Monday, December 24, 2007

സന്യാസി നീ..ഓ.....

രണ്ടു ദിവസത്തിനുള്ളില്‍ പുനര്‍ജനിക്കുമെന്ന് അവകാശപ്പെട്ട് ഛത്തിസ്‌ഗഢില്‍ സന്യാസി ആത്മഹത്യ ചെയ്തു.

റായ്‌ഗഢിലെ ഒരു ക്ഷേത്രത്തിന് മുന്നില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി ഇയാള്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

25കാരനായ സന്യാസിക്കെതിരെ പൊലീസ് (കിട്ടിയ ചാന്‍സിന്) കേസ് എടുത്തുവെങ്കിലും മൃതദേഹം സംഭവസ്ഥലത്തുനിന്ന് നീക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.

രണ്ടുദിവസത്തിനകം എന്ത് സംഭവിക്കുമെന്ന് അറിയാനാണ് നാട്ടുകാരും സന്യാസിയുടെ അനുയായികളും കാത്തിരിക്കുന്നത്.

ഞാനും അതെ!

(ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്ത)

Wednesday, November 28, 2007

ഹോമിയോപ്പിള്ള,അലോപ്പിള്ള,ആയുരോപ്പിള്ള

ഹോമിയോപ്പിള്ളയും അലോപ്പിള്ളയും ആയുരോപ്പിള്ളയും തമ്മില്‍ തര്‍ക്കമായി.

ആരാണ് ശക്തന്‍?

അലോപ്പിള്ള പറഞ്ഞു

“ എന്റേതു പോലെ ശക്തവും ശാസ്ത്രീയവുമായ മസില്‍ ആര്‍ക്കുണ്ട്? എന്റെ ഓരോ കോശത്തിന്റെയും ശക്തി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ക്ലിനിക്കലി ഫിറ്റ് ആണ് ഞാനെപ്പോഴും. അതുകൊണ്ട് ശക്തന്‍ ഞാന്‍ തന്നെ”

ആയുരോപ്പിള്ള പറഞ്ഞു

“ എന്റെയീ എണ്ണയും തൈലവുമിട്ട് മിനുക്കിയ ബോഡി കണ്ടിട്ടും താനിത് പറയുന്നല്ലോ. ഞാനൊന്നു തന്നാല്‍ താനൊക്കെ വെറും ചൂര്‍ണ്ണം. ക്ഷീരം കുടിച്ച് കുടിച്ച് ബലവാനായ എന്നോടാണ് കളി”

ഹോമിയോപ്പിള്ള പറഞ്ഞു

“ ചേട്ടന്മാരേ.. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെപ്പറ്റി കേട്ടിട്ടില്ലേ? എന്റെ ബോഡി മെലിയും തോറും ശക്തി കൂടുന്ന ടൈപ്പാണ്. ഈ കൈവീശലിന്റെ പ്ലാസിബോ എഫക്ട് മതിയല്ലോ നിങ്ങടെയൊക്കെ അവോഗാഡ്രോ നമ്പര്‍ തെറ്റാന്‍.”

ഈ വീരവാദങ്ങള്‍ കേട്ടുകൊണ്ടിരുന്ന ചെക്കന്‍ ഗുനിയന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു...

“ഇവന്മാരിങ്ങനെ എന്നും അടിയായിരിക്കട്ടെ. ..തലമുറകളോളം ഒന്നും പേടിക്കാനില്ല. ജീവിതം എത്ര രസകരം”

Friday, November 16, 2007

ഗോതമ്പ് മണികളും, പേപ്പറും, രക്തരക്ഷസ്സുകളും

ചതുരംഗക്കളത്തിലെ ഗോതമ്പ് മണി പ്രശ്നം (രാജാവിന്റെ ദാനം എന്ന തലക്കെട്ടില്‍ ക്രിസ്‌വിന്‍ ഇട്ട പോസ്റ്റ് ) പോലെ ഒറ്റനോട്ടത്തില്‍ വിശ്വസിക്കാന്‍ പ്രയാസമുള്ള ഒന്നാണ് പേപ്പര്‍ പകുതിയായി മടക്കുന്നതിനെ സംബന്ധിച്ച കണക്കുകളും.

ഒരു എ4 സൈസ് ഒരു പേപ്പര്‍ എടുത്ത് പകുതിയായി മടക്കുക അതിന്റെ കനം(ഉയരം) ഇരട്ടിയാകുന്നു. രണ്ടു തവണ മടക്കുമ്പോള്‍ അതിനു നിങ്ങളുടെ നഖത്തിന്റെ കനത്തോളം ഉയരമുണ്ടാകും. 7 തവണയാവുമ്പോള്‍ പേപ്പറിന് ഒരു നോട്ട് ബുക്കിന്റെയത്ര ഉയരവും, പത്ത് തവണയാവുമ്പോള്‍ നിങ്ങളുടെ കയ്യിന്റെ നീളത്തോളം ഉയരവുമുണ്ടാകും.

പേപ്പര്‍ ഇനിയും മടക്കാനാവുമെന്ന് ചുമ്മാ അങ്ങ് സങ്കല്പിക്കുക.

പതിമൂന്ന് തവണ മടക്കിയാല്‍ ഒരു സാധാരണ ഉയരമുള്ള (1.6 മീറ്റര്‍) ആളുടെ അത്ര പൊക്കമുണ്ടാകും പേപ്പറിന്.

17 തവണയാകുമ്പോല്‍ ആ പാവം പേപ്പറിന് ഒരു രണ്ടു നില വീടിനേക്കാള്‍ പൊക്കമുണ്ടാകും. 50 മടക്ക് ആവുമ്പോള്‍ അതിന്റെ പൊക്കം 152 മില്യണ്‍ കിലോമീറ്റര്‍ ആകും. ഏതാണ്ട് ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം! 100 തവണ ആയാല്‍ 12 ബില്ല്യണ്‍ പ്രകാശവര്‍ഷം പൊക്കമുണ്ടാകും ആ പേപ്പറിന്.

വിശ്വസിക്കാനാകുന്നില്ല എങ്കില്‍ ഒരു കാല്‍ക്കുലേറ്ററോ എക്സല്‍ ഷീറ്റോ എടുത്ത് കണക്കുകൂട്ടി നോക്കുക.

അല്ലെങ്കില്‍ ഈ ലിങ്ക് നോക്കുക..

നമുക്ക് വേണ്ടി ഒരു പട്ടിക തന്നെ തയ്യാറാക്കി ഇട്ടിട്ടുണ്ട്.

കണക്കുകൂട്ടി ബുദ്ധിമുട്ടേണ്ട കാര്യമില്ല...

Britney Gallivan എന്ന വനിത 2001-02ല്‍ 4000 അടി നീളമുള്ള ടോയ്‌ലെറ്റ് പേപ്പര്‍ 12 തവണ പകുതിയായി മടക്കി റെക്കോര്‍ഡിട്ടിട്ടുണ്ട്. അതിനു മുന്‍പുണ്ടായിരുന്ന വിശ്വാസം ഏഴോ എട്ടോ തവണയില്‍ കൂടുതല്‍ മടക്കാന്‍ പറ്റില്ല എന്നായിരുന്നു.

അവര്‍ അത് മടക്കുക മാത്രമല്ല അങ്ങിനെ മടക്കുന്നതിനെ സംബന്ധിച്ച് ചില സൂത്രവാക്യങ്ങളും ഉണ്ടാക്കി. ‘n‍’ തവണ മടക്കണമെങ്കില്‍ പേപ്പറിനു വേണ്ട എറ്റവും കുറഞ്ഞ നീളം എത്ര എന്നൊക്കെയുള്ളത്. അതില്‍ത്തന്നെ ഒരേ ഡയറക്ഷനില്‍ മടക്കുന്നതിനും തിരിച്ചും മറിച്ചും മടക്കുന്നതിനുമൊക്കെ പ്രത്യേകം പ്രത്യേകം.

exponential growth എന്ന കട്ടിയുള്ള പേര് ഈ പേപ്പറിന്റെ പൊക്കം കൂടുന്ന കണക്കിനും ഇരുന്നോട്ടെ.

സൂത്രവാക്യങ്ങളൊക്കെ നോക്കി തല പുകയ്ക്കണമെന്നുള്ളവര്‍ ഇതും ഇതും ഇതും നോക്കുക.

ഇനി ഒരല്പം സിനിമാ വര്‍ത്തമാനം ആയാലോ? കണക്കിന്റെ ബോറടി മാറ്റാന്‍...

ഹോളിവുഡ് പ്രേത സിനിമകളിലെ രക്തദാഹികളായ രക്തരക്ഷസ്സുകളെ(vampire) കണ്ടിട്ടില്ലേ? രക്തം മാത്രം കുടിച്ച് ജീവിക്കുന്ന രക്തരക്ഷസ്സുകള്‍. അവയുടെ പ്രത്യേകത അവ ആരുടെയെങ്കിലും രക്തം കുടിക്കുകയാണെങ്കില്‍ അയാളും രക്തരക്ഷസാകും എന്നതാണ്. അങ്ങിനെയാണ് ഹോളിവുഡ് സിനിമകളില്‍ കാണാറുള്ളത്.

മനുഷ്യകുലം നിലനില്‍ക്കണമെങ്കില്‍ ഇത്തരത്തിലുള്ള രക്ഷസ്സുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല എന്നാണ് C.J. Efthimiou, Sohang Gandhi എന്നിവര്‍ ചേര്‍ന്ന് എഴുതിയ Ghosts, Vampires and Zombies: Cinema Fiction vs Physics Reality എന്ന രസകരമായ ലേഖനത്തില്‍(PDF) പറയുന്നത്. ആള്‍ജീബ്രക്കും ഫിലോസഫിക്കും പാസ് മാര്‍ക്ക് കിട്ടാത്തവരാണ് ഇത്തരം ചിത്രങ്ങളുടെ തിരക്കഥയെഴുതുന്നതത്രേ.

1600 ജനുവരി ഒന്നിന് (!) ലോകജനസംഖ്യ ഏതാണ്ട് 53 കോടിയും രക്തരക്ഷസ്സിന്റെ എണ്ണം ഒന്നും ആണെന്നും കരുതുക. ഒരു മാസത്തില്‍ ഒരു തവണ രക്തം കുടിച്ചാല്‍ മതി രക്തരക്ഷസ്സിന് എന്നും കരുതുക. ഒരു മാസം കഴിയുമ്പോള്‍ രക്തരക്ഷസ്സിന്റെ എണ്ണം ഒന്ന്‌ കൂടും മനുഷ്യന്റെ എണ്ണം ഒന്ന്‌ കുറയും. അടുത്ത മാസം രക്ഷസ്സിന്റെ എണ്ണം രണ്ട് കൂടും മനുഷ്യന്റെ എണ്ണം രണ്ട് കുറയും...അങ്ങിനെ രക്തരക്ഷസ്സിന്റെ എണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കുകയും മനുഷ്യന്റെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയുമാണെങ്കില്‍ മനുഷ്യകുലം ഇല്ലാതാകുവാന്‍ എത്ര മാസം വേണ്ടി വരും?

വെറും 30 മാസം...

