Wednesday, February 13, 2008

മൈക്രോവേവ് ലവന്‍

അണ്ണാ, ഈ മൈക്രോവേവ് ലവനില്‍ കഞ്ഞിവെച്ചാ കാന്‍സര്‍ വരുമോ?

ലവനല്ലടേ..അവ്‌ന്‍

ഇത് സ്ലാങ്ങണ്ണാ..

നീ ഉദ്ദേശിക്കുന്ന ലവനല്ലടേ ഇത്..O V E N എന്ന അവ്‌ന്‍..എന്നു വെച്ചാ ഒരു തരം അടുപ്പ്.

അവനെങ്കി അവന്‍..കഞ്ഞിവെച്ചാ കാന്‍സര്‍ വരുമോ?

ഇതാര് പറഞ്ഞ്?

നമ്മടെ വെറകു കടക്കാരന്‍ വാസുവണ്ണന്‍...

ലവന്‍ പറയും..നീ അത് വിശ്വസിച്ചാ?

ഇല്ലണ്ണാ..അതല്ലേ അണ്ണന്റൂടെ ചോദിച്ചത്.

കാന്‍സര്‍ വരുമെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടില്ലെടേ ..വീട്ടി ഒരെണ്ണം വാ‍ങ്ങിവെയ്

ഞാന്‍ ഗ്യാസ് പോലും വാങ്ങിവെച്ചിട്ടില്ലണ്ണാ..

കയ്യി കാശില്ലേ?

കാശില്ലാഞ്ഞല്ല. അമ്മിയില്‍ അരച്ച് വിറകടുപ്പില്‍ ഉണ്ടാക്കിയതിന്റെ സ്വാദ് ഗ്യാസിലും അവനിലുമൊന്നും കിട്ടില്ലണ്ണാ..ഓരോന്നിന്റെയും വേവ് വേറെ വേറെ...

വിറക് നീ കീറുമോ?

ഇല്ല

പുക ഊതുമോ?

ഇല്ല

അരയ്ക്കുമോ?

ഇതിനൊക്കെ അല്ലേ അണ്ണാ ഈ പെമ്പ്രന്നോത്തിമാര്

പുരുഷമേധാവിത്വപരമായ ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ എക്കാലവും പ്രത്യയശാസ്ത്രങ്ങളുടെ ധര്‍മ്മം സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുവാനുള്ള ഭൂമിക സൃഷ്ടിക്കുക എന്നതും, ചൂഷണം ചെയ്യപ്പെടേണ്ടവരാണ് തങ്ങള്‍ എന്ന തെറ്റായ ധാരണ സ്ത്രീകളില്‍ സൃഷ്ടിക്കുക എന്നതുമാണ്. തിരിച്ചറിവിന്റെ വെളിച്ചം വീശിയാലേ ഈ ഒരു അവസ്ഥക്ക് മാറ്റം വരൂ...

എന്തരണ്ണാ സംസ്കൃതത്തി പറയണത്?

പെമ്പ്രന്നോത്തിമാരു കൈവെയ്ക്കാന്‍ തുടങ്ങിയാലേ നിന്റെയൊക്കെ വേവ് തീരൂ എന്ന്‌...

Monday, February 11, 2008

ഒല്ലൂക്കര ജയറാം കഥ പറയുമ്പോള്‍...

കുറുമാന്റെ പുതിയ പോസ്റ്റായ മണല്‍ക്കാട്ടില്‍ നിന്നും ആനപ്പുറത്തേക്ക് എന്നതിലെ ഒല്ലൂക്കര ജയറാമന്റെ ഭാഗം വായിച്ചപ്പോള്‍, ആ സംഭവം ആനയുടെ ഭാഗത്തു നിന്ന് എഴുതിയാല്‍ എങ്ങിനെ ഇരിക്കും എന്നൊരു ജിജ്ഞാസ‍. അങ്ങിനെ എഴുതാന്‍ നോക്കിയതാണ് ഈ പോസ്റ്റ്. ഒരു പരീക്ഷണം...കുറുമാന്റെ പോസ്റ്റ് വായിച്ചശേഷം ഇത് വായിക്കുവാന്‍ അപേക്ഷ..

