Saturday, November 28, 2009
സെന്‍ വര്‍മ്മ
“ഞാനാര്? വര്‍മ്മയായി എന്ന് സ്വപ്നം കണ്ട ബ്ലോഗറോ ബ്ലോഗറായെന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന വര്‍മ്മയോ?
Thursday, November 26, 2009
ഛര്‍ദ്ദിലില്‍ ദുരൂഹത
കൊല്ലം: സഖാവ് പിണറായി വിജയനു കൊല്ലം സോപാനം ആഡിറ്റോറിയത്തിലെ പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായെന്ന വാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. അദ്ദേഹം ഛര്‍ദ്ദിച്ചു എന്ന വാര്‍ത്തയും വിശ്വസനീയമല്ലെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആ സമ്മേളനത്തിനു വരുന്നതിനു മുന്‍പ് റെസ്റ്റ് ഹൌസില്‍ വെച്ചും തലചുറ്റലും അസ്വാസ്ഥ്യവും ഉണ്ടായെന്ന അവകാശവാദവും ഛര്‍ദ്ദിലിനു ശക്തി പകരാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഛര്‍ദ്ദില്‍ യഥാര്‍ത്ഥമാണെങ്കില്‍ അതിനു തെളിവെവിടെ എന്ന ചോദ്യത്തിനു മുന്നില്‍ പിണറായി വിജയന്‍ പതറുന്നതായും പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ‘സംഭവ’ത്തിനു ശേഷം അദ്ദേഹത്തിനു 12 മിനിറ്റ് പ്രസംഗം തുടരാനായി എന്നതു തന്നെ ഇതൊരു നാടകമായിരുന്നു എന്ന സംശയത്തെ ബലപ്പെടുത്തിയിട്ടുണ്ട്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകേണ്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു അസുഖവും അസ്വാസ്ഥ്യവും വരൂ എന്ന പ്രചരണത്തെ പൊളിക്കുന്നതിനുള്ള ഗൂഢശ്രമമായി മാത്രമെ ഇപ്പോഴത്തെ നാടകത്തെ കാണാനാവൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങളുടെ കണക്ക് പ്രകാരം ഡിംസംബര്‍ 30നോടനുബന്ധിച്ച ദിവസങ്ങളില്‍ മാത്രമേ പിണറായി വിജയനു അസ്വാസ്ഥ്യം അനുഭവപ്പെടാമായിരുന്നുള്ളൂ. ആ കണക്ക് തെറ്റാണെന്ന് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിലെ അനാരോഗ്യപരത ജനങ്ങള്‍ തിരിച്ചറിയുമെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഈ അഭിനയത്തിനു കനത്ത ശിക്ഷ തന്നെ ജനങ്ങളില്‍ നിന്നും ലഭിക്കുമെന്നും പ്രതിപക്ഷത്തിനിടയിലും അഭിപ്രായമുണ്ട്. എ.കെ.ജിയോ ഇ.എം.എസ്സോ അഴീക്കോടന്‍ രാഘവനോ ഒരിക്കലും ഇത്തരത്തില്‍ ഛര്‍ദ്ദിച്ചിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍, സി.പി.എം എത്തിപ്പെട്ടിരിക്കുന്ന പതനത്തിന്റെ അഴം വ്യക്തമാകുമെന്ന് പാര്‍ട്ടിയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ചില മുന്‍ കമ്യൂണിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത് ഈ തെറ്റുതിരുത്തലിന്റെ ഘട്ടത്തിലെങ്കിലും സി.പി.എം ശ്രദ്ധിക്കുമോ? ഇനിയുള്ള ദിവസങ്ങളില്‍ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്.
മ പത്രങ്ങളില്‍ കണ്ടേക്കാവുന്ന ഒരു വാര്‍ത്ത
Saturday, August 1, 2009
ചോര്‍ത്തിക്കിട്ടിയ രഹസ്യ സര്‍ക്കുലര്‍
ഇടതുപക്ഷ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സംസ്ഥാന തല പഠന ക്യാമ്പ് കുന്നംകുളത്ത് വെച്ച് 2009 ആഗസ്റ്റ് 1,2 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം അറിഞ്ഞുകാണുമല്ലോ. സര്‍വാദരണീയരായ സഖാക്കള്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ആസാദ്, ചന്ദ്രശേഖരന്‍, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ക്ക് പുറമെ മാധ്യമരംഗത്തെ പ്രമുഖരായ വ്യക്തികളും ക്യാമ്പില്‍ ക്ലാസെടുക്കുന്നതും അണികളെ ബോധവല്‍ക്കരിക്കുന്നതുമാണ്.
വടകര, ഷൊറണ്ണൂര്‍, തളിക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം നിലവിലുള്ള ഒന്നാണ് ഏകോപനസമിതി എന്ന് ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ള പാര്‍ട്ടിയുടെ വക്താക്കള്‍ നമുക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്കും അറിയാമല്ലോ. അങ്ങിനെ അല്ലെന്നും കേരളത്തിലെ ഓരോ ജില്ലയിലും ഒരാള്‍ വീതമെങ്കിലും ഏകോപനസമിതിയുടെ പ്രവര്‍ത്തകനായി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുമുള്ള കാര്യം എല്ലാവരെയും അറിയിക്കുക എന്നത് കൂടി ഈ ക്യാമ്പിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വലതുപക്ഷമാധ്യമങ്ങള്‍ എന്ന് ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിയും കൂട്ടരും പരിഹസിക്കുന്ന മാധ്യമങ്ങളെ എങ്ങിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നമ്മുടെ കൂടെ നിര്‍ത്താം എന്നതിനെപ്പറ്റി ആലോചിക്കുക എന്നതും ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്.
മാധ്യമങ്ങളില്‍ എങ്ങിനെ സ്ഥിരമായി പ്രത്യക്ഷപ്പെടാം, എങ്ങിനെ എല്ലാ ചാനലുകളുടെയും കണ്ണിലുണ്ണിയായി മാറാം എന്നതിനെപ്പറ്റി സഖാവ് നീലകണ്ഠന്‍ അവതരിപ്പിക്കുന്ന മള്‍ട്ടിമീഡിയാ പ്രബന്ധമായിരിക്കും ഈ പഠനക്യാമ്പിന്റെ ഹൈലൈറ്റ്. നമ്മുടെ ആശയപ്രചരണത്തിന് മാധ്യമങ്ങളിലൂടെയുള്ള പ്രകടനം ഏറ്റവും അത്യന്താപേക്ഷിതമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ കണ്ണിലുണ്ണികള്‍ നമ്മുടെ പക്ഷത്തുണ്ടായിരിക്കേണ്ടത് പ്രത്യയശാസ്ത്രപരവും പ്രായോഗികവും ആയ ഒരു രാഷ്ട്രീയസമീപനം എന്ന നിലക്ക് സമിതിയുടെ മുന്നോട്ടുള്ള പോക്കില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന കാര്യമാണ്. സ്വന്തമായൊരു രാഷ്ട്രീയ നിലപാടിരിക്കെ തന്നെ, വാക്കിലും നോക്കിലും ഊന്നലിലും ഒക്കെ എങ്ങനെ നിഷ്പക്ഷനായി ചാനലുകളില്‍ പ്രത്യക്ഷപ്പെടാം എന്ന് തന്റെ ഇത്രയും കാലത്തെ ചാനല്‍ ജീവിതത്തിന്റെ അനുഭവങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സഖാവ് നീലകണ്ഠന്‍ വിശദീകരിക്കുന്നതായിരിക്കും. വിവരസാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചു വരുന്ന ഒരു അന്തരാളഘട്ടത്തില്‍ ‘വിവരസാങ്കേതികത്വം’ നിറഞ്ഞ ഒരു പറ്റം സഖാക്കളെ നമുക്ക് ആവശ്യമുള്ളതുമാണല്ലോ.
ഔദ്യോഗിക ഇടതുപക്ഷത്തിനെതിരെ സാമ്രാജ്യത്വം സി.ഐ.എ പോലുള്ള സംഘടനകളെ ഉപയോഗിച്ച് നടത്തുന്ന അട്ടിമറി ശ്രമങ്ങളെക്കുറിച്ച് പുറമേയ്ക്ക് നാം അജ്ഞത നടിക്കുന്നുണ്ടെങ്കിലും അതില്‍ വാസ്തവമുണ്ടെന്ന കാര്യം നമുക്കറിയാവുന്നതാണ്. എങ്കിലും സി.ഐ.എ അവര്‍ക്കിടയില്‍ തന്നെ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന പ്രചരണം നമ്മുടെ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ വലിയൊരളവു വരെ മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. നമുക്ക് നേരെ വന്നേക്കാവുന്ന, ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരിക്കുന്ന സി.ഐ.എ ബന്ധത്തിനു ഒരു മറുപടി എന്ന നിലയ്ക്കും ഇക്കാര്യം പ്രസക്തമാണ്. സി.ഐ.എ വിഷയത്തില്‍ വിദഗ്ദനായ സഖാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് പഠനാര്‍ഹമായ പ്രബന്ധം ക്യാമ്പില്‍ അവതരിപ്പിക്കുന്നതായിരിക്കും. ഇതിനനുബന്ധമായി പ്രൊഫസര്‍ സുധീഷ് ‘കാറ്റും വെളിച്ചവും കടത്തിവിടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പഠിക്കേണ്ട പാഠം‘ എന്ന പ്രബന്ധവും അവതരിപ്പിക്കും.
മാധ്യമങ്ങളും സി.ഐ.എയും കഴിഞ്ഞാല്‍ നമുക്കേറ്റവും പ്രധാനമായത് ‘രക്ഷക‘ പ്രവര്‍ത്തനങ്ങളാണ്. അകത്തിരിക്കെ തന്നെ പുറത്തായ രീതിയില്‍ പ്രവര്‍ത്തിക്കുകയും പുറത്താവുമ്പോള്‍ അകത്തുള്ളവന്റെ മട്ടില്‍ പെരുമാറുകയും ചെയ്യുക എന്നത് “രക്ഷക” രാഷ്ടീയത്തില്‍ ഒശിച്ചുകൂടാനാകാത്ത ഒരു അടവുനയം ആണ്. സേവ് ഫോറം പ്രവര്‍ത്തനം എന്ന് ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടി പരിഹസിക്കുന്ന ഈ നയം നടപ്പിലാക്കുന്നതില്‍ കൃതഹസ്തനായ അപ്പുക്കുട്ടനെ തന്നെ ക്ലാസെടുക്കുന്നതിനായി നമുക്ക് ലഭിച്ചിട്ടുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. വരും കാലത്തെ രക്ഷകവേഷങ്ങള്‍ കെട്ടിയാടാനിരിക്കുന്ന റോളുകളെപ്പറ്റിയും, അവര്‍ക്കേറ്റെടുക്കേണ്ടി വന്നേക്കാവുന്ന ദൌത്യങ്ങളെപ്പറ്റിയും നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണികളെപ്പറ്റിയും നല്ലൊരു ഉള്‍ക്കാഴ്ച ലഭിക്കുന്നതിന് സഖാവിന്റെ ക്ലാസ് സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.
മറ്റു തിരക്കുകള്‍ ഇല്ലായെങ്കില്‍ 'കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടതിന്റെ ആവശ്യകത'യെപ്പറ്റി ക്ലാസെടുത്തു തരാമെന്ന് സഖാവ് കെ വേണു സമ്മതിച്ചിട്ടുണ്ട്. ജനാധിപത്യം കൂടിപ്പോയി എന്നു പറയുന്ന നമ്മളും ജനാധിപത്യം പോരാ എന്ന വീക്ഷണം പുലര്‍ത്തുന്ന കെ. വേണുവും രണ്ടു ചിന്താഗതിക്കാരാണെങ്കിലും ഒറ്റ ലക്ഷ്യത്തിനു വേണ്ടി പോരാടുന്നവരാണല്ലോ. മാത്രമല്ല, രാഷ്ട്രീയ സാഹചര്യങ്ങളില്‍ വരുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ച് ‘ജനാധിപത്യം കൂടിപ്പോയി’, ‘ജനാധിപത്യം പോരാ’ എന്നീ രണ്ട് നിലപാടുകളില്‍ ഏതാണ് ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള പോരാട്ടത്തില്‍ നാളെ കൂടുതല്‍ ഉപയോഗപ്പെടുക എന്ന് ഇന്ന് തീര്‍ത്തു പറയാനാവില്ല. ആ നിലയ്ക്ക് പരസ്പരവിരുദ്ധമായ നിലപാടുകളെ മൂര്‍ത്ത സാഹ്യചര്യങ്ങള്‍ക്കനുസരിച്ച് സ്വീകരിക്കുന്നതിനു അണികളെ സജ്ജരാക്കുന്നതിനു ആശയ തലത്തിലെ ഈ പ്രായോഗിക സമീപനം പ്രയോജനപ്പെടും.
