Saturday, August 1, 2009

ചോര്‍ത്തിക്കിട്ടിയ രഹസ്യ സര്‍ക്കുലര്‍

സഖാക്കളെ,

ഇടതുപക്ഷ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സംസ്ഥാന തല പഠന ക്യാമ്പ് കുന്നംകുളത്ത് വെച്ച് 2009 ആഗസ്റ്റ് 1,2 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം അറിഞ്ഞുകാണുമല്ലോ. സര്‍വാദരണീയരായ സഖാക്കള്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ആസാദ്, ചന്ദ്രശേഖരന്‍, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ക്ക് പുറമെ മാധ്യമരംഗത്തെ പ്രമുഖരായ വ്യക്തികളും ക്യാമ്പില്‍ ക്ലാസെടുക്കുന്നതും അണികളെ ബോധവല്‍ക്കരിക്കുന്നതുമാണ്.

വടകര, ഷൊറണ്ണൂര്‍, തളിക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം നിലവിലുള്ള ഒന്നാണ് ഏകോപനസമിതി എന്ന് ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ള പാര്‍ട്ടിയുടെ വക്താക്കള്‍ നമുക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്കും അറിയാമല്ലോ. അങ്ങിനെ അല്ലെന്നും കേരളത്തിലെ ഓരോ ജില്ലയിലും ഒരാള്‍ വീതമെങ്കിലും ഏകോപനസമിതിയുടെ പ്രവര്‍ത്തകനായി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുമുള്ള കാര്യം എല്ലാവരെയും അറിയിക്കുക എന്നത് കൂടി ഈ ക്യാമ്പിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വലതുപക്ഷമാധ്യമങ്ങള്‍ എന്ന് ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിയും കൂട്ടരും പരിഹസിക്കുന്ന മാധ്യമങ്ങളെ എങ്ങിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നമ്മുടെ കൂടെ നിര്‍ത്താം എന്നതിനെപ്പറ്റി ആലോചിക്കുക എന്നതും ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്.

മാധ്യമങ്ങളില്‍ എങ്ങിനെ സ്ഥിരമായി പ്രത്യക്ഷപ്പെടാം, എങ്ങിനെ എല്ലാ ചാനലുകളുടെയും കണ്ണിലുണ്ണിയായി മാറാം എന്നതിനെപ്പറ്റി സഖാവ് നീലകണ്ഠന്‍ അവതരിപ്പിക്കുന്ന മള്‍ട്ടിമീഡിയാ പ്രബന്ധമായിരിക്കും ഈ പഠനക്യാമ്പിന്റെ ഹൈലൈറ്റ്. നമ്മുടെ ആശയപ്രചരണത്തിന് മാധ്യമങ്ങളിലൂടെയുള്ള പ്രകടനം ഏറ്റവും അത്യന്താപേക്ഷിതമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ കണ്ണിലുണ്ണികള്‍ നമ്മുടെ പക്ഷത്തുണ്ടായിരിക്കേണ്ടത് പ്രത്യയശാസ്ത്രപരവും പ്രായോഗികവും ആയ ഒരു രാഷ്ട്രീയസമീപനം എന്ന നിലക്ക് സമിതിയുടെ മുന്നോട്ടുള്ള പോക്കില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന കാര്യമാണ്. സ്വന്തമായൊരു രാഷ്ട്രീയ നിലപാടിരിക്കെ തന്നെ, വാക്കിലും നോക്കിലും ഊന്നലിലും ഒക്കെ എങ്ങനെ നിഷ്പക്ഷനായി ചാനലുകളില്‍ പ്രത്യക്ഷപ്പെടാം എന്ന് തന്റെ ഇത്രയും കാലത്തെ ചാനല്‍ ജീവിതത്തിന്റെ അനുഭവങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സഖാവ് നീലകണ്ഠന്‍ വിശദീകരിക്കുന്നതായിരിക്കും. വിവരസാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചു വരുന്ന ഒരു അന്തരാളഘട്ടത്തില്‍ ‘വിവരസാങ്കേതികത്വം’ നിറഞ്ഞ ഒരു പറ്റം സഖാക്കളെ നമുക്ക് ആവശ്യമുള്ളതുമാണല്ലോ.

