Wednesday, November 28, 2007

ഹോമിയോപ്പിള്ള,അലോപ്പിള്ള,ആയുരോപ്പിള്ള

ഹോമിയോപ്പിള്ളയും അലോപ്പിള്ളയും ആയുരോപ്പിള്ളയും തമ്മില്‍ തര്‍ക്കമായി.

ആരാണ് ശക്തന്‍?

അലോപ്പിള്ള പറഞ്ഞു

“ എന്റേതു പോലെ ശക്തവും ശാസ്ത്രീയവുമായ മസില്‍ ആര്‍ക്കുണ്ട്? എന്റെ ഓരോ കോശത്തിന്റെയും ശക്തി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ക്ലിനിക്കലി ഫിറ്റ് ആണ് ഞാനെപ്പോഴും. അതുകൊണ്ട് ശക്തന്‍ ഞാന്‍ തന്നെ”

ആയുരോപ്പിള്ള പറഞ്ഞു

“ എന്റെയീ എണ്ണയും തൈലവുമിട്ട് മിനുക്കിയ ബോഡി കണ്ടിട്ടും താനിത് പറയുന്നല്ലോ. ഞാനൊന്നു തന്നാല്‍ താനൊക്കെ വെറും ചൂര്‍ണ്ണം. ക്ഷീരം കുടിച്ച് കുടിച്ച് ബലവാനായ എന്നോടാണ് കളി”

ഹോമിയോപ്പിള്ള പറഞ്ഞു

“ ചേട്ടന്മാരേ.. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെപ്പറ്റി കേട്ടിട്ടില്ലേ? എന്റെ ബോഡി മെലിയും തോറും ശക്തി കൂടുന്ന ടൈപ്പാണ്. ഈ കൈവീശലിന്റെ പ്ലാസിബോ എഫക്ട് മതിയല്ലോ നിങ്ങടെയൊക്കെ അവോഗാഡ്രോ നമ്പര്‍ തെറ്റാന്‍.”

ഈ വീരവാദങ്ങള്‍ കേട്ടുകൊണ്ടിരുന്ന ചെക്കന്‍ ഗുനിയന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു...

“ഇവന്മാരിങ്ങനെ എന്നും അടിയായിരിക്കട്ടെ. ..തലമുറകളോളം ഒന്നും പേടിക്കാനില്ല. ജീവിതം എത്ര രസകരം”

Friday, November 16, 2007

ഗോതമ്പ് മണികളും, പേപ്പറും, രക്തരക്ഷസ്സുകളും

ചതുരംഗക്കളത്തിലെ ഗോതമ്പ് മണി പ്രശ്നം (രാജാവിന്റെ ദാനം എന്ന തലക്കെട്ടില്‍ ക്രിസ്‌വിന്‍ ഇട്ട പോസ്റ്റ് ) പോലെ ഒറ്റനോട്ടത്തില്‍ വിശ്വസിക്കാന്‍ പ്രയാസമുള്ള ഒന്നാണ് പേപ്പര്‍ പകുതിയായി മടക്കുന്നതിനെ സംബന്ധിച്ച കണക്കുകളും.

ഒരു എ4 സൈസ് ഒരു പേപ്പര്‍ എടുത്ത് പകുതിയായി മടക്കുക അതിന്റെ കനം(ഉയരം) ഇരട്ടിയാകുന്നു. രണ്ടു തവണ മടക്കുമ്പോള്‍ അതിനു നിങ്ങളുടെ നഖത്തിന്റെ കനത്തോളം ഉയരമുണ്ടാകും. 7 തവണയാവുമ്പോള്‍ പേപ്പറിന് ഒരു നോട്ട് ബുക്കിന്റെയത്ര ഉയരവും, പത്ത് തവണയാവുമ്പോള്‍ നിങ്ങളുടെ കയ്യിന്റെ നീളത്തോളം ഉയരവുമുണ്ടാകും.

പേപ്പര്‍ ഇനിയും മടക്കാനാവുമെന്ന് ചുമ്മാ അങ്ങ് സങ്കല്പിക്കുക.

പതിമൂന്ന് തവണ മടക്കിയാല്‍ ഒരു സാധാരണ ഉയരമുള്ള (1.6 മീറ്റര്‍) ആളുടെ അത്ര പൊക്കമുണ്ടാകും പേപ്പറിന്.

17 തവണയാകുമ്പോല്‍ ആ പാവം പേപ്പറിന് ഒരു രണ്ടു നില വീടിനേക്കാള്‍ പൊക്കമുണ്ടാകും. 50 മടക്ക് ആവുമ്പോള്‍ അതിന്റെ പൊക്കം 152 മില്യണ്‍ കിലോമീറ്റര്‍ ആകും. ഏതാണ്ട് ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം! 100 തവണ ആയാല്‍ 12 ബില്ല്യണ്‍ പ്രകാശവര്‍ഷം പൊക്കമുണ്ടാകും ആ പേപ്പറിന്.

വിശ്വസിക്കാനാകുന്നില്ല എങ്കില്‍ ഒരു കാല്‍ക്കുലേറ്ററോ എക്സല്‍ ഷീറ്റോ എടുത്ത് കണക്കുകൂട്ടി നോക്കുക.

അല്ലെങ്കില്‍ ഈ ലിങ്ക് നോക്കുക..

നമുക്ക് വേണ്ടി ഒരു പട്ടിക തന്നെ തയ്യാറാക്കി ഇട്ടിട്ടുണ്ട്.

കണക്കുകൂട്ടി ബുദ്ധിമുട്ടേണ്ട കാര്യമില്ല...

