Sunday, January 27, 2008

ചൊവ്വാക്കാരി - ഒരു തിരുത്ത്

ഇന്നലെ ഒരു പത്രത്തില്‍ (മാതൃഭൂമിയിലല്ല) വന്ന ചൊവ്വയിലെ സ്ത്രീയെ സംബന്ധിച്ച വാര്‍ത്ത കളവാണെന്ന് മറ്റൊരു പത്രത്തില്‍ (മനോരമയിലല്ല) വന്ന വാര്‍ത്തക്ക് വിശ്വാസ്യത കുറവാണെന്ന് മൂന്നാമതൊരു പത്രം (കേരള കൌമുദിയല്ല) റിപ്പോര്‍ട്ട് ചെയ്തതിന് അടിസ്ഥാനമില്ലെന്ന് ഒരു ആംഗലേയ പത്രം (ഹിന്ദുവല്ല) പ്രസിദ്ധീകരിച്ച വാര്‍ത്തയെ ഖണ്ഡിച്ചുകൊണ്ട് ഒരു മലയാള പത്രം ‍(ദേശാഭിമാനിയല്ല) പ്രസിദ്ധീകരിച്ച ബോക്സ് ന്യൂസ് വെറും സെന്‍സേഷണലിസമാണെന്ന മറ്റൊരു പത്രത്തിലെ (മാധ്യമമല്ല) പരാമര്‍ശത്തില്‍ കഴമ്പില്ലെന്ന എഡിറ്റോറിയല്‍ (മംഗളത്തിലേതല്ല) വെറും വാചകമടി മാത്രമാണെന്ന ഫ്രണ്ട് പേജ് ന്യൂസ് (ജനയുഗത്തിലേതല്ല) പുന:പ്രസിദ്ധീകരിച്ച ആംഗലേയ പത്രത്തിന്റെ (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അല്ല) നടപടി ജുഗുപ്സാവഹവും പത്രധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന ഓപ്പണ്‍ എഡിറ്റോറിയല്‍ ( ടൈം ഓഫ് ഇന്ത്യയുടേതല്ല) വസ്തുതകള്‍ വിലയിരുത്താതെയും പരാമൃഷ്ട വിഷയത്തെ സംബന്ധിച്ച പുതിയ വസ്തുതകള്‍ തിരക്കാതെയും റെഫറന്‍സ് സൈറ്റുകള്‍ (വിക്കിയല്ല) പരിശോധിക്കാതെയും പ്രസിദ്ധീകരിച്ചതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.

വായനക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.

28 comments:

മൂര്‍ത്തി said...

പത്രങ്ങളേ...വീണുരുളൂ...

അതുല്യ said...

ബെസ്റ്റ് ബെസ്റ്റ് - റഫറന്‍സ് സൈറ്റുകളും പത്രാധിപനന്മാരും! ഹ ഹ
വക്കാരീടേ ഒരു അനാലിസിസ് ഉണ്ടായിരുന്നു പണ്ട് പത്ര വാര്‍ത്തകളേ പറ്റി. കിട്ടിയാ തരംട്ടോ ലിങ്ക്. വര്‍ത് റീഡിങ്ങ്,

നിരക്ഷരൻ said...

ഞാനങ്ങോട്ട് പോകാന്‍ ടിക്കറ്റൊക്കെ റെഡിയാക്കി ഇരിക്കുകയായിരുന്നു. ഇനിയിപ്പോ ക്യാന്‍സല്‍ ചെയ്തേക്കാം അല്ലേ ? അതോ ഇനിയും വാര്‍ത്തയില്‍ തിരുത്തുണ്ടാകുമോ ?

sandoz said...

പെണ്ണന്ന്വേഷിക്കാന്‍ ഒരു സ്ഥലം കൂടി ഒത്തു എന്ന് വിചാരിച്ചിരുന്നപ്പഴാ....
മൂര്‍ത്തിസാറേ...വീരേന്ദ്രകുമാറിന്റെ ഒരു ചൊവ്വാ പര്യടന ലേഖനം കം ബുക്ക് നമുക്ക് നഷ്ടമാകുമോ...

ശ്രീവല്ലഭന്‍. said...

മൂര്‍ത്തി,

സത്യത്തില്‍ എന്താ സംഭവിച്ചത്?
അത് പീഢനം ഭയന്ന് ഓടിപ്പോയ ഒരു മലയാളി മങ്കയാണെന്ന് സംശയമുണ്ടെന്ന് ഒരു ഫ്രഞ്ച് ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.....

siva // ശിവ said...