ഔദ്യോഗിക ഇടതുപക്ഷത്തിനെതിരെ സാമ്രാജ്യത്വം സി.ഐ.എ പോലുള്ള സംഘടനകളെ ഉപയോഗിച്ച് നടത്തുന്ന അട്ടിമറി ശ്രമങ്ങളെക്കുറിച്ച് പുറമേയ്ക്ക് നാം അജ്ഞത നടിക്കുന്നുണ്ടെങ്കിലും അതില്‍ വാസ്തവമുണ്ടെന്ന കാര്യം നമുക്കറിയാവുന്നതാണ്. എങ്കിലും സി.ഐ.എ അവര്‍ക്കിടയില്‍ തന്നെ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന പ്രചരണം നമ്മുടെ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ വലിയൊരളവു വരെ മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. നമുക്ക് നേരെ വന്നേക്കാവുന്ന, ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരിക്കുന്ന സി.ഐ.എ ബന്ധത്തിനു ഒരു മറുപടി എന്ന നിലയ്ക്കും ഇക്കാര്യം പ്രസക്തമാണ്. സി.ഐ.എ വിഷയത്തില്‍ വിദഗ്ദനായ സഖാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് പഠനാര്‍ഹമായ പ്രബന്ധം ക്യാമ്പില്‍ അവതരിപ്പിക്കുന്നതായിരിക്കും. ഇതിനനുബന്ധമായി പ്രൊഫസര്‍ സുധീഷ് ‘കാറ്റും വെളിച്ചവും കടത്തിവിടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പഠിക്കേണ്ട പാഠം‘ എന്ന പ്രബന്ധവും അവതരിപ്പിക്കും.

മാധ്യമങ്ങളും സി.ഐ.എയും കഴിഞ്ഞാല്‍ നമുക്കേറ്റവും പ്രധാനമായത് ‘രക്ഷക‘ പ്രവര്‍ത്തനങ്ങളാണ്. അകത്തിരിക്കെ തന്നെ പുറത്തായ രീതിയില്‍ പ്രവര്‍ത്തിക്കുകയും പുറത്താവുമ്പോള്‍ അകത്തുള്ളവന്റെ മട്ടില്‍ പെരുമാറുകയും ചെയ്യുക എന്നത് “രക്ഷക” രാഷ്ടീയത്തില്‍ ഒശിച്ചുകൂടാനാകാത്ത ഒരു അടവുനയം ആണ്. സേവ് ഫോറം പ്രവര്‍ത്തനം എന്ന് ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടി പരിഹസിക്കുന്ന ഈ നയം നടപ്പിലാക്കുന്നതില്‍ കൃതഹസ്തനായ അപ്പുക്കുട്ടനെ തന്നെ ക്ലാസെടുക്കുന്നതിനായി നമുക്ക് ലഭിച്ചിട്ടുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. വരും കാലത്തെ രക്ഷകവേഷങ്ങള്‍ കെട്ടിയാടാനിരിക്കുന്ന റോളുകളെപ്പറ്റിയും, അവര്‍ക്കേറ്റെടുക്കേണ്ടി വന്നേക്കാവുന്ന ദൌത്യങ്ങളെപ്പറ്റിയും നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണികളെപ്പറ്റിയും നല്ലൊരു ഉള്‍ക്കാഴ്ച ലഭിക്കുന്നതിന് സഖാവിന്റെ ക്ലാസ് സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.

മറ്റു തിരക്കുകള്‍ ഇല്ലായെങ്കില്‍ 'കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടതിന്റെ ആവശ്യകത'യെപ്പറ്റി ക്ലാസെടുത്തു തരാമെന്ന് സഖാവ് കെ വേണു സമ്മതിച്ചിട്ടുണ്ട്. ജനാധിപത്യം കൂടിപ്പോയി എന്നു പറയുന്ന നമ്മളും ജനാധിപത്യം പോരാ എന്ന വീക്ഷണം പുലര്‍ത്തുന്ന കെ. വേണുവും രണ്ടു ചിന്താഗതിക്കാരാണെങ്കിലും ഒറ്റ ലക്ഷ്യത്തിനു വേണ്ടി പോരാടുന്നവരാണല്ലോ. മാത്രമല്ല, രാഷ്ട്രീയ സാഹചര്യങ്ങളില്‍ വരുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ച് ‘ജനാധിപത്യം കൂടിപ്പോയി’, ‘ജനാധിപത്യം പോരാ’ എന്നീ രണ്ട് നിലപാടുകളില്‍ ഏതാണ് ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള പോരാട്ടത്തില്‍ നാളെ കൂടുതല്‍ ഉപയോഗപ്പെടുക എന്ന് ഇന്ന് തീര്‍ത്തു പറയാനാവില്ല. ആ നിലയ്ക്ക് പരസ്പരവിരുദ്ധമായ നിലപാടുകളെ മൂര്‍ത്ത സാഹ്യചര്യങ്ങള്‍ക്കനുസരിച്ച് സ്വീകരിക്കുന്നതിനു അണികളെ സജ്ജരാക്കുന്നതിനു ആശയ തലത്തിലെ ഈ പ്രായോഗിക സമീപനം പ്രയോജനപ്പെടും.