പട്ടിക കാണുക.

നമ്മളൊക്കെ ഇപ്പോഴും ഉണ്ട്..അപ്പോള്‍ രക്തരക്ഷസ്സുകള്‍ ഇല്ല എന്ന് അവര്‍ പറഞ്ഞത് ശരിയായിരിക്കാനാണ് സാദ്ധ്യത!

പറഞ്ഞ് വന്നപ്പോള്‍ സിനിമാ വര്‍ത്തമാനവും കണക്കായിപ്പോയോ?

വിവരമുള്ളവര്‍ സ്ഫടികം പോലെ ക്ലിയര്‍ ആയി പറഞ്ഞിട്ടുണ്ട്....

ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന്‌.

(പിന്‍‌കുറിപ്പ്: മുകളിലെ പട്ടിക വ്യക്തമായി കാണുവാന്‍ സേവ് ചെയ്തശേഷം വ്യൂ ചെയ്യുക.ആ ചിത്രം ഇട്ടതിന്റെ കണക്ക് തെറ്റിപ്പോയി!!)

Monday, October 29, 2007

സോള്‍വ് ചെയ്യാന്‍ പറ്റാത്ത ഒരു പസില്‍

മൂന്നു വീടുകള്‍..

മൂന്നു വീടുകള്‍ക്കും വെള്ളം, ഗ്യാസ്, കറണ്ട് കണക്ഷന്‍ നേരിട്ട് കൊടുക്കണം....

ഒറ്റ കണ്ടീഷന്‍ മാത്രം...

രണ്ടു കണക്ഷനുകള്‍ ക്രോസ് ചെയ്യരുത്...

ഇത് രണ്ട് ഡയമെന്‍ഷന്‍ (നീളവും വീതിയും) മാത്രമുള്ള പസില്‍ ആണ്.

ഉത്തരം വരച്ച് തന്നെ കാണിക്കണം ...

ഭൂമിക്കടിയിലൂടെ കണക്ഷന്‍ കൊടുക്കാന്‍ സ്കോപ്പില്ല എന്നര്‍ത്ഥം...

ഏതെങ്കിലും രണ്ട് ലൈനുകള്‍ ക്രോസ് ആയാല്‍ തെറ്റി...

വീണ്ടും ശ്രമിക്കുക...

ഒരു കൈ നോക്കാന്‍ തോന്നുന്നില്ലേ...?

Monday, October 15, 2007

മറ്റൊരു ബാച്ചി ക്ലബ്ബ്‌? :)

സമര്‍പ്പണം: ബൂലോഗ ബാച്ചി ക്ലബ്ബിന്.

സ്വാതന്ത്ര്യം! സ്വാതന്ത്ര്യം!!

Friday, October 5, 2007

അയാള്‍

അയാള്‍ രാവിലെ എഴുന്നേറ്റ് മച്ചിലേക്ക് നോക്കി വെറുതെ കിടന്നു.

ഇന്നാര്‍ക്കിട്ടു പണി കൊടുക്കണം?

പല മുഖങ്ങളും മനസ്സിലെത്തിയെങ്കിലും ഒന്നിലും തൃപ്തി തോന്നിയില്ല.

മാത്രമല്ല ഇന്ന് തനിക്ക് പിടിപ്പത് ജോലിയും കിടക്കുന്നു..

എങ്കില്‍പ്പിന്നെ പണി തനിക്കിട്ട് തന്നെ ആയാലോ?

അയാള്‍ ഫാന്‍ ഫുള്ളിലിട്ട്, പുതപ്പ് തലവഴി മൂടിപ്പുതച്ച്, കിടന്നുറങ്ങാന്‍ തുടങ്ങി.

Monday, October 1, 2007

രഘുപതി രാഘവ രാജാറാം...

“ എനിക്കീ മനുഷ്യനെ എവിടെയോ നല്ല പരിചയമുണ്ടല്ലോ...ച്ഛെ..പിടി കിട്ടുന്നില്ല”

Sunday, September 16, 2007

വാര്‍ത്തമാനകാലം

"പറയൂ, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?"

"ഇവിടെ ഒന്നും സംഭവിക്കുന്നില്ല"

"അങ്ങിനെ അവിടെ ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ശരിയാവില്ലല്ലോ"

"ഒന്നും സംഭവിക്കാതെ എന്തെങ്കിലും സംഭവിച്ചു എന്നു പറയാന്‍ പറ്റുമോ?"

"ഒന്നും സംഭവിച്ചില്ല എന്നു പറഞ്ഞല്ലോ... ഒന്നും സംഭവിക്കാത്ത ആ സംഭവത്തെക്കുറിച്ച് പറയൂ"

"ഇവിടെ ഒന്നും സംഭവിച്ചില്ല. സംഭവിക്കുന്നതു മുഴുവന്‍ അപ്പുറത്താണ് എന്നാണ് കേള്‍ക്കുന്നത്"

"അതു പറ്റില്ല. അവിടെ എന്തെങ്കിലും സംഭവിക്കണം. എന്നാലെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ"

"എന്നാല്‍ അല്പം മുന്‍പ് ഇവിടെ സൂര്യന്‍ പടിഞ്ഞാറ്‌ അസ്തമിച്ചു"

"അതേയോ? എങ്ങിനെയാണത് സംഭവിച്ചത്? ഈ സൂര്യന്‍ ഏത് തരക്കാരനാണ് എന്നതിനു വല്ല സൂചനയും ഉണ്ടോ?"

"അദ്ദേഹം ഇങ്ങനെ കടലിലേക്കിറങ്ങിപ്പോവുകയായിരുന്നു. പൊതുവേ ഒരു ചൂടനാണ് സൂര്യന്‍. പിന്നെ ഇപ്പോ ഇതാ ഇവിടെത്തന്നെ ചന്ദ്രന്‍ ഉദിച്ചിട്ടുണ്ട്. ആള്‍ ഒരു തണുപ്പനാണ് എന്നാണ് അദ്ദേഹത്തോടടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്."

"വിവരങ്ങള്‍ക്ക് വളരെയധികം നന്ദി...സൂര്യന്‍ പടിഞ്ഞാറസ്തമിച്ചു എന്നാണ് ഇപ്പോള്‍ കിട്ടിയ വിവരം. അസ്തമിച്ചത് പടിഞ്ഞാറാണെങ്കിലും, നാളെ സൂര്യന്‍ കിഴക്ക് മാത്രമേ ഉദിക്കുകയുള്ളൂ എന്ന് അവിടത്തെത്തന്നെ മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട് എന്നതും നാം കാണാതിരുന്നുകൂടാ. ഇത് അവിടെ കൃത്യമായും രണ്ട് വ്യത്യസ്ത ചിന്താഗതികള്‍ ഉണ്ട് എന്നതിനു വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അതു പോലെ സൂര്യന്‍ അസ്തമിച്ച സമയത്ത് തന്നെ അവിടെ ചന്ദ്രന്‍ ഉദിച്ചത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്‌ എന്നതിനൊരു തെളിവാണ്."

"ഇപ്പോള്‍ ഒരു ധൂമകേതു കൂടി വീഴുന്നത് കാണുന്നു..എല്ലാവരുടേയും ശ്രദ്ധ അതിലാണ്."

“വളരെ വളരെയധികം നന്ദി....കൂടുതല്‍ വിവരങ്ങള്‍ക്കായി പിന്നീട് ബന്ധപ്പെടാം. സൂര്യനെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും ഇപ്പോള്‍ കടന്നുപോയ ആ ധൂമകേതുവിനെക്കുറിച്ചും സംസാരിക്കുവാന്‍ അവിടെ നിന്ന് നാടുകടത്തപ്പെട്ട രണ്ട് നക്ഷത്രങ്ങള്‍ നമ്മോടൊപ്പമുണ്ട്..അവരോട് സംസാരിക്കുന്നതിനു മുന്‍പ് ചെറിയൊരു ഇടവേള."

Tuesday, September 11, 2007

ഒരു രൂപയ്ക്ക് 45 ഡോളര്‍ കിട്ടുന്ന കാലം

രംഗം ഒന്ന്

സ്ഥലം: ന്യൂയോര്‍ക്ക്

കുറച്ച് അമേരിക്കന്‍ ടെക്കീസ് കൊച്ചുവര്‍ത്തമാനത്തില്‍

ഒന്നാമന്‍: എന്താടേ അത്?

രണ്ടാമന്‍: നമ്മുടെ ബോബ് കുട്ടപ്പ് അയച്ചുതന്ന ചില ഫോട്ടോകള്‍.

ഒന്നാമന്‍: ഏതാ ഈ സ്ഥലം?

മൂന്നാമന്‍: ഓ..ഇത് കൊച്ചിയിലെ ഇന്റലിജന്റ് സിറ്റി ആണ്.

ഒന്നാമന്‍: ങ്ഹേ! ആ പഹയന്‍ മാരുതി വാങ്ങിച്ചോ?

രണ്ടാമന്‍: നോക്കട്ടെ..ശരിയാ ..മാരുതി‍...അവന്‍ ആള് പുലി തന്നെ. ജീവിതം ആസ്വദിക്കയല്ലേ..

മൂന്നാമന്‍: നിങ്ങള്‍ക്കറിയുമോ മാരുതിക്ക് 200K ആണ് വില. ഡോളറിലാവുമ്പോ..2,00,000X45=90,00,000 ഡോളര്‍

‍രണ്ടാമന്‍: ഹൊ! നമുക്കിതൊന്നും ഇവിടെ സ്വപ്നം കാണാന്‍ കൂടി കഴിയില്ല.

ഒന്നാമന്‍: നമുക്കെങ്ങിനെയെങ്കിലും ഇന്ത്യയിലേക്ക് കടന്ന് ഒരു ജോലി സംഘടിപ്പിക്കണം.

മൂന്നാമന്‍: നടക്കും കൂട്ടരെ. നമ്മുടെ കൊന്നയും ഒരുനാള്‍ പൂക്കും അളിയന്മാരെ..

രംഗം 2

സ്ഥലം: സാന്‍ ഫ്രാന്‍സിസ്കോ

കുറച്ച് ട്രെയിനിമാര്‍ സംസാരിക്കുന്നു

ഒന്നാമന്‍: നമ്മളെത്ര കാലമായി ഇങ്ങനെ ഒന്നു കൂടിയിട്ട്... എന്റെ ഇന്ത്യയിലേക്കുള്ള വിസ എപ്പോ വേണേല്‍ വരാം.

രണ്ടാമന്‍: പാര്‍ട്ടി എപ്പഴാ?

ഒന്നാമന്‍: സംഭവം കയ്യില്‍ ‍കിട്ടിയാല്‍ ഉടന്‍

‍രണ്ടാമന്‍: നിനക്കവിടെ എവിടെയാ ജോലി?

ഒന്നാമന്‍: ലാലൂരില്‍

‍രണ്ടാമന്‍: ലാലൂര്‍...കേട്ടിട്ടുണ്ട്...എന്നാലും കറക്ടായിട്ട് എവിടെയാ?