ഒല്ലൂക്കര ജയറാം കഥ പറയുമ്പോള്‍...

എത്ര നേരമായി ഈ നില്‍പ്പ് തുടങ്ങിയിട്ട്.

വെറുതെ ഇങ്ങനെ നില്‍ക്കുമ്പോള്‍ കാടിന്റെ വന്യമായ ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു...എല്ലാവനേയും കുത്തിക്കൊന്നിട്ട് കാട്ടിലേക്ക് തന്നെ ഓടിപ്പോയാലോ എന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ കുറ്റബോധം തോന്നിയോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലാതിരുന്നതിന്റെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. അപ്പോഴേക്കും താനിതാ വീണ്ടും പഴയ രീതികളിലേക്ക്...

ഏതോ സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനമാണെന്നു തോന്നുന്നു. ഉത്സവം വന്നാലും തുണിക്കട വന്നാലും ഇരിക്കപ്പൊറുതിയില്ലാത്തത് ഞങ്ങള്‍ക്കാണല്ലോ. കൂടെയുള്ള രണ്ടു പേര്‍ ചിന്തിക്കുന്നതെന്തായിരിക്കുമെന്ന് വെറുതെ ഓര്‍ത്ത് നോക്കി...ഇത് തന്നെയായിരിക്കുമോ അവരുടെ മനസ്സിലും?

സൈഡിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നും ആളുകള്‍ തല പുറത്തേക്കിട്ട് നോക്കുന്നുണ്ട്. ഒരു വാഹനത്തില്‍ നിന്നും അല്പം ഉറക്കെ എന്തോ സംസാരം കേട്ട് പതുക്കെ ഇടങ്കണ്ണിട്ട് നോക്കി.

നിറുത്തടാ അനൂപേ വണ്ടി.

എന്താ ചേട്ടാ വാളു വക്കാനാ?

ഏയ്, നീ ആനേനെ കണ്ടില്ലെ സൈഡില്? ഒന്നു തോട്ടി വയ്ക്കാനാ.

ചേട്ടന്റെ ആനകമ്പം ഇത് വര്യായിട്ട് പോയിട്ടില്ലെ?

ആന കമ്പം പോവാനാ? അത് ജന്മനാലുള്ളതാണ്ട. അങ്ങനെയൊന്നും പോവില്ല. നീ വണ്ടി തിരിക്ക്.

അത് ശരി. ഏതോ ഒരു ആനപ്രേമി തങ്ങളെക്കണ്ട് ഭ്രമിച്ച് വരികയാണ്..വരട്ടെ..സന്തോഷം. എത്ര എത്ര ആനപ്രേമികളെ കണ്ടിരിക്കുന്നു. ഈ ക്രൂരതകള്‍ക്കിടയിലും അവരാണ് നാട്ടില്‍ നില്‍ക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നത്. അന്തമില്ലാത്ത യാത്രകള്‍...ഉത്സവപ്പറമ്പുകളില്‍ നിന്നും പറമ്പുകളിലേക്ക് നിര്‍ത്താതെയുള്ള ഓട്ടമാണല്ലോ എന്നും.

അവര്‍ വണ്ടി റോഡിനെതിര്‍വശത്ത് പാര്‍ക്ക് ചെയ്തു.

പച്ചക്കറി കടയില്‍ നിന്നും പൈനാപ്പിള്‍ വാങ്ങി അതിലൊരു യുവാവ് ഞങ്ങള്‍ മൂന്നു പേര്‍ക്കും നല്‍കി. തനിക്കാണ് ഉള്ളതില്‍ വലുപ്പമേറിയത് എന്നായതുകൊണ്ടാവാം യുവാവ് തന്റെ അടുത്തേക്ക് തന്നെ വരുന്നത്. അയാള്‍ എന്തോ രാമന്‍ നായര്‍ക്ക് നല്‍കുന്നുണ്ടല്ലോ. രാമന്‍ നായരുടെ മുഖത്ത് പൂത്തിരി കത്തി കത്തുന്നത് കണ്ടാല്‍ അറിയാം ഇന്നു വൈകീട്ട് ആ വൃത്തികെട്ട മണമുള്ള കെട്ടിടത്തിന്റെ അരികില്‍ തന്നെ നിര്‍ത്തി അയാള്‍ അകത്തേക്ക് കയറിപ്പോകുമെന്ന്. വരുമ്പോള്‍ തന്നെപ്പോലെ നാലുകാലിലായിരിക്കും അയാള്‍ എന്നതോര്‍ക്കുമ്പോള്‍ ചിരി വരുന്നു. ഇന്നെങ്ങാനും അയാള്‍ പഴയതുപോലെ തന്നെ തല്ലിയാല്‍ വെച്ച് വീക്കും ഞാന്‍...

