഹായം വിലമതിക്കാനാവാത്തതാണ്. അന്യഥാ നിന്നു പോകുമായിരുന്ന പല ക്ഷേമ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നത് നിങ്ങളുടെ സഹായം കൊണ്ട് മാത്രമാണെന്ന് ഒരു പക്ഷെ നിങ്ങള്‍ അറിയുന്നുണ്ടാവില്ല. 1984-85 വര്‍ഷം വെറും 25.63 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയ ഞങ്ങള്‍ 2005-06 വര്‍ഷത്തില്‍ നല്‍കിയത് 2055.71 കോടി രൂപയാണെന്ന് പറയുമ്പോള്‍ നിങ്ങളുടെ സംഭാവനയുടെ മഹത്വവും വലിപ്പവും നിങ്ങള്‍ക്ക് പിടികിട്ടും.സ്വകാര്യസംരംഭങ്ങളിലൂടെ നിങ്ങള്‍ സംഭാവന നല്‍കുന്ന തുക കൂടി കണക്കിലെടുത്താല്‍ നിങ്ങളെ പൂവിട്ട് പൂജിക്കാതെ തരമില്ല എന്നു വരും. അതുപോലെ തന്നെ 1984-85ല്‍ വെറും 55.46 കോടി രൂപയുടെ വില്പന മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ(നിങ്ങളുടെയും) സ്ഥാപനത്തെ 2005-06 വര്‍ഷത്തില്‍ 2635.90 കോടി രൂപയുടെ വില്പനയുള്ള വമ്പന്‍ ആക്കിയതും നിങ്ങള്‍ തന്നെ. വാങ്ങല്‍ വിലയുടെ കൂടെ ഡ്യൂട്ടി, 36% വെയര്‍ഹൌസ് മാര്‍ജിന്‍, 20% ഷോപ്പ് മാര്‍ജിന്‍, ലേബലിങ്ങ് ചാര്‍ജ് ആയി 11 രൂപ, 90% സെയിത്സ് ടാക്സ്, 1% സെസ് എന്നിവ യാതൊരു മടിയും കൂടാതെ നല്‍കി രാഷ്ട്ര പുനര്‍ നിര്‍മ്മാണപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക?

ലഭ്യമായ കണക്കനുസരിച്ച് ഞങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിനുമായി ഈ ഓണം വാരാഘോഷത്തിന്റെ ഭാഗമായി വെറും ഒരാഴ്ച കൊണ്ട് 135 കോടി രൂപയുടെ വില്പന ഉണ്ടാക്കിത്തന്നിരിക്കുകയാണ്. ഞങ്ങളുടെ വില്പനക്കണക്കില്‍ ചാലക്കുടിയും കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കില്‍ കുന്നംകുളവുമാണ് ഇത്തവണ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. വരുന്ന ആഘോഷദിനങ്ങളില്‍ ചാലക്കുടിയെയും കുന്നംകുളത്തെയും തറപറ്റിച്ച് ഒന്നാം സ്ഥാനം നേടുക എന്നത് ഒരു വാശിയായി എല്ലാവരും ഉള്‍ക്കൊള്ളണമെന്നും അതിന്റെ സ്പിരിറ്റ് കണക്കുകളില്‍ പ്രതിഫലിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മൊബൈല്‍ ഔട്ട്‌ലെറ്റുകള്‍, ഹോം ഡെലിവറി സര്‍വീസ്, ഓട്ടോമാറ്റിക് വെന്‍ഡിങ്ങ് മെഷീന്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ പുത്തന്‍ സേവനങ്ങളുമായി ഞങ്ങള്‍ കൂടുതല്‍ നല്ല രീതിയില്‍ നിങ്ങളെ സേവിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു.

ഈയവസരത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളോട് ചില കാര്യങ്ങള്‍ കൂടി പറയേണ്ടത് എന്റെ ധാര്‍മ്മിക ബാദ്ധ്യതയാണെന്ന് ഞാന്‍ കരുതുന്നു.

കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ റമ്മും വടക്കന്‍ ജില്ലകളില്‍ ബ്രാന്‍ഡിയും ആധിപത്യം തുടരുന്ന കാഴ്ച തന്നെയാണ് ഇത്തവണയും കാണാന്‍ കഴിഞ്ഞത്. വിവരസാങ്കേതികവിദ്യാരംഗത്തുള്ള മുന്നേറ്റം ബിയറിന്റെ രംഗത്തും മുന്നേറുവാന്‍ മലയാളികളെ സഹായിക്കുന്നു എന്നതും ബിയറിന്റെ വില്പനയും വര്‍ദ്ധിക്കുന്നു എന്നതും സന്തോഷപൂര്‍വം അറിയിക്കട്ടെ. എങ്കിലും ഈ സന്തോഷത്തിനിടയിലും അല്പം ദുഃഖകരമായി തോന്നുന്ന ഒരു സംഗതി കൂടി അറിയിക്കേണ്ടതുണ്ട്. വിസ്കി എന്ന പാവത്തിനു തെക്കുവടക്കു ഭേദമില്ലാതെ കേരളത്തില്‍ അവഗണനയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വരും ദിനങ്ങളില്‍ ഈ ദുരവസ്ഥക്കെതിരെ യോജിച്ച ഒരു പരിശ്രമം നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും എല്ലാവരെയും, എല്ലാറ്റിനെയും ഒന്നു പോലെ കാണുന്ന മാനസികാവസ്ഥയിലേക്ക് നിങ്ങള്‍ ഉയരണമെന്നും എനിക്കാഗ്രഹമുണ്ട്.

മദ്യപാനികള്‍ എന്ന് ആരെങ്കിലും നിങ്ങളെ അധിക്ഷേപിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു മുന്നില്‍ ഞാന്‍ മുകളില്‍ അവതരിപ്പിച്ച കണക്കുകള്‍ അഭിമാനപുരസ്സരം ചൂണ്ടിക്കാട്ടുമെന്നും, അവരുടെ കണ്ണു തുറപ്പിക്കുമെന്നും, അവരെക്കൂടി ഈ മുന്നേറ്റത്തില്‍ പങ്കാളികളാക്കാനുള്ള ചുമതല ഒരു സാമൂഹ്യ ബാദ്ധ്യത എന്ന നിലയില്‍ നിങ്ങള്‍ ഏറ്റെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം‘, ‘വൈകീട്ടെന്താ പരിപാടി‘ എന്നീ ചോദ്യങ്ങള്‍ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കും എന്ന പ്രതീക്ഷയോടെ,

പട്ട, അമ്മിണി, ഉയര്‍ത്തെഴുന്നേല്‍പ്പ്, ഗോതു, മൂലവെട്ടി തുടങ്ങിയ അപരനാമങ്ങളില്‍ അറിയപ്പെടുന്ന അംഗീകാരമില്ലാത്ത ബ്രാന്‍ഡുകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്ന് സ്നേഹബുദ്ധ്യാ ഉപദേശിച്ചുകൊണ്ടും, മാഹി മാഫിയായുടെ വലയില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടും...

വിശ്വസ്തതയോടെ,

(ഒപ്പ്)
മാനേജിംഗ് ഡയറക്ടര്‍
കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(M&M)
ചിയേഴ്സ് ഭവന്‍,
തിരുവനന്തപുരം, കേരളം

കോപ്പി:

എല്ലാ മധുപാനചക്രവര്‍ത്തിമാര്‍ക്കും