Monday, September 15, 2008

ചിയേഴ്സ്! കേരളമേ..

പ്രിയരേ,

ഓണമൊക്കെ നല്ല രീതിയില്‍ ആഘോഷിച്ച് ജോലിസ്ഥലത്തേക്കും മറ്റും തിരിക്കുന്ന ഈ സമയത്ത് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കര്‍പ്പിക്കുന്നത് അല്പം കടന്ന കൈയാണെന്നറിയാം. എങ്കിലും ആവശ്യക്കാരന് ഔചിത്യ ബോധത്തിന്റെ ആവശ്യമില്ല എന്ന പഴമൊഴിയുടെ പച്ചക്ക് ഞാന്‍ എന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കുകയാണ്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും നിങ്ങള്‍ പതിവു തെറ്റിച്ചില്ല എന്നത് എന്നെ സംബന്ധിച്ചേടത്തോളം തികച്ചും ചാരിതാര്‍ത്ഥ്യജനകമാണ്. വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും വില്പനയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ പോകുന്നതില്‍ എനിക്കുള്ള സന്തോഷം ആദ്യമേ രേഖപ്പെടുത്തട്ടെ. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും തന്നെയാണ് എന്നും ഞങ്ങളുടെ ശക്തി. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയുള്ള ഈ സഹകരണം ദുര്‍ബലപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകളുടെ കൂട്ടായ്മയും മറ്റും ഉണ്ടായി വരുന്നുണ്ടെങ്കിലും അതിനെയെല്ലാം ഡൈല്യൂട്ട് ചെയ്ത് മുന്നേറുന്ന നിങ്ങള്‍ മറ്റെല്ലാ മേഖലകളിലെയും ജനങ്ങള്‍ക്ക് ഉത്തമ മാതൃകയാണ്. വലിപ്പ-ചെറുപ്പ വ്യത്യാസം (small-large difference) എന്നത് നിങ്ങള്‍ക്കിടയില്‍ ഇല്ല എന്നത് തന്നെയാണ് നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. ടിപ്പു സുല്‍ത്താന്റെയും പഴശ്ശിയുടെയും ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ മണ്ണില്‍ ഓണദിനങ്ങളില്‍ നിങ്ങള്‍ അവര്‍ക്കായി അര്‍പ്പിച്ച ‘അര്‍ച്ചന‘ അവരുടെ ആത്മാക്കളെ സന്തോഷിപ്പിക്കുന്നുണ്ടാകണം.

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ നിങ്ങള്‍ നല്‍കുന്ന സഹായം വിലമതിക്കാനാവാത്തതാണ്. അന്യഥാ നിന്നു പോകുമായിരുന്ന പല ക്ഷേമ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നത് നിങ്ങളുടെ സഹായം കൊണ്ട് മാത്രമാണെന്ന് ഒരു പക്ഷെ നിങ്ങള്‍ അറിയുന്നുണ്ടാവില്ല. 1984-85 വര്‍ഷം വെറും 25.63 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയ ഞങ്ങള്‍ 2005-06 വര്‍ഷത്തില്‍ നല്‍കിയത് 2055.71 കോടി രൂപയാണെന്ന് പറയുമ്പോള്‍ നിങ്ങളുടെ സംഭാവനയുടെ മഹത്വവും വലിപ്പവും നിങ്ങള്‍ക്ക് പിടികിട്ടും.സ്വകാര്യസംരംഭങ്ങളിലൂടെ നിങ്ങള്‍ സംഭാവന നല്‍കുന്ന തുക കൂടി കണക്കിലെടുത്താല്‍ നിങ്ങളെ പൂവിട്ട് പൂജിക്കാതെ തരമില്ല എന്നു വരും. അതുപോലെ തന്നെ 1984-85ല്‍ വെറും 55.46 കോടി രൂപയുടെ വില്പന മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ(നിങ്ങളുടെയും) സ്ഥാപനത്തെ 2005-06 വര്‍ഷത്തില്‍ 2635.90 കോടി രൂപയുടെ വില്പനയുള്ള വമ്പന്‍ ആക്കിയതും നിങ്ങള്‍ തന്നെ. വാങ്ങല്‍ വിലയുടെ കൂടെ ഡ്യൂട്ടി, 36% വെയര്‍ഹൌസ് മാര്‍ജിന്‍, 20% ഷോപ്പ് മാര്‍ജിന്‍, ലേബലിങ്ങ് ചാര്‍ജ് ആയി 11 രൂപ, 90% സെയിത്സ് ടാക്സ്, 1% സെസ് എന്നിവ യാതൊരു മടിയും കൂടാതെ നല്‍കി രാഷ്ട്ര പുനര്‍ നിര്‍മ്മാണപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക?