മാധ്യമ ലോകത്തു നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന സഹായങ്ങളെക്കുറിച്ചും, അതിനു നാം നല്‍കേണ്ട വിലയെക്കുറിച്ചും ക്ലാസെടുക്കുന്നതിനായി മാധ്യമങ്ങളിലെ വിദഗ്ദര്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ ക്ലാസുകളും ക്യാമ്പിനൊരു മുതല്‍കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായ ഒരു ഉദ്ധരിണിയില്‍ നിന്നും അവര്‍ക്കെതിരായ ‘സ്റ്റോറി’ മെനഞ്ഞെടുക്കുന്നതിന്റെ രസതന്ത്രം മാധ്യമവിദഗ്ദര്‍ ക്യാമ്പില്‍ അവതരിപ്പിക്കുന്നതായിരിക്കും.
പഠന ക്യാമ്പിന്റെ അവസാനത്തില്‍, ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും “സഖാക്കളെ” ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഖാക്കളായി വേഷം കെട്ടിച്ച്, “ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ നിന്നുമുള്ള കലാപങ്ങള്‍“ ഉണ്ടാക്കുന്നതിന്റെ സാങ്കേതികവശങ്ങളെപ്പറ്റി സംസാരിക്കുന്നതിനും, ലൈവ് ഡെമോണ്‍സ്റ്റ്രേഷന്‍ നടത്തുന്നതിനും അമ്പലപ്പുഴയില്‍ നിന്നുമുള്ള കലാകാരന്മാരുടെ സംഘവും ക്യാമ്പിലെത്തുന്നതാണ്. ഓരോ ജില്ലയിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഇത്തരം കലാപരിപാടി നടത്തത്തക്കവിധത്തില്‍ സര്‍വ സജ്ജരായ കലാകാരന്മാരുടെ ഒരു കൂട്ടത്തെ ഒരുക്കിയെടുക്കുക എന്ന നമ്മുടെ ലക്ഷ്യത്തിന്റെ ആദ്യപടിയായിരിക്കും ക്യാമ്പിനോടനുബന്ധിച്ചു നടക്കുന്ന ഈ പരിശീലന പരിപാടി.
ക്യാമ്പിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിലെയും ബിജെപിയിലെയും മറ്റു പാര്‍ട്ടികളിലെയും സഖാക്കളോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഈ പഠനക്യാമ്പ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ ഏകോപന സമിതിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഓരോ സഖാവിനോടും അഭ്യര്‍ത്ഥിക്കുന്നു...
വിപ്ലവാഭിവാദനങ്ങളോടെ,
ഇ.ഏ.സ
Sunday, July 12, 2009
സി.സി.യുടെ എഴുതാത്ത കത്ത്
ആരാലുമറിയാതെ കടന്നുപോകുമായിരുന്ന കേന്ദ്രക്കമ്മറ്റി യോഗത്തെ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആക്കിത്തന്നതിന് നന്ദി രേഖപ്പെടുത്തുവാന്‍ കേന്ദ്രക്കമ്മിറ്റിക്ക് അതിയായ സന്തോഷം ഉണ്ട്। യോഗത്തിനു വന്ന ഓരോ അംഗത്തിന്റെയും ഓരോ ചലനവും ഒപ്പിയെടുത്ത് റിപ്പീറ്റ് കാണിച്ചതിന്, അവരുടെ ചലനങ്ങള്‍, നോട്ടങ്ങള്‍, കണ്ണിമയ്ക്കലുകള്‍, വാക്കുകള്‍, മൌനങ്ങള്‍ എല്ലാം ഒപ്പിയെടുത്ത് എല്ലാവരെയും ഒരു ‘സംഭവം’ ആക്കിത്തീര്‍ത്തതിന് നന്ദി പറയുവാനും സി.സി ഈയവസരം വിനിയോഗിക്കട്ടെ.
കേന്ദ്രക്കമ്മിറ്റിക്ക്ശേഷംഇടതുകാലു വെച്ചാണ് ഒരു നേതാവ് പുറത്ത് വരുന്നതെങ്കില്‍ അകത്തും, വലതുകാല്‍ വെച്ചാണ് പുറത്ത് വരുന്നതെങ്കില്‍ പുറത്തും എന്ന മട്ടില്‍ നിങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ തന്നെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി എന്ന് പറയാതെ വയ്യ। ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ട് തന്നെ പുറത്തേക്ക് വരുമ്പോള്‍ കണ്ടിരുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം। മനോവിശ്ലേഷണ മാധ്യമ റിപ്പോര്‍ട്ടിംഗ് രംഗത്ത് ഒരു പുതിയ അദ്ധ്യായം തന്നെ ഈ ‘ദന്തനിരീക്ഷണ“ സിദ്ധാന്തം തുറക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു। ചിലര്‍ മടങ്ങാനായി ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്ന വിമാനത്തിന്റെ ഫയല്‍ ഫോട്ടോ പ്രക്ഷേപണം ചെയ്തതിലൂടെ ബ്രേക്കിംഗ് ന്യൂസ് മേഖലയില്‍ ഒരു പുതിയ പന്ഥാവ് തന്നെ വെട്ടിത്തുറക്കുവാന്‍ നിങ്ങള്‍ക്കായി. ടിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റും ടിക്കറ്റ് നമ്പറിന്റെ ന്യൂമറോളജിക്കല്‍ വിശകലനവും കൂടി ഉണ്ടായിരുന്നുവെങ്കില്‍ കുറച്ച് കൂടി സയന്റിഫിക്ക് ആകുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു എന്ന് സി.സി വിലയിരുത്തുന്നു. കല്ലച്ചിലെ തെളിയാത്ത അക്ഷരങ്ങളില്‍ നിന്ന് മാധ്യമലോകം എത്രമാത്രം വളര്‍ന്നിരിക്കുന്നു!
ഇനി മുതല്‍ പി.ബി.യും കേന്ദ്രക്കമ്മറ്റിയും കൂടാനുള്ള ദിവസങ്ങളും ഗണിച്ച് ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കുന്ന പുത്തന്‍ സാങ്കേതിക വിദ്യ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്കാവും എന്ന് സി.സിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ഊഹിച്ചെഴുതുന്നതിനു പകരമായി, വെര്‍ച്ച്വല്‍ പി.ബിയും കേന്ദ്രക്കമ്മിറ്റിയും ഉണ്ടാക്കുവാനും ലൈവ് ആയി വെര്‍ച്ച്വല്‍ പി.ബി, വെര്‍ച്ച്വല്‍ സി.സി ചര്‍ച്ചകള്‍ പ്രക്ഷേപണം ചെയ്യുവാനും അനതിവിദൂര ഭാവിയില്‍ നിങ്ങള്‍ക്കാകട്ടെ എന്ന് സി.സി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഞങ്ങള്‍ എന്താണ് തീരുമാനിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ ഞങ്ങളേക്കാള്‍ മുന്നെ കൂട്ടായിരുന്ന് അന്യോന്യം മസ്തിഷ്കപ്രക്ഷാളനം നടത്തുകയും, ‘ഞങ്ങളുടെ തീരുമാനം’ ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കുകയും ചെയ്യുന്ന നടപ്പ് രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും അത്തരമൊരു സാങ്കേതികവിദ്യാവികാസം. വികസിത, അതിവികസിത രാജ്യങ്ങളിലെ മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ഇത്തരം ഇന്നൊവേഷന്‍സ് മലയാള മാധ്യമരംഗത്തിന് അന്താരാഷ്ട്ര ഖ്യാതി നേടിത്തരും എന്നതില്‍ സി.സി. ഏകാഭിപ്രായക്കാരാണ്. ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയത്തിന്റെ വിവിധ പെർമ്യൂട്ടേഷൻ കോമ്പിനേഷനുകളെല്ലാം അതിവിദഗ്ദമായി വിശകലനം ചെയ്ത് ഒരു മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യനിലെന്നപോലെ നാലു ഓപ്ഷനുകള്‍ ഒരുക്കിത്തരികയും അതില്‍ ഒന്നു മാത്രം സ്വീകരിച്ച് ശരിയായ തീരുമാനത്തിലെത്താന്‍ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്ന നിങ്ങളുടെ കലാപരിപാടിയും സി.സി. വളരെ കൌതുകത്തോടെയാണ് കാണാറുള്ളത്.
എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റ്റുകാരെയും വിവിധ ചാനലുകളിലായി ഒരേ സമയം ചര്‍ച്ചകള്‍ക്കായി അണി നിരത്തുവാന്‍ കഴിഞ്ഞ നിങ്ങളുടെ സംഘടനാ പാടവത്തെയും സി.സി. ശ്ലാഘിക്കുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവര്‍ ഞങ്ങളെ നന്നാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതിന്റെ പേരില്‍ അവരോടും സി.സി. നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാനും നിങ്ങള്‍ തയ്യാറാകണം. അത് അവരുടെ അവകാശത്തിന്റെ പ്രശ്നമാണ്. ‘എട്ട് മണിക്കൂര്‍ പത്രങ്ങളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ ചാനലുകളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ സൈബര്‍ സ്പേസില്‍ വിമര്‍ശനം’ എന്ന അവരുടെ മുദ്രാവാക്യം ചിക്കാഗോയിലെ തെരുവീഥികളില്‍ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടവയാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.
ഒരു ചെറിയ വിമര്‍ശനം കൂടി രേഖപ്പെടുത്തിക്കൊണ്ട് ഈ കത്ത് അവസാനിപ്പിക്കട്ടെ..
ഞങ്ങള്‍ ഇന്ന രീതിയില്‍ തീരുമാനിക്കും എന്ന് പറഞ്ഞ് നിങ്ങള്‍ കൊടുക്കുന്ന പരസഹസ്രം വാര്‍ത്തകളില്‍ ഏതെങ്കിലും ഒരെണ്ണം, ഏതെങ്കിലും മാധ്യമങ്ങളിലോ, ഏതെങ്കിലും ചാനലുകളിലോ, എന്നെങ്കിലും തെറ്റുകയാണെങ്കില്‍ (ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നു) ഒരു ചെറിയ തിരുത്ത് കൊടുക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. ഇന്ന് നിങ്ങള്‍ പുലര്‍ത്തി വരുന്ന അസൂയാവഹമായ സത്യസന്ധതക്ക് അതൊരു മകുടം ചാര്‍ത്തലായിരിക്കും എന്നതില്‍ സംശയമില്ലല്ലോ.
സത്യസന്ധതയുടേതും, ഉയര്‍ന്ന പ്രൊഫഷണലിസത്തിന്റെതുമായ പാതയിലൂടെ ഇന്നു ചെയ്യുന്നതുതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ മുന്നോട്ട് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്...
