രംഗം ഒന്ന്
സ്ഥലം: ന്യൂയോര്‍ക്ക്
കുറച്ച് അമേരിക്കന്‍ ടെക്കീസ് കൊച്ചുവര്‍ത്തമാനത്തില്‍
ഒന്നാമന്: എന്താടേ അത്?
രണ്ടാമന്: നമ്മുടെ ബോബ് കുട്ടപ്പ് അയച്ചുതന്ന ചില ഫോട്ടോകള്‍.
ഒന്നാമന്: ഏതാ ഈ സ്ഥലം?
മൂന്നാമന്: ഓ..ഇത് കൊച്ചിയിലെ ഇന്റലിജന്റ് സിറ്റി ആണ്.
ഒന്നാമന്: ങ്ഹേ! ആ പഹയന് മാരുതി വാങ്ങിച്ചോ?
രണ്ടാമന്: നോക്കട്ടെ..ശരിയാ ..മാരുതി...അവന് ആള് പുലി തന്നെ. ജീവിതം ആസ്വദിക്കയല്ലേ..
മൂന്നാമന്: നിങ്ങള്‍ക്കറിയുമോ മാരുതിക്ക് 200K ആണ് വില. ഡോളറിലാവുമ്പോ..2,00,000X45=90,00,000 ഡോളര്‍
രണ്ടാമന്: ഹൊ! നമുക്കിതൊന്നും ഇവിടെ സ്വപ്നം കാണാന്‍ കൂടി കഴിയില്ല.
ഒന്നാമന്: നമുക്കെങ്ങിനെയെങ്കിലും ഇന്ത്യയിലേക്ക് കടന്ന് ഒരു ജോലി സംഘടിപ്പിക്കണം.
മൂന്നാമന്: നടക്കും കൂട്ടരെ. നമ്മുടെ കൊന്നയും ഒരുനാള്‍ പൂക്കും അളിയന്മാരെ..
രംഗം 2
സ്ഥലം: സാന്‍ ഫ്രാന്‍സിസ്കോ
കുറച്ച് ട്രെയിനിമാര്‍ സംസാരിക്കുന്നു
ഒന്നാമന്: നമ്മളെത്ര കാലമായി ഇങ്ങനെ ഒന്നു കൂടിയിട്ട്... എന്റെ ഇന്ത്യയിലേക്കുള്ള വിസ എപ്പോ വേണേല്‍ വരാം.
രണ്ടാമന്: പാര്‍ട്ടി എപ്പഴാ?
ഒന്നാമന്: സംഭവം കയ്യില്‍ കിട്ടിയാല്‍ ഉടന്‍
രണ്ടാമന്: നിനക്കവിടെ എവിടെയാ ജോലി?
ഒന്നാമന്: ലാലൂരില്‍
രണ്ടാമന്: ലാലൂര്‍...കേട്ടിട്ടുണ്ട്...എന്നാലും കറക്ടായിട്ട് എവിടെയാ?
ഒന്നാമന്: തൃശ്ശൂരിനടുത്ത്
മൂന്നാമന്: ഭാഗ്യവാന്...ഉഗ്രന്‍ ക്ലൈമറ്റല്ലേ..നമ്മുടെ കാലിഫോര്‍ണിയാ പോലെ ഒന്നും അല്ല. എന്റെ ഒരു ഫ്രണ്ട് പടിഞ്ഞാറേക്കോട്ടയിലുണ്ട്. അവന് പറയുന്നത് ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടമാണ് അതിവിടമാണ് എന്നാണ്.
രണ്ടാമന്: അതൊരു മല്ലുവുഡ് സിനിമയിലെ ഡയലോഗല്ലേ..
നാലാമന്: ആരാ നിന്റെ മൊതലാളി?
ഒന്നാമന്: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ന്ന് കേട്ടിട്ടുണ്ടോ?
രണ്ടാമന്: ഉം..എന്റെ ഒരു ഫ്രണ്ട് അവിടെ CRD(ചവര്‍ റിമൂവല്‍ ഡിപ്പാര്‍ട്ട്മെന്റ്) ല്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഒടുക്കത്തെ ടെക്നോളജിയാണവിടെ. ശരിക്ക് പണിയറിയാവുന്നവന് ഇങ്ങനെ കേറിക്കേറിപ്പോകും...അസൂയ തോന്നും. ഓരോന്ന് കേട്ടാല്‍....
ഒന്നാമന്: അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിനുവേണ്ടി കണക്ക് എഴുതലാണ് ജോലി. ലാലൂരിലെ ചവര്‍ ഡിസ്പോസല്‍ പ്ലാന്റിന്റെ.