ലഭ്യമായ കണക്കനുസരിച്ച് ഞങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിനുമായി ഈ ഓണം വാരാഘോഷത്തിന്റെ ഭാഗമായി വെറും ഒരാഴ്ച കൊണ്ട് 135 കോടി രൂപയുടെ വില്പന ഉണ്ടാക്കിത്തന്നിരിക്കുകയാണ്. ഞങ്ങളുടെ വില്പനക്കണക്കില്‍ ചാലക്കുടിയും കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കില്‍ കുന്നംകുളവുമാണ് ഇത്തവണ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. വരുന്ന ആഘോഷദിനങ്ങളില്‍ ചാലക്കുടിയെയും കുന്നംകുളത്തെയും തറപറ്റിച്ച് ഒന്നാം സ്ഥാനം നേടുക എന്നത് ഒരു വാശിയായി എല്ലാവരും ഉള്‍ക്കൊള്ളണമെന്നും അതിന്റെ സ്പിരിറ്റ് കണക്കുകളില്‍ പ്രതിഫലിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മൊബൈല്‍ ഔട്ട്‌ലെറ്റുകള്‍, ഹോം ഡെലിവറി സര്‍വീസ്, ഓട്ടോമാറ്റിക് വെന്‍ഡിങ്ങ് മെഷീന്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ പുത്തന്‍ സേവനങ്ങളുമായി ഞങ്ങള്‍ കൂടുതല്‍ നല്ല രീതിയില്‍ നിങ്ങളെ സേവിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു.

ഈയവസരത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളോട് ചില കാര്യങ്ങള്‍ കൂടി പറയേണ്ടത് എന്റെ ധാര്‍മ്മിക ബാദ്ധ്യതയാണെന്ന് ഞാന്‍ കരുതുന്നു.

കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ റമ്മും വടക്കന്‍ ജില്ലകളില്‍ ബ്രാന്‍ഡിയും ആധിപത്യം തുടരുന്ന കാഴ്ച തന്നെയാണ് ഇത്തവണയും കാണാന്‍ കഴിഞ്ഞത്. വിവരസാങ്കേതികവിദ്യാരംഗത്തുള്ള മുന്നേറ്റം ബിയറിന്റെ രംഗത്തും മുന്നേറുവാന്‍ മലയാളികളെ സഹായിക്കുന്നു എന്നതും ബിയറിന്റെ വില്പനയും വര്‍ദ്ധിക്കുന്നു എന്നതും സന്തോഷപൂര്‍വം അറിയിക്കട്ടെ. എങ്കിലും ഈ സന്തോഷത്തിനിടയിലും അല്പം ദുഃഖകരമായി തോന്നുന്ന ഒരു സംഗതി കൂടി അറിയിക്കേണ്ടതുണ്ട്. വിസ്കി എന്ന പാവത്തിനു തെക്കുവടക്കു ഭേദമില്ലാതെ കേരളത്തില്‍ അവഗണനയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വരും ദിനങ്ങളില്‍ ഈ ദുരവസ്ഥക്കെതിരെ യോജിച്ച ഒരു പരിശ്രമം നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും എല്ലാവരെയും, എല്ലാറ്റിനെയും ഒന്നു പോലെ കാണുന്ന മാനസികാവസ്ഥയിലേക്ക് നിങ്ങള്‍ ഉയരണമെന്നും എനിക്കാഗ്രഹമുണ്ട്.