നിങ്ങളുടെ സ്വന്തം സി.സി
Wednesday, June 24, 2009
ലാവലിന്‍ പുതിയ വഴിത്തിരിവിലേയ്ക്ക്...:)
പ്രത്യേക ലേഖിക
തിരോന്തരം: 1996ല്‍ പിണറായി വിജയന്‍ കാനഡയ്ക്ക് പോകുന്നതിനായുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തിയത് തിരുവനന്തപുരം സൌത്ത്പാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നെന്ന് ഞങ്ങളുടെ പ്രത്യേക ലേഖിക തൃശ്ശൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സമയത്ത് ഒരു സയന്‍സ് പ്രൊജക്റ്റ് ചര്‍ച്ചക്കായി സൌത്ത്പാര്‍ക്ക് റസ്റ്റോറന്റില്‍ കൂടിയിരുന്ന ലേഖികയും സുഹൃത്തും ലാവലിന്‍ ചര്‍ച്ചാഗ്രൂപ്പിന്റെ ആവശ്യപ്രകാരം തങ്ങളുടെ ചര്‍ച്ചാ സ്ഥലം മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടെങ്കിലും ‘രണ്ട് പെണ്‍കുട്ടികളല്ലേ അവിടെ ഇരുന്നോട്ടെ‘ എന്ന മുതിര്‍ന്ന നേതാവിന്റെ (പിണറായി വിജയന്‍ആണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്) അനുമതി മൂലം തങ്ങളുടെ ചര്‍ച്ച യഥാസ്ഥാനത്ത് തന്നെ തുടര്‍ന്നു. തങ്ങളുടെ ചര്‍ച്ചയ്ക്കിടയിലെ ഇടവേളകളില്‍ ബിരാണിയില്‍ പപ്പടം ചേര്‍ത്ത് കുഴക്കുമ്പോള്‍ ഇടയ്ക്ക് ലാവലിന്‍, ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നെല്ലാം കേട്ടിരുന്നു എന്നും, ഇതൊരു ഇലക്ട്രിസിറ്റി ബോര്‍ഡ് അഴിമതിയാണെന്നും വൈദ്യുതബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളായ ലേഖികയുടെ സുഹൃത്ത് അന്നേ കണ്ടെത്തുകയുണ്ടായിരുന്നു. അന്ന് ചര്‍ച്ച നടന്ന സമയത്തിന്റെയും ഇന്ന് പത്രങ്ങളില്‍ കണ്ട കനേഡിയന്‍ പര്യടന വാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ അന്ന് നടന്നത് ലാവലിന്‍ ചര്‍ച്ച തന്നെ ആയിരുന്നിരിക്കും എന്ന് ഉറപ്പായിരിക്കുന്നു. സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടികളുടെ മൊഴി എടുക്കാന്‍ ഉദ്ദേശ്യിക്കുന്നതായും അറിവായിട്ടുണ്ട്. ചര്‍ച്ചാഗ്രൂപ്പ് അന്ന് കഴിച്ച ഭക്ഷണത്തിന്റെ ബില്‍ ആരുടെ അക്കൌണ്ടില്‍ നിന്നാണ് നല്‍കിയിട്ടുള്ളത് എന്നതിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. അന്നത്തെ ബില്ലിന്റെ ഫോട്ടോസ്റ്റാറ്റ് ഒരു പ്രധാന തെളിവായി പ്രത്യേക കോടതി മുന്‍പെ സമര്‍പ്പിക്കാനും സി.ബി.ഐ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു. അന്നത്തെ ചര്‍ച്ചകള്‍ക്കിടയില്‍ ടെക്നിക്കാലിയാ എന്ന വാക്ക് കേള്‍ക്കാതിരുന്നതും ദുരൂഹത ഉണര്‍ത്തുന്നുണ്ടെന്ന് ഈ വിഷയത്തെക്കുറിച്ച് സമഗ്രമായി പഠിച്ചിട്ടുള്ള, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത നീലകണ്ഠന്‍ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്തായാലും ലാവലിന്‍ കേസിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവായിരിക്കും ഇത് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല.
(മംഗളരമ 24 ജൂണ്‍ 2009)
Saturday, March 14, 2009
വൈകാരികതയുടെ എടുത്തുചാട്ടങ്ങള്‍
രാഷ്ട്രീയമായ ദശാസന്ധികളുടെ തിരശ്ചീനമായ നിശ്ചലതകളെ ലംബമായ സജീവതകളാക്കുന്ന പത്രസമ്മേളനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും ശേമുഷിയെക്കുറിച്ചും ആല്‍ബര്‍ കാമു തന്റെ ദി റെബല്‍ എന്ന കൃതിയില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല। കാമുവിന്റെ മൌനം കേവലമായൊരു നിശബ്ദത എന്ന നിലയ്ക്കല്ല വിലയിരുത്തപ്പെടേണ്ടത് എന്നോ ആ മൌനത്തിന്റെ സമുദ്രഗര്‍ഭത്തില്‍ ഒളിച്ചുവെച്ചിട്ടുള്ള അര്‍ത്ഥതലങ്ങളെ ആധുനികമായൊരു പരിപ്രേക്ഷ്യത്തില്‍ വീണ്ടെടുക്കേണ്ടതുണ്ട് എന്നോ ആരെങ്കിലുമൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ അവരെ വലതു അരാഷ്ട്രീയ ചുറ്റുപാടില്‍ നിന്നു വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവര്‍ എന്ന് വിലയിരുത്തിയാല്‍ അതൊരു പ്രമാദമായിരിക്കും। നീയുച്ചരിക്കുന്ന ഓരോ വാക്കിനും ഞാന്‍ നല്‍കുന്ന അര്‍ത്ഥങ്ങളാണ് നിന്നെ ജീവിപ്പിക്കുന്നത് എന്നത് ഫാസിസത്തിന്റേതായ വിശ്വാസപ്രമാണമല്ല മറിച്ച് നവകാലഘട്ടത്തിലെ ഓരോ റ്റെലിവിഷന്‍ കാഴ്ചക്കാരനും വിശ്വസിക്കുന്ന തത്വസംഹിതയാണ്। അത്തരത്തില്‍ ഇത് കാഴ്ചയുടെ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നുമുണ്ട്। പിന്നീട് നിഷേധിക്കപ്പെടുമ്പോള്‍ ആദ്യമുരുവിട്ട വാക്കുകള്‍ക്കെന്ത് സംഭവിക്കുന്നു എന്നതൊരു ദാര്‍ശനിക സമസ്യയാണ്। ദാസ്യമനോഭാവത്തെ മറച്ചുവെയ്ക്കുവാന്‍ വാക്കുകള്‍ക്കൊപ്പം ഉപയോഗിക്കപ്പെടുന്ന പാരുഷ്യത്തിന്റെ ആടയാഭരണങ്ങള്‍ പലപ്പോഴും ആ മനോഭാവത്തെ തുറന്നു കാട്ടുക തന്നെയല്ലേ ചെയ്യുന്നത്? പറഞ്ഞുവന്നതെന്താണെന്നു വെച്ചാല്‍, ഇന്നലത്തെ വെളിയം ഭാര്‍ഗവന്റെ പത്രസമ്മേളനം വൈകാരികമായൊരു എടുത്തു ചാട്ടമായിരുന്നു।
:)
*
ഫോട്ടോ ഇവിടെ നിന്ന്
Saturday, February 14, 2009
ഗോമൂത്രത്തിന്റെ സോഫ്റ്റ് ഡ്രിങ്കാവതാരം
ഇറങ്ങാന്‍ പോകുന്ന ശീതളപാനീയം മറ്റൊന്നുമല്ല...നല്ല ശുദ്ധമായ ഗോമൂത്രത്തില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഗോജല്‍ എന്ന കൌവാട്ടര്‍ എന്ന പശുവിന്‍ വെള്ളം. നാരങ്ങാ വെള്ളം കുടിച്ച് മടുത്തവര്‍ക്ക് ഒരു പുതിയ ദാഹശമനി.
രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ(ആര്‍.എസ്.എസ്) ഗോ സംരക്ഷണ വിഭാഗമാണ് ഈ പരീക്ഷണത്തിന് മുന്‍കൈ എടുത്തത്. പരീക്ഷണം വിജയകരമായി നടക്കുകയാണത്രെ. സംരംഭത്തിന്റെ അവസാനഘട്ടമായി ലാബ് ടെസ്റ്റുകള്‍ നടത്തിവരികയാണെന്നാണ് ഗോ സംരക്ഷണ വിഭാഗം തലവന്‍ ഓം പ്രകാശ് അറിയിച്ചത്. ഹരിദ്വാറിലാണിതിന്റെ ആസ്ഥാനമെന്ന് വാര്‍ത്തകളില്‍ കാണുന്നു. ലക്നൌവിലാണത്രെ ലാബ് ടെസ്റ്റുകള്‍ നടക്കുന്നത്.
ഗോമൂത്രത്തില്‍ നിന്നും ശുദ്ധീകരിച്ചെടുക്കുന്ന ഈ ശീതളപാനീയത്തിനു ഗന്ധമുണ്ടാകില്ലെന്ന് മാത്രമല്ല വളരെയധികം രുചികരവുമായിരിക്കും. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന സോഫ്റ്റ് ഡ്രിങ്ക് കാര്‍ബൊണൈറ്റഡ് ആയിരിക്കില്ല. ജൈവിക വിഷങ്ങള്‍(ടോക്സിന്‍) ഉള്‍പ്പെടാത്തതിനാല്‍ ആരോഗ്യത്തിനും ഉത്തമമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലാബ് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിര്‍മ്മാണം, പാക്കേജിങ്ങ്, വിതരണം എന്നിവയെക്കുറിച്ചൊക്കെ ആലോചിക്കും.
കരള്‍ രോഗം മുതല്‍ അമിത വണ്ണമടക്കം കാന്‍സര്‍ വരെയുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഗോമൂത്രം ഒരു കണ്‍കണ്ട സിദ്ധൌഷധമാണെന്നാണ് ആര്‍.എസ്.എസ്സും സംഘപരിവാറും പ്രചരിപ്പിക്കുന്നത്. മൂത്രസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണോ ഇത് എന്ന് വാര്‍ത്തയില്‍ പറയുന്നില്ല. എങ്കിലും മനുഷ്യകുലത്തിന്റെ നന്മയെ മാത്രം ഉദ്ദ്യേശിച്ച് ഇറക്കുന്ന ഈ പുത്തന്‍ പാനീയം അമേരിക്കക്കാരന്റെ മൃദുജലങ്ങള്‍ക്ക് ഒരു കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് തലവന്‍ ഓം പ്രകാശ് അറിയിക്കുന്നത്. പുതിയ തലമുറയ്ക്ക് അന്യമായ ഗോമൂത്ര പുരാണങ്ങള്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു ശ്രമം.
ഇപ്പോള്‍ ആര്‍.എസ്.എസ്. ഒറ്റക്കാണെങ്കിലും ടെസ്റ്റ് ഒക്കെ കഴിഞ്ഞ് ഇവനു ‘കുടിക്കബിള്‍’ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ഉത്തര്‍ഖണ്ഡ് സര്‍ക്കാരിന്റെ സഹായം തേടാനും പരിപാടി ഉണ്ടത്രെ. ഇതൊരു വിപ്ലവകരമായ പരിപാടിയായിരിക്കുമെന്നും ദിവസം ചെല്ലും തോറും ഗോമൂത്രത്തിനു ഔഷധം എന്ന നിലയിലുള്ള ആവശ്യകത ഏറി വരികയാനെന്നും ഓം പ്രകാശ് പറയുന്നു.
2001 മാര്‍ച്ച് മാസത്തില്‍ ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ അഞ്ചാം നമ്പര്‍ പ്രമേയമായ Cow Protectionല്‍ ഇങ്ങനെ കാണാം...
The ABPS would like to draw the attention towards certain realities related to cow dung and cow urine and their medical ingredients। Their potential for generating energy, cooking gas and pesticides besides yielding organic manure is well proved by the application of modern methods and technological know-how.
കയ്യില്‍ പശുവിന്‍ വെള്ളവും പിടിച്ച് 'യഹീ ഹൈ റൈറ്റ് ചോയ്സ് ബേബീ' എന്ന് പരസ്യതാരങ്ങള്‍ പറയുന്ന കാലം വിദൂരത്തല്ല.
കേരളകൌമുദി വാര്‍ത്ത ഇവിടെ
ടൈംസ് ഓണ്‍ലയിന്‍ വാര്‍ത്ത ഇവിടെ
Sunday, September 21, 2008
നരസിംഹ മൂര്‍ത്തി ഏലിയാസ് ദി വിസ ഗോഡ്
ആഴ്ചയില്‍ രണ്ടോ മൂന്നോ ഭക്തര്‍ വന്നിരുന്ന അമ്പലങ്ങള്‍ ദൈവത്തിന്റെ പേരൊന്നു മാറ്റിയും, ചാണക്യനെ തോല്‍പ്പിക്കുന്ന മാനേജ്‌മെന്റ് തന്ത്രങ്ങളിലൂടെയും, പരസ്യങ്ങളിലൂടെയും ആഴ്ചയില്‍ ലക്ഷങ്ങള്‍ സന്ദര്‍ശിക്കുന്ന സൂപ്പര്‍ ഡ്യൂപ്പര്‍ അമ്പലങ്ങളായി മാറും. ഭാഗ്യം കേറി വരുന്ന വഴി പലപ്പോഴും പാവം ദൈവങ്ങള്‍ പോലും അറിയാറില്ല...
ആന്ധ്രപ്രദേശിലെ ചില്‍ക്കയിലെ ബാലാജി ക്ഷേത്രം ഉദാഹരണം..
ഒരുത്തനും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന അമ്പലത്തെ ഹിറ്റ് ആക്കിയെടുക്കാന്‍ ക്ഷേത്ര ട്രസ്റ്റികള്‍ പയറ്റിയ തന്ത്രങ്ങള്‍ പരസ്യരംഗത്തെയും മാനേജ്മെന്റ് രംഗത്തെയും വിദ്യാര്‍ത്ഥികള്‍ കണ്ടു പഠിക്കണം..
