Sunday, July 12, 2009

സി.സി.യുടെ എഴുതാത്ത കത്ത്

പ്രിയപ്പെട്ട മാധ്യമങ്ങളെ,

ആരാലുമറിയാതെ കടന്നുപോകുമായിരുന്ന കേന്ദ്രക്കമ്മറ്റി യോഗത്തെ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആക്കിത്തന്നതിന് നന്ദി രേഖപ്പെടുത്തുവാന്‍ കേന്ദ്രക്കമ്മിറ്റിക്ക് അതിയായ സന്തോഷം ഉണ്ട്। യോഗത്തിനു വന്ന ഓരോ അംഗത്തിന്റെയും ഓരോ ചലനവും ഒപ്പിയെടുത്ത് റിപ്പീറ്റ് കാണിച്ചതിന്, അവരുടെ ചലനങ്ങള്‍, നോട്ടങ്ങള്‍, കണ്ണിമയ്ക്കലുകള്‍, വാക്കുകള്‍, മൌനങ്ങള്‍ എല്ലാം ഒപ്പിയെടുത്ത് എല്ലാവരെയും ഒരു ‘സംഭവം’ ആക്കിത്തീര്‍ത്തതിന് നന്ദി പറയുവാനും സി.സി ഈയവസരം വിനിയോഗിക്കട്ടെ.

കേന്ദ്രക്കമ്മിറ്റിക്ക്ശേഷംഇടതുകാലു വെച്ചാണ് ഒരു നേതാവ് പുറത്ത് വരുന്നതെങ്കില്‍ അകത്തും, വലതുകാല്‍ വെച്ചാണ് പുറത്ത് വരുന്നതെങ്കില്‍ പുറത്തും എന്ന മട്ടില്‍ നിങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ തന്നെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി എന്ന് പറയാതെ വയ്യ। ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ട് തന്നെ പുറത്തേക്ക് വരുമ്പോള്‍ കണ്ടിരുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം। മനോവിശ്ലേഷണ മാധ്യമ റിപ്പോര്‍ട്ടിംഗ് രംഗത്ത് ഒരു പുതിയ അദ്ധ്യായം തന്നെ ഈ ‘ദന്തനിരീക്ഷണ“ സിദ്ധാന്തം തുറക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു। ചിലര്‍ മടങ്ങാനായി ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്ന വിമാനത്തിന്റെ ഫയല്‍ ഫോട്ടോ പ്രക്ഷേപണം ചെയ്തതിലൂടെ ബ്രേക്കിംഗ് ന്യൂസ് മേഖലയില്‍ ഒരു പുതിയ പന്ഥാവ് തന്നെ വെട്ടിത്തുറക്കുവാന്‍ നിങ്ങള്‍ക്കായി. ടിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റും ടിക്കറ്റ് നമ്പറിന്റെ ന്യൂമറോളജിക്കല്‍ വിശകലനവും കൂടി ഉണ്ടായിരുന്നുവെങ്കില്‍ കുറച്ച് കൂടി സയന്റിഫിക്ക് ആകുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു എന്ന് സി.സി വിലയിരുത്തുന്നു. കല്ലച്ചിലെ തെളിയാത്ത അക്ഷരങ്ങളില്‍ നിന്ന് മാധ്യമലോകം എത്രമാത്രം വളര്‍ന്നിരിക്കുന്നു!