ഞാന്‍ വ്യാഴത്തിലേക്കു പോകുന്ന വഴിക്കു ശരിക്കും അവളെ കണ്ടതാണു.... നാസയാണെ സത്യം.....

മുസ്തഫ|musthapha said...

ക്ഷമയ്ക്ക് ക്ഷാമം ഇല്ലാത്തിടത്തോളം കാലം ക്ഷമിക്ക തന്നെ...

പ്രയാസി said...

നന്നായി..

ചൊവ്വേലു ഹവ്വയില്ലാത്തോണ്ടു അതു പെട്ടെന്നു നശിക്കില്ല..!

വേണു venu said...

ഹഹാ..കലികാലം തന്നെ.:)

Unknown said...

സകലമാന പത്രാധഃപത അവര്‍കള്‍മാര്‍ക്കും,

ഞങ്ങള്‍ പൊതുജനം കഴുതകളയാതിനാല്‍, തുടര്‍ന്നും ഇതുപോലുള്ള ചൂടന്‍വാര്‍ത്തകള്‍ നല്‍കി അടിയങ്ങളെ അടിമുടി കോരിത്തരിപ്പിക്കണം എന്ന അപേക്ഷയോടെ ‍നന്ദിപൂര്‍വ്വം താഴ്മയായി ക്ഷമിച്ചിരിക്കുന്നു.

മൂര്‍ത്തീടെ ക്ഷമാപണത്തിന്റെ എഡിറ്റിംഗ് കൊള്ളാം.

വായിച്ച അതേ ശ്വാസത്തില്‍ത്തന്നെ ഞാന്‍ മറന്ന‍ ഒരു വാര്‍ത്തയാണതു്. പത്രധര്‍മ്മം പോലും‍!

വയനാടന്‍ said...

ചൊവ്വാ ദോഷം, അല്ലതെന്താ പറയുക!!!!

വെള്ളെഴുത്ത് said...

ഇങ്ങനെ വാക്യങ്ങളുണ്ടാക്കാന്‍ കഴിയുന്നത് ഭാഷയുടെ സൃഷ്ടിപരതകൊണ്ടാണെന്നു പറഞ്ഞപ്പോള്‍ ഞാനത്ര വിശ്വസിച്ചില്ല. ഇതിപ്പോള്‍ രണ്ടു തരത്തില്‍ മാതൃകയാണ് ഭാഷാപരമായും ആക്ഷേപഹാസ്യം എന്ന നിലയ്ക്ക് വ്യവഹാരരൂപപരമായും. സോ കോപ്പിചെയ്ത് ഞാനെടുക്കുന്നു.

ഡാലി said...

മൂര്‍ത്തി മാഷേ, വാചക കസര്‍ത്ത് അക്രമം! രസിച്ചു.:).ഇത്രേം കഷ്ടപ്പാടില്ല നാസാ ഇമേജ് സൂം ചെയ്ത് ചൊവ്വാക്കാരിയെ സൃഷ്ടിക്കാന്‍.

Anonymous said...

കൊട്ടെന്നുവച്ചാല്‍ ഇതാണ് കൊട്ട്.... തകര്‍ത്തുമാഷേ..

(ഓഫ്. നമ്മുടെമാത്രം ദുരവസ്ഥ ആണെന്ന് വിചാരിക്കണ്ട. ഞാന്‍ യൂറോപ്പില്‍ ആണ്. ഇവിടുത്തെ മീഡിയ ഇതിലപ്പുറമായിരുന്നു )

ദിലീപ് വിശ്വനാഥ് said...

ഹഹഹ..
ഇതാണ് ന്യൂസ് നെറ്റ്വര്‍ക്ക്.

Santhosh said...

ഹ ഹ ഹ... ഉരുളട്ടങ്ങനെ ഉരുളട്ടെ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ ആ ബ്രാക്കറ്റില്‍ എഴുതീതു കണ്ടിട്ടാ ചിരിക്കുന്നെ...

ഓരോരോ പത്രധര്‍മ്മങ്ങള്‍

സന്തോഷ്‌ കോറോത്ത് said...

ഞാന്‍ വിചാരിച്ചു ഇനി മലയാള മനോരമ ഈ പെണ്ണിന്‌ പണ്ടു കേരളത്തില്‍ വേരുകള്‍ ഉണ്ടായിരുന്നെന്ന് കണ്ടു പിടിക്കും എന്ന് ....!!!