രണ്ടാമന്: ഭാഗ്യവാന് അളിയാ...അതാണാ രാജ്യത്തിന്റെ ഒരു പ്രത്യേകത. ഏത് ജോലിക്കും നമ്മുടെ എല്ലാ കഴിവും ഉപയോഗിക്കണം. ഇവിടത്തെപ്പോലെ ഒന്നും അല്ല. എന്നെ നോക്ക്...ആ സ്പേയ്സ് ഷട്ടിലിന്റെ റിമോട്ടിനുവേണ്ട പ്രോഗ്രാം എഴുതി എഴുതി ജമ്മം തൊലയ്ക്കുന്നു.
ഒന്നാമന്: വിഷമിക്കാതിരി...ഞാന്‍ എന്റെ റീഡിഫ് ഐ.ഡി.തരാം. അവിടെ എത്തിയാല്‍ മെയില്‍ അയക്കാം. നിങ്ങള്‍ ബയോഡാറ്റാ അയച്ചുതാ. ഞാന്‍ അതെന്റെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഫോര്‍വേഡ് ചെയ്യാം.
മൂന്നാമന്: നമ്മുടെ കൊന്നയും ഒന്ന് പൂത്താല്‍ മതിയായിരുന്നു.
രംഗം 3
സ്ഥലം: ടെക്സാസ് യൂണിവേര്സിറ്റി
ഒന്നാമന്: ഒരു കിടിലന്‍ ന്യൂസുണ്ട്.. നമ്മടെ ഈ ജോര്‍ജ് കുട്ടിക്ക് കേരളാ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് കിട്ടി. ബി.എ. ഹിസ്റ്ററിക്ക്...ഉഗ്രന്‍ സബ്ജെക്ടല്ലേ...അവനും രക്ഷപ്പെട്ടു. സ്കോളര്‍ഷിപ്പും ഉണ്ട്.
ജോര്‍ജ്കുട്ടി: ഇന്നലെ എന്റെ വിസ വന്നു..എല്ലാം ഫൈനലൈസ്ഡ്
രണ്ടാമന്: കണ്‍ഗ്രാറ്റ്സെടേയ്..അപ്പോ നീയും ആ സ്വര്‍ഗരാജ്യത്തിലേക്ക് പോകുന്നു..
മൂന്നാമന്: ബി.എ.ഹിസ്റ്ററി...പഠിക്കുന്നെങ്കില്‍ ഇതുപോലുള്ള കോഴ്സുകള്‍ തന്നെ വേണം... എന്താ സിലബസ്...ഇവിടത്തെപ്പോലെ ഒന്നുമല്ല..
രണ്ടാമന്: എത്രയാടേ സ്കോളര്‍ഷിപ്പ്?
ജോര്‍ജ്കുട്ടി: 1200 രൂപ....
രണ്ടാമന്: 1200രൂപ!!!!! അതായത് 1200 ഇന്റു 45 സമം 54000 ഡോളര്‍...എന്റമ്മേ..ആ പൈസകൊണ്ടിവിടെ ഒരു ബെന്‍സ് കാറും ഫ്ലാറ്റും വാങ്ങാം.
നാലാമന്: നീ ബെന്‍സും കെട്ടിപ്പിടിച്ചോണ്ടിരുന്നോ..ഇവന് അവിടെപ്പോയി മാരുതിയിലും അംബാസിഡറിലുമൊക്കെയായിരിക്കും ചെത്തുന്നത്..
ഒന്നാമന്: അച്ഛനോട് അന്നേ പറഞ്ഞതാ എന്നെ മലയാളം മീഡിയത്തില്‍ ചേര്‍ത്താല്‍ മതിയെന്ന്...
മൂന്നാമന്: വിഷമിക്കല്ലെ...നമുക്ക് അവിടത്തെ വല്ല പാരലല്‍കോളേജിലും അഡ്മിഷന് കിട്ടുമോന്ന് ട്രൈ ചെയ്യാം. അങ്ങിനെയെങ്കിലും നമ്മടെ കൊന്നയും പൂക്കുമോന്ന് നോക്കാം കൂട്ടരേ
രംഗം 4
സ്ഥലം: ഹോളിവുഡ്.
ആര്‍ണോള്‍ഡ് ശിവശങ്കരന് വിഷമിച്ചിരിക്കുന്നു.
സഹായി: എന്ത് പറ്റി സാര്‍.ഒരു വിഷമം?