മാധ്യമ ലോകത്തു നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന സഹായങ്ങളെക്കുറിച്ചും, അതിനു നാം നല്‍കേണ്ട വിലയെക്കുറിച്ചും ക്ലാസെടുക്കുന്നതിനായി മാധ്യമങ്ങളിലെ വിദഗ്ദര്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അവരുടെ ക്ലാസുകളും ക്യാമ്പിനൊരു മുതല്‍കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായ ഒരു ഉദ്ധരിണിയില്‍ നിന്നും അവര്‍ക്കെതിരായ ‘സ്റ്റോറി’ മെനഞ്ഞെടുക്കുന്നതിന്റെ രസതന്ത്രം മാധ്യമവിദഗ്ദര്‍ ക്യാമ്പില്‍ അവതരിപ്പിക്കുന്നതായിരിക്കും.

പഠന ക്യാമ്പിന്റെ അവസാനത്തില്‍, ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും “സഖാക്കളെ” ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഖാക്കളായി വേഷം കെട്ടിച്ച്, “ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ നിന്നുമുള്ള കലാപങ്ങള്‍‍“ ഉണ്ടാക്കുന്നതിന്റെ സാങ്കേതികവശങ്ങളെപ്പറ്റി സംസാരിക്കുന്നതിനും, ലൈവ് ഡെമോണ്‍സ്റ്റ്രേഷന്‍ നടത്തുന്നതിനും അമ്പലപ്പുഴയില്‍ നിന്നുമുള്ള കലാകാരന്മാരുടെ സംഘവും ക്യാമ്പിലെത്തുന്നതാണ്. ഓരോ ജില്ലയിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഇത്തരം കലാപരിപാടി നടത്തത്തക്കവിധത്തില്‍ സര്‍വ സജ്ജരായ കലാകാരന്മാരുടെ ഒരു കൂട്ടത്തെ ഒരുക്കിയെടുക്കുക എന്ന നമ്മുടെ ലക്ഷ്യത്തിന്റെ ആദ്യപടിയായിരിക്കും ക്യാമ്പിനോടനുബന്ധിച്ചു നടക്കുന്ന ഈ പരിശീലന പരിപാടി.

ക്യാമ്പിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിലെയും ബിജെപിയിലെയും മറ്റു പാര്‍ട്ടികളിലെയും സഖാക്കളോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഈ പഠനക്യാമ്പ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ ഏകോപന സമിതിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഓരോ സഖാവിനോടും അഭ്യര്‍ത്ഥിക്കുന്നു...

വിപ്ലവാഭിവാദനങ്ങളോടെ,

ഇ.ഏ.സ

14 comments:

മൂര്‍ത്തി said...

മാധ്യമങ്ങളില്‍ എങ്ങിനെ സ്ഥിരമായി പ്രത്യക്ഷപ്പെടാം, എങ്ങിനെ എല്ലാ ചാനലുകളുടെയും കണ്ണിലുണ്ണിയായി മാറാം എന്നതിനെപ്പറ്റി സഖാവ് നീലകണ്ഠന്‍ അവതരിപ്പിക്കുന്ന മള്‍ട്ടിമീഡിയാ പ്രബന്ധമായിരിക്കും ഈ പഠനക്യാമ്പിന്റെ ഹൈലൈറ്റ്. നമ്മുടെ ആശയപ്രചരണത്തിന് മാധ്യമങ്ങളിലൂടെയുള്ള പ്രകടനം ഏറ്റവും അത്യന്താപേക്ഷിതമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ കണ്ണിലുണ്ണികള്‍ നമ്മുടെ പക്ഷത്തുണ്ടായിരിക്കേണ്ടത് പ്രത്യയശാസ്ത്രപരവും പ്രായോഗികവും ആയ ഒരു രാഷ്ട്രീയസമീപനം എന്ന നിലക്ക് സമിതിയുടെ മുന്നോട്ടുള്ള പോക്കില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന കാര്യമാണ്. സ്വന്തമായൊരു രാഷ്ട്രീയ നിലപാടിരിക്കെ തന്നെ, വാക്കിലും നോക്കിലും ഊന്നലിലും ഒക്കെ എങ്ങനെ നിഷ്പക്ഷനായി ചാനലുകളില്‍ പ്രത്യക്ഷപ്പെടാം എന്ന് തന്റെ ഇത്രയും കാലത്തെ ചാനല്‍ ജീവിതത്തിന്റെ അനുഭവങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സഖാവ് നീലകണ്ഠന്‍ വിശദീകരിക്കുന്നതായിരിക്കും. വിവരസാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചു വരുന്ന ഒരു അന്തരാളഘട്ടത്തില്‍ ‘വിവരസാങ്കേതികത്വം’ നിറഞ്ഞ ഒരു പറ്റം സഖാക്കളെ നമുക്ക് ആവശ്യമുള്ളതുമാണല്ലോ.