എന്തൂട്ടാ പേര്?

യുവാവ് രാമന്‍ നായരോട് തന്റെ പേരാണ് ചോദിക്കുന്നത്. അല്ലെങ്കിലും എല്ലാവര്‍ക്കും തങ്ങളെ കണ്ടാല്‍ ആദ്യം ചോദിക്കാന്‍ തോന്നുന്നത് അതാണല്ലോ...

രാമന്‍ നായര്‍ക്ക് യുവാവിന്റെ ചോദ്യം മനസ്സിലായില്ലെന്നു തോന്നുന്നു. അയാള്‍ അയാളുടെ പേരാണ് പറയുന്നത്.

രാമന്‍ നായര്.

ചേട്ടന്റെ പേരല്ല ചേട്ടാ, ആനേടെ പേര്?

ഒല്ലൂക്കര ജയറാം.

അയാള്‍ എന്റെ കാലിലും, തുമ്പിയിലുമൊക്കെയൊന്ന് കയ്യിലുമൊക്കെ ഒന്ന് തലോടി, പിന്നെ രാമന്‍ നായരോട് ചോദിക്കുന്നത് കേട്ടു...

രാമന്നായരെ, ഇവന്‍ ആളെങ്ങിനെ?

തനിക്കിത് കേട്ടിട്ട് ചിരിയാണ് വരുന്നത്. ഇവര്‍ക്കെന്തിനാണ് ഞങ്ങളെ ഇത്ര പേടി? ഇവരില്‍ ചിലര്‍ ഞങ്ങളോട് കാണിക്കുന്നതിന്റെ പത്തിലൊന്നു ഞങ്ങള്‍ അങ്ങോട്ട് കാണിക്കുന്നില്ലല്ലോ..മദപ്പാടിലും വെള്ളമില്ലാതുള്ള യാത്രകള്‍...വൃണങ്ങളിലൂടെ നീങ്ങുന്ന ചങ്ങല. കോലിട്ടു വലിക്കുമ്പോള്‍ പ്രാണന്‍ പോകുന്ന വേദന... നിയന്ത്രണം വിടുമ്പോഴാണ് തങ്ങള്‍ ചിലതൊക്കെ ചെയ്തുപോകുന്നത്...

കുഴപ്പമില്ല.

രാമന്‍ നായര്‍ തനിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് തരുന്നു. താന്‍ കേള്‍ക്കാനായിരിക്കണം. പട്ടവീച്ച് കഴിഞ്ഞ തവണ വീ‍ക്കിയതിന്റെ ചൂട് രാമന്‍ നായര്‍ മറന്നു കാണില്ല..

എങ്കില്‍ ആ കാരക്കോലും, തോട്ടീം ഇങ്ങട് താ, ഞാന്‍ ഒര് രണ്ട് പടം പിടിക്കട്ടെ.

ഓ അതിനെന്താ, ദാ പിടിച്ചോളൂ.

രാമന്‍ നായര്‍ എല്ലാം ആ യുവാവിനെ ഏല്‍പ്പിക്കുന്നല്ലോ..

അയാള്‍ കാരക്കോലും, തോട്ടീം കൂട്ടി പിടിച്ചിട്ട് വലത്തെ കാലില്‍ അങ്ങനെ തലോടി നിന്നു. അയാളുടെ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് (എന്തോ തന്റടുത്ത് വരാന്‍ അയാള്‍ക്കൊരു പേടി പോലെ) ഇടക്കിടെ ചീറി പായുന്ന വണ്ടികള്‍ക്കിടയിലൂടെ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ചില വെളിച്ചങ്ങള്‍ അയാളുടെ കയ്യിലെ ഉപകരണത്തില്‍ നിന്നും വരുന്നു..തുമ്പികൈയുയര്‍ത്തി അയാളുടെ അരികില്‍ കൊണ്ട് വന്ന് പതുക്കെ മണം പിടിച്ചു നോക്കി. രാമന്‍ നായരുടെ വൈകീട്ടത്തെ മണമുണ്ടെന്നു തോന്നുന്നു. എന്നാലും അത്ര കുഴപ്പമില്ല.