ഒന്നാമന്‍: തൃശ്ശൂരിനടുത്ത്

മൂന്നാമന്‍: ഭാഗ്യവാന്‍...ഉഗ്രന്‍ ക്ലൈമറ്റല്ലേ..നമ്മുടെ കാലിഫോര്‍ണിയാ പോലെ ഒന്നും അല്ല. എന്റെ ഒരു ഫ്രണ്ട് പടിഞ്ഞാറേക്കോട്ടയിലുണ്ട്. അവന്‍ പറയുന്നത് ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടമാണ് അതിവിടമാണ് എന്നാണ്.

രണ്ടാമന്‍: അതൊരു മല്ലുവുഡ് സിനിമയിലെ ഡയലോഗല്ലേ..

നാലാമന്‍: ആരാ നിന്റെ മൊതലാളി?

ഒന്നാമന്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍‌ന്ന് കേട്ടിട്ടുണ്ടോ?

രണ്ടാ‍മന്‍‍: ഉം..എന്റെ ഒരു ഫ്രണ്ട് അവിടെ CRD(ചവര്‍ റിമൂവല്‍ ഡിപ്പാര്‍ട്ട്മെന്റ്) ല്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഒടുക്കത്തെ ടെക്നോളജിയാണവിടെ. ശരിക്ക് പണിയറിയാവുന്നവന്‍ ഇങ്ങനെ കേറിക്കേറിപ്പോകും...അസൂയ തോന്നും. ഓരോന്ന് കേട്ടാല്‍....

ഒന്നാമന്‍: അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിനുവേണ്ടി കണക്ക് എഴുതലാണ് ജോലി. ലാലൂരിലെ ചവര്‍ ഡിസ്പോസല്‍ പ്ലാന്റിന്റെ.

രണ്ടാമന്‍: ഭാഗ്യവാന്‍ അളിയാ...അതാണാ രാജ്യത്തിന്റെ ഒരു പ്രത്യേകത. ഏത് ജോലിക്കും നമ്മുടെ എല്ലാ കഴിവും ഉപയോഗിക്കണം. ഇവിടത്തെപ്പോലെ ഒന്നും അല്ല. എന്നെ നോക്ക്...ആ സ്പേയ്സ് ഷട്ടിലിന്റെ റിമോട്ടിനുവേണ്ട പ്രോഗ്രാം എഴുതി എഴുതി ജമ്മം തൊലയ്ക്കുന്നു.

ഒന്നാമന്‍: വിഷമിക്കാതിരി...ഞാന്‍ എന്റെ റീഡിഫ് ഐ.ഡി.തരാം. അവിടെ എത്തിയാല്‍ മെയില്‍ അയക്കാം. നിങ്ങള്‍ ബയോ‌ഡാറ്റാ അയച്ചുതാ. ഞാന്‍ അതെന്റെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഫോര്‍വേഡ് ചെയ്യാം.

മൂന്നാമന്‍: നമ്മുടെ കൊന്നയും ഒന്ന് പൂത്താല്‍ മതിയായിരുന്നു.

രംഗം 3

സ്ഥലം: ടെക്സാസ് യൂണിവേര്‍സിറ്റി

ഒന്നാമന്‍: ഒരു കിടിലന്‍ ന്യൂസുണ്ട്.. നമ്മടെ ഈ ജോര്‍ജ് കുട്ടിക്ക് കേരളാ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടി. ബി.എ. ഹിസ്റ്ററിക്ക്...ഉഗ്രന്‍ സബ്‌ജെക്ടല്ലേ...അവനും രക്ഷപ്പെട്ടു. സ്കോളര്‍ഷിപ്പും ഉണ്ട്.

ജോര്‍ജ്‌കുട്ടി: ഇന്നലെ എന്റെ വിസ വന്നു..എല്ലാം ഫൈനലൈസ്‌ഡ്

രണ്ടാമന്‍: കണ്‍ഗ്രാറ്റ്സെടേയ്..അപ്പോ നീയും ആ സ്വര്‍ഗരാജ്യത്തിലേക്ക് പോകുന്നു..

മൂന്നാമന്‍: ബി.എ.ഹിസ്റ്ററി...പഠിക്കുന്നെങ്കില്‍ ഇതുപോലുള്ള കോഴ്സുകള്‍ തന്നെ വേണം... എന്താ സിലബസ്...ഇവിടത്തെപ്പോലെ ഒന്നുമല്ല..

രണ്ടാമന്‍: എത്രയാടേ സ്കോളര്‍ഷിപ്പ്?

ജോര്‍ജ്‌കുട്ടി: 1200 രൂപ....

രണ്ടാമന്‍: 1200രൂപ!!!!! അതായത് 1200 ഇന്റു 45 സമം 54000 ഡോളര്‍...എന്റമ്മേ..ആ പൈസകൊണ്ടിവിടെ ഒരു ബെന്‍സ് കാറും ഫ്ലാറ്റും വാങ്ങാം.

നാലാമന്‍: നീ ബെന്‍സും കെട്ടിപ്പിടിച്ചോണ്ടിരുന്നോ..ഇവന്‍ അവിടെപ്പോയി മാരുതിയിലും അംബാസിഡറിലുമൊക്കെയായിരിക്കും ചെത്തുന്നത്..

ഒന്നാമന്‍: അച്ഛനോട് അന്നേ പറഞ്ഞതാ എന്നെ മലയാളം മീഡിയത്തില്‍ ചേര്‍ത്താല്‍ മതിയെന്ന്...

മൂന്നാമന്‍: വിഷമിക്കല്ലെ...നമുക്ക് അവിടത്തെ വല്ല പാരലല്‍കോളേജിലും അഡ്മിഷന്‍ കിട്ടുമോന്ന് ട്രൈ ചെയ്യാം. അങ്ങിനെയെങ്കിലും നമ്മടെ കൊന്നയും പൂക്കുമോന്ന് നോക്കാം കൂട്ടരേ

രംഗം 4

സ്ഥലം: ഹോളിവുഡ്.

ആര്‍ണോള്‍ഡ് ശിവശങ്കരന്‍ വിഷമിച്ചിരിക്കുന്നു.

സഹായി: എന്ത് പറ്റി സാര്‍.ഒരു വിഷമം?

ആ.ശി: എന്തു പറയാനാ...മല്ലുവുഡ്ഡീന്ന് ഒരു ഓഫര്‍ വന്നതാ..

സഹായി: നായകനായിട്ടാണോ?

ആ.ശി: എവടെ? മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കത്തി നിക്കുമ്പോ നമുക്കെവടെ ചാന്‍സ്? പക്ഷെ, കിട്ടിയ റോളും പോയിക്കിട്ടി.

സഹായി: എന്തു പറ്റി?

ആ.ശി: വിസ ശരിയായില്ല. ഒടുക്കത്തെ ചുവപ്പ് നാട.

സഹായി: കഷ്ടമായിപ്പോയി..ഈ രാജ്യത്തിന്റെ ഒരു കാര്യം..ആ റോള്‍ പോയി എന്നുറപ്പാണോ?

ആ.ശി.: ഉം..ഷാജി കൈലാസ് സാറിന്റെ അസിസ്റ്റന്റ് സാര്‍ വിളിച്ചിരുന്നു.. ആ റോള്‍ ഭീമന്‍ രഘുവിനു കൊടുത്തെന്ന്...ച്ചേ..എത്ര മോഹിച്ചതാ..

സഹായി: സാര്‍ വിഷമിക്കല്ലെ..എനിക്ക് ജോഷി എന്നൊരു ഡയറക്ടറെ പരിചയമുണ്ട്..വല്ലതും നടക്കുമോന്ന് നോക്കാം..

ആ.ശി: എങ്ങനെയെങ്കിലും ശരിയാക്കെടെ..അവിടെപ്പോയി ഒരു നാലു സിനിമയില്‍ അഭിനയിച്ച് കുറച്ച് രൂപാ സമ്പാദിച്ചില്ലേല്‍ ജീവിതം കട്ടപ്പൊക.

സഹായി: നോക്കട്ടെ..എന്തായാ‍ലും മലയാളമൊക്കെ ശരിക്ക് പഠിച്ച് വെക്ക്..ഇന്നത്തെക്കാലത്ത് അതൊക്കെ അറിയാമെങ്കിലേ രക്ഷയുള്ളൂ...ഡെയ്‌ലി മാതൃഭൂമിയും മനോരമയുമൊക്കെ വായിക്ക്...വെള്ളിനക്ഷത്രവും...മൊത്തത്തില്‍ എല്ലാവരെയും പരിചയമാകട്ടെ..ഒരു രൂപക്ക് 45 ഡോളറാണെന്നത് മന്ത്രം പോലെ ചൊല്ലിക്കൊണ്ടിരി...

ആ.ശി: എപ്പ ചൊല്ലിയെന്ന് കേട്ടാ മതി. എന്റെ കൊന്നയും പൂക്കണ്ടേടേ?

രംഗം 5

തിരുവനന്തപുരം

ടെക്നോളജി പാര്‍ക്കില്‍ ജോലിചെയ്യുന്ന ടെര്‍മിനേറ്റര്‍ക്ക് ഒരു ഫോണ്‍

അച്ഛന്‍: മോനേ..നീ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ.

ടെര്‍മി‍: ഞാന്‍ മെയില്‍ അയച്ചിരുന്നല്ലോ അച്ഛാ...

അച്ഛന്‍: മെയിലോ? ഇവിടെ കണക്ഷന്‍ ഭയങ്കര സ്ലോയാ മോനേ..എക്സ്പ്ലോറര്‍ തുറന്നു വരാന്‍ തന്നെ സമയമെടുക്കും.

ടെര്‍മി‍: ഉം.. ഞാന്‍ രാവിലത്തെ ഫുഡ്ഡ് കഴിക്കുകയായിരുന്നു. അച്ഛന്‍ കഴിച്ചോ?

ആച്ഛന്‍: ഇവടെ ഇപ്പോ രാത്രിയല്ലേ മോനേ..നേരത്തേ കഴിച്ചു...ആട്ടെ നീയെന്താ കഴിക്കുന്നത്? ആരോഗ്യമൊക്കെ നോക്കുന്നില്ലേ?

ടെര്‍മി‍: കോക്കനട്ട് സൂപ്പ് വിത്ത് ചില്ലിയും റൈസ് ബ്രെഡ്ഡും..

അച്ഛന്‍: എന്നു വെച്ചാലെന്താ?

ടെര്‍മി‍: ഇവിടെ ഇതിന് ഇഡ്ഡലിയും ചട്ട്ണിയും എന്നാണ് പറയുന്നത്...

അച്ഛന്‍: അങ്ങനെ പറ. സൂപ്പര്‍ ഫുഡ്ഡല്ലേ..നമ്മുടെ കുടുമ്മത്ത് നീയെങ്കിലും രക്ഷപ്പെട്ടല്ലോ..ഒരു കൊന്നയെങ്കിലും പൂത്തല്ലോ. അച്ഛന് സന്തോഷായി മോനെ...സന്തോഷായി..



(ഒരു ഇന്റര്‍നെറ്റ് തമാശയുടെ മലയാളാന്തരീകരണം)

Friday, August 24, 2007

ഇങ്ങനേയും കളമൊരുക്കാം....