മദ്യപാനികള്‍ എന്ന് ആരെങ്കിലും നിങ്ങളെ അധിക്ഷേപിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു മുന്നില്‍ ഞാന്‍ മുകളില്‍ അവതരിപ്പിച്ച കണക്കുകള്‍ അഭിമാനപുരസ്സരം ചൂണ്ടിക്കാട്ടുമെന്നും, അവരുടെ കണ്ണു തുറപ്പിക്കുമെന്നും, അവരെക്കൂടി ഈ മുന്നേറ്റത്തില്‍ പങ്കാളികളാക്കാനുള്ള ചുമതല ഒരു സാമൂഹ്യ ബാദ്ധ്യത എന്ന നിലയില്‍ നിങ്ങള്‍ ഏറ്റെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം‘, ‘വൈകീട്ടെന്താ പരിപാടി‘ എന്നീ ചോദ്യങ്ങള്‍ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കും എന്ന പ്രതീക്ഷയോടെ,

പട്ട, അമ്മിണി, ഉയര്‍ത്തെഴുന്നേല്‍പ്പ്, ഗോതു, മൂലവെട്ടി തുടങ്ങിയ അപരനാമങ്ങളില്‍ അറിയപ്പെടുന്ന അംഗീകാരമില്ലാത്ത ബ്രാന്‍ഡുകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്ന് സ്നേഹബുദ്ധ്യാ ഉപദേശിച്ചുകൊണ്ടും, മാഹി മാഫിയായുടെ വലയില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടും...

വിശ്വസ്തതയോടെ,

(ഒപ്പ്)
മാനേജിംഗ് ഡയറക്ടര്‍
കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(M&M)
ചിയേഴ്സ് ഭവന്‍,
തിരുവനന്തപുരം, കേരളം

കോപ്പി:

എല്ലാ മധുപാനചക്രവര്‍ത്തിമാര്‍ക്കും

17 comments:

മൂര്‍ത്തി said...

ഒന്നുമില്ല. ചിയേഴ്സ്...

ഷാനവാസ്‌ ഇലിപ്പക്കുളം said...

Very Good,Cheers! :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അത്രെന്നെ,, ചിയേഴ്സ്

siva // ശിവ said...

ഞാനും പറയട്ടെ ചിയേഴ്സ്...ഹ ഹ..

ശ്രീവല്ലഭന്‍. said...

ചിയേഴ്സ്...

നല്ല 'ആഴേപ' ഹാസ്യം. തുടരുക, തുടരണം :-)

അനോണിമാഷ് said...

കാര്‍ഡൊന്നിന്ന് അഞ്ചു ലിറ്റര്‍ ചാരായം അടുത്ത ഓണത്തിനെങ്കിലും നടപ്പില്‍ വരുമോ ആവോ?

കുറുമാന്‍ said...

സര്‍,

ഞങ്ങളോട് പൊറുക്കണം. ഇത്തവണ ഓണത്തിനു നാട്ടില്‍ വരാന്‍ പ്രവാസികളായ ഞങ്ങള്‍ക്ക് പലര്‍ക്കും പറ്റിയില്ല. ആയതിനാ‍ല്‍ തന്നെ വിറ്റുവരവില്‍ ഗണ്യമായ കുറവ് കണ്ടതില്‍ ഖേദിക്കുന്നു.

ഞങ്ങള്‍ പ്രവാസികളെ സര്‍ക്കാരിന് തീരെ താത്പര്യമില്ലെങ്കിലും ഓരോ വരവിലും വരുമ്പോള്‍ നടത്തേണ്ടി വരുന്ന (കടം കേറി), അല്ലെങ്കില്‍ കൂടേണ്ടി വരുന്ന വീടു താമസം, കല്യാണം, പതിനാറടിയന്തിരം, ചോറൂണ്, പിറന്നാള്‍, പെരുന്നാള്‍, ഓണം, വിഷു, സംക്രാന്തി, കൃസ്തുമസ്സ് തുടങ്ങിയ ചടങ്ങുകള്‍ക്കും, ആഘോഷങ്ങള്‍ക്കുമാ‍യി നല്ലൊരുപങ്ക് ഞങ്ങള്‍ ബിവറേജസിന്നു നല്‍കിപോരാറുണ്ട്. ഇതാ കാലാകാലങ്ങളായി മുറതെറ്റാതെ ചെയ്തുപോരുന്ന ഒരു ചടങ്ങായും മാറിയിരിക്കുന്നു.