യുവാവിന്റെ മനസ്സില്‍ എന്തായിരിക്കും ഇപ്പോള്‍? കൌതുകം? പേടി? സ്നേഹം? എല്ലാം ചേര്‍ന്നത്?

രാമന്നായരെ, ആനപുറത്ത് കേറിയാലോന്നൊരു പൂതി.

അപ്പോള്‍ തന്റെ മുകളില്‍ കയറാനുള്ള പുറപ്പാടാണ്. കയറിക്കോളൂ യുവാവേ..നിങ്ങളെ എനിക്കിഷ്ടമായി...

രാമന്‍ നായര്‍ അനുവാദം കൊടുത്തു.

അതിനെന്താ, കയറിക്കോളൂ.

പൊക്കാനെ കാല്. രാമന്‍ നായരുടെ ആജ്ഞ.

രാമന്‍ നായര്‍ പറഞ്ഞില്ലെങ്കിലും ആ യുവാവിനു വേണ്ടി താന്‍ കാലുപൊക്കുമല്ലോ.

പിറകുവശത്തെ വലത്തേ കാല് അല്പം പൊക്കിക്കൊടുത്തു. വാലില്‍ മുറുകെ പിടിച്ച് കൊണ്ട് അയാള്‍ തന്റെ കാലില്‍ ചവിട്ടി. പാവം അടി തെറ്റിയെന്നു തോന്നുന്നു..അടി തെറ്റിയാല്‍ മനുഷ്യനും വീഴും എന്നു അമ്മ പറയാറുള്ളത് ഓര്‍ത്തു. അമ്മ ഇപ്പോള്‍ എവിടെയായിരിക്കും? കൂട്ടുകാരി? അനിയന്‍? അവരൊക്കെ എവിടെയോ എന്തോ?

കാലിലേക്ക് കയറിയ ആതേ സ്പീഡില്‍ തന്നെ അടി തെറ്റിയ യുവാവ് താഴേക്ക് ചാടി.

വാശിക്കാരനാണെന്ന് തോന്നുന്നു..

വീണ്ടും തന്റെ വാലില്‍ മുറുകെ പിടിച്ചു കൊണ്ട് അയാള്‍ കാലില്‍ ചവിട്ടി കയറി. യുവാവിനെ സഹായിക്കുവാന്‍ താന്‍ കാല്‍ പരമാവധി പൊക്കിയൊപ്പോള്‍ വാല്‍ ചുരുട്ടി വച്ച്, കാലില്‍ നിന്നും ചവിട്ട് മാറ്റി വാലിലേക്കാക്കുകയും , ശരീരഭാഗങ്ങളില്‍ അള്ളിപിടിച്ചും, നുള്ളി പിടിച്ചും ഒരു വിധം പുറത്തേറുകയും ചെയ്തു. തലക്ക് മുകളിലൂടെ പോകുന്ന ഇലക്ട്രിക്ക് ലൈനുകള്‍ക്കിടയിലൂടെ നൂണ്ട് ഒരു വിധം അയാള്‍ കഴുത്തിലെത്തി. കയറിന്നിടയില്‍ കയ്യും കാലും കുരുക്കി നിലയുറപ്പിച്ചു.

ആ വയറുകളിലെങ്ങാനും കൊണ്ടിരുന്നെങ്കില്‍?

അയാളുടെ കൂടെ വന്നവര്‍ കയ്യിലെ ഉപകരണം കൊണ്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്.

പെട്ടെന്ന് ഒരു ബസ്സിന്റെ ഹോണ്‍ കേട്ട് താനൊന്നു ഞെട്ടി എന്നത് സത്യം. ചിന്നം വിളി ഇത്തിരി ഉറക്കെയായോ? പാവം യുവാവ്. ഞെട്ടിക്കാണും.