ഓണം സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സമൃദ്ധിയുടേയും മാത്രം ഉത്സവമല്ല. സര്‍ഗ്ഗവൈഭവത്തിന്റേയും കൂടി ഉത്സവമാണ്. ഉള്ളത് കൊണ്ട് ഓണം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് തങ്ങളുടേതായ രീതിയില്‍ ‘പൂക്കള‘മൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കാന്റീന്‍ ജീവനക്കാര്‍.

അവര്‍ക്കും അവരുടെ ഫലിതബോധത്തിനും തലയിലെ ആള്‍ താമസത്തിനും ഒരു പോസ്റ്റ് സല്യൂട്ട്...


ഈയൊരു വെള്ളരിക്ക കൂടി വെച്ചാല്‍ കളം പൂര്‍ണ്ണം.
മനോരമ ആലപ്പുഴ എഡിഷനില്‍ വന്ന ഫോട്ടോ എന്ന് ഹരി പറയുന്നു.
പിന്‍‌കുറിപ്പ്:
ഹരി/ഹരീഷ് ഇട്ട കമന്റ് കാണുക.
ഈ ഫോട്ടൊ മനോരമയില്‍ വന്നതാണെന്ന് അറിയില്ലായിരുന്നു. ഒരു പക്ഷെ മറ്റു ചില പത്രങ്ങളിലും വന്നിട്ടുണ്ടായിരിക്കാം.
എന്റെ ഒരു സുഹൃത്ത് അവരുടെ ഓഫീസിലെ ഓണാഘോഷ, സദ്യ ഫോട്ടോകളുടെ കൂടെ അയച്ചു തന്ന ഫോട്ടോ ആയിരുന്നു ഇത്. വളരെ നന്നായി തോന്നിയതു കൊണ്ടും, അതിലെ ഐഡിയ ഇഷ്ടപ്പെട്ടതുകൊണ്ടും, കൂടുതല്‍ ആളുകള്‍ കാണേണ്ടതുണ്ട് എന്ന് തോന്നിയതുകൊണ്ടും പെട്ടെന്ന് പോസ്റ്റിയതാണ്‌.

ഹരി ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ മനോരമ ഓണ്‍ലയിന്‍ തപ്പി.‍ ഈ കളത്തിന്റെ തന്നെ വേറൊരു ഫോട്ടോ കണ്ടു. ഒരു പക്ഷെ ആ സുഹൃത്തും അതേ സ്ഥലത്ത് നിന്ന് ഫോട്ടോ എടുത്തതാകാം.
ഒരു പറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

Saturday, August 18, 2007

ആട്ടോരക്ഷകന്‍!

രാവിലെ എഴുന്നേറ്റ് ഒന്ന് മൂരി നിവര്‍ന്ന് കണ്ണാടിയില്‍ നോക്കി.

പണ്ട് തൊട്ടേയുള്ള ശീലമാണ്. അവനവനെത്തന്നെ കണികാണണം എന്നത്.

വേറെ ആരെയെങ്കിലും കണ്ട് അന്നത്തെ ദിവസം പോയിക്കിട്ടിയാല്‍ പിന്നെ അയാളെ പ്രാകിപ്രാകി ഉള്ള പാപം മുഴുവന്‍ തലയില്‍ കേറ്റി വെയ്ക്കണം.

ഓരോ തവണ മറ്റൊരാളെ പ്രാകുമ്പോഴും നമ്മുടെ ആയുസ്സില്‍ നിന്ന് പ്രാക്കിന്റെ ത്രീവ്രതയനുസരിച്ച് ആനുപാതികമായി ഇത്ര സെക്കന്റ് നഷ്ടപ്പെടുന്നു എന്ന് പ്രസിദ്ധ റഷ്യന്‍ മന:ശാസ്ത്രജ്ഞനായ കിടിലോവ്സ്കി പറഞ്ഞിട്ടുണ്ട്. (ഇതിനു ലിങ്ക് വേണമെന്നോ? വേണമെങ്കില്‍ വിശ്വസി.)

മാത്രമല്ല കാറ്റു പോയി സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ നമ്മടെ അദ്ദേഹം‍ പഴയ കണക്കൊക്കെത്തപ്പി നമ്മളെ വല്ല നരകത്തിലേക്കും വിട്ടാല്‍ പ്ലാന്‍ മുഴുവന്‍ തകരാറിലാവും.

സ്വര്‍ഗത്തില്‍ സെറ്റില്‍ ചെയ്യണം എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമാണ്. അതുകൊണ്ടല്ലെ ഇത്ര നല്ല മനുഷ്യനായി ഇങ്ങനെ ജീവിക്കുന്നത്.

പല്ലുതേപ്പിലും കുളിയിലും ഷേവിങ്ങിലുമൊന്നും വിശ്വാസമുണ്ടായിട്ടല്ല. ഗോദ്‌രെജ് കാരനും കോള്‍ഗേറ്റ്കാരനും പാര്‍ച്യൂട്ട് എണ്ണക്കമ്പനിക്കാരനുമൊക്കെ ജീവിച്ചുപോണ്ടേ? അതുകൊണ്ട് ആ കലാപരിപാടികളൊക്കെ കഴിച്ച്, പാന്റും ഷര്‍ട്ടുമൊക്കെ ഫിറ്റ് ചെയ്ത് പുറത്തിറങ്ങി.

“ഇന്നെങ്കിലും ഇവനെ ഒറ്റ കിക്കില്‍ സ്റ്റാര്‍ട്ടാക്കിയിട്ടുള്ള കാര്യമേയുള്ളൂ”

അങ്ങിനെ മനസ്സില്‍ പറഞ്ഞ് സ്റ്റാര്‍ട്ടറില്‍ ആഞ്ഞു ചവിട്ടി.

ബൈക്കാരാ മോന്‍. നമ്മള്‍ മനസ്സില്‍ കാണുന്നത് അവന്‍ മരത്തില്‍ കാണും.

ഒരനക്കവുമില്ല. നീയിന്നെങ്ങോട്ടും പോണ്ടെടേയ് എന്ന മട്ട്.

ചോക്കിട്ട് ഒന്നു കൂടി ചവിട്ടി നോക്കി.....എവടെ?

പിന്നെ പ്ലുഗ്ഗൊക്കെ ഊരി ഊതി ഒന്നു കൂടി ഫിറ്റ് ചെയ്ത് ഒരു നാലഞ്ച് ചവിട്ട് ചവിട്ടി. ഇത്തരം ചില സ്നേഹപ്രകടനങ്ങളൊക്കെ നടത്തിയാല്‍ ഏത് കൊലകൊമ്പന്‍ ബൈക്കും വഴിക്കു വരും.

അവനനക്കം വെച്ചു. ഇനി താമസിപ്പിക്കണ്ട എന്ന് കരുതി വെച്ച് പിടിച്ചു.

റോഡിലൂടെ വണ്ടിയോടിച്ച് കുഴിയില്‍ച്ചാടാതെ നോക്കണോ, കുഴിയിലൂടെ വണ്ടിയോടിച്ച് റോഡില്‍ കയറാതെ നോക്കണോ എന്ന ശങ്ക വിട്ടുമാറാത്തതുകൊണ്ട് റോഡ് കുഴി, കുഴി റോഡ് എന്നമട്ടില്‍ കുതിര സവാരിപോലെ ചാടിച്ചാടി ഓടിച്ചുകൊണ്ടിരിക്കെയാണ് പിന്നിലൊരു ബഹളം.

പതുക്കെ ട്രാഫിക് നിയമം തെറ്റിക്കാതെ തിരിഞ്ഞു നോക്കി. (അതെങ്ങനാണെന്നോ? അതിനെപ്പറ്റി ഉടനെ ഒരു പോസ്റ്റിടുന്നുണ്ട്.)

ഒരു ഓട്ടോക്കാരനാണ്.

അവന്റെ ഒടുക്കത്തെ ഹോണടിയും ഇരപ്പിക്കലും. ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമാണെന്ന് കണ്ടാലറിയില്ലേ? വായു ഗുളിക വാങ്ങാനുള്ള പോക്കാണെന്നു തോന്നുന്നു.

വിട്ടുകൊടുത്താല്‍പ്പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല? ആക്സിലറേറ്റര്‍ ഞെരിച്ചു പിടിച്ചു.

ബൈക്കിനോടാണിവന്റെ കളി.

പതുക്കെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ അവനും ഇരച്ച് വരുക തന്നെയാണ്.

സ്പീഡോമീറ്ററിന്റെ സൂചി അങ്ങനെ മുന്നോട്ട് നീക്കി. അവനും അത് തന്നെ ചെയ്യുന്നു.

ഇപ്പോള്‍ തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല എന്ന പാട്ടിന്റെ പിക്ചറൈസേഷന്റെ മട്ടിലായി. ലൈറ്റും ഇട്ടിട്ടുണ്ട്.

ആട്ടോറിക്ഷക്ക് എന്നാണാവോ ആംബുലന്‍സ് ലൈസന്‍സ് കിട്ടിയത്?

പറപ്പിച്ചു.

പക്ഷെ, ആത്മാഭിമാനം വിട്ടുള്ള കളിയില്ല എന്ന വാശി ഈ ആനവണ്ടി ആനവണ്ടി എന്നു പറയുന്ന ശത്രുവിന്റെ മുന്നില്‍ തകരും എന്നുറപ്പായി.

സ്പീഡ് കുറച്ചില്ലേല്‍ ആനക്ക് അട വെക്കേണ്ടി വരും.

കിട്ടിയ ചാന്‍സില്‍ ആട്ടോക്കാരന്‍ ഒപ്പത്തിനൊപ്പമായി. അവനോട് മത്സരിച്ചതല്ല എന്ന ഭാ‍വത്തില്‍ നേരെത്തന്നെ നോക്കി വണ്ടി വിട്ടു.

അവനെന്തോ പറയുന്നുണ്ട്. തെറിയാവും. മൈന്‍ഡ് ചെയ്തില്ല.

ഉടനെ തനിസ്വഭാവം കാണിച്ചുകൊണ്ട് അവന്‍ വണ്ടി ക്രോസ്സാക്കി നിര്‍ത്തി.

ചവിട്ടിയേ പറ്റൂ..ചവിട്ടി.

അവന്‍ ഇനി പറയാന്‍ പോകുന്നതിനെക്കുറിച്ചോര്‍ത്തപ്പോള്‍ വിപദിധൈര്യം എന്നു പറയുന്ന സംഭവം തലച്ചോറിലേക്ക് ഇരച്ചുകയറി. അഡ്രിനാലിന്‍ പമ്പ് ചെയ്യുക എന്ന് സായിപ്പ് പറയുന്ന സംഭവം തന്നെ.

അറ്റാക് ഈസ് ദി ബെസ്റ്റ് വേ ഓഫ് ഡിഫന്‍സ് എന്ന് പറഞ്ഞ മഹാനെ മനസ്സില്‍ ധ്യാനിച്ച് അലറി.

“എവടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്. നിനക്ക് കണ്ണു കണ്ട് കൂടെ, നീയെന്താ വായു ഗുളിക വാങ്ങാന്‍ പോണോ?“

വാമൊഴി സൌന്ദര്യത്തിന്റെ ഈ പ്രയോഗത്തില്‍ അവന്‍ ഒന്നു പകച്ചു. ആ പകപ്പ് മുതലെടുത്ത് അടുത്ത ഡോസ് കയറ്റിക്കൊടുത്തു. അവന്റെ വര്‍ഗത്തിനിട്ട് താങ്ങിയാല്‍ കുറച്ച് കൂടി ഇഫക്ട് കിട്ടും.

“ അല്ലെങ്കിലും ഈ ഓട്ടോക്കാരന്മാരൊക്കെ ഇങ്ങനെയാണ്. നീയൊന്നും മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ”.

ഞാന്‍ ഇത്രയൊക്കെ അലറിയിട്ടും അവന്റെ കണ്ട്രോള്‍ വിടാത്തതു കണ്ട് ഞാനൊന്നമ്പരന്നു. ഇനിയിപ്പോ ഞാനല്ലേ മാന്യന്‍?

അവന്‍ പറ്റാവുന്നത്ര സൌമ്യമായി പറഞ്ഞു.

“സാറെ, സാര്‍ സൈഡ് സ്റ്റാന്‍ഡ് തട്ടിയിട്ടില്ല. അത് പറയാനാണ് ഞാനീ പെടാപ്പാട് പെട്ടത്.“

പതുക്കെ താഴോട്ട് നോക്കിയപ്പോള്‍ ശരിയാണ്. ബൈക്ക് സ്റ്റാര്‍ട്ടായ സന്തോഷത്തില്‍ തട്ടാന്‍ മറന്നതാണ്.

ഇനിയിപ്പോ എന്ത് പറയും എന്ത് ചെയ്യും എന്നാലോചിച്ചപ്പോള്‍ പഴയ വിപദിധൈര്യമൊക്കെ ചോര്‍ന്നുപോയി. അവന്റെ വാമൊഴി സംഗീതത്തിനായി ചെവിതയ്യാറാക്കി.

ങേ? അവനൊന്നും പറയാതെ വണ്ടിയെടുത്ത് പോവുകയാണ്

പോകുന്ന പോക്കില്‍ അവന്‍ യാത്രക്കാരനോട് പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു.

“ ചാവണ്ട എന്ന് വിചാരിച്ച് സഹായിക്കാന്‍ ചെന്നപ്പോ കണ്ടില്ലെ സാറെ അനുഭവം. ഇതാ പറയുന്നത് ഇക്കാലത്ത് ആരെയും സഹായിക്കാന്‍ ചെല്ലരുതെന്ന്‌.“

Saturday, June 23, 2007

Rx ഒരു ഡോക്ടറുടെ ഡയറിയില്‍ നിന്ന്

ഡാക്കിട്ടറുകള്‍ക്കു ടൈം ഇപ്പോത് രൊമ്പ മോസം...പനി പടര്‍ത്താന്‍ കൊതുകുകളും പത്രങ്ങളും മത്സരിച്ചു കടിക്കുകയല്ലേ...

കടവുളേ..കാപ്പാത്തുങ്കോ...

ഈ രോഗികള്‍ക്കൊന്നും വേറേ യാതൊരു പണിയുമില്ലേ? ഡോക്ടര്‍, ഡോക്ടര്‍ എന്നു പറഞ്ഞു മരിക്കാന്‍ നടക്കുകയാണ്. ഇവന്മാരെക്കൊണ്ടു തോറ്റല്ലോ എന്നാലോചിച്ചുകൊണ്ടിരിക്കുന്ന സമയത്തു തന്നെ ഒരുത്തന്‍ കേറി വന്നു..(അലവലാതി)

കൊഴലു ചെവിയില്‍ വെച്ച്, അവനെക്കൊണ്ടു ശ്വാസം വിടീച്ചും ചുമപ്പിച്ചും നോക്കി.

ചുറ്റിക കൊണ്ട് മുട്ടിനിട്ട് തട്ടി നോക്കിയത് ഇത്തിരി സ്ട്രോങ്ങ് ആയിപ്പോയോ എന്നു സംശയം.

അവന്‍ ഒരു കലിപ്പു നോട്ടം നോക്കി..

എന്തു പണ്ടാര അസുഖമാണെന്ന് മനസ്സിലായില്ല

എങ്കിലും അറിയാവുന്ന കുറെ മരുന്നുകള്‍ കാക്ക കോറുന്നതുപോലെ എഴുതിക്കൊടുത്തു..

(ഇനിയെല്ലാം മരുന്നുകടക്കാരന്റെ മിടുക്ക്)

ആപ്പോഴാണ് അവന്റെ ഒടുക്കത്തെ ചോദ്യം...

“ഡാക്കെട്ടറേ..ഞാന്‍ എന്തെങ്കിലും നിര്‍ത്തണോ?”

എന്തു പറയും...?എന്നാലും ചോദിച്ചു..

“വെള്ളമടിക്കുമോ?”

“ഇല്ല ഡോക്ടര്‍”

(പുല്ല്....അതു നിര്‍ത്താന്‍ പറയാന്‍ പറ്റില്ല)

“ബീഡി, സിഗരറ്റ്, മുറുക്കാന്‍, പാന്‍ പരാഗ്?”

“അതുമില്ല ഡാക്കട്ടറേ”

(ഇവനൊക്കെ ഡോക്ടര്‍മാരേയും കൊണ്ടേ പോകൂ)

"ചായ, കാപ്പി, ശീതള പാനീയങ്ങള്‍?”

“ഞാന്‍ അതൊന്നും കൈ കൊണ്ടു തൊടാറില്ല സാറേ”

(നീയൊക്കെ ഡോക്ടര്‍മാരെ ഒരരുക്കാക്കിയേ അടങ്ങൂ..അല്ലേഡേ?”)

“പച്ചവെള്ളം കുടിക്കുമോ?"

“ഉവ്വ് ഡാക്കട്ടറെ..ധാരാളം കുടിക്കും”


(എന്റമ്മേ....രക്ഷപ്പെട്ട്)

“എന്നാ അതു നിര്‍ത്തിക്കോ”

‘ഇന്‍ ലോ’

അമ്മായി അമ്മയെ സ്നേഹിക്കണം സ്നേഹിക്കണം എന്നു വിചാരിച്ചു തുടങ്ങിയിട്ട് കാലം കുറെയായി...

അമ്മയേക്കാള്‍ സ്നേഹമുള്ള അമ്മായി അമ്മമാരുള്ള ലോകമാണിതെന്ന് അറിയാഞ്ഞിട്ടല്ല.

പക്ഷെ പറ്റണ്ടേ?


അമ്മിക്കല്ലെടുത്ത് തലക്കിട്ട് സ്നേഹിച്ചാലോ എന്നു വിചാരിച്ചതാണ്...

നിലം കേടുവരുമല്ലോ എന്നു കരുതി വേണ്ടെന്നു വെച്ചു....

വിഷം കൊടുത്ത് സ്നേഹിക്കാന്‍ ഉറച്ചതാണ്...

എലിവിഷത്തിലൊന്നും സ്നേഹം തീരില്ല എന്നു തോന്നിയപ്പോള്‍ ഉപേക്ഷിച്ചു.

കഴുത്ത് ഞെക്കി സ്നേഹിക്കാന്‍ ഒരുങ്ങിയതാണ്..

ആ സമയത്ത് വല്ല കടിക്കുകയോ മാന്തുകയോ ചെയ്താല്‍ പോയിസണ്‍ ആവുമല്ലോ എന്നു കരുതി റിസ്കെടുത്തില്ല...


പിന്നെ ആലോചിച്ചപ്പോള്‍ കുറ്റബോധം തോന്നി...

പാവം....

അമ്മായിഅമ്മയെ സ്നേഹിക്കുവാനുള്ള ഏറ്റവും നല്ലവഴി അവരെ ശരിക്കും സ്നേഹിക്കുക എന്നത് തന്നെയാണ്..

സ്നേഹമാണഖിലസാരമൂഴിയില്‍...


പിറ്റേന്ന് അടുത്ത് ചെന്ന് സ്നേഹത്തോടെ വിളിച്ചു....

എന്റെ പ്രിയപ്പെട്ട അമ്മേ......


ആ ഷോക്കില്‍ തീര്‍ന്നു അവരെക്കൊണ്ടുള്ള ശല്യം....

Sunday, June 3, 2007

വന്നാല്‍ പറഞ്ഞു തരാം..ശരിക്ക്

വന്നോ സുഹൃത്തേ...?

ഞാന്‍ കാത്തിരിക്കുകയായിരുന്നു...

വരും എന്നെനിക്കറിയാമായിരുന്നു...

പിന്‍‌മൊഴി വന്നോ അതോ തനിമലയാളം വഴി വന്നോ?

വന്നതു നന്നായി..

കുറെക്കാലമായി പറയണം പറയണം എന്നു വിചാരിച്ചു തുടങ്ങിയിട്ട്.

പറയാതിരുന്നിട്ട് കാര്യം ഇല്ല.

പറയട്ടേ?

പറയും....

കേട്ടു കഴിഞ്ഞിട്ട് എന്നെ തല്ലാന്‍ വരരുത്..

പ്ലീസ്, വേറെ ഒന്നും വിചാരിക്കരുത്...

എന്നെ തെറ്റിദ്ധരിക്കരുത്...

പറയാന്‍ വേറെ ഒരു വഴിയും കാണാത്തതു കൊണ്ടാണ്....

ഇങ്ങിനെ ഒരു പോസ്റ്റിട്ടത്...


പോയി വല്ല നല്ല കാര്യവും ചെയ്യൂ സുഹൃത്തേ...

ചുമ്മാ ബ്ലോഗും വായിച്ച് കമന്റും അടിച്ച് കറങ്ങി നടക്കാതെ... :)

Wednesday, May 30, 2007

(അ)കുമ്പസാരം

സത്യമേവ ജയതേ!

മഹാത്മാവേ ഞങ്ങളോടു പൊറുക്കേണമേ!
അങ്ങ് പറഞ്ഞതൊന്ന്‌; ഞങ്ങള്‍ കേട്ടത് മറ്റൊന്ന്‌.
(ഞങ്ങളുടെ കേള്‍വിക്കെന്തോ പ്രശ്നമുണ്ടായിരുന്നുവോ?)

അങ്ങ് അഹിംസ എന്നു പറഞ്ഞു; പക്ഷെ ഞങ്ങള്‍‍ ‘അ’ കേട്ടില്ല
അങ്ങയെത്തന്നെ തട്ടിയത് അതുകൊണ്ടാണ്. സോറി.

സത്യാന്വേഷണം സത്യാഗ്രഹം എന്നൊക്കെ അങ്ങ് പറഞ്ഞപ്പോള്‍
ഞങ്ങള്‍ കേട്ടത് സദ്യ എന്നായിപ്പോയി. തീറ്റ വിട്ടു കളിക്കാത്തത് അതുകൊണ്ടാണ്.

നിരാഹാരം എന്നു പറഞ്ഞുവല്ലേ? നീരാഹാരം എന്നു കേട്ടപ്പോള്‍ സന്തോഷമായി.
ഒരേ വെള്ളമടി അതുകൊണ്ടാണ് മഹാത്മാവേ!