അമേരിക്കയിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും ഒരു വിസ എന്ന സ്വപ്നവുമായി നടക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലഘട്ടം. അമേരിക്കയാകട്ടെ വിസയുടെ കാര്യത്തില്‍ പല നിയന്ത്രണങ്ങളും കൊണ്ടു വരുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എന്താണ് വഴി...
വാ കീറിയ ദൈവം വിസയും തന്നുകൊള്ളും എന്ന് പറഞ്ഞ് ചുമ്മാ ഇരുന്നാല്‍ വിസ വരുമോ? (അമ്പലത്തിലേക്ക് ആളുവരുമോ? വരുമാനം വരുമോ?)
അതിനു ദൈവം തന്നെ രക്ഷ. ആളൊഴിഞ്ഞു കിടന്നിരുന്ന ബാലാജി ക്ഷേത്രത്തെ അതിന്റെ ട്രസ്റ്റിമാര്‍ ഒന്ന് “മോഡേണൈസ്” ചെയ്യുവാന്‍ തീരുമാനിക്കുന്നു. ബാലാജി എന്ന പേരിനു ഒരു മോഡേണ്‍ ലുക്ക് ഇല്ല എന്ന് എടുത്ത് പറയേണ്ടല്ലോ. അവര്‍ ബാലാജിയുടെ പേര്‍ കാലഘട്ടത്തിനൊത്ത് ഒന്ന് പരിഷ്കരിച്ചു. The Visa God...
തീര്‍ന്നില്ല..അവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്കെല്ലാം ഉടന്‍ വിസ ശരിയാവുമെന്ന പ്രചരണം അടിച്ചിറക്കുന്നു. പ്രമുഖ പത്രങ്ങളില്‍ ലേഖനം വരുന്നു. വെബ് സൈറ്റ് തുടങ്ങുന്നു. പരസ്യ ബ്രോഷര്‍ ഇറക്കുന്നു. കഥ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വരെ വരുന്നു. ആകെ ജഗപൊഗ...ഇന്നവിടെ ആഴ്ചയില്‍ ഒരു ലക്ഷം പേര്‍ സന്ദര്‍ശിക്കുന്നുവത്രെ. സാധാരണ അമ്പലങ്ങളില്‍ അച്ഛനും അമ്മയും കുട്ടികളെയും കൊണ്ട് വന്ന് ‘മോനേ പ്രാര്‍ത്ഥിക്കൂ, മോളേ പ്രാര്‍ത്ഥിക്കൂ’ എന്നൊക്കെ പറയുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ്. കുട്ടികളാണ് അച്ഛനെയും അമ്മയെയും ഒക്കെ കൊണ്ട് വന്ന് പ്രാര്‍ത്ഥിപ്പിക്കുന്നത്. വിസ കിട്ടാന്‍...11 തവണ ക്ഷേത്രപ്രദക്ഷിണം എന്നതാണ് വിസ കിട്ടാനുള്ള എളുപ്പ വഴി...
എത്ര പേര്‍ക്ക് വിസ കിട്ടി എന്നൊന്നും ചോദിക്കരുത്...അമ്പലത്തിനു നല്ല സാമ്പത്തിക സ്ഥിതിയിലേക്കുള്ള വിസ എന്തായാലും കിട്ടിയിട്ടുണ്ട്.
ഈ അമ്പലത്തെക്കുറിച്ച് എന്തിനു പറയുന്നുവെന്നല്ലേ? വിസ മാത്രം കൊടുത്തുകൊണ്ടിരുന്നാല്‍ എത്ര കാലം മുന്നോട്ട് പോകും? അതും diversification എന്നത് വിജയമന്ത്രമായി എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കരുതുന്ന ഈ അവസരത്തില്‍?
പുതിയ മേഖലകളിലേക്ക് അമ്പലം കടക്കുകയാണ്....
അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ലോകത്തെ മൂടുമോ ഇല്ലയോ എന്ന ആശങ്കാജനകമായ സ്ഥിതിവിശേഷം അല്ലേ ഇപ്പോള്‍. ഫെഡറല്‍ റിസര്‍വും മറ്റു കേന്ദ്രബാങ്കുകളും പയറ്റാവുന്ന പയറ്റുകള്‍ പയറ്റിക്കൊണ്ടിരിക്കുന്നു. പ്രശ്നമൊക്കെ ഉണ്ടാക്കി വെച്ചത് ആര്‍ എന്നൊന്നും ചോദിക്കരുത്. ക്രൈസിസ് മാനേജ്മെന്റില്‍ ആ ചോദ്യം നിഷിദ്ധം. ഈ പ്രശ്നത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ഒരു അമ്പലത്തിന് എന്ത് ചെയ്യാന്‍ കഴിയും?
പലതും ചെയ്യാന്‍ കഴിയും.
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് അമേരിക്കയെയും ലോകത്തെയും രക്ഷിക്കാന്‍ ഈ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയിരിക്കുന്നു. ജോലി നഷ്ടപ്പെട്ട അമേരിക്കയിലെ പ്രമുഖ ബാങ്ക് ജീവനക്കാരിയുടെ ആവശ്യാനുസരണമാണ് പൂജ നടത്തിയത്. സെപ്തംബര്‍ 18ന് ക്ഷേത്രം അധികൃതര്‍ക്ക് അമേരിക്കയിലെ ഡെട്രോയിട്ടില്‍നിന്ന് ഫോണ്‍ കോള്‍ വരുന്നു. ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരിയായ പെണ്‍കുട്ടി ഫോണിലൂടെ പൊട്ടിക്കരയുന്നു. ലോകത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പൂജ നടത്തൂ എന്ന് ആ പെണ്‍കുട്ടി പൂജാരിയോട് അഭ്യര്‍ഥിക്കുന്നു. അന്നു തന്നെ പൂജ നടത്തുന്നു.
നരസിംഹമൂര്‍ത്തി എന്ന നമ്മുടെ വിസ ഗോഡിനെ പ്രീതിപ്പെടുത്തുന്ന രണ വിമോചന നരസിംഹ സ്തോത്രം ചൊല്ലിയാണ് പൂജ നടത്തിയത്. രണ്ട് റൌണ്ട് എക്സ്ട്രാ പ്രദക്ഷിണവും വിശ്വാസികള്‍ നടത്തിയത്രെ. അപ്പോ 13 റൌണ്ട് പ്രദക്ഷിണം.
ഒരു ഡോസ് കൊണ്ട് അസുഖം മാറുമെന്നുറപ്പില്ലെങ്കില്‍ ഡോക്ടര്‍മാര്‍ എന്ത് ചെയ്യും? അടുത്ത് ഡോസ് കൊടുക്കും. അല്ലേ?
അതു തന്നെ ഇവിടെയും. 21ന് വീണ്ടും പൂജ അരങ്ങേറുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ലോകം രക്ഷപ്പെട്ടാല്‍ വഴിയെ പോസ്റ്റിടാം...
:)
Monday, September 15, 2008
ചിയേഴ്സ്! കേരളമേ..
ഓണമൊക്കെ നല്ല രീതിയില്‍ ആഘോഷിച്ച് ജോലിസ്ഥലത്തേക്കും മറ്റും തിരിക്കുന്ന ഈ സമയത്ത് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കര്‍പ്പിക്കുന്നത് അല്പം കടന്ന കൈയാണെന്നറിയാം. എങ്കിലും ആവശ്യക്കാരന് ഔചിത്യ ബോധത്തിന്റെ ആവശ്യമില്ല എന്ന പഴമൊഴിയുടെ പച്ചക്ക് ഞാന്‍ എന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കുകയാണ്.
മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും നിങ്ങള്‍ പതിവു തെറ്റിച്ചില്ല എന്നത് എന്നെ സംബന്ധിച്ചേടത്തോളം തികച്ചും ചാരിതാര്‍ത്ഥ്യജനകമാണ്. വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും വില്പനയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ പോകുന്നതില്‍ എനിക്കുള്ള സന്തോഷം ആദ്യമേ രേഖപ്പെടുത്തട്ടെ. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും തന്നെയാണ് എന്നും ഞങ്ങളുടെ ശക്തി. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയുള്ള ഈ സഹകരണം ദുര്‍ബലപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകളുടെ കൂട്ടായ്മയും മറ്റും ഉണ്ടായി വരുന്നുണ്ടെങ്കിലും അതിനെയെല്ലാം ഡൈല്യൂട്ട് ചെയ്ത് മുന്നേറുന്ന നിങ്ങള്‍ മറ്റെല്ലാ മേഖലകളിലെയും ജനങ്ങള്‍ക്ക് ഉത്തമ മാതൃകയാണ്. വലിപ്പ-ചെറുപ്പ വ്യത്യാസം (small-large difference) എന്നത് നിങ്ങള്‍ക്കിടയില്‍ ഇല്ല എന്നത് തന്നെയാണ് നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. ടിപ്പു സുല്‍ത്താന്റെയും പഴശ്ശിയുടെയും ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ മണ്ണില്‍ ഓണദിനങ്ങളില്‍ നിങ്ങള്‍ അവര്‍ക്കായി അര്‍പ്പിച്ച ‘അര്‍ച്ചന‘ അവരുടെ ആത്മാക്കളെ സന്തോഷിപ്പിക്കുന്നുണ്ടാകണം.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ നിങ്ങള്‍ നല്‍കുന്ന സഹായം വിലമതിക്കാനാവാത്തതാണ്. അന്യഥാ നിന്നു പോകുമായിരുന്ന പല ക്ഷേമ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നത് നിങ്ങളുടെ സഹായം കൊണ്ട് മാത്രമാണെന്ന് ഒരു പക്ഷെ നിങ്ങള്‍ അറിയുന്നുണ്ടാവില്ല. 1984-85 വര്‍ഷം വെറും 25.63 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയ ഞങ്ങള്‍ 2005-06 വര്‍ഷത്തില്‍ നല്‍കിയത് 2055.71 കോടി രൂപയാണെന്ന് പറയുമ്പോള്‍ നിങ്ങളുടെ സംഭാവനയുടെ മഹത്വവും വലിപ്പവും നിങ്ങള്‍ക്ക് പിടികിട്ടും.സ്വകാര്യസംരംഭങ്ങളിലൂടെ നിങ്ങള്‍ സംഭാവന നല്‍കുന്ന തുക കൂടി കണക്കിലെടുത്താല്‍ നിങ്ങളെ പൂവിട്ട് പൂജിക്കാതെ തരമില്ല എന്നു വരും. അതുപോലെ തന്നെ 1984-85ല്‍ വെറും 55.46 കോടി രൂപയുടെ വില്പന മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ(നിങ്ങളുടെയും) സ്ഥാപനത്തെ 2005-06 വര്‍ഷത്തില്‍ 2635.90 കോടി രൂപയുടെ വില്പനയുള്ള വമ്പന്‍ ആക്കിയതും നിങ്ങള്‍ തന്നെ. വാങ്ങല്‍ വിലയുടെ കൂടെ ഡ്യൂട്ടി, 36% വെയര്‍ഹൌസ് മാര്‍ജിന്‍, 20% ഷോപ്പ് മാര്‍ജിന്‍, ലേബലിങ്ങ് ചാര്‍ജ് ആയി 11 രൂപ, 90% സെയിത്സ് ടാക്സ്, 1% സെസ് എന്നിവ യാതൊരു മടിയും കൂടാതെ നല്‍കി രാഷ്ട്ര പുനര്‍ നിര്‍മ്മാണപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക?
ലഭ്യമായ കണക്കനുസരിച്ച് ഞങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിനുമായി ഈ ഓണം വാരാഘോഷത്തിന്റെ ഭാഗമായി വെറും ഒരാഴ്ച കൊണ്ട് 135 കോടി രൂപയുടെ വില്പന ഉണ്ടാക്കിത്തന്നിരിക്കുകയാണ്. ഞങ്ങളുടെ വില്പനക്കണക്കില്‍ ചാലക്കുടിയും കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കില്‍ കുന്നംകുളവുമാണ് ഇത്തവണ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. വരുന്ന ആഘോഷദിനങ്ങളില്‍ ചാലക്കുടിയെയും കുന്നംകുളത്തെയും തറപറ്റിച്ച് ഒന്നാം സ്ഥാനം നേടുക എന്നത് ഒരു വാശിയായി എല്ലാവരും ഉള്‍ക്കൊള്ളണമെന്നും അതിന്റെ സ്പിരിറ്റ് കണക്കുകളില്‍ പ്രതിഫലിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
മൊബൈല്‍ ഔട്ട്‌ലെറ്റുകള്‍, ഹോം ഡെലിവറി സര്‍വീസ്, ഓട്ടോമാറ്റിക് വെന്‍ഡിങ്ങ് മെഷീന്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ പുത്തന്‍ സേവനങ്ങളുമായി ഞങ്ങള്‍ കൂടുതല്‍ നല്ല രീതിയില്‍ നിങ്ങളെ സേവിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു.