ചോര്‍ത്തിക്കിട്ടിയ ഒരു രഹസ്യ സര്‍ക്കുലര്‍..കള്ളമില്ല കപടമില്ല..

Ajith Pantheeradi said...

അകത്തിരിക്കെ തന്നെ പുറത്തായ രീതിയില്‍ പ്രവര്‍ത്തിക്കുകയും പുറത്താവുമ്പോള്‍ അകത്തുള്ളവന്റെ മട്ടില്‍ പെരുമാറുകയും ചെയ്യുക എന്നത് “രക്ഷക” രാഷ്ടീയത്തില്‍ ഒശിച്ചുകൂടാനാകാത്ത ഒരു അടവുനയം ആണ്.
കലക്കി!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മൂർത്തീ...

ഇതൊരു നല്ല അടിയായിപ്പോയി....!

അരവിന്ദ് നീലേശ്വരം said...

മൂര്‍ത്തിച്ചേട്ടാ,ഇതെവിടുന്നു ചോര്‍ത്തി?
ഇതുവരെ കമന്റ്റിയ രണ്ട് പേരും ഇതിനെ പറ്റി ചോദിക്കാത്തതു കൊണ്ട് ചോദിച്ചതാ.
ഒരു കാര്യം ഒറപ്പ്, ഇതെഴുതിയത് പാര്‍ട്ടി സ്റ്റഡി ക്ലാസ്സിലൂടെ ഉയര്‍ന്നു വന്ന ഒരു (എക്സ്)സഖാവു തന്നെയാണ്. എന്താ ഒരു ഭാഷ.

ജിവി/JiVi said...

സര്‍ക്കുലറിലെ ഒരു പാര മൂര്‍ത്തി എഡിറ്റ് ചെയ്തുകളഞ്ഞോ?

സഖാവ് ഉമേഷ്ബാബുവിന്റെ കവിതാശില്പശാല!

അരവിന്ദ് നീലേശ്വരം said...

മൂര്‍ത്തിച്ചേട്ടാ, ഇതിനു മുന്‍പത്തെ പോസ്റ്റും ഇതും കൂടി വായിക്കുമ്പോഴല്ലേ കഥ മൊത്തം മനസ്സിലാകൂ

മൂര്‍ത്തി said...

ഈ ജിവിയുടെ ഒരു കാര്യം. ആ രഹസ്യം പരസ്യമാക്കിക്കളഞ്ഞല്ലോ..

അരവിന്ദേ, പിടിച്ച് ക്ലാസില്‍ ഇരുത്തണോ? അവിടെ ആളു കുറവാണെന്ന രഹസ്യവിവരം കിട്ടിയിട്ടുണ്ട്..:)

monutty said...

മൂര്‍ത്തി അടിച്ചു കലകിയല്ലോ
അഭിനന്ദനങ്ങള്‍

കിരണ്‍ തോമസ് തോമ്പില്‍ said...

നീലാകണ്ഠന്‍ ഗാന്ധിയനാണ്‌ എന്നാണല്ലോ ഈയിടെ കേട്ടത്‌

karimeen/കരിമീന്‍ said...

ക്യാമ്പില്‍ പങ്കെടുക്കുന്ന ഏതൊരു ബുദ്ധിജീവിയുടേയും ശബ്ദങ്ങള്‍ (അത് അധോവായു ആയാല്‍ പോലും )അച്ചടിക്കാമെന്നു വീരഭൂമിയും ഉറപ്പുനല്‍കിയിട്ടുണ്ട്

Anil cheleri kumaran said...

അടിപൊളി പോസ്റ്റ്.

Bijoy said...

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://gouravaltycorner.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നുപോയി. വൈകിയാണെങ്കിലും പോകുംവഴീ കയറിയതാണ്. ഇഷ്ടപ്പെട്ടു. പോണ്. ഇനിയും വരാമല്ലോ!

Unknown said...

how are you fine?