ലളിതജീവിതം, സ്ത്രീപൂജ എന്നൊക്കെ പറയാന്‍ ആരു പറഞ്ഞു?
ലളിത, സ്ത്രീ ഇതു മാത്രമേ ഞങ്ങള്‍ കേട്ടുള്ളൂ.

“ എന്റെ ജീവിതമാണ് എന്റെ സന്ദേശം അല്ലേ?”
എസ്.എം.എസ്, ഇമെയില്‍ സന്ദേശങ്ങളിലാണ് ഇപ്പോള്‍ ജീവിതം ഗുരുവേ!

കാലത്തിന്റെ കൈയില്‍നിന്ന് ചെപ്പക്കുറ്റിക്ക് ഒരെണ്ണം കിട്ടിയപ്പോള്‍
കേള്‍വി ശരിയായപോലെ.

പണ്ട് കേള്‍ക്കാതെ പോയ ആ ‘അ’ ഇപ്പോഴാണ് കേട്ടത്.
അസത്യമേവ ജയതേ!

Sunday, May 20, 2007

ദാസേട്ടനും ക്ലാസ്സിക്കലും പിന്നെ അല്പം കുസൃതിയും

ചെവിയില്‍ കുന്ത്രാണ്ടോം തിരുകി നീയെന്തെടുക്കുകയാടാ?

കൊറ്ച്ച് ശാസ്ത്രീയ സംഗീതം കേള്‍ക്കാമെന്നു കരുതി..ലൈറ്റ് ആയിട്ട്...

ആരുടെ?

ദാസേട്ടന്റെ...എന്ന തവം ശെയ്‌വെനോ......

ഹഹഹഹഹ... നിന്റെ ഒരു ജേശുദാശ്..അങ്ങേര്‍ക്ക് പാടാനറിയ്യോ...അരിയാക്കുടിയുടെ എന്ന തവം എവടെ കെടക്ക്ണു, ദാ‍സിന്റെ എന്ന തവം എവടെ കെടക്ക്ണ്.. അജഗജാന്തര വ്യത്യാസല്ലേ...

ചേട്ടാ അജഗജാന്തരംന്ന് മതി. മറ്റേതില്‍ പൌനരുക്ത്യ ദോഷം ഉണ്ട്...

അയ്യടാ...ഒരു പന്മന മാഷ് വന്നിരിക്കുന്നു...നീ വിഷയം മാറ്റല്ലെ.. ഈ ദാസിനൊക്കെ മനോധര്‍മ്മണ്ടോ? ആര്‍ക്കാനും വേണ്ടി ഓക്കാനിക്കണ പോലെ അല്ലെ പാട്ട്...ക്ലാസിക്കല്‍ന്ന് പറഞ്ഞാ നമ്മടെ എം.ഡി.ആറിനെപ്പോലെ വേണം..പാടാന്‍...നിധി ചാല സുഖമാ...രാമാ....

പക്ഷെ ചേട്ടാ...എനിക്കിത് ഇഷ്ടാണ്..കേള്‍ക്കുന്നു....മറ്റാരും മോശക്കാരായിട്ടല്ല..ഈ ശബ്ദം ഇഷ്ടാണ്..

നല്ല ശബ്ദണ്ട്...ന്നട്ടെന്താ കാര്യം...സാധകം ചെയ്യാണ്ടിരുന്നാ.. തുരുമ്പിച്ചില്ലേ കാര്യം...നമ്മടെ ബാലമുരളീനെകണ്ട് പഠിക്ക്...ഈ വയസ്സിലും എന്താ ഒരു ശാരീരം...ശോഭില്ലു സപ്തസ്വരാ..കേട്ടിട്ടുണ്ടാ...അടിവയറ്റീന്നാണ് ശബ്ദം..ചില്ലറ കളിയല്ല..

ഞാനിത് കേള്‍ക്കണതോണ്ട് ചേട്ടനെന്തെങ്കിലും കുഴപ്പമുണ്ടോ?

എനിക്ക് കുഴപ്പമൊന്നുമില്ല. എന്നാലും ദാസിന്റെ നെരവല്‍ ഒരു വകക്ക് കൊള്ളുവോ? ആ മധുരമണീടെ ഒക്കെ കൂടെ വെച്ച് നോക്കിയാ...ത്യാ‍ഗൂ..നീ എന്നെ അങ്ങട് വിളിച്ചളാന്ന് പറയാന്‍ തോന്നും...

ആരാ ഈ ത്യാഗു?

അതറിയാത്ത നീയൊക്കെയാണ് ക്ലാശിക്കണത്... ത്യാഗരാജസ്വാമികള്‍...നിനക്കറിയ്യോ...രാഗം താനം പല്ലവീന്ന് പറഞ്ഞാ.. താനംത തുംതതുംതം...യേശൂന്റെ താനം കേട്ടാ ആന പോലും ആ വഴിക്ക് വരൂല്ലാ...ജീയെന്‍ബീന്റെ ശിവകാമേശ്വരിംന്നുള്ള കല്യാണി കേട്ട് നോക്ക്..ഒറങ്ങിപ്പോവും...ആ ദീക്ഷിതന്റെ കൃതിയാ..

ചേട്ടാ ഇതൊക്കെ കേട്ട് കേട്ട് ഞാന്‍ അങ്ങോട്ട് വന്നോളാം..ചേട്ടന്‍ സമാധാനപ്പെട്..

ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ.. നീ ആലത്തൂര്‍ ബ്രദേര്‍സിന്റെ വാതാപി കേട്ടിട്ടുണ്ടാ...ഇല്ലേ കേക്കണം...കൊട്ടക്കണക്കിനു കേസറ്റ് എറക്കീന്ന് വെച്ചിട്ട് പാട്ട് ശരിയാവണംന്നൊന്നൂല്യ...യേശൂന്റെ വാതാപി കേട്ടാ ജേശീബീ മൂന്നാറില്‍ പണിയെടുക്കണ ചേലാണ്.. ഹംസദ്ധ്വനി ആണെങ്കിലും കാക്ക കരയണപോലെ ആണ്...

ഓവറാവല്ലേ ചേട്ടായീ....എന്റെ ഇഷ്ടത്തിന് ഒരു പാട്ട് കേള്‍ക്കാന്‍ പറ്റില്ലാന്ന് വെച്ചാ..

യേശൂനെപ്പോലെ നിന്റെയും തെരഞ്ഞെടുപ്പ് ശരിയല്ല. രാഗങ്ങള് തെരഞ്ഞെടുക്കണ കാര്യത്തില് ഈ ദാസിന് എന്തറിയാം...മാഷ് കൊറച്ച് പഠിപ്പിച്ചണ്ട്..അത് വെച്ച് താങ്ങലന്നെ താങ്ങല്‍..മഹാരാജപുരത്തിന്റെ അപ്പി കൊറച്ച് കഴിക്കണം..എന്നാലേ ശരിയാവൂ കാര്യം...

അതെവിടെ കിട്ടും?

ഊതല്ലെ മോനേ.. സെമിക്ലാസിക്കല് ദാസ് ഒരു വിധം നന്നായിട്ട് പാടും..ന്നാലും നമ്മടെ എസ്.പി.ബാലസുബ്ബൂന്റെ ഏഴയലത്ത് വരുവോ? ശങ്കരാഭരണത്തിലെ ചൊമപോലും രാഗച്ഛായ കലര്‍ന്നതല്ലേ..യേശു പാട്ടിനെടേ ചൊമച്ചാ രോഗച്ഛായ ഉണ്ടാവുംന്ന് മാത്രം...

അല്ല ചേട്ടാ. നിങ്ങള് ഇത്രയൊക്കെ പറഞ്ഞില്ലേ..പക്ഷെ, യേശുദാസിന്റെ ക്ലാസ്സിക്കല്‍ പാട്ട് ഇഷ്ടപ്പെടുന്ന സാധാ‍രണക്കാര്‍ എത്രയാ ഉള്ളത്?

എട മോനെ..ഈ ശാധാരണക്കാരണ് വല്ല വിവരോം ഉണ്ടാ?

ഇന്നാലും ചേട്ടാ...ശിശുര്‍വേത്തി പശുര്‍വേത്തി വേത്തി വേത്തി ഗാനരസം ഫണി എന്നോ മറ്റോ അല്ലേ? ശിശുവും പശുവും പാമ്പും പോലും സംഗീതം അസ്വദിക്കും എന്നൊക്കെയല്ലേ? അവരെക്കൂടി രസിപ്പിക്കുന്നതല്ലേ നല്ല സംഗീതം..?

ഇവടെ നെന്റെ അന്വയം തെറ്റി...അതിന്റെ അര്‍ത്ഥം അതല്ല...യേശൂന്റെ പാട്ട് നെന്നെപ്പൊലുള്ള ശിശുക്കള്‍ക്കും, പിന്നെ നെന്റെ കൂട്ട് ഉള്ള പശുക്കള്‍ക്കും പിന്നെ ചെല പാമ്പുകള്‍ക്കും മാത്രേ ഇഷ്ടപ്പെടൂന്നാ അതിന്റെ അന്വയം..സംസ്കൃതം പഠിക്കണം...

ചേട്ടന്‍ പഠിച്ചിട്ടുണ്ടൊ?

വേണ്ടാ വേണ്ടാ..ചോദ്യം ഇങ്ങോട്ട് വേണ്ടാ..

എന്തായാലും ചേട്ടാ... രഞ്ജകോ ജനചിത്താനാം സ രാഗഃ എന്നാണ് പുസ്തകങ്ങളില്‍ പറയുന്നത്..മനുഷ്യനെ രസിപ്പിക്കുന്നത് ഏതോ അതാണ് രാഗം..അതാണ് നല്ല സംഗീതം. യേശുദാസിന്റെ പാട്ടിന് പോരായ്മകള്‍ ഉണ്ടായിരിക്കാം. അല്ലെങ്കില്‍ ഉണ്ട്. എന്നാലും അത് ആസ്വദിക്കുന്നവനെ കളിയാക്കുന്നത് ശരിയല്ല. ടോപ്പ് ആള്‍ക്കാരുടെ മാത്രമേ കേള്‍ക്കാവൂ എന്ന് വന്നാ പുതിയവര്‍ എങ്ങനെ വരും?

അത് നീ ടൈഗര്‍ വരദാചാരിയുടെ ആലാപനം കേള്‍ക്കാത്തതുകൊണ്ട് പറയുന്നതാണ്. അതിന്റെ ഭാവഗരിമ ഒന്നു വേറെ ആണ്...