ഈയവസരത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളോട് ചില കാര്യങ്ങള്‍ കൂടി പറയേണ്ടത് എന്റെ ധാര്‍മ്മിക ബാദ്ധ്യതയാണെന്ന് ഞാന്‍ കരുതുന്നു.
കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ റമ്മും വടക്കന്‍ ജില്ലകളില്‍ ബ്രാന്‍ഡിയും ആധിപത്യം തുടരുന്ന കാഴ്ച തന്നെയാണ് ഇത്തവണയും കാണാന്‍ കഴിഞ്ഞത്. വിവരസാങ്കേതികവിദ്യാരംഗത്തുള്ള മുന്നേറ്റം ബിയറിന്റെ രംഗത്തും മുന്നേറുവാന്‍ മലയാളികളെ സഹായിക്കുന്നു എന്നതും ബിയറിന്റെ വില്പനയും വര്‍ദ്ധിക്കുന്നു എന്നതും സന്തോഷപൂര്‍വം അറിയിക്കട്ടെ. എങ്കിലും ഈ സന്തോഷത്തിനിടയിലും അല്പം ദുഃഖകരമായി തോന്നുന്ന ഒരു സംഗതി കൂടി അറിയിക്കേണ്ടതുണ്ട്. വിസ്കി എന്ന പാവത്തിനു തെക്കുവടക്കു ഭേദമില്ലാതെ കേരളത്തില്‍ അവഗണനയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വരും ദിനങ്ങളില്‍ ഈ ദുരവസ്ഥക്കെതിരെ യോജിച്ച ഒരു പരിശ്രമം നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും എല്ലാവരെയും, എല്ലാറ്റിനെയും ഒന്നു പോലെ കാണുന്ന മാനസികാവസ്ഥയിലേക്ക് നിങ്ങള്‍ ഉയരണമെന്നും എനിക്കാഗ്രഹമുണ്ട്.
മദ്യപാനികള്‍ എന്ന് ആരെങ്കിലും നിങ്ങളെ അധിക്ഷേപിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു മുന്നില്‍ ഞാന്‍ മുകളില്‍ അവതരിപ്പിച്ച കണക്കുകള്‍ അഭിമാനപുരസ്സരം ചൂണ്ടിക്കാട്ടുമെന്നും, അവരുടെ കണ്ണു തുറപ്പിക്കുമെന്നും, അവരെക്കൂടി ഈ മുന്നേറ്റത്തില്‍ പങ്കാളികളാക്കാനുള്ള ചുമതല ഒരു സാമൂഹ്യ ബാദ്ധ്യത എന്ന നിലയില്‍ നിങ്ങള്‍ ഏറ്റെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
‘നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം‘, ‘വൈകീട്ടെന്താ പരിപാടി‘ എന്നീ ചോദ്യങ്ങള്‍ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കും എന്ന പ്രതീക്ഷയോടെ,
പട്ട, അമ്മിണി, ഉയര്‍ത്തെഴുന്നേല്‍പ്പ്, ഗോതു, മൂലവെട്ടി തുടങ്ങിയ അപരനാമങ്ങളില്‍ അറിയപ്പെടുന്ന അംഗീകാരമില്ലാത്ത ബ്രാന്‍ഡുകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്ന് സ്നേഹബുദ്ധ്യാ ഉപദേശിച്ചുകൊണ്ടും, മാഹി മാഫിയായുടെ വലയില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടും...
വിശ്വസ്തതയോടെ,
(ഒപ്പ്)
മാനേജിംഗ് ഡയറക്ടര്‍
കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(M&M)
ചിയേഴ്സ് ഭവന്‍,
തിരുവനന്തപുരം, കേരളം
കോപ്പി:
എല്ലാ മധുപാനചക്രവര്‍ത്തിമാര്‍ക്കും
Saturday, August 23, 2008
മഹിഷപാദങ്ങള്‍ - ഒരു പ്രഹേളിക
രാഗം തീയറ്ററിന്റെ 70എം.എം. മനോഹാരിതയില്‍ തെളിയുന്ന ആ ചിത്രം ഇന്നു കൂടിയേ ഉള്ളൂ എന്ന തിരിച്ചറിവ് സെക്കണ്ട് ഷോക്ക് പോയിക്കളയാം എന്ന തീരുമാനത്തിലേക്ക് സുന്ദരനായ ആ യുവാവിനെ എത്തിച്ചു. അമ്മ വിളമ്പിയ ചോറും മോരുകറിയും പൊടിത്തോരനും വയറു നിറയെ കഴിച്ച് ഒരേമ്പക്കവും വിട്ട് തന്റെ ഇംഗ്ലണ്ട് മെയ്ക്ക് റാലി സൈക്കിളില്‍ രാഗം തീയറ്ററിലേക്ക് വെച്ചു പിടിപ്പിച്ച യുവാവ് അറിഞ്ഞിരുന്നില്ല തന്നെ കാത്തിരിക്കുന്നതെന്താണെന്ന്...എക്സൊര്‍സിസ്റ്റിനെക്കുറിച്ചുള്ള ഈ ലിങ്ക് വായിച്ച ശേഷം തിരിച്ചു സംഭവവിവരണത്തിലേക്ക് വരിക...:)
ഭൂതപ്രേതപിശാചുക്കളില്‍ ഒട്ടും തന്നെ വിശ്വാസമില്ലാതിരുന്ന, ‘അവിശ്വാസിയായ‘ ദേവദത്തന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴൊക്കെ ”ഇത്ര നല്ല തമാശപ്പടത്തെ ഭീകരചിത്രമായി കാണുന്ന ജനങ്ങളുടെ ഹാസ്യബോധമില്ലായ്മയെപ്പറ്റി“ വ്യാകുലനാകുകയായിരുന്നു. ചിത്രം കണ്ടില്ലായിരുന്നെല്‍ നഷ്ടമായേനെ എന്ന ആത്മഗതവും.
സിനിമ കഴിഞ്ഞ് തന്റെ ഇംഗ്ലണ്ട് മേയ്ക്ക് റാലി സൈക്കിളില്‍ കയറിയ യുവാവ് തന്റെ കയ്യിലെ റാഡോ വാച്ചില്‍ സമയം നോക്കി...കൃത്യം 11.38.....എം.ജി.റോഡിലൂടെ മധുമതി എന്ന ഹിന്ദി ചിത്രത്തിലെ പ്രശസ്തമായ പാട്ടും പാടി ഇടക്കൊന്ന് രണ്ടു കൈയും വിട്ട് ചവിട്ടി ദേവദത്തന്‍ ചരിത്രപ്രസിദ്ധമായ കോട്ടപ്പുറം ഭാഗത്തേക്ക് സൈക്കിള്‍ തിരിച്ചു...
കെ.എസ്.ഇ.ബിയുടെ ഭീമാകാരവും ഭീതിജനിപ്പിക്കുന്നതുമായ ഗോഡൌണും, അതിനടുത്തൊരു തോടും വിശാലമായ പാടവും പാടത്തിനപ്പുറത്ത് ജനം ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന, പ്രേതങ്ങളിലെ റിയല്‍ എസ്റ്റേറ്റുകാര്‍ കയ്യടക്കിവെച്ചിരുന്ന വിജനമായ റെയില്‍വേ ട്രാക്കുമുള്ള അന്നത്തെ കോട്ടപ്പുറം...
മാഷിന്റെ മകനാണെങ്കിലും ഇടക്ക് ബീഡി വലിക്കുമായിരുന്നു ദേവദത്തന്‍...എതിരെ നിന്നു വന്ന ആള്‍ ദേവദത്തന്റെ സൈക്കിളിനു നേരെ കൈകാണിച്ചു...ദേവദത്തന്‍ റാഡോ വാച്ചില്‍ സമയം നോക്കി..കൃത്യം 12 മണി..
“തീപ്പെട്ടിയുണ്ടോ മാഷുട്ട്യേ?’ ( ബീഡിയുണ്ടോ സഖാവെ എന്ന ഡയലോഗ് അന്ന് പ്രചാരത്തിലായിട്ടില്ല...കാരണം...ആ സിനിമ ഇറങ്ങിയിട്ടില്ല)
ഒന്ന് ഒന്നിനുപോയേക്കാം എന്നു കൂടി കരുതി സൈക്കിളില്‍ നിന്നും ഇറങ്ങി ദേവദത്തന്‍ തീപ്പെട്ടി നീട്ടി...ബീഡി കത്തിച്ചു കഴിഞ്ഞശേഷം തീപ്പെട്ടി തിരിച്ചു നീട്ടിയ അയാള്‍ അബദ്ധത്തിലെന്നവണ്ണം അത് താഴേക്കിട്ടു......
തീപ്പെട്ടി എടുക്കാനായി കുനിഞ്ഞ ദേവദത്തന്റെ ഉള്ളിലൂടെ ഒരു കിളി പാഞ്ഞു...................
അയാളുടെ കാലിന്റെ സ്ഥാനത്ത്...കാലിന്റെ സ്ഥാനത്ത്......
പോത്തിന്റെ കാലുകള്‍......................................
എഴുന്നേറ്റ് അയാളുടെ മുഖത്തേക്ക് നോക്കിയ ദേവദത്തന്റെ ഉള്ളിലൂടെ രണ്ടാമത്തെ കിളി പാഞ്ഞു...
കഴുത്തിനു മുകളില്‍ ശൂന്യം......................
പേടിച്ചാല്‍ ഓടുക എന്ന മലയാളിയുടെ ജനിതകപരമായ സ്വഭാവം ദേവദത്തനെയും ഭരിച്ചപ്പോള്‍ അയാള്‍ ഓട്ടം തുടങ്ങി..കാലില്‍ അമ്മിക്കല്ലു വെച്ചപോലെ തോന്നുന്നുണ്ടായിരുന്നുവെങ്കിലും....ആരെയെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍ ഒരു കൂട്ടായേനേ എന്നു കരുതിയപ്പോഴേക്കും ഒരാള്‍ വരുന്നു...അയാള്‍ അടുത്തെത്തിയപ്പോള്‍ ദേവദത്തന്‍ വിക്കി വിക്കി(പീഡിയ അല്ല) പറഞ്ഞു..
“അവിടെ..അവിടെ...”“അവിടെ എന്താണ്? നിങ്ങളെന്തിനാണ് വിറയ്ക്കുന്നത്?”
നടന്ന സംഭവങ്ങള്‍ മുഴുവന്‍ ദേവദത്തന്‍ പറഞ്ഞൊപ്പിച്ചു...ഒടുവില്‍ പറഞ്ഞു
”അയാളുടെ കാലിന്റെ സ്ഥാനത്ത് പോത്തിന്‍കാലായിരുന്നു”
തന്റെ കാല്‍ നീട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു “ദാ ഇതുപോലത്തെ കാലായിരുന്നോ?”
ദേവദത്തന്‍ ഒന്നേ നോക്കിയുള്ളൂ....അതും പോത്തിന്‍കാല്‍...
ഹൃദയം സ്തംഭിച്ചു മരിച്ചുവീണ സുന്ദരനായ ആ യുവാവിന്റെ മൃതദേഹം പിറ്റേന്ന് രാവിലെ വരെ അവിടെ അനാഥമായി കിടന്നു.....
*
തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും ഒരു കാലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന അത്ഭുതശാസ്ത്രീയപ്രതിഭാസത്തെക്കുറിച്ച് ഒരു പോസ്റ്റുപോലും ബൂലോഗത്തില്‍ വന്നില്ല എന്നത് തികച്ചും നാണക്കേടായി തോന്നിയതുകൊണ്ട് ബൂലോഗത്തിന്റെ മാനം രക്ഷിക്കുന്നതിനായി ഞാന്‍ എന്റെ തികച്ചും വിലയേറിയതും പൊന്നിനും പണത്തിനും ഒപ്പം മാത്രം തൂക്കി നോക്കാവുന്നതുമായ സമയം ചിലവഴിച്ച് ഒരെണ്ണം പ്രസിദ്ധീകരിക്കുന്നു. അന്ധവിശ്വാസജടിലമായ ഇന്നത്തെ സമൂഹത്തില്‍ ഇതുപോലുള്ള ശാസ്ത്രീയ ചിന്തകള്‍ വളരുന്നത് വരുന്ന തലമുറയോട് ചെയ്യുന്ന പാതകം ക്ഷമിക്കണം സേവനമാകും എന്നുറപ്പുണ്ട്. ഇത് വായിച്ചിട്ട് അശാസ്ത്രീയം, അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു കമന്റിടാന്‍ വരാനിടയുള്ള അശാസ്ത്രികളെ ഈ പോസ്റ്റ് വായിക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ലെങ്കിലും അവര്‍ ഇവിടെ കമന്റിടാന്‍ പാടുള്ളതല്ല. കമന്റിട്ട് പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ വഴി തെറ്റിക്കും എന്നതിനാലാണിത്. ദയവായി ഇതില്‍ ഫാസിസ്റ്റ് മനോഭാവം ആരോപിക്കരുത്..