പ്രവാസികള്‍ ലീവെടുത്തും, ലീവ് കിട്ടാത്തവര്‍ പണികളഞ്ഞും വന്നിരുന്നുവെങ്കില്‍ ഈ ഓണക്കാ‍ലത്തെ വിറ്റുവരവ് ഒരു 350 കോടിയെങ്കിലും കടത്തിതരാന്‍ കഴിയുമായിരുന്നു. അങ്ങിനെ സര്‍ക്കാരിനു നഷ്ടം വരൂത്തിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.

ഈ ദുഖത്തിനു രണ്ടെണ്ണം അടിക്കട്ടെ സര്‍ (അതും ഇന്ത്യയില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്ത മാള്‍ട്ട് വിസ്കിയാണ് സര്‍ - ആ നിലക്കും ഞങ്ങള്‍ രാ‍ജ്യത്തിന്റെ വരുമാനം ഗണ്യമാ‍ായി വര്‍ദ്ധിപ്പിക്കുന്നതിനാ‍യി പര്രിശ്രമിക്കുന്നുണ്ട് സര്‍. കേട്ടിട്ടേല്ലേ സര്‍ ആ പഴചൊല്ല് - പ്രവാസിക്കും തന്നാലായത്)

ചീയേഴ്സ്

krish | കൃഷ് said...

സാര്‍, താങ്കളുടെ കടകള്‍ അടഞ്ഞിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ആശ്വാസം നല്‍കുന്ന, മണവാട്ടി, സുധാകരന്‍, പുല്ലുപറിയന്‍, ഇത്യാദി നാടന്‍ ബ്രാന്റുകളെക്കുറിച്ച്‌ പറയാതിരുന്നത്‌ ശരിയായില്ല.

പിന്നെ, താങ്കളുടെ കടയിലെ ക്യൂവിന്റെ നീളക്കൂടുതല്‍ കാരണം പലപ്പോഴും എക്സ്റ്റ്രാ കൊടുത്ത്‌ വാങ്ങിക്കേണ്ട അവസ്ഥ മാറ്റി കൂടുതല്‍ കൗണ്ടറുകള്‍ അനുവദിക്കയും, നാടിന്റെ ക്ഷേമത്തിനായി പുതിയ കടകള്‍ തുറക്കുകയും അത്യാവശ്യമായി ചെയ്യേണ്ടതുണ്ട്‌. ഇത്‌ ഗാന്ധി ജയന്തി ദിനത്തില്‍ തന്നെ നടത്തി തരണമെന്ന് അടിച്ച്‌ പാമ്പായപോലെ വീണ്‌ ഇഴഞ്ഞ്‌ അപേക്ഷിക്കുന്നു.

ചുരുക്കത്തില്‍, "വ്യത്യസ്തനാം കുടിയന്മാരെ സത്യത്തില്‍ സര്‍ക്കാര്‍ ഗൗനിക്കുന്നില്ലാ..."

:)

Unknown said...

മലയാളിയുടെ main activities എണ്ണാന്‍ രണ്ടു് വിരല്‍ ധാരാളം!

ആണുങ്ങള്‍: കുടി, വെടി.
പെണ്ണുങ്ങള്‍: പിള്ള, പള്ളി.

ഫട്ട, ഫെട്ട! ഫോനാല്‍ ഫോകട്ടും ഫോടാ!!

നീങ്ക നല്ലവന്‍ താന്‍ മാഷേ! നീങ്ക താന്‍ നല്ലവന്‍!
ചങ്കു് കലങ്ങീട്ടാ മാഷേ! സഹിക്കാന്‍ പറ്റണില്യ. മാഷിനറിയാ‌വോ? ദേ, ഈ ഒന്നോടെയേ ഒള്ളൂ! അതോടെ നിര്‍ത്തി! സത്യം! PROST! CHEERS! (എക്കിള്‍!)

(നിയമപരമായ മുന്നറിയിപ്പു്: എല്ലാ മലയാളികളും ഈ വിഭാഗത്തില്‍ പെടുന്നവരല്ല.)