ചേട്ടനിത്തരത്തില്‍ അങ്ങിനെ എല്ലാ കാര്യവും വിലയിരുത്തുന്നത് ശരിയല്ല...എനിക്കിഷ്ടമുള്ളത് ഞാന്‍ കേള്‍ക്കും..ചേട്ടന് ഇഷ്ടമുള്ളത് ചേട്ടനും.. ചേട്ടന്‍ പറഞ്ഞ എം.ഡി.ആറിനേയും മധുരമണി അയ്യരേയും ഇഷ്ടമില്ലാത്ത വിദഗ്ദര്‍ ഉണ്ടല്ലോ..ജി.എന്‍.ബി വെറും നമ്പര്‍ ആണെന്നു വിശ്വസിക്കുന്നവരില്ലെ? കുന്നക്കുടി ഗാലറിക്കു വേണ്ടി കസര്‍ത്ത് കാണിക്കുന്നു എന്നു പറയുന്നവരില്ലേ.. എന്നു വെച്ച് അവരിലാരെങ്കിലും മോശക്കാരാകുമോ? പഴയ ആശാന്മാര്‍ ശാസ്ത്രീയ സംഗീതത്തെ ജനത്തില്‍ നിന്ന്‌ അകറ്റി ഒരു വിഭാഗത്തിന്റെ കുത്തകയാക്കി എന്ന ആരോപണവും ഉണ്ടല്ലോ..അതുപോലെത്തന്നെ...

ടാ ടാ.. പുസ്തകം വായിച്ച് രാഷ്ട്രീയം പറയാന്‍ നിക്കാണ്ട്.. നീ പോയെ. എന്നെ പഠിപ്പിക്കാന്‍ വരാതെ ആ കാസറ്റും കെട്ടിപ്പിടിച്ചോണ്ടിരി..ചേട്ടന് വേറേ പണീണ്ട്... കൊറച്ച് ശുദ്ധസംഗീതം ആസ്വദിക്കട്ടെ ഞാന്‍...

ചേട്ടന്‍ ടേപ്പ് റിക്കാറ്ഡര്‍ ഓണ്‍ ചെയ്ത്..ഹേഡ്ഫോണ്‍ ചെവിയില്‍ കയറ്റി..ആസ്വദിച്ച് താളം പിടിച്ച് അങ്ങിനെ ഇരുന്നു...ആ ചെവിയില്‍ ശുദ്ധസംഗീതം മുഴങ്ങി....

ഒരു കൌതുകത്തിനു വേണ്ടി ഞാന്‍ ചെവി ചേര്‍ത്തുനോക്കി....

ഹഹഹഹ..

അപ്പോ കേള്‍ക്കാം..ചേട്ടന്റെ ചെവിയില്‍....

ഷട്കാല ഗോവിന്ദമാരാരോടേല്‍ക്കുവാന്‍ തല്‍ക്കാലം ഞാനേയുള്ളൂ..ഇപ്പോ തല്‍ക്കാലം ഞാനേയുള്ളൂ

ഈശോയേ...ദാസേട്ടന്റെയും ജയേട്ടന്റെയും കൃഷ്ണചന്ദ്രന്റേയും പാട്ട്

*********

സംഗീതത്തിലെ എല്ലാ മഹാന്മാരോടുമുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട്.....ആസ്വാദകരോടുള്ള എല്ലാ സ്നേഹവും നിലനിര്‍ത്തിക്കൊണ്ട്...

Wednesday, May 16, 2007

മത്തായി പറഞ്ഞത്....

ഈ മത്തായിയെക്കുറിച്ച് പല കഥകളും ശത്രുക്കള്‍ അടിച്ചിറക്കിയിട്ടുണ്ട് സാറെ..
പണ്ട് മലയാറ്റൂരില്‍ കുരിശുമുത്താന്‍ പോയ കഥയൊക്കെ അക്കൂട്ടത്തില്‍പ്പെട്ടതാ സാറെ..

മത്തായി കള്ളനാണെന്നാ എല്ലാവരും പറയുന്നെ....
അതിപ്പോ ഒരാവശ്യം വന്നാ ആരായാലും കക്കും ഇല്ലേ സാറേ?
ഇപ്പോ സാറിന്റെ കാര്യം തന്നെ നോക്ക്..ജോലി സമയത്ത് ഇതൊക്കെ കേട്ടിരിക്കുമ്പോ സാറും ഒരു തരത്തില്‍ പറഞ്ഞാല്‍ കക്കുകയല്ലേ സാറേ..?

മത്തായി കള്ളുകുടിയനാണെന്ന പരാതി എല്ലാവര്‍ക്കും ഉണ്ട്..
അതിപ്പോ ആണുങ്ങളായാ ഇത്തിരിയൊക്കെ മോന്തിയെന്നിരിക്കും ഇല്ലേ സാറേ?
സാറു തന്നെ പൂക്കുറ്റിയായി നടക്കുന്നത് മത്തായി എത്ര തവണ കണ്ടിരിക്കുന്നു. അല്ലേ സാറേ?

മത്തായിക്കു മാന്യത കുറവാണെന്നു പറയുന്നവരുടെ എണ്ണവും കുറവല്ല സാറേ..
സാറിനെപ്പോലെ സൂട്ടും കോട്ടും കളസോം ഒക്കെ ഉണ്ടെങ്കില്‍ മത്തായിയെക്കണ്ടാലും മാന്യനാണെന്നു തോന്നില്ലേ സാറേ..?

മത്തായി എപ്പോഴും തെറി പറയുമെന്നൊരു പരാതി പള്ളീലച്ചനുണ്ട്. അതു പിന്നെ തെറി പറയേണ്ടിടത്ത് തെറി തന്നെ പറയണം എന്ന് എം.എന്‍.വിജയന്‍ മാഷ് തന്നെ പറഞ്ഞിട്ടില്ലേ സാറേ? മത്തായിമാര്‍ക്കൊരു നീതി മാഷന്മാര്‍ക്ക് വേറൊരു നീതി. അങ്ങിനെ ഇല്ലല്ലോ സാറേ....?

മത്തായി ഭാര്യയെ തല്ലും. ശരിയാ സാറേ.. ആരെങ്കിലും ആരെയെങ്കിലുമൊക്കെ തല്ലിയില്ലെങ്കില്‍ പിന്നെന്തോന്ന് ദാമ്പത്യം സാറേ........?
മത്തായി ഭാര്യയെ തല്ലുന്നു..സാറിന്റെ ഭാര്യ സാറിനെ തല്ലുന്നു..അത്രയൊക്കെയേ ഉള്ളൂ വ്യത്യാസം. അല്ലേ സാറേ?

മത്തായി മുച്ചീട്ട് കളിക്കും, പള്ളിപ്പറമ്പില്‍ അടിയുണ്ടാക്കും. ശരിയാ സാറെ..അതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ സാറേ..അവളുമാരുടെയൊക്കെ വാക്കുകേട്ട് വീട്ടി ചൊറിയും കുത്തിയിരുന്നാ പിരാന്തായിപ്പോകും സാറേ..
മത്തായിയെ പരിചയപ്പെടുന്നതിനു മുന്‍പുള്ള സാറിന്റെ അവസ്ഥ മത്തായിക്കറിയുന്നതല്ലേ..?

അയ്യോ.....സംസാരിച്ചിരുന്ന് സംസാരിച്ചിരുന്ന് മത്തായി സാറിന്റെ സമയവും കളഞ്ഞു...

അപ്പോ പറഞ്ഞപോലെ..

വൈകീട്ട് ഷാപ്പീ കാണാം...

Sunday, May 6, 2007

ഇന്ന്‌ ലോക ചിരി ദിനം

ഇന്ന്‌ ലോക ചിരിദിനം.

മെയ്‌ മാസത്തിലെ ആദ്യ ഞായറാഴ്ച്ച ലോക ചിരിദിനം ആയി കൊണ്ടാടപ്പെടുന്നുണ്ട്. 1998ല്‍ മുംബൈയില്‍ ആണ് ആദ്യ ചിരി ദിനാഘോഷം നടന്നത്. ഡോ. മദന്‍ കടാരിയയാണ് ഇത്‌ തുടങ്ങിയത്. Worldwide laughter yoga movement എന്ന ഒരു ചിരി പ്രസ്ഥാനവും ഇദ്ദേഹത്തിന്റേതായി ഉണ്ട്. ലോകസമാധാനവും സാഹോദര്യവും സൌഹൃദവും ചിരിയിലൂടെ എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ചിരി ക്ലബ്ബുകളും ചിരി മീറ്റിങ്ങുകളുമൊക്കെ ഇതിന്റെ ഭാഗമാണ്. ആഴ്ച്ചയിലോ മാസത്തിലോ ക്ലബ് അംഗങ്ങള്‍ ഒത്തുകൂടി ചിരിക്കുക ചിരിപ്പിക്കുക തുടങ്ങിയ അംഗീകൃത ചിരി രീതികള്‍ക്ക് എത്രമാത്രം ഗുണം ചെയ്യാന്‍ കഴിയും എന്നറിയില്ല. അതിന്റേതായ ചില ബിസിനസ്സ് താല്പര്യങ്ങളും കണ്ടേക്കാം. എങ്കിലും ഈ ദിവസത്തിന്റെ ആശയത്തില്‍ നിന്നും നമുക്ക് ചിലത് പഠിക്കാം എന്ന്‌ തോന്നുന്നു.

ചിരി ഏതു രീതിയിലാണെങ്കിലും ഒരു Tension Buster ആണ്. ഏതു സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലും ചിരി ഒരു രക്ഷകനായി അവതരിക്കും. ദേഷ്യവും സങ്കടവും ഉത്കണ്ഠയുമൊക്കെ ഇല്ലാതാക്കാനുള്ള ഒരു safety valve ആയി പ്രവര്‍ത്തിക്കാന്‍ ചിരിക്കു കഴിയും. ചിരിക്കുമ്പോള്‍ എന്‍ഡൊര്‍ഫിന്‍സ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായ ഒരു വേദന സംഹാരി ആണിവ. തമാശകേട്ട് ചിരിക്കുമ്പോള്‍ തലച്ചോറിന്റെ രണ്ട്‌ ഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഇടതുവശം ആ തമാശയിലെ verbal content മനസ്സിലാക്കുന്നതിനും വലതു വശം അതില്‍ തമാശയുണ്ടോ ഇല്ലയോ എന്ന് വിശകലനം ചെയ്യുന്നതിനും.

ചിമ്പാന്‍സികളും ചിരിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. ഇക്കിളിയാവുമ്പോഴും കളിയായി പോരടിക്കുമ്പോഴും മറ്റും. ഇക്കിളി ആയിരിക്കാം ആദ്യം ചിരിപ്പിക്കാന്‍ ഉപയോഗിച്ച സൂത്രം. സ്വയം ഇക്കിളിയാക്കാന്‍ നമുക്ക് പറ്റാത്തതുകൊണ്ട് തന്നെ ഇക്കിളിക്കൊരു സാമൂഹികമായ തലം കൂടി ഉണ്ട്.

അവനവനെ നോക്കിയും അവനവന്റെ അമളികള്‍ നോക്കിയും ചിരിക്കാന്‍ സാധിച്ചാല്‍ എത്രയോ സംഘര്‍ഷങ്ങളും വഴക്കുകളും നമുക്ക് ഒഴിവാക്കുവാന്‍ സാധിക്കും. ചിരിപ്പിക്കുന്ന സുഹൃത്തിനോട്‌ കൂടുതല്‍ അടുപ്പം തോന്നുന്നതും സ്വാഭാവികം. മറയില്ലാതെ ഇടപെടാന്‍ ഇത് സഹായിച്ചേക്കും. കൊച്ചുകുട്ടികള്‍ ദിവസം 300 തവണ ചിരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ 17 തവണയെ ചിരിക്കുന്നുള്ളുവത്രെ...