ഇനി മുതല്‍ പി.ബി.യും കേന്ദ്രക്കമ്മറ്റിയും കൂടാനുള്ള ദിവസങ്ങളും ഗണിച്ച് ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കുന്ന പുത്തന്‍ സാങ്കേതിക വിദ്യ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്കാവും എന്ന് സി.സിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ഊഹിച്ചെഴുതുന്നതിനു പകരമായി, വെര്‍ച്ച്വല്‍ പി.ബിയും കേന്ദ്രക്കമ്മിറ്റിയും ഉണ്ടാക്കുവാനും ലൈവ് ആയി വെര്‍ച്ച്വല്‍ പി.ബി, വെര്‍ച്ച്വല്‍ സി.സി ചര്‍ച്ചകള്‍ പ്രക്ഷേപണം ചെയ്യുവാനും അനതിവിദൂര ഭാവിയില്‍ നിങ്ങള്‍ക്കാകട്ടെ എന്ന് സി.സി ആ‍ത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഞങ്ങള്‍ എന്താണ് തീരുമാനിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ ഞങ്ങളേക്കാള്‍ മുന്നെ കൂട്ടായിരുന്ന് അന്യോന്യം മസ്തിഷ്കപ്രക്ഷാളനം നടത്തുകയും, ‘ഞങ്ങളുടെ തീരുമാനം’ ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കുകയും ചെയ്യുന്ന നടപ്പ് രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും അത്തരമൊരു സാങ്കേതികവിദ്യാവികാസം. വികസിത, അതിവികസിത രാജ്യങ്ങളിലെ മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ഇത്തരം ഇന്നൊവേഷന്‍സ് മലയാള മാധ്യമരംഗത്തിന് അന്താരാഷ്ട്ര ഖ്യാതി നേടിത്തരും എന്നതില്‍ സി.സി. ഏകാഭിപ്രായക്കാരാണ്. ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയത്തിന്റെ വിവിധ പെർമ്യൂട്ടേഷൻ കോമ്പിനേഷനുകളെല്ലാം അതിവിദഗ്ദമായി വിശകലനം ചെയ്ത് ഒരു മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യനിലെന്നപോലെ നാലു ഓപ്ഷനുകള്‍ ഒരുക്കിത്തരികയും അതില്‍ ഒന്നു മാത്രം സ്വീകരിച്ച് ശരിയായ തീരുമാനത്തിലെത്താന്‍ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്ന നിങ്ങളുടെ കലാപരിപാടിയും സി.സി. വളരെ കൌതുകത്തോടെയാണ് കാണാറുള്ളത്.

എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റ്റുകാരെയും വിവിധ ചാനലുകളിലായി ഒരേ സമയം ചര്‍ച്ചകള്‍ക്കായി അണി നിരത്തുവാന്‍ കഴിഞ്ഞ നിങ്ങളുടെ സംഘടനാ പാടവത്തെയും സി.സി. ശ്ലാഘിക്കുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവര്‍ ഞങ്ങളെ നന്നാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതിന്റെ പേരില്‍ അവരോടും സി.സി. നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാനും നിങ്ങള്‍ തയ്യാറാകണം. അത് അവരുടെ അവകാശത്തിന്റെ പ്രശ്നമാണ്. ‘എട്ട് മണിക്കൂര്‍ പത്രങ്ങളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ ചാനലുകളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ സൈബര്‍ സ്പേസില്‍ വിമര്‍ശനം’ എന്ന അവരുടെ മുദ്രാവാക്യം ചിക്കാഗോയിലെ തെരുവീഥികളില്‍ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടവയാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

ഒരു ചെറിയ വിമര്‍ശനം കൂടി രേഖപ്പെടുത്തിക്കൊണ്ട് ഈ കത്ത് അവസാനിപ്പിക്കട്ടെ..

ഞങ്ങള്‍ ഇന്ന രീതിയില്‍ തീരുമാനിക്കും എന്ന് പറഞ്ഞ് നിങ്ങള്‍ കൊടുക്കുന്ന പരസഹസ്രം വാര്‍ത്തകളില്‍ ഏതെങ്കിലും ഒരെണ്ണം, ഏതെങ്കിലും മാധ്യമങ്ങളിലോ, ഏതെങ്കിലും ചാനലുകളിലോ, എന്നെങ്കിലും തെറ്റുകയാണെങ്കില്‍ (ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നു) ഒരു ചെറിയ തിരുത്ത് കൊടുക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. ഇന്ന് നിങ്ങള്‍ പുലര്‍ത്തി വരുന്ന അസൂയാവഹമായ സത്യസന്ധതക്ക് അതൊരു മകുടം ചാര്‍ത്തലായിരിക്കും എന്നതില്‍ സംശയമില്ലല്ലോ.