Sethunath UN said...

കലക്കി മാഷേ :)
ഓ ടോ : പെണ്ണിട്ടിരുന്നത് ചുരീദാറായിരുന്നു.

ഏറനാടന്‍ said...

ചൊവ്വയില്‍ ജീവന്‍ ഹോമിക്കാന്‍ ഒരു മുഴം സാരിയും ഒരു ഡപ്പി വിഷവുമായി എത്തിയ ഏതോ പീഡനക്കേസിലെ ഒരു പൈങ്കിളിവായനക്കാരി ആയിരുന്നു ആ പെണ്ണ് എന്ന് ഒരു ക്രൈം വാരിക (ഫയറ് അല്ല) സമര്‍‌ത്ഥിക്കുന്നു!

കാട്ടുപൂച്ച said...

ഏതായാലും ആ സ്തീ നഗ്നയായതിനാൽ ഫാഷൻ ടിവിയുടെ ഫോട്ടോ സെഷൻ ആയിരിക്കാമെന്ന് ftv.com അറീയിച്ചീട്ടുണ്ട്

un said...

ഹ!ഹ!
കാളപെറ്റെന്ന് കേട്ട് കയറെടുത്താല്‍ ഇങ്ങനെയിരിക്കും! ഉരുളുകയെങ്കിലും ചെയ്യുന്നത് ഭാഗ്യം.പലപ്പോഴും ഇത്തരം ബ്ലണ്ടറുകള്‍ ഉരുളവിഴുങ്ങുന്നതുപോലെ വിഴുങ്ങിക്കളയാറല്ലേ പതിവ്!

Umesh::ഉമേഷ് said...

മൂര്‍ത്തിയുടെ ഈ പോസ്റ്റ് എന്റെ ഈ അമ്പതുവാക്കൊറ്റവരിക്കഥ കട്ടെടുത്തതാണെന്നു ഞാന്‍ ആരോപിക്കുന്നു.

(ഞാന്‍ അതു മനോരമയുടെ പഴയ ഒരു ഫലിതബിന്ദുവില്‍ നിന്നു കട്ടതല്ല)

:)

Umesh::ഉമേഷ് said...

എന്റെ കഥയുടെ ലിങ്കിടാന്‍ മറന്നു പോയി. ഇതാ ഇവിടെ.

ഏ.ആര്‍. നജീം said...

ആ സംഭവമല്ല ഇവിടെ എഴുതിയ ആ ശൈലി സൂപ്പര്‍ എന്ന് പറയാതെ വയ്യട്ടൊ...!

Suraj said...

ചെളിയിലൊന്നു വീണുരുണ്ടിട്ട് കാലമെത്രയായി അല്ലേ....ഹ ഹ ഹ!

ആ ‘ചൊവ്വപ്പെണ്ണ്’ പാറയാണെന്ന് മാതൃഭൂമി തിരുത്തലിട്ടത് ഒരു തറ കാര്‍ട്ടൂണിലെ വാചകം വഴി..!

D.Sudheeran said...

വയ്യാഗ്ര എന്ന ഉത്തേജക ഗുളികയ്ക്ക്, ആ പേരിട്ടത് മലയാളിയാണെന്ന് ആശാന്മാര്ക്ക് ആര്ക്കെങ്കിലുമറിയാമോ ? എന്നാല്‍ സത്യമതാണ്‍. വയ്യ .. വയ്യേ വയ്യ .. അല്പവും വയ്യ .. പക്ഷെ ആഗ്രഹമുണ്ട്. അങ്ങിനെ വയ്യ പക്ഷെ ആഗ്രഹമുള്ളവര്‍ക്കുള്ളതാണ്‍ വയ്യാഗ്ര !

Rajeeve Chelanat said...

ഒരു വഴിയേയുള്ളു മൂര്‍ത്തി. സത്യമെന്ന് പത്രങ്ങള്‍ പറയുന്നവയെ വിശ്വസിക്കാതിരിക്കുക. കള്ളമെന്ന് അവര്‍ എഴുതിതള്ളുന്നതിനെ വിശ്വസിക്കുകയും ചെയ്യുക. അപ്പോള്‍ ഒരുപക്ഷേ സത്യത്തിന്റെ ഏകദേശം അടുത്തെത്താന്‍ സാധിച്ചു എന്നു വരാം.