പറഞ്ഞ് പറഞ്ഞ് ഗൌരവം കൂടിപ്പോയോ?

ഇനി എല്ലാവരും ഒന്ന്‌ ചിരിച്ചേ...

അയ്യോ അങ്ങനെയല്ലാ...ഇങ്ങനെ..

ഹാഹാഹാ

Monday, April 30, 2007

ഹലോ പ്രിയഗീതം-കുട്ടപ്പന്‍ സ്റ്റൈല്‍

കുട്ടപ്പന്‍ മൂരി നിവര്‍ന്ന് എഴുന്നേറ്റു.

ഇന്നെങ്കിലും ഒരെണ്ണം തടഞ്ഞില്ലെങ്കില്‍ താന്‍ ചിലപ്പോ പട്ടിണിയായിപ്പോകും എന്ന് മനസ്സില്‍ കരുതി റേഡിയോ ഓണ്‍ ചെയ്തു. ജോലിക്ക് പോകുന്നതിനു മുന്‍പ് കൃത്യമായി ‘ഹോം വര്‍ക്ക്” ചെയ്യുക എന്നത് തന്റെ മാത്രം പ്രത്യേകതയാണോ എന്ന് കുട്ടപ്പന്‍ വെറുതെ ചിന്തിച്ചു. ഈ ഫീല്‍ഡില്‍ ഇത്രയും കാലം ആരോഗ്യത്തോടെ പിടിച്ചു നില്‍ക്കാന്‍ തന്നെ സഹായിച്ചത് ഹോം വര്‍ക്ക് അല്ലാതെ മറ്റൊന്നുമല്ല.

ഈ ഇന്റര്‍നെറ്റ് യുഗത്തിലും റേഡിയോ നല്‍കുന്ന സേവനങ്ങളെക്കുറിച്ചാലോചിച്ചപ്പോള്‍ ഗുഗ്ലീല്‍മോ മാര്‍ക്കോണിയുടെ മഹത്വത്തെക്കുറിച്ച് ഒരു ഒരു പാട്ട് പാടിയാലോ എന്ന് കുട്ടപ്പനു തോന്നി. മാര്‍ക്കോണി തന്നെയാണോ റേഡിയോ കണ്ടുപിടിച്ചത് എന്നത് തന്റെ തലവേദനയല്ല

ഹലോ

ഹലോ..ഹലോ പ്രിയഗീതം പരിപാടിയിലേക്ക് സ്വാഗതം..അരാണ് സംസാരിക്കുന്നത്?

ഞാന്‍ കുഞ്ഞമ്മിണിയാണ് സാറേ..

ഈ സാറേ വിളി ഒഴിവാക്കിക്കൂടെ അമ്മിണീ? പരിപാടി തുടങ്ങുന്നതിനു മുന്‍പ് എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട്.ഇന്നു തൊട്ട് ഈ പരിപാടിയില്‍ പങ്കെടുത്ത് ഏറ്റവും നന്നായി ഉത്തരം പറയുന്നവര്‍ക്ക് ഒരു പ്രത്യേക സമ്മാനമുണ്ട്. സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഒരു അജ്ഞാതന്‍ ആണ്..

ആണോ..എന്നാ എനിക്കു തന്നെ സമ്മാനം..ആരാ സാറെ ഈ അജ്ഞാതന്‍?

‍അതറിയത്തില്ല..ഏതൊ രസികനായ വ്യക്തിയായിരിക്കണം. ആട്ടെ കുഞ്ഞമ്മിണി എവിടുന്നാണ് വിളിക്കുന്നത്?

മാവിലായീന്നാ ചേട്ടാ..

(കുട്ടപ്പന്‍ കേരളത്തിന്റെ മാപ്പ് നിവര്‍ത്തി)

അയ്യോ ...മാവിലായി എനിക്ക് ഭയങ്കര ഇഷ്ടമുള്ള സ്ഥലമാണ്.. മാവിലായില്‍ എവിടെയാണ്?

പള്ളി ഇല്ലേ..അതിന്റെ പിറകിലുള്ള റോഡിലാണ്

അയ്യോ എനിക്ക് വളരെ പരിചയമുള്ള റോഡാണ്.. അവിടെ ഏതു വീട്?

കുര്യന്‍ മാഷിന്റെ വീടില്ലേ ..അതിനു തൊട്ടടുത്തുള്ള ടെറസിട്ട രണ്ടു നില വീടില്ലേ..അതാണെന്റെ വീട്..

കുര്യന്‍ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്..മാഷോട് എന്റെ അന്വേഷണം പറയണേ..

പറയാം സാറെ.. അല്ല ...ചേട്ടാ..

മാഷ് കുഞ്ഞമ്മിണിയെ പഠിപ്പിച്ചിട്ടുണ്ടോ?

ഇല്ല..മാഷ് അഞ്ചാം ക്ലാസ് തൊട്ടെ പഠിപ്പിക്കത്തൊള്ളൂ..

ഉം..മനസ്സിലായി..ആട്ടെ അമ്മിണി എന്തു ചെയ്യുന്നു?

ഇപ്പോ ഈ ഫോണും തിരുപ്പിടിച്ച് ചുമ്മാ നില്‍ക്കുകയാ ചേട്ടാ

അതല്ല ചോദിച്ചത് കുഞ്ഞമ്മിണി എന്ത് ജോലിചെയ്യുന്നു എന്ന്? അതായത് ഹൌസ് വൈഫ് ആണോ

എന്നു വെച്ചാ?

അതായത് ഇങ്ങനെ വീട്ടു കാര്യവുമൊക്കെ നോക്കി...ഫോണൊക്കെ വിളിച്ച്...

ആ അങ്ങനെ ത്തന്നെ..

വീട്ടില്‍ ആരൊക്കെയുണ്ട്?

ഞാനും രണ്ടു പിള്ളാരും മാത്രമേ ഉള്ളൂ..

ഭര്‍ത്താവ് അതായത് ഹസ്‌ബന്‍ഡ് എന്തു ചെയ്യുന്നു?

ചേട്ടന്‍ ദുബായിലാ ചേട്ടാ..

(കുട്ടപ്പന്‍ ഒന്ന്‌ ഇളകിയിരുന്നു)

അണോ..ഭാഗ്യവതി..അപ്പോ നല്ല കാശുകാരിയായിരിക്കുമല്ലോ..

എന്നു പറയാന്‍ പറ്റത്തില്ല. അത്യാവശ്യം..എനിക്കിഷ്ടം സ്വര്‍ണ്ണമാണ്.. അതാണ് ജാസ്തി..

ഈ സ്വര്‍ണ്ണമൊക്കെ വീട്ടില്‍ത്തന്നെയാണോ സൂക്ഷിക്കുന്നത്?

ദൈവം സഹായിച്ച് പണയം വെക്കേണ്ട ആവശ്യം ഇതു വരെ വന്നിട്ടില്ല ചേട്ടാ..

കാശൊക്കെ ബാങ്കിലായിരിക്കും അല്ലേ? നല്ല പലിശ കിട്ടുന്നുണ്ടാകുമല്ലോ..

ഇല്ലില്ല...എല്ലാം വീട്ടിത്തന്നെയാണ് സൂക്ഷിക്കുന്നത്..ഈ ബാങ്കൊക്കെ പൊളിഞ്ഞാലോ..നമ്മുടെ കാശ് നമ്മുടെ കൈയില്‍ത്തന്നെ ഇരിക്കുന്നതല്ലേ ബുദ്ധി?

അതും ശരിയാണ്...ഇരിക്കുമെങ്കില്‍ അതാണ് ബുദ്ധി. അവിടെ എന്തോ ശബ്ദം കേള്‍ക്കുന്നല്ലോ. വീട്ടിലെ പട്ടിയാണോ?

അത് ടിവിയിലെ പട്ടിയാണ്.. ഇവിടേം ഒണ്ടായിരുന്നു..പക്ഷെ ചത്തുപോയി.

(ആ അത്മാവിന് നല്ലതു വരട്ടെ..കുട്ടപ്പന്‍ മനസ്സില്‍ പറഞ്ഞു)

ആട്ടെ അമ്മിണീക്ക് ഏതു പാട്ടാണ് വേണ്ടത്...പഴയത് വേണോ പുതിയത് വേണോ?

ചേട്ടന്‍ എന്റെ പിള്ളാരുടെ കാര്യമൊന്നും ചോദിച്ചില്ല. പോട്ടെ. ഇനിയും വിളിക്കാമല്ലോ. എനിക്ക് പഴയ പാട്ട് മതി...കള്ളന്‍ ചക്കേട്ടു..കണ്ടാമിണ്ടണ്ട.. എന്ന പാട്ടില്ലെ.. അതു മതി...

അമ്മിണീ ഈ പാട്ട് ആര്‍ക്കെങ്കിലും ഡെഡിക്കേറ്റ് ചെയ്യുന്നുണ്ടോ?

അതെന്തുവാ? എന്തായാലും ചേട്ടന്‍ തന്നെ തീരുമാനിച്ചാ മതി.. എന്റെ സമ്മാനം..?

അപ്പോ ശരി കുഞ്ഞമ്മിണി.. സംസാരിച്ചതിന് നന്ദി..അമ്മിണിക്കും കുട്ടികള്‍ക്കും ഭര്‍ത്താവിനും വേണ്ടി..കള്ളന്‍ ചക്കേട്ടു എന്ന പാട്ട് ഇപ്പോള്‍ പ്രക്ഷേപണം ചെയ്യുന്നു...വിജയി ആരാണെന്ന് നാളെ ഇതേ സമയം ഇതേ പരിപാടിയില്‍ അറിയിക്കുന്നതാണ്...സമ്മാനം ഉണ്ടെങ്കില്‍ വീട്ടില്‍ എത്തിച്ചു തരും കേട്ടോ കുഞ്ഞമ്മിണീ.

കുട്ടപ്പന്‍ റേഡിയോ ഓഫ് ചെയ്തു...

മാവിലായില്‍ എത്തുമ്പോഴേക്കും എത്ര മണിയാവും എന്ന് മനസ്സില്‍ കണക്കു കൂട്ടി.

കുളിച്ച് ഒന്നു കൂടി കുട്ടപ്പനായി, പണിയായുധങ്ങള്‍ ബാഗിലാക്കി, കൊച്ചുണ്ണിയുടെ ചിത്രത്തിനു മുന്‍പില്‍ ഒരു മിനിറ്റ് മൌനമായി നിന്ന് ,വീട് ഭദ്രമായി പൂട്ടി പുറത്തിറങ്ങി.

ഇന്നു നല്ലതു വല്ലതും തടഞ്ഞാല്‍ അടുത്തയാഴ്ച്ച മുതല്‍ ഈ വിളിക്കുന്ന പാ‍വങ്ങള്‍ക്ക് സമ്മാനത്തുക കൂട്ടിക്കൊടുക്കണം. ബസ് സ്റ്റോപ്പിലേക്ക് നടക്കവേ കുട്ടപ്പന്റെ മനസ്സ് മന്ത്രിച്ചു.