പേടിച്ച ശബ്ദത്തില്‍ അയാള്‍ രാമന്‍ നായരോട് പറയുന്നത് കേട്ട് വീണ്ടും ചിരി വന്നു. ഈ ചിരിക്കാനുള്ള കഴിവാണ് തന്നെ പലപ്പോഴും പിടിച്ചു നിര്‍ത്തിയിട്ടുള്ളത്. യുവാവേ ധൈര്യമായിരി...

രാമന്നായരെ എന്നെ ഒന്നിറക്ക് നായരെ.

ഓ സാറിറങ്ങിക്കോളൂ. മുന്നീക്കൂടെ ഇറങ്ങിയാല്‍ മതി. ചെവിയേല്‍ പിടിച്ച്.

പൊക്കാനേ കാല്, എന്ന് രാമന്‍ നായര്‍ പറഞ്ഞപ്പോള്‍ ഒരു കുസൃതി തോന്നി...

ഒരു പൊട്ടനെ പോലെ അത് കേട്ടില്ലെന്ന് നടിച്ചു.

പൊക്കാനെ കാല്, നായര് പിന്നേം അലറുകയാണ്.

യുവാവിനെ വെറുതെ പേടിപ്പിക്കുവാന്‍ ഒരു രസം.

ടേ... രാമന്നായരുടെ കയ്യിലുള്ള കാരവടി കാലില്‍ പതിച്ചപ്പോള്‍ തന്റെ സകല നിയന്ത്രണവും പോയേനെ...യുവാവിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ എങ്ങനെയോ പിടിച്ചു നിന്നു..രാമന്‍ നായരെ തനിക്ക് ഞാന്‍ വെച്ചിട്ടുണ്ട്.

അടിയുടെ വേദനയില്‍ താന്‍ ഒന്നുകൂടെ ഉറക്കെ ചിഹ്നം വിളിച്ചുവോ? മുന്‍പിലെ റോഡിലേക്ക് രണ്ട് മൂന്നടി ചുമ്മാതങ്ങ് കയറിയത് വേദനയുടെ കാഠിന്യം കാരണമാണെന്നും അഹങ്കാരമല്ലെന്നും യുവാവിനോട് പറയുന്നതെങ്ങനെ? യുവാവേ പേടിക്കാതെ...ഞാന്‍ ഒന്നും ചെയ്യില്ല..

ചേട്ടാ പേടിക്കാനൊന്നുമില്ല, ഇവന്‍ വെറും മൂന്നാളെ മാത്രമേ കൊന്നിട്ടുള്ളൂ ഇതുവരേയായി എന്ന് അയാളുടെ കൂടെ വന്നവര്‍ പറയുന്നത് ചങ്കില്‍ തറച്ച പോലെ..

കഷ്ടം...താനിന്നുവരെ ആരെയും കൊന്നിട്ടില്ല. കൊല്ലണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും. തമാശക്കാണെങ്കിലും അത് കേട്ടപ്പോള്‍ വല്ലാത്തൊരു വിഷമം.

പരിചയമില്ലാത്തവര്‍ മുന്നിലൂടെ ഇറങ്ങുന്നത് ഇഷ്ടമല്ല എന്ന ദുസ്വഭാവമെങ്ങാനും തനിക്കുണ്ട് എന്ന് യുവാവിനു തോന്നിക്കാണുമോ? തനിക്ക് അഹങ്കാരമാണെന്ന്?

പേടിച്ച് യുവാവിനെന്തെങ്കിലും സംഭവിച്ചാലോ എന്നായിരുന്നു അപ്പോള്‍ തന്റെ പേടി. യുവാവേ...യുവാവേ....

പേടിച്ചരണ്ട അയാള്‍ തന്റെ കഴുത്തില്‍ നിന്നും പിന്‍ വശത്തേക്ക് നിരങ്ങി നീങ്ങുന്നത് താന്‍ അറിയുന്നുണ്ടായിരുന്നു.

രാമന്നായരെ, ഞാന്‍ പിന്‍ കാലില്‍ കൂടെ ഇറങ്ങാം, ഒന്ന് കാല് പൊക്കാന്‍ പറയ്.