ഇത് 100% നടന്ന സംഭവമാണ്. ഇതിലെ ഓരോ വാക്കും വരിയും സത്യമാണ്. ഇന്നും യുക്തികൊണ്ടോ ശാസ്ത്രം കൊണ്ടോ വിശദീകരിക്കാനായിട്ടില്ലാത്ത ഈ പ്രതിഭാസം കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടതായി വന്ന വാര്‍ത്തകള്‍ ഈ പ്രതിഭാസത്തിന്റെ യൂണിവേഴ്സാലിറ്റിക്ക് നിദര്‍ശനമാണ്. ഗണപതി പാലുകുടിക്കുന്നതുമായി ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല എങ്കില്‍പ്പോലും സംവത്സരങ്ങളിലൂടെ തുടര്‍ന്നു പോകുന്ന ശാസ്ത്രീയ ചിന്തയുടെ ഒരു നാര് അതിലും കാണാം..
*
ദേവദത്തന്‍ ചത്തെങ്കില്‍ പിന്നെ താനെങ്ങിനെ ഇതൊക്കെ അറിഞ്ഞെടോ എന്നല്ലേ?
അവിശ്വാസികളേ..കുവിശ്വാസികളേ...നിങ്ങള്‍ക്ക് ഹാ...കഷ്ടം.
*
ഡോ. സൂരജ് നിര്‍മ്മിച്ച സര്‍വരോഗ നിവാരണ യന്ത്രം ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക. :)
Monday, June 9, 2008
അഞ്ജനേയാ....
ഹനുമാന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഏതുജോലിയും വിജയകരമാകുമെന്ന വിശ്വാസമാണ് ഇതിനുപിന്നിലെന്ന് സ്കൂള്‍ വൈസ് ചെയര്‍മാന്‍ വിവേക് കാന്‍ഡി പറഞ്ഞു. സ്ഥാപനത്തിനു പറ്റിയ ചെയര്‍മാനു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ ആ മേഖലയിലെ അനവധി പേരുകള്‍ പരിഗണിച്ചെങ്കിലും അവസാനം ഹനുമാനെ ചെയര്‍മാനായി തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തേക്കാള്‍ വലുതായി ആരുണ്ട് എന്ന് ചോദിക്കുന്നു വിവേക് കാന്‍ഡി.
പര്‍വ്വതങ്ങളെ അമ്മാനമാടാന്‍ കഴിവുള്ള ആളാണ് ഹനുമാന്‍ എന്നറിയാമെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് വൈദഗ്ദ്യത്തെപ്പറ്റി പുരാണങ്ങളില്‍ സൂചനയൊന്നുമില്ലെന്ന് അസോസിയേറ്റഡ് പ്രസിന്റെ വാര്‍ത്തയില്‍ പറയുന്നു.
ആഞ്ജനേയാ...കാത്തോള്‍ണേ എന്ന് ഇന്നസെന്റ് ശൈലിയില്‍ പറഞ്ഞുകൊണ്ട് ഇത് പോസ്റ്റുന്നു.
Saturday, May 3, 2008
‘അരി‘കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍
പണ്ടത്തെ കഥയാണ്....
ഭാരത പര്യടനത്തിനെത്തിയ സായിപ്പ് തീവണ്ടി യാത്രക്കിടയിലാണ് ആ കാഴ്ച കണ്ടത്....
ട്രാക്കിന്റെ വക്കത്തിരുന്ന് സാധിക്കുന്ന ഒരു ‘പാമ്പാട്ടി‘ അല്ലെങ്കില്‍ ‘മന്ത്രവാദി‘...
സാധിച്ച് കഴിഞ്ഞ് അയാള്‍ എഴുന്നേറ്റപ്പോള്‍ അവശേഷിപ്പിച്ച നൈറ്റ് സോയിലിന്റെ (ലത് തന്നെ) പരിമാണം കണ്ട് സായിപ്പിന്റെ കണ്ണു തള്ളി....
"ദൈവമേ!......ഇവനൊക്കെ എന്നാ ഭാഗ്യവാന്‍...എനിക്കിതുപോലെ സാധിക്കാന്‍ എന്നെങ്കിലും പറ്റുമോ? സാധിക്കണമെങ്കില്‍ തന്നെ എത്ര എത്തനോള്‍,സോറി ആവണക്കെണ്ണ കുടിക്കണം. ഇത്രയധികം സാധിക്കണമെങ്കില്‍ ഇവന്‍ എന്നാ മുടിഞ്ഞ തീറ്റയായിരിക്കും..പണ്ടാറം...ചുമ്മാ അല്ല ഭക്ഷ്യക്ഷാമം..."
പണ്ട് പിതാമഹന്‍ പറഞ്ഞ ഈ ഡയലോഗിന്റെ സ്റ്റാറ്റിസ്റ്റിക്കലി പോളിഷ്‌ഡ്, എക്കണോമിക്കലി വയബിള്‍(ചുമ്മാ കിടക്കട്ടെ),പൊളിറ്റിക്കലി (ഇന്‍)കറക്ട് ആയ സ്റ്റേറ്റ്മെന്റ് ആണ് കൊച്ചുമോന്‍ ഇപ്പോള്‍ പറഞ്ഞ ഈ വാചകം...
.......there are 350 million people in India who are classified as middle class. That's bigger than America. Their middle class is larger than our entire population. And when you start getting wealth, you start demanding better nutrition and better food, and so demand is high, and that causes the price to go up," No question that ethanol has had a part of it. But I simply do not subscribe to the notion that it is the main cost driver for your food going up,"
അരിയെത്താറാവുമ്പോള്‍ ചിലര്‍ക്ക് ചില മാനസികവിഭ്രാന്തിയൊക്കെ ഉണ്ടാവുമെന്ന് പഴമക്കാര്‍ പറയാറുണ്ട്...‘അരി’ വകയില്‍ ഒരു സെക്രട്ടറി ആവുമ്പോള്‍ പിന്നെ പറയാനുമില്ല...
‘അരി‘കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍ എന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി എന്ന് എല്ലാം കഴിയുമ്പോള്‍ പാടിക്കൊണ്ട് നടക്കേണ്ടിവരുമോ?
Sunday, March 9, 2008
മരിച്ചാല്‍ കൊന്നുകളയും!
മരണം നിരോധിച്ച ഗ്രാമമെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിവന്നേക്കാം.
പക്ഷേ, ഫ്രാന്‍സില്‍ ഇങ്ങനെ ഒരു ഗ്രാമമെങ്കിലുമുണ്ട്.
തെക്കന്‍ ഫ്രാന്‍സിലെ സാര്‍പോറെന്‍സ് ഗ്രാമത്തിലെ മേയറായ Gerard Lalanne ആണ് മരണം നിരോധിച്ച് ഉത്തരവ് ഇറക്കിയത്. മരിച്ചാല്‍ ബന്ധുക്കള്‍ക്ക് കടുത്ത ശിക്ഷയും ലഭിക്കും. ഗ്രാമത്തിലെ സെമിത്തേരിയില്‍ സ്ഥലമില്ലാത്തതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം.
സാര്‍പോറെന്‍സ് മേയര്‍ എഴുപതുകാരനായ ജെറാര്‍ഡ് ലാലന്‍ തന്റെ പരിധിയിലുള്ള 260 വീട്ടുകാര്‍ക്കാണ് അന്ത്യശാസനം നല്‍കിയത്. സെമിത്തേരിയില്‍ സ്ഥലമില്ലാത്തവരെയും ഗ്രാമത്തില്‍തന്നെ സംസ്കരിക്കണമെന്ന് ആഗ്രഹമുള്ളവരെയും ഗ്രാമാതിത്തിയില്‍ വെച്ച് മരിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നുവെന്നാണ് മേയറുടെ പ്രഖ്യാപനം.
“The first dead person to come along, I'll send him to the state's representative“
എന്നാണ് മേയര്‍ ജനത്തെ വെരട്ടിയിരിക്കുന്നത്.
“Offenders will be severely punished“(മരിച്ചാല്‍ കൊന്നുകളയും!)
എന്നുമുണ്ട് വെരട്ട്...
കാശുള്ളവന്‍ ജീവിച്ചാല്‍ മതി എന്നു കേട്ടിരുന്നു...ഇതിപ്പോള്‍.....?
ഗ്രാമത്തിലെ സെമിത്തേരി വികസിപ്പിക്കാനുള്ള നിര്‍ദേശം കോടതി തടഞ്ഞിരുന്നു. മറ്റൊരു ഗ്രാമമായ കഗ്നാക്സിലെ(Cugnaux) മേയര്‍ കഴിഞ്ഞ വര്‍ഷം ഇത്തരമൊരു ഉത്തരവിറക്കുകയും തുടര്‍ന്ന് സെമിത്തേരി വികസിപ്പിക്കുവാനുള്ള അനുമതി നേടുകയും ചെയ്തിരുന്നു. ഇതാണത്രെ ഇത്തവണ ലാലന്റെ പ്രചോദനം.
സമാധാനപരമായി ചാവാനും കൊല്ലാനുമൊക്കെ എന്തുമാത്രം ബുദ്ധിമുട്ടേണ്ടി വരുന്നു..
AFP വാര്‍ത്ത ഇവിടെ[ദേശാഭിമാനി വാര്‍ത്ത അവലംബം]
Wednesday, February 13, 2008
മൈക്രോവേവ് ലവന്‍
അണ്ണാ, ഈ മൈക്രോവേവ് ലവനില്‍ കഞ്ഞിവെച്ചാ കാന്‍സര്‍ വരുമോ?
ലവനല്ലടേ..അവ്‌ന്‍
ഇത് സ്ലാങ്ങണ്ണാ..
നീ ഉദ്ദേശിക്കുന്ന ലവനല്ലടേ ഇത്..O V E N എന്ന അവ്‌ന്‍..എന്നു വെച്ചാ ഒരു തരം അടുപ്പ്.
അവനെങ്കി അവന്‍..കഞ്ഞിവെച്ചാ കാന്‍സര്‍ വരുമോ?
ഇതാര് പറഞ്ഞ്?
നമ്മടെ വെറകു കടക്കാരന്‍ വാസുവണ്ണന്‍...
ലവന്‍ പറയും..നീ അത് വിശ്വസിച്ചാ?
ഇല്ലണ്ണാ..അതല്ലേ അണ്ണന്റൂടെ ചോദിച്ചത്.
കാന്‍സര്‍ വരുമെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടില്ലെടേ ..വീട്ടി ഒരെണ്ണം വാങ്ങിവെയ്
ഞാന്‍ ഗ്യാസ് പോലും വാങ്ങിവെച്ചിട്ടില്ലണ്ണാ..
കയ്യി കാശില്ലേ?
കാശില്ലാഞ്ഞല്ല. അമ്മിയില്‍ അരച്ച് വിറകടുപ്പില്‍ ഉണ്ടാക്കിയതിന്റെ സ്വാദ് ഗ്യാസിലും അവനിലുമൊന്നും കിട്ടില്ലണ്ണാ..ഓരോന്നിന്റെയും വേവ് വേറെ വേറെ...
വിറക് നീ കീറുമോ?
ഇല്ല
പുക ഊതുമോ?
ഇല്ല
അരയ്ക്കുമോ?
ഇതിനൊക്കെ അല്ലേ അണ്ണാ ഈ പെമ്പ്രന്നോത്തിമാര്
പുരുഷമേധാവിത്വപരമായ ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ എക്കാലവും പ്രത്യയശാസ്ത്രങ്ങളുടെ ധര്‍മ്മം സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുവാനുള്ള ഭൂമിക സൃഷ്ടിക്കുക എന്നതും, ചൂഷണം ചെയ്യപ്പെടേണ്ടവരാണ് തങ്ങള്‍ എന്ന തെറ്റായ ധാരണ സ്ത്രീകളില്‍ സൃഷ്ടിക്കുക എന്നതുമാണ്. തിരിച്ചറിവിന്റെ വെളിച്ചം വീശിയാലേ ഈ ഒരു അവസ്ഥക്ക് മാറ്റം വരൂ...