അനില്‍@ബ്ലോഗ് // anil said...

പട്ട, അമ്മിണി, ഉയര്‍ത്തെഴുന്നേല്‍പ്പ്, ഗോതു, മൂലവെട്ടി തുടങ്ങിയ അപരനാമങ്ങളില്‍ അറിയപ്പെടുന്ന അംഗീകാരമില്ലാത്ത ബ്രാന്‍ഡുകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്ന് സ്നേഹബുദ്ധ്യാ ഉപദേശിച്ചുകൊണ്ടും

ദേശസ്നേഹമില്ലാത്തെ പിന്തിരിപ്പന്മാരെ ഒറ്റപ്പെടുത്തുക.

പട്ടയടിച്ചു നടന്ന ആ സുന്ദരകാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കി ഒരു ചിയെഴ്സ്.

Ajith Pantheeradi said...

ഓണക്കാലത്തെ അരിക്കച്ചവടം ( റേഷന്‍ കട, മാവേലി, സപ്പ്ലൈകോ, പൊതു വിപണി എല്ലാമടക്കം ) ഏകദേശം 100 കോടിയാണെന്നാണ് കണക്ക്......

യാരിദ്‌|~|Yarid said...

ചിയേഴ്സ്. ഓണത്തിന്‍ 2 കിംഗ് ഫിഷര്‍ സ്ടോങ് ബീര്‍, 4 റോയല്‍ ചലഞ്ച് ബീര്‍ എന്നിവ വാങ്ങിക്കുടിച്ച് ഞാനും എന്റെ വക സര്‍ക്കാരിലേക്കു മുതല്‍ക്കൂടീയിട്ടുണ്ട്...;)

Harold said...

ശ്രീ വല്ലഭന്‍ പറഞ്ഞതിന്റെ താഴെ ഒഴു ഒപ്പ്..
ചിയേഴ്സ്...

നല്ല 'ആഴേപ' ഹാസ്യം. തുഴ..രുക, തുഴ..രണം :-)

അരവിന്ദ് നീലേശ്വരം said...

വെള്ഴമടിച്ചതു കൊണ്ട് പഴയുകയല്ല മൂഴ്ത്തി ചേട്ടാ... നമ്മഴ് കുടിക്കും ബ്രാന്‍ഡെല്ലാം നമ്മുഴേതാകും ഫൈങ്കിളിയേ....
ചിയേഴ്സ്

Joseph Antony said...

ഒരു കാര്യം കത്തില്‍ വിട്ടുപോയി. കേരളത്തില്‍ എവിടെയാണ്‌ ബിവറേജ്‌ കടയ്‌ക്കുമുമ്പില്‍ ഏറ്റവും വലിയ ക്യൂ പ്രത്യക്ഷപ്പെടാറ്‌ എന്ന കാര്യം. നല്ലൊരു സോഷ്യോപൊളിറ്റിക്കല്‍ പഠനത്തിനുള്ള സൂചനയാകും അത്‌. ഏറ്റവും അന്തസുള്ള കുടിയന്‍മാരുടെ നാട്ടിലായിരിക്കും ഏറ്റവും വലിയ ക്യൂ എന്നതില്‍ സംശയമേ വേണ്ട. 'കുടിക്കും, പക്ഷേ ക്യു നില്‍ക്കില്ല' എന്ന മനോഭാവമുള്ളവര്‍ക്ക്‌ അന്തസുണ്ടെന്ന്‌ പറയാനാകില്ലല്ലോ. മാനേജിങ്‌ ഡയറക്ടര്‍ അടുത്ത കത്തില്‍ ഇക്കാര്യം കൂടി വെളിപ്പെടുത്താന്‍ ഒരു കുടിയന്റെ അപേക്ഷ.

Appu Adyakshari said...

മൂര്‍ത്തിമാഷേ, വായിക്കാന്‍ വൈകിയതല്ല, കമന്റാന്‍ വൈകിയതാണേ.. “-)

Nilkane oru swakaryam parayanundu said...

Alla pinne,malayaliayude paryaaya padamalle madyapani, Very nice to read.

Radhika