സത്യസന്ധതയുടേതും, ഉയര്‍ന്ന പ്രൊഫഷണലിസത്തിന്റെതുമായ പാതയിലൂടെ ഇന്നു ചെയ്യുന്നതുതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ മുന്നോട്ട് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്...

നിങ്ങളുടെ സ്വന്തം സി.സി

Wednesday, June 24, 2009

ലാവലിന്‍ പുതിയ വഴിത്തിരിവിലേയ്ക്ക്...:)

ലാവലിന്‍ പുതിയ വഴിത്തിരിവിലേയ്ക്ക്
പ്രത്യേക ലേഖിക

തിരോന്തരം: 1996ല്‍ പിണറായി വിജയന്‍ കാനഡയ്ക്ക് പോകുന്നതിനായുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തിയത് തിരുവനന്തപുരം സൌത്ത്പാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നെന്ന് ഞങ്ങളുടെ പ്രത്യേക ലേഖിക തൃശ്ശൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സമയത്ത് ഒരു സയന്‍സ് പ്രൊജക്റ്റ് ചര്‍ച്ചക്കായി സൌത്ത്പാര്‍ക്ക് റസ്റ്റോറന്റില്‍ കൂടിയിരുന്ന ലേഖികയും സുഹൃത്തും ലാവലിന്‍ ചര്‍ച്ചാഗ്രൂപ്പിന്റെ ആവശ്യപ്രകാരം തങ്ങളുടെ ചര്‍ച്ചാ സ്ഥലം മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടെങ്കിലും ‘രണ്ട് പെണ്‍‌കുട്ടികളല്ലേ അവിടെ ഇരുന്നോട്ടെ‘ എന്ന മുതിര്‍ന്ന നേതാവിന്റെ (പിണറായി വിജയന്‍ആണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്) അനുമതി മൂലം തങ്ങളുടെ ചര്‍ച്ച യഥാസ്ഥാനത്ത് തന്നെ തുടര്‍ന്നു. തങ്ങളുടെ ചര്‍ച്ചയ്ക്കിടയിലെ ഇടവേളകളില്‍ ബിരാണിയില്‍ പപ്പടം ചേര്‍ത്ത് കുഴക്കുമ്പോള്‍ ഇടയ്ക്ക് ലാവലിന്‍, ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നെല്ലാം കേട്ടിരുന്നു എന്നും, ഇതൊരു ഇലക്ട്രിസിറ്റി ബോര്‍ഡ് അഴിമതിയാണെന്നും വൈദ്യുതബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളായ ലേഖികയുടെ സുഹൃത്ത് അന്നേ കണ്ടെത്തുകയുണ്ടായിരുന്നു. അന്ന് ചര്‍ച്ച നടന്ന സമയത്തിന്റെയും ഇന്ന് പത്രങ്ങളില്‍ കണ്ട കനേഡിയന്‍ പര്യടന വാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ അന്ന് നടന്നത് ലാവലിന്‍ ചര്‍ച്ച തന്നെ ആയിരുന്നിരിക്കും എന്ന് ഉറപ്പായിരിക്കുന്നു. സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടികളുടെ മൊഴി എടുക്കാന്‍ ഉദ്ദേശ്യിക്കുന്നതായും അറിവായിട്ടുണ്ട്. ചര്‍ച്ചാഗ്രൂപ്പ് അന്ന് കഴിച്ച ഭക്ഷണത്തിന്റെ ബില്‍ ആരുടെ അക്കൌണ്ടില്‍ നിന്നാണ് നല്‍കിയിട്ടുള്ളത് എന്നതിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. അന്നത്തെ ബില്ലിന്റെ ഫോട്ടോസ്റ്റാറ്റ് ഒരു പ്രധാന തെളിവായി പ്രത്യേക കോടതി മുന്‍പെ സമര്‍പ്പിക്കാനും സി.ബി.ഐ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു. അന്നത്തെ ചര്‍ച്ചകള്‍ക്കിടയില്‍ ടെക്നിക്കാലിയാ എന്ന വാക്ക് കേള്‍ക്കാതിരുന്നതും ദുരൂഹത ഉണര്‍ത്തുന്നുണ്ടെന്ന് ഈ വിഷയത്തെക്കുറിച്ച് സമഗ്രമായി പഠിച്ചിട്ടുള്ള, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത നീലകണ്ഠന്‍ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്തായാലും ലാവലിന്‍ കേസിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവായിരിക്കും ഇത് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല.