എന്തരണ്ണാ സംസ്കൃതത്തി പറയണത്?
പെമ്പ്രന്നോത്തിമാരു കൈവെയ്ക്കാന്‍ തുടങ്ങിയാലേ നിന്റെയൊക്കെ വേവ് തീരൂ എന്ന്...
Sunday, January 27, 2008
ചൊവ്വാക്കാരി - ഒരു തിരുത്ത്
ഇന്നലെ ഒരു പത്രത്തില്‍ (മാതൃഭൂമിയിലല്ല) വന്ന ചൊവ്വയിലെ സ്ത്രീയെ സംബന്ധിച്ച വാര്‍ത്ത കളവാണെന്ന് മറ്റൊരു പത്രത്തില്‍ (മനോരമയിലല്ല) വന്ന വാര്‍ത്തക്ക് വിശ്വാസ്യത കുറവാണെന്ന് മൂന്നാമതൊരു പത്രം (കേരള കൌമുദിയല്ല) റിപ്പോര്‍ട്ട് ചെയ്തതിന് അടിസ്ഥാനമില്ലെന്ന് ഒരു ആംഗലേയ പത്രം (ഹിന്ദുവല്ല) പ്രസിദ്ധീകരിച്ച വാര്‍ത്തയെ ഖണ്ഡിച്ചുകൊണ്ട് ഒരു മലയാള പത്രം (ദേശാഭിമാനിയല്ല) പ്രസിദ്ധീകരിച്ച ബോക്സ് ന്യൂസ് വെറും സെന്‍സേഷണലിസമാണെന്ന മറ്റൊരു പത്രത്തിലെ (മാധ്യമമല്ല) പരാമര്‍ശത്തില്‍ കഴമ്പില്ലെന്ന എഡിറ്റോറിയല്‍ (മംഗളത്തിലേതല്ല) വെറും വാചകമടി മാത്രമാണെന്ന ഫ്രണ്ട് പേജ് ന്യൂസ് (ജനയുഗത്തിലേതല്ല) പുന:പ്രസിദ്ധീകരിച്ച ആംഗലേയ പത്രത്തിന്റെ (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അല്ല) നടപടി ജുഗുപ്സാവഹവും പത്രധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന ഓപ്പണ്‍ എഡിറ്റോറിയല്‍ ( ടൈം ഓഫ് ഇന്ത്യയുടേതല്ല) വസ്തുതകള്‍ വിലയിരുത്താതെയും പരാമൃഷ്ട വിഷയത്തെ സംബന്ധിച്ച പുതിയ വസ്തുതകള്‍ തിരക്കാതെയും റെഫറന്‍സ് സൈറ്റുകള്‍ (വിക്കിയല്ല) പരിശോധിക്കാതെയും പ്രസിദ്ധീകരിച്ചതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.
വായനക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.
Monday, December 24, 2007
സന്യാസി നീ..ഓ.....
രണ്ടു ദിവസത്തിനുള്ളില്‍ പുനര്‍ജനിക്കുമെന്ന് അവകാശപ്പെട്ട് ഛത്തിസ്‌ഗഢില്‍ സന്യാസി ആത്മഹത്യ ചെയ്തു.
റായ്‌ഗഢിലെ ഒരു ക്ഷേത്രത്തിന് മുന്നില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി ഇയാള്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
25കാരനായ സന്യാസിക്കെതിരെ പൊലീസ് (കിട്ടിയ ചാന്‍സിന്) കേസ് എടുത്തുവെങ്കിലും മൃതദേഹം സംഭവസ്ഥലത്തുനിന്ന് നീക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.
രണ്ടുദിവസത്തിനകം എന്ത് സംഭവിക്കുമെന്ന് അറിയാനാണ് നാട്ടുകാരും സന്യാസിയുടെ അനുയായികളും കാത്തിരിക്കുന്നത്.
ഞാനും അതെ!
(ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്ത)
Wednesday, November 28, 2007
ഹോമിയോപ്പിള്ള,അലോപ്പിള്ള,ആയുരോപ്പിള്ള
ഹോമിയോപ്പിള്ളയും അലോപ്പിള്ളയും ആയുരോപ്പിള്ളയും തമ്മില്‍ തര്‍ക്കമായി.
ആരാണ് ശക്തന്‍?
അലോപ്പിള്ള പറഞ്ഞു
“ എന്റേതു പോലെ ശക്തവും ശാസ്ത്രീയവുമായ മസില്‍ ആര്‍ക്കുണ്ട്? എന്റെ ഓരോ കോശത്തിന്റെയും ശക്തി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ക്ലിനിക്കലി ഫിറ്റ് ആണ് ഞാനെപ്പോഴും. അതുകൊണ്ട് ശക്തന്‍ ഞാന്‍ തന്നെ”
ആയുരോപ്പിള്ള പറഞ്ഞു
“ എന്റെയീ എണ്ണയും തൈലവുമിട്ട് മിനുക്കിയ ബോഡി കണ്ടിട്ടും താനിത് പറയുന്നല്ലോ. ഞാനൊന്നു തന്നാല്‍ താനൊക്കെ വെറും ചൂര്‍ണ്ണം. ക്ഷീരം കുടിച്ച് കുടിച്ച് ബലവാനായ എന്നോടാണ് കളി”
ഹോമിയോപ്പിള്ള പറഞ്ഞു
“ ചേട്ടന്മാരേ.. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെപ്പറ്റി കേട്ടിട്ടില്ലേ? എന്റെ ബോഡി മെലിയും തോറും ശക്തി കൂടുന്ന ടൈപ്പാണ്. ഈ കൈവീശലിന്റെ പ്ലാസിബോ എഫക്ട് മതിയല്ലോ നിങ്ങടെയൊക്കെ അവോഗാഡ്രോ നമ്പര്‍ തെറ്റാന്‍.”
ഈ വീരവാദങ്ങള്‍ കേട്ടുകൊണ്ടിരുന്ന ചെക്കന്‍ ഗുനിയന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു...
“ഇവന്മാരിങ്ങനെ എന്നും അടിയായിരിക്കട്ടെ. ..തലമുറകളോളം ഒന്നും പേടിക്കാനില്ല. ജീവിതം എത്ര രസകരം”
Sunday, September 16, 2007
വാര്‍ത്തമാനകാലം
"പറയൂ, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?"
"ഇവിടെ ഒന്നും സംഭവിക്കുന്നില്ല"
"അങ്ങിനെ അവിടെ ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ശരിയാവില്ലല്ലോ"
"ഒന്നും സംഭവിക്കാതെ എന്തെങ്കിലും സംഭവിച്ചു എന്നു പറയാന്‍ പറ്റുമോ?"
"ഒന്നും സംഭവിച്ചില്ല എന്നു പറഞ്ഞല്ലോ... ഒന്നും സംഭവിക്കാത്ത ആ സംഭവത്തെക്കുറിച്ച് പറയൂ"
"ഇവിടെ ഒന്നും സംഭവിച്ചില്ല. സംഭവിക്കുന്നതു മുഴുവന്‍ അപ്പുറത്താണ് എന്നാണ് കേള്‍ക്കുന്നത്"
"അതു പറ്റില്ല. അവിടെ എന്തെങ്കിലും സംഭവിക്കണം. എന്നാലെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ"
"എന്നാല്‍ അല്പം മുന്‍പ് ഇവിടെ സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചു"
"അതേയോ? എങ്ങിനെയാണത് സംഭവിച്ചത്? ഈ സൂര്യന്‍ ഏത് തരക്കാരനാണ് എന്നതിനു വല്ല സൂചനയും ഉണ്ടോ?"
"അദ്ദേഹം ഇങ്ങനെ കടലിലേക്കിറങ്ങിപ്പോവുകയായിരുന്നു. പൊതുവേ ഒരു ചൂടനാണ് സൂര്യന്‍. പിന്നെ ഇപ്പോ ഇതാ ഇവിടെത്തന്നെ ചന്ദ്രന്‍ ഉദിച്ചിട്ടുണ്ട്. ആള്‍ ഒരു തണുപ്പനാണ് എന്നാണ് അദ്ദേഹത്തോടടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്."
"വിവരങ്ങള്‍ക്ക് വളരെയധികം നന്ദി...സൂര്യന്‍ പടിഞ്ഞാറസ്തമിച്ചു എന്നാണ് ഇപ്പോള്‍ കിട്ടിയ വിവരം. അസ്തമിച്ചത് പടിഞ്ഞാറാണെങ്കിലും, നാളെ സൂര്യന്‍ കിഴക്ക് മാത്രമേ ഉദിക്കുകയുള്ളൂ എന്ന് അവിടത്തെത്തന്നെ മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട് എന്നതും നാം കാണാതിരുന്നുകൂടാ. ഇത് അവിടെ കൃത്യമായും രണ്ട് വ്യത്യസ്ത ചിന്താഗതികള്‍ ഉണ്ട് എന്നതിനു വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അതു പോലെ സൂര്യന്‍ അസ്തമിച്ച സമയത്ത് തന്നെ അവിടെ ചന്ദ്രന്‍ ഉദിച്ചത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് എന്നതിനൊരു തെളിവാണ്."
"ഇപ്പോള്‍ ഒരു ധൂമകേതു കൂടി വീഴുന്നത് കാണുന്നു..എല്ലാവരുടേയും ശ്രദ്ധ അതിലാണ്."
“വളരെ വളരെയധികം നന്ദി....കൂടുതല്‍ വിവരങ്ങള്‍ക്കായി പിന്നീട് ബന്ധപ്പെടാം. സൂര്യനെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും ഇപ്പോള്‍ കടന്നുപോയ ആ ധൂമകേതുവിനെക്കുറിച്ചും സംസാരിക്കുവാന്‍ അവിടെ നിന്ന് നാടുകടത്തപ്പെട്ട രണ്ട് നക്ഷത്രങ്ങള്‍ നമ്മോടൊപ്പമുണ്ട്..അവരോട് സംസാരിക്കുന്നതിനു മുന്‍പ് ചെറിയൊരു ഇടവേള."
Tuesday, September 11, 2007
ഒരു രൂപയ്ക്ക് 45 ഡോളര്‍ കിട്ടുന്ന കാലം
രംഗം ഒന്ന്
സ്ഥലം: ന്യൂയോര്‍ക്ക്
കുറച്ച് അമേരിക്കന്‍ ടെക്കീസ് കൊച്ചുവര്‍ത്തമാനത്തില്‍
ഒന്നാമന്‍: എന്താടേ അത്?
രണ്ടാമന്‍: നമ്മുടെ ബോബ് കുട്ടപ്പ് അയച്ചുതന്ന ചില ഫോട്ടോകള്‍.
ഒന്നാമന്‍: ഏതാ ഈ സ്ഥലം?
മൂന്നാമന്‍: ഓ..ഇത് കൊച്ചിയിലെ ഇന്റലിജന്റ് സിറ്റി ആണ്.
ഒന്നാമന്‍: ങ്ഹേ! ആ പഹയന്‍ മാരുതി വാങ്ങിച്ചോ?
രണ്ടാമന്‍: നോക്കട്ടെ..ശരിയാ ..മാരുതി...അവന്‍ ആള് പുലി തന്നെ. ജീവിതം ആസ്വദിക്കയല്ലേ..
മൂന്നാമന്‍: നിങ്ങള്‍ക്കറിയുമോ മാരുതിക്ക് 200K ആണ് വില. ഡോളറിലാവുമ്പോ..2,00,000X45=90,00,000 ഡോളര്‍
രണ്ടാമന്‍: ഹൊ! നമുക്കിതൊന്നും ഇവിടെ സ്വപ്നം കാണാന്‍ കൂടി കഴിയില്ല.
ഒന്നാമന്‍: നമുക്കെങ്ങിനെയെങ്കിലും ഇന്ത്യയിലേക്ക് കടന്ന് ഒരു ജോലി സംഘടിപ്പിക്കണം.
മൂന്നാമന്‍: നടക്കും കൂട്ടരെ. നമ്മുടെ കൊന്നയും ഒരുനാള്‍ പൂക്കും അളിയന്മാരെ..
രംഗം 2
സ്ഥലം: സാന്‍ ഫ്രാന്‍സിസ്കോ
കുറച്ച് ട്രെയിനിമാര്‍ സംസാരിക്കുന്നു
ഒന്നാമന്‍: നമ്മളെത്ര കാലമായി ഇങ്ങനെ ഒന്നു കൂടിയിട്ട്... എന്റെ ഇന്ത്യയിലേക്കുള്ള വിസ എപ്പോ വേണേല്‍ വരാം.
രണ്ടാമന്‍: പാര്‍ട്ടി എപ്പഴാ?