Britney Gallivan എന്ന വനിത 2001-02ല്‍ 4000 അടി നീളമുള്ള ടോയ്‌ലെറ്റ് പേപ്പര്‍ 12 തവണ പകുതിയായി മടക്കി റെക്കോര്‍ഡിട്ടിട്ടുണ്ട്. അതിനു മുന്‍പുണ്ടായിരുന്ന വിശ്വാസം ഏഴോ എട്ടോ തവണയില്‍ കൂടുതല്‍ മടക്കാന്‍ പറ്റില്ല എന്നായിരുന്നു.

അവര്‍ അത് മടക്കുക മാത്രമല്ല അങ്ങിനെ മടക്കുന്നതിനെ സംബന്ധിച്ച് ചില സൂത്രവാക്യങ്ങളും ഉണ്ടാക്കി. ‘n‍’ തവണ മടക്കണമെങ്കില്‍ പേപ്പറിനു വേണ്ട എറ്റവും കുറഞ്ഞ നീളം എത്ര എന്നൊക്കെയുള്ളത്. അതില്‍ത്തന്നെ ഒരേ ഡയറക്ഷനില്‍ മടക്കുന്നതിനും തിരിച്ചും മറിച്ചും മടക്കുന്നതിനുമൊക്കെ പ്രത്യേകം പ്രത്യേകം.

exponential growth എന്ന കട്ടിയുള്ള പേര് ഈ പേപ്പറിന്റെ പൊക്കം കൂടുന്ന കണക്കിനും ഇരുന്നോട്ടെ.

സൂത്രവാക്യങ്ങളൊക്കെ നോക്കി തല പുകയ്ക്കണമെന്നുള്ളവര്‍ ഇതും ഇതും ഇതും നോക്കുക.

ഇനി ഒരല്പം സിനിമാ വര്‍ത്തമാനം ആയാലോ? കണക്കിന്റെ ബോറടി മാറ്റാന്‍...

ഹോളിവുഡ് പ്രേത സിനിമകളിലെ രക്തദാഹികളായ രക്തരക്ഷസ്സുകളെ(vampire) കണ്ടിട്ടില്ലേ? രക്തം മാത്രം കുടിച്ച് ജീവിക്കുന്ന രക്തരക്ഷസ്സുകള്‍. അവയുടെ പ്രത്യേകത അവ ആരുടെയെങ്കിലും രക്തം കുടിക്കുകയാണെങ്കില്‍ അയാളും രക്തരക്ഷസാകും എന്നതാണ്. അങ്ങിനെയാണ് ഹോളിവുഡ് സിനിമകളില്‍ കാണാറുള്ളത്.

മനുഷ്യകുലം നിലനില്‍ക്കണമെങ്കില്‍ ഇത്തരത്തിലുള്ള രക്ഷസ്സുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല എന്നാണ് C.J. Efthimiou, Sohang Gandhi എന്നിവര്‍ ചേര്‍ന്ന് എഴുതിയ Ghosts, Vampires and Zombies: Cinema Fiction vs Physics Reality എന്ന രസകരമായ ലേഖനത്തില്‍(PDF) പറയുന്നത്. ആള്‍ജീബ്രക്കും ഫിലോസഫിക്കും പാസ് മാര്‍ക്ക് കിട്ടാത്തവരാണ് ഇത്തരം ചിത്രങ്ങളുടെ തിരക്കഥയെഴുതുന്നതത്രേ.

1600 ജനുവരി ഒന്നിന് (!) ലോകജനസംഖ്യ ഏതാണ്ട് 53 കോടിയും രക്തരക്ഷസ്സിന്റെ എണ്ണം ഒന്നും ആണെന്നും കരുതുക. ഒരു മാസത്തില്‍ ഒരു തവണ രക്തം കുടിച്ചാല്‍ മതി രക്തരക്ഷസ്സിന് എന്നും കരുതുക. ഒരു മാസം കഴിയുമ്പോള്‍ രക്തരക്ഷസ്സിന്റെ എണ്ണം ഒന്ന്‌ കൂടും മനുഷ്യന്റെ എണ്ണം ഒന്ന്‌ കുറയും. അടുത്ത മാസം രക്ഷസ്സിന്റെ എണ്ണം രണ്ട് കൂടും മനുഷ്യന്റെ എണ്ണം രണ്ട് കുറയും...അങ്ങിനെ രക്തരക്ഷസ്സിന്റെ എണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കുകയും മനുഷ്യന്റെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയുമാണെങ്കില്‍ മനുഷ്യകുലം ഇല്ലാതാകുവാന്‍ എത്ര മാസം വേണ്ടി വരും?

വെറും 30 മാസം...

പട്ടിക കാണുക.

നമ്മളൊക്കെ ഇപ്പോഴും ഉണ്ട്..അപ്പോള്‍ രക്തരക്ഷസ്സുകള്‍ ഇല്ല എന്ന് അവര്‍ പറഞ്ഞത് ശരിയായിരിക്കാനാണ് സാദ്ധ്യത!

പറഞ്ഞ് വന്നപ്പോള്‍ സിനിമാ വര്‍ത്തമാനവും കണക്കായിപ്പോയോ?

വിവരമുള്ളവര്‍ സ്ഫടികം പോലെ ക്ലിയര്‍ ആയി പറഞ്ഞിട്ടുണ്ട്....

ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന്‌.

(പിന്‍‌കുറിപ്പ്: മുകളിലെ പട്ടിക വ്യക്തമായി കാണുവാന്‍ സേവ് ചെയ്തശേഷം വ്യൂ ചെയ്യുക.ആ ചിത്രം ഇട്ടതിന്റെ കണക്ക് തെറ്റിപ്പോയി!!)