(മംഗളരമ 24 ജൂണ്‍ 2009)

Saturday, March 14, 2009

വൈകാരികതയുടെ എടുത്തുചാട്ടങ്ങള്‍

രാഷ്ട്രീയമായ ദശാസന്ധികളുടെ തിരശ്ചീനമായ നിശ്ചലതകളെ ലംബമായ സജീവതകളാക്കുന്ന പത്രസമ്മേളനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും ശേമുഷിയെക്കുറിച്ചും ആല്‍ബര്‍ കാമു തന്റെ ദി റെബല്‍ എന്ന കൃതിയില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല। കാമുവിന്റെ മൌനം കേവലമായൊരു നിശബ്ദത എന്ന നിലയ്ക്കല്ല വിലയിരുത്തപ്പെടേണ്ടത് എന്നോ ആ മൌനത്തിന്റെ സമുദ്രഗര്‍ഭത്തില്‍ ഒളിച്ചുവെച്ചിട്ടുള്ള അര്‍ത്ഥതലങ്ങളെ ആധുനികമായൊരു പരിപ്രേക്ഷ്യത്തില്‍ വീണ്ടെടുക്കേണ്ടതുണ്ട് എന്നോ ആരെങ്കിലുമൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ അവരെ വലതു അരാഷ്ട്രീയ ചുറ്റുപാടില്‍ നിന്നു വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവര്‍ എന്ന് വിലയിരുത്തിയാല്‍ അതൊരു പ്രമാദമായിരിക്കും। നീയുച്ചരിക്കുന്ന ഓരോ വാക്കിനും ഞാന്‍ നല്‍കുന്ന അര്‍ത്ഥങ്ങളാണ് നിന്നെ ജീവിപ്പിക്കുന്നത് എന്നത് ഫാസിസത്തിന്റേതായ വിശ്വാസപ്രമാണമല്ല മറിച്ച് നവകാലഘട്ടത്തിലെ ഓരോ റ്റെലിവിഷന്‍ കാഴ്ചക്കാരനും വിശ്വസിക്കുന്ന തത്വസംഹിതയാണ്। അത്തരത്തില്‍ ഇത് കാഴ്ചയുടെ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നുമുണ്ട്। പിന്നീട് നിഷേധിക്കപ്പെടുമ്പോള്‍ ആദ്യമുരുവിട്ട വാക്കുകള്‍ക്കെന്ത് സംഭവിക്കുന്നു എന്നതൊരു ദാര്‍ശനിക സമസ്യയാണ്। ദാസ്യമനോഭാവത്തെ മറച്ചുവെയ്ക്കുവാന്‍ വാക്കുകള്‍ക്കൊപ്പം ഉപയോഗിക്കപ്പെടുന്ന പാരുഷ്യത്തിന്റെ ആടയാഭരണങ്ങള്‍ പലപ്പോഴും ആ മനോഭാവത്തെ തുറന്നു കാട്ടുക തന്നെയല്ലേ ചെയ്യുന്നത്?

പറഞ്ഞുവന്നതെന്താണെന്നു വെച്ചാല്‍, ഇന്നലത്തെ വെളിയം ഭാര്‍ഗവന്റെ പത്രസമ്മേളനം വൈകാരികമായൊരു എടുത്തു ചാട്ടമായിരുന്നു।

:)

*
ഫോട്ടോ ഇവിടെ നിന്ന്