ഒന്നാമന്‍: സംഭവം കയ്യില്‍ കിട്ടിയാല്‍ ഉടന്‍
രണ്ടാമന്‍: നിനക്കവിടെ എവിടെയാ ജോലി?
ഒന്നാമന്‍: ലാലൂരില്‍
രണ്ടാമന്‍: ലാലൂര്‍...കേട്ടിട്ടുണ്ട്...എന്നാലും കറക്ടായിട്ട് എവിടെയാ?
ഒന്നാമന്‍: തൃശ്ശൂരിനടുത്ത്
മൂന്നാമന്‍: ഭാഗ്യവാന്‍...ഉഗ്രന്‍ ക്ലൈമറ്റല്ലേ..നമ്മുടെ കാലിഫോര്‍ണിയാ പോലെ ഒന്നും അല്ല. എന്റെ ഒരു ഫ്രണ്ട് പടിഞ്ഞാറേക്കോട്ടയിലുണ്ട്. അവന്‍ പറയുന്നത് ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടമാണ് അതിവിടമാണ് എന്നാണ്.
രണ്ടാമന്‍: അതൊരു മല്ലുവുഡ് സിനിമയിലെ ഡയലോഗല്ലേ..
നാലാമന്‍: ആരാ നിന്റെ മൊതലാളി?
ഒന്നാമന്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ന്ന് കേട്ടിട്ടുണ്ടോ?
രണ്ടാമന്‍: ഉം..എന്റെ ഒരു ഫ്രണ്ട് അവിടെ CRD(ചവര്‍ റിമൂവല്‍ ഡിപ്പാര്‍ട്ട്മെന്റ്) ല്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഒടുക്കത്തെ ടെക്നോളജിയാണവിടെ. ശരിക്ക് പണിയറിയാവുന്നവന്‍ ഇങ്ങനെ കേറിക്കേറിപ്പോകും...അസൂയ തോന്നും. ഓരോന്ന് കേട്ടാല്‍....
ഒന്നാമന്‍: അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിനുവേണ്ടി കണക്ക് എഴുതലാണ് ജോലി. ലാലൂരിലെ ചവര്‍ ഡിസ്പോസല്‍ പ്ലാന്റിന്റെ.
രണ്ടാമന്‍: ഭാഗ്യവാന്‍ അളിയാ...അതാണാ രാജ്യത്തിന്റെ ഒരു പ്രത്യേകത. ഏത് ജോലിക്കും നമ്മുടെ എല്ലാ കഴിവും ഉപയോഗിക്കണം. ഇവിടത്തെപ്പോലെ ഒന്നും അല്ല. എന്നെ നോക്ക്...ആ സ്പേയ്സ് ഷട്ടിലിന്റെ റിമോട്ടിനുവേണ്ട പ്രോഗ്രാം എഴുതി എഴുതി ജമ്മം തൊലയ്ക്കുന്നു.
ഒന്നാമന്‍: വിഷമിക്കാതിരി...ഞാന്‍ എന്റെ റീഡിഫ് ഐ.ഡി.തരാം. അവിടെ എത്തിയാല്‍ മെയില്‍ അയക്കാം. നിങ്ങള്‍ ബയോഡാറ്റാ അയച്ചുതാ. ഞാന്‍ അതെന്റെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഫോര്‍വേഡ് ചെയ്യാം.
മൂന്നാമന്‍: നമ്മുടെ കൊന്നയും ഒന്ന് പൂത്താല്‍ മതിയായിരുന്നു.
രംഗം 3
സ്ഥലം: ടെക്സാസ് യൂണിവേര്‍സിറ്റി
ഒന്നാമന്‍: ഒരു കിടിലന്‍ ന്യൂസുണ്ട്.. നമ്മടെ ഈ ജോര്‍ജ് കുട്ടിക്ക് കേരളാ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടി. ബി.എ. ഹിസ്റ്ററിക്ക്...ഉഗ്രന്‍ സബ്‌ജെക്ടല്ലേ...അവനും രക്ഷപ്പെട്ടു. സ്കോളര്‍ഷിപ്പും ഉണ്ട്.
ജോര്‍ജ്‌കുട്ടി: ഇന്നലെ എന്റെ വിസ വന്നു..എല്ലാം ഫൈനലൈസ്‌ഡ്
രണ്ടാമന്‍: കണ്‍ഗ്രാറ്റ്സെടേയ്..അപ്പോ നീയും ആ സ്വര്‍ഗരാജ്യത്തിലേക്ക് പോകുന്നു..
മൂന്നാമന്‍: ബി.എ.ഹിസ്റ്ററി...പഠിക്കുന്നെങ്കില്‍ ഇതുപോലുള്ള കോഴ്സുകള്‍ തന്നെ വേണം... എന്താ സിലബസ്...ഇവിടത്തെപ്പോലെ ഒന്നുമല്ല..
രണ്ടാമന്‍: എത്രയാടേ സ്കോളര്‍ഷിപ്പ്?
ജോര്‍ജ്‌കുട്ടി: 1200 രൂപ....
രണ്ടാമന്‍: 1200രൂപ!!!!! അതായത് 1200 ഇന്റു 45 സമം 54000 ഡോളര്‍...എന്റമ്മേ..ആ പൈസകൊണ്ടിവിടെ ഒരു ബെന്‍സ് കാറും ഫ്ലാറ്റും വാങ്ങാം.
നാലാമന്‍: നീ ബെന്‍സും കെട്ടിപ്പിടിച്ചോണ്ടിരുന്നോ..ഇവന്‍ അവിടെപ്പോയി മാരുതിയിലും അംബാസിഡറിലുമൊക്കെയായിരിക്കും ചെത്തുന്നത്..
ഒന്നാമന്‍: അച്ഛനോട് അന്നേ പറഞ്ഞതാ എന്നെ മലയാളം മീഡിയത്തില്‍ ചേര്‍ത്താല്‍ മതിയെന്ന്...
മൂന്നാമന്‍: വിഷമിക്കല്ലെ...നമുക്ക് അവിടത്തെ വല്ല പാരലല്‍കോളേജിലും അഡ്മിഷന്‍ കിട്ടുമോന്ന് ട്രൈ ചെയ്യാം. അങ്ങിനെയെങ്കിലും നമ്മടെ കൊന്നയും പൂക്കുമോന്ന് നോക്കാം കൂട്ടരേ
രംഗം 4
സ്ഥലം: ഹോളിവുഡ്.
ആര്‍ണോള്‍ഡ് ശിവശങ്കരന്‍ വിഷമിച്ചിരിക്കുന്നു.
സഹായി: എന്ത് പറ്റി സാര്‍.ഒരു വിഷമം?
ആ.ശി: എന്തു പറയാനാ...മല്ലുവുഡ്ഡീന്ന് ഒരു ഓഫര്‍ വന്നതാ..
സഹായി: നായകനായിട്ടാണോ?
ആ.ശി: എവടെ? മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കത്തി നിക്കുമ്പോ നമുക്കെവടെ ചാന്‍സ്? പക്ഷെ, കിട്ടിയ റോളും പോയിക്കിട്ടി.
സഹായി: എന്തു പറ്റി?
ആ.ശി: വിസ ശരിയായില്ല. ഒടുക്കത്തെ ചുവപ്പ് നാട.
സഹായി: കഷ്ടമായിപ്പോയി..ഈ രാജ്യത്തിന്റെ ഒരു കാര്യം..ആ റോള്‍ പോയി എന്നുറപ്പാണോ?
ആ.ശി.: ഉം..ഷാജി കൈലാസ് സാറിന്റെ അസിസ്റ്റന്റ് സാര്‍ വിളിച്ചിരുന്നു.. ആ റോള്‍ ഭീമന്‍ രഘുവിനു കൊടുത്തെന്ന്...ച്ചേ..എത്ര മോഹിച്ചതാ..
സഹായി: സാര്‍ വിഷമിക്കല്ലെ..എനിക്ക് ജോഷി എന്നൊരു ഡയറക്ടറെ പരിചയമുണ്ട്..വല്ലതും നടക്കുമോന്ന് നോക്കാം..
ആ.ശി: എങ്ങനെയെങ്കിലും ശരിയാക്കെടെ..അവിടെപ്പോയി ഒരു നാലു സിനിമയില്‍ അഭിനയിച്ച് കുറച്ച് രൂപാ സമ്പാദിച്ചില്ലേല്‍ ജീവിതം കട്ടപ്പൊക.
സഹായി: നോക്കട്ടെ..എന്തായാലും മലയാളമൊക്കെ ശരിക്ക് പഠിച്ച് വെക്ക്..ഇന്നത്തെക്കാലത്ത് അതൊക്കെ അറിയാമെങ്കിലേ രക്ഷയുള്ളൂ...ഡെയ്‌ലി മാതൃഭൂമിയും മനോരമയുമൊക്കെ വായിക്ക്...വെള്ളിനക്ഷത്രവും...മൊത്തത്തില്‍ എല്ലാവരെയും പരിചയമാകട്ടെ..ഒരു രൂപക്ക് 45 ഡോളറാണെന്നത് മന്ത്രം പോലെ ചൊല്ലിക്കൊണ്ടിരി...
ആ.ശി: എപ്പ ചൊല്ലിയെന്ന് കേട്ടാ മതി. എന്റെ കൊന്നയും പൂക്കണ്ടേടേ?
രംഗം 5
തിരുവനന്തപുരം
ടെക്നോളജി പാര്‍ക്കില്‍ ജോലിചെയ്യുന്ന ടെര്‍മിനേറ്റര്‍ക്ക് ഒരു ഫോണ്അച്ഛന്: മോനേ..നീ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ.
ടെര്‍മി: ഞാന്‍ മെയില്‍ അയച്ചിരുന്നല്ലോ അച്ഛാ...
അച്ഛന്‍: മെയിലോ? ഇവിടെ കണക്ഷന്‍ ഭയങ്കര സ്ലോയാ മോനേ..എക്സ്പ്ലോറര്‍ തുറന്നു വരാന്‍ തന്നെ സമയമെടുക്കും.
ടെര്‍മി: ഉം.. ഞാന്‍ രാവിലത്തെ ഫുഡ്ഡ് കഴിക്കുകയായിരുന്നു. അച്ഛന്‍ കഴിച്ചോ?
ആച്ഛന്‍: ഇവടെ ഇപ്പോ രാത്രിയല്ലേ മോനേ..നേരത്തേ കഴിച്ചു...ആട്ടെ നീയെന്താ കഴിക്കുന്നത്? ആരോഗ്യമൊക്കെ നോക്കുന്നില്ലേ?
ടെര്‍മി: കോക്കനട്ട് സൂപ്പ് വിത്ത് ചില്ലിയും റൈസ് ബ്രെഡ്ഡും..
അച്ഛന്‍: എന്നു വെച്ചാലെന്താ?
ടെര്‍മി: ഇവിടെ ഇതിന് ഇഡ്ഡലിയും ചട്ട്ണിയും എന്നാണ് പറയുന്നത്...
അച്ഛന്‍: അങ്ങനെ പറ. സൂപ്പര്‍ ഫുഡ്ഡല്ലേ..നമ്മുടെ കുടുമ്മത്ത് നീയെങ്കിലും രക്ഷപ്പെട്ടല്ലോ..ഒരു കൊന്നയെങ്കിലും പൂത്തല്ലോ. അച്ഛന് സന്തോഷായി മോനെ...സന്തോഷായി..
(ഒരു ഇന്റര്‍നെറ്റ് തമാശയുടെ മലയാളാന്തരീകരണം)
Friday, August 24, 2007
ഇങ്ങനേയും കളമൊരുക്കാം....
ഓണം സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സമൃദ്ധിയുടേയും മാത്രം ഉത്സവമല്ല. സര്‍ഗ്ഗവൈഭവത്തിന്റേയും കൂടി ഉത്സവമാണ്. ഉള്ളത് കൊണ്ട് ഓണം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് തങ്ങളുടേതായ രീതിയില്‍ ‘പൂക്കള‘മൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കാന്റീന്‍ ജീവനക്കാര്‍.
അവര്‍ക്കും അവരുടെ ഫലിതബോധത്തിനും തലയിലെ ആള്‍ താമസത്തിനും ഒരു പോസ്റ്റ് സല്യൂട്ട്...
ഹരി ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ മനോരമ ഓണ്‍ലയിന്‍ തപ്പി. ഈ കളത്തിന്റെ തന്നെ വേറൊരു ഫോട്ടോ കണ്ടു. ഒരു പക്ഷെ ആ സുഹൃത്തും അതേ സ്ഥലത്ത് നിന്ന് ഫോട്ടോ എടുത്തതാകാം.