ഹഹഹ...ഇങ്ങനെയുമുണ്ടോ ഒരു പേടി..

പൊക്കാനേ കാല്.

നല്ല കുട്ടിയായി കാല് പൊക്കിക്കൊടുത്തു. വാലില്‍ പിടിച്ചു കൊണ്ട് അയാള്‍ സ്ലോ മോഷനില്‍ താഴേക്കിറങ്ങി. പകുതിയോളം കാല് താഴ്ന്നതും അയാള്‍ താഴേക്ക് ചാടി. പേടിച്ചരണ്ട് തന്നില്‍ നിന്നും വളരെ അകലത്തില്‍ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കാനാണ് തോന്നിയത്.

ശ്വാസം ഉള്ളിലേക്കാഞ്ഞാഞ്ഞെടുത്തതിനു ശേഷം അയാള്‍ രാമന്നായരെ കൈകാട്ടി വിളിക്കുന്നത് തനിക്ക് കാണാം.

അല്ല രാമന്നായരെ, ഇവന്‍ ആളെങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ താനല്ലെ പറഞ്ഞത് കുഴപ്പമില്ലാന്ന്. എന്നിട്ടിപ്പോ എന്താ അവനൊരു മൊട റോള്?

അത് സാറെ. ഉള്ള സത്യം പറയാമല്ലോ. ഇവന്‍ നീരിലായിരുന്നു. നീര് മാറി ഇന്ന് അഴിച്ചതേയുള്ളൂ. നീരുള്ള സമയത്ത് ഞാന്‍ പോലും അവന്റെ അരികിലെങ്ങാന്‍ ചെന്നാല്‍ പട്ടയെടുത്ത് വീക്കുമായിരുന്നു.

ഹഹഹഹഹ...യുവാവിന്റെ മുഖം കണ്ടപ്പോള്‍....രാമന്‍ നായരെ പട്ടയെടുത്ത് വീക്കിയിരുന്നതിനെക്കുറിച്ചാലോചിച്ചപ്പോള്‍...

ജീവന്‍ തിരിച്ചു കിട്ടിയതിന് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടാവണം അയാള്‍ വണ്ടിയില്‍ കയറി ധൃതിയില്‍ സ്ഥലം വിട്ടു..

താന്‍ വീണ്ടും പഴയ ബോറഡിയിലേക്ക്...നല്ല രസമായിരുന്നു..യുവാവിന്റെ വരവും പെരുമാറ്റവും പോക്കുമൊക്കെ. വല്ലപ്പോഴുമേ തനിക്കിത്തരം രസങ്ങള്‍ വിധിച്ചിട്ടുള്ളൂ...

എന്തായിരിക്കും യുവാവിന്റെ പേര്?

രാമന്‍ നായര്‍ ഒന്നും ചോദിക്കുന്നത് കേട്ടില്ല...അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു?

എന്നാലും ഈ ദിവസത്തിന്റെ ഓര്‍മ്മക്ക് അയാള്‍ക്ക് തന്റെ വക ഒരു പേരിട്ടു കൊടുക്കാന്‍ ഒരു മോഹം...

കണ്ടിട്ടിത്തിരി കുറുമ്പുണ്ടെന്നു തോന്നുന്നു..തന്നെപ്പോലെ..ഹഹ..

കുറുമ്പന്‍? ച്ചെ...കുറുമ്പുള്ളവന്‍..? പോരാ..ഇത്തിരികൂടി നല്ലപേര് വേണം...

കു..കുറുമോന്‍..കുറുമാന്‍....

അതേ അതു തന്നെയാണ് ആ യുവാവിനു പറ്റിയ പേര്...

കുറുമാന്‍....

നന്ദി കുറുമാന്‍..ഈ ദിവസത്തിനും...ഈ നിമിഷങ്ങള്‍ക്കും...സ്നേഹത്തോടെ തന്നെ പൈനാപ്പിളിനും. എല്ലാറ്റിനും നന്ദി. ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കണ്ടെന്നു വരില്ല..എങ്കിലും ഈ തമാശകള്‍ ഞാന്‍ എന്നും മനസ്സിലോര്‍ക്കും....