Saturday, February 14, 2009

ഗോമൂത്രത്തിന്റെ സോഫ്റ്റ് ഡ്രിങ്കാവതാരം

പെപ്സിയും കൊക്കക്കോളയുമൊക്കെ ചെവിയില്‍ നുള്ളിക്കോട്ടെ. അവരുടെയൊക്കെ ആപ്പീസു പൂട്ടിക്കുവാനായി ഇതാ ഭാരതത്തില്‍ നിന്നും പുതിയൊരു സോഫ്ട് ഡ്രിങ്ക് അവതരിക്കാന്‍ പോകുന്നു. ഒരു പക്ഷെ Nothing political about it എന്ന പരസ്യവാചകവുമായിത്തന്നെ ഈ ശീതള പാനീയം ഇറങ്ങിയേക്കാം.

ഇറങ്ങാന്‍ പോകുന്ന ശീതളപാനീയം മറ്റൊന്നുമല്ല...നല്ല ശുദ്ധമായ ഗോമൂത്രത്തില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഗോജല്‍ എന്ന കൌവാട്ടര്‍ എന്ന പശുവിന്‍ വെള്ളം. നാരങ്ങാ വെള്ളം കുടിച്ച് മടുത്തവര്‍ക്ക് ഒരു പുതിയ ദാ‍ഹശമനി.

രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ(ആര്‍.എസ്.എസ്) ഗോ സംരക്ഷണ വിഭാഗമാണ് ഈ പരീക്ഷണത്തിന് മുന്‍കൈ എടുത്തത്. പരീക്ഷണം വിജയകരമായി നടക്കുകയാണത്രെ. സംരംഭത്തിന്റെ അവസാനഘട്ടമായി ലാബ് ടെസ്റ്റുകള്‍ നടത്തിവരികയാണെന്നാണ് ഗോ സംരക്ഷണ വിഭാഗം തലവന്‍ ഓം പ്രകാശ് അറിയിച്ചത്. ഹരിദ്വാറിലാണിതിന്റെ ആസ്ഥാനമെന്ന് വാര്‍ത്തകളില്‍ കാണുന്നു. ലക്നൌവിലാണത്രെ ലാബ് ടെസ്റ്റുകള്‍ നടക്കുന്നത്.

ഗോമൂത്രത്തില്‍ നിന്നും ശുദ്ധീകരിച്ചെടുക്കുന്ന ഈ ശീതളപാനീയത്തിനു ഗന്ധമുണ്ടാകില്ലെന്ന് മാത്രമല്ല വളരെയധികം രുചികരവുമായിരിക്കും. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന സോഫ്റ്റ് ഡ്രിങ്ക് കാര്‍ബൊണൈറ്റഡ് ആയിരിക്കില്ല. ജൈവിക വിഷങ്ങള്‍(ടോക്സിന്‍) ഉള്‍പ്പെടാത്തതിനാല്‍ ആരോഗ്യത്തിനും ഉത്തമമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലാബ് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിര്‍മ്മാണം, പാക്കേജിങ്ങ്, വിതരണം എന്നിവയെക്കുറിച്ചൊക്കെ ആലോചിക്കും.

കരള്‍ രോഗം മുതല്‍ അമിത വണ്ണമടക്കം കാന്‍സര്‍ വരെയുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഗോമൂത്രം ഒരു കണ്‍കണ്ട സിദ്ധൌഷധമാണെന്നാണ് ആര്‍.എസ്.എസ്സും സംഘപരിവാറും പ്രചരിപ്പിക്കുന്നത്. മൂത്രസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണോ ഇത് എന്ന് വാര്‍ത്തയില്‍ പറയുന്നില്ല. എങ്കിലും മനുഷ്യകുലത്തിന്റെ നന്മയെ മാത്രം ഉദ്ദ്യേശിച്ച് ഇറക്കുന്ന ഈ പുത്തന്‍ പാനീയം അമേരിക്കക്കാരന്റെ മൃദുജലങ്ങള്‍ക്ക് ഒരു കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് തലവന്‍ ഓം പ്രകാശ് അറിയിക്കുന്നത്. പുതിയ തലമുറയ്ക്ക് അന്യമായ ഗോമൂത്ര പുരാണങ്ങള്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു ശ്രമം.

ഇപ്പോള്‍ ആര്‍.എസ്.എസ്. ഒറ്റക്കാണെങ്കിലും ടെസ്റ്റ് ഒക്കെ കഴിഞ്ഞ് ഇവനു ‘കുടിക്കബിള്‍’ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ഉത്തര്‍ഖണ്ഡ് സര്‍ക്കാരിന്റെ സഹായം തേടാനും പരിപാടി ഉണ്ടത്രെ. ഇതൊരു വിപ്ലവകരമായ പരിപാടിയായിരിക്കുമെന്നും ദിവസം ചെല്ലും തോറും ഗോമൂത്രത്തിനു ഔഷധം എന്ന നിലയിലുള്ള ആവശ്യകത ഏറി വരികയാനെന്നും ഓം പ്രകാശ് പറയുന്നു.

2001 മാര്‍ച്ച് മാസത്തില്‍ ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ അഞ്ചാം നമ്പര്‍ പ്രമേയമായ Cow Protectionല്‍ ഇങ്ങനെ കാണാം...

The ABPS would like to draw the attention towards certain realities related to cow dung and cow urine and their medical ingredients। Their potential for generating energy, cooking gas and pesticides besides yielding organic manure is well proved by the application of modern methods and technological know-how.

കയ്യില്‍ പശുവിന്‍ വെള്ളവും പിടിച്ച് 'യഹീ ഹൈ റൈറ്റ് ചോയ്സ് ബേബീ' എന്ന് പരസ്യതാരങ്ങള്‍ പറയുന്ന കാലം വിദൂരത്തല്ല.

കേരളകൌമുദി വാര്‍ത്ത ഇവിടെ

ടൈംസ് ഓണ്‍ലയിന്‍ വാര്‍ത്ത ഇവിടെ