Saturday, November 28, 2009

സെന്‍ വര്‍മ്മ

താനൊരു വര്‍മ്മയായെന്ന് സ്വപ്നം കണ്ട ബ്ലോഗര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് ചോദിച്ചു.

“ഞാനാര്? വര്‍മ്മയായി എന്ന് സ്വപ്നം കണ്ട ബ്ലോഗറോ ബ്ലോഗറായെന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന വര്‍മ്മയോ?

Thursday, November 26, 2009

ഛര്‍ദ്ദിലില്‍ ദുരൂഹത

പിണറായി വിജയന്റെ ഛര്‍ദ്ദിലില്‍ ദുരൂഹത

കൊല്ലം: സഖാവ് പിണറായി വിജയനു കൊല്ലം സോപാനം ആഡിറ്റോറിയത്തിലെ പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായെന്ന വാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. അദ്ദേഹം ഛര്‍ദ്ദിച്ചു എന്ന വാര്‍ത്തയും വിശ്വസനീയമല്ലെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആ സമ്മേളനത്തിനു വരുന്നതിനു മുന്‍പ് റെസ്റ്റ് ഹൌസില്‍ വെച്ചും തലചുറ്റലും അസ്വാസ്ഥ്യവും ഉണ്ടായെന്ന അവകാശവാദവും ഛര്‍ദ്ദിലിനു ശക്തി പകരാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഛര്‍ദ്ദില്‍ യഥാര്‍ത്ഥമാണെങ്കില്‍ അതിനു തെളിവെവിടെ എന്ന ചോദ്യത്തിനു മുന്നില്‍ പിണറായി വിജയന്‍ പതറുന്നതായും പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ‘സംഭവ’ത്തിനു ശേഷം അദ്ദേഹത്തിനു 12 മിനിറ്റ് പ്രസംഗം തുടരാനായി എന്നതു തന്നെ ഇതൊരു നാടകമായിരുന്നു എന്ന സംശയത്തെ ബലപ്പെടുത്തിയിട്ടുണ്ട്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകേണ്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു അസുഖവും അസ്വാസ്ഥ്യവും വരൂ എന്ന പ്രചരണത്തെ പൊളിക്കുന്നതിനുള്ള ഗൂഢശ്രമമായി മാത്രമെ ഇപ്പോഴത്തെ നാടകത്തെ കാണാനാവൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങളുടെ കണക്ക് പ്രകാരം ഡിംസംബര്‍ 30നോടനുബന്ധിച്ച ദിവസങ്ങളില്‍ മാത്രമേ പിണറായി വിജയനു അസ്വാസ്ഥ്യം അനുഭവപ്പെടാമായിരുന്നുള്ളൂ. ആ കണക്ക് തെറ്റാണെന്ന് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിലെ അനാരോഗ്യപരത ജനങ്ങള്‍ തിരിച്ചറിയുമെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഈ അഭിനയത്തിനു കനത്ത ശിക്ഷ തന്നെ ജനങ്ങളില്‍ നിന്നും ലഭിക്കുമെന്നും പ്രതിപക്ഷത്തിനിടയിലും അഭിപ്രായമുണ്ട്. എ.കെ.ജിയോ ഇ.എം.എസ്സോ അഴീക്കോടന്‍ രാഘവനോ ഒരിക്കലും ഇത്തരത്തില്‍ ഛര്‍ദ്ദിച്ചിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍, സി.പി.എം എത്തിപ്പെട്ടിരിക്കുന്ന പതനത്തിന്റെ അഴം വ്യക്തമാകുമെന്ന് പാര്‍ട്ടിയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ചില മുന്‍ കമ്യൂണിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത് ഈ തെറ്റുതിരുത്തലിന്റെ ഘട്ടത്തിലെങ്കിലും സി.പി.എം ശ്രദ്ധിക്കുമോ? ഇനിയുള്ള ദിവസങ്ങളില്‍ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്.

മ പത്രങ്ങളില്‍ കണ്ടേക്കാവുന്ന ഒരു വാര്‍ത്ത