ആ.ശി: എന്തു പറയാനാ...മല്ലുവുഡ്ഡീന്ന് ഒരു ഓഫര്‍ വന്നതാ..
സഹായി: നായകനായിട്ടാണോ?
ആ.ശി: എവടെ? മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കത്തി നിക്കുമ്പോ നമുക്കെവടെ ചാന്‍സ്? പക്ഷെ, കിട്ടിയ റോളും പോയിക്കിട്ടി.
സഹായി: എന്തു പറ്റി?
ആ.ശി: വിസ ശരിയായില്ല. ഒടുക്കത്തെ ചുവപ്പ് നാട.
സഹായി: കഷ്ടമായിപ്പോയി..ഈ രാജ്യത്തിന്റെ ഒരു കാര്യം..ആ റോള്‍ പോയി എന്നുറപ്പാണോ?
ആ.ശി.: ഉം..ഷാജി കൈലാസ് സാറിന്റെ അസിസ്റ്റന്റ് സാര്‍ വിളിച്ചിരുന്നു.. ആ റോള്‍ ഭീമന് രഘുവിനു കൊടുത്തെന്ന്...ച്ചേ..എത്ര മോഹിച്ചതാ..
സഹായി: സാര്‍ വിഷമിക്കല്ലെ..എനിക്ക് ജോഷി എന്നൊരു ഡയറക്ടറെ പരിചയമുണ്ട്..വല്ലതും നടക്കുമോന്ന് നോക്കാം..
ആ.ശി: എങ്ങനെയെങ്കിലും ശരിയാക്കെടെ..അവിടെപ്പോയി ഒരു നാലു സിനിമയില്‍ അഭിനയിച്ച് കുറച്ച് രൂപാ സമ്പാദിച്ചില്ലേല്‍ ജീവിതം കട്ടപ്പൊക.
സഹായി: നോക്കട്ടെ..എന്തായാലും മലയാളമൊക്കെ ശരിക്ക് പഠിച്ച് വെക്ക്..ഇന്നത്തെക്കാലത്ത് അതൊക്കെ അറിയാമെങ്കിലേ രക്ഷയുള്ളൂ...ഡെയ്ലി മാതൃഭൂമിയും മനോരമയുമൊക്കെ വായിക്ക്...വെള്ളിനക്ഷത്രവും...മൊത്തത്തില്‍ എല്ലാവരെയും പരിചയമാകട്ടെ..ഒരു രൂപക്ക് 45 ഡോളറാണെന്നത് മന്ത്രം പോലെ ചൊല്ലിക്കൊണ്ടിരി...
ആ.ശി: എപ്പ ചൊല്ലിയെന്ന് കേട്ടാ മതി. എന്റെ കൊന്നയും പൂക്കണ്ടേടേ?
രംഗം 5
തിരുവനന്തപുരം
ടെക്നോളജി പാര്‍ക്കില്‍ ജോലിചെയ്യുന്ന ടെര്‍മിനേറ്റര്‍ക്ക് ഒരു ഫോണ്അച്ഛന്: മോനേ..നീ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ.
ടെര്മി: ഞാന്‍ മെയില്‍ അയച്ചിരുന്നല്ലോ അച്ഛാ...
അച്ഛന്: മെയിലോ? ഇവിടെ കണക്ഷന് ഭയങ്കര സ്ലോയാ മോനേ..എക്സ്പ്ലോറര്‍ തുറന്നു വരാന്‍ തന്നെ സമയമെടുക്കും.
ടെര്മി: ഉം.. ഞാന്‍ രാവിലത്തെ ഫുഡ്ഡ് കഴിക്കുകയായിരുന്നു. അച്ഛന് കഴിച്ചോ?
ആച്ഛന്: ഇവടെ ഇപ്പോ രാത്രിയല്ലേ മോനേ..നേരത്തേ കഴിച്ചു...ആട്ടെ നീയെന്താ കഴിക്കുന്നത്? ആരോഗ്യമൊക്കെ നോക്കുന്നില്ലേ?
ടെര്മി: കോക്കനട്ട് സൂപ്പ് വിത്ത് ചില്ലിയും റൈസ് ബ്രെഡ്ഡും..
അച്ഛന്: എന്നു വെച്ചാലെന്താ?
ടെര്മി: ഇവിടെ ഇതിന് ഇഡ്ഡലിയും ചട്ട്ണിയും എന്നാണ് പറയുന്നത്...
അച്ഛന്: അങ്ങനെ പറ. സൂപ്പര്‍ ഫുഡ്ഡല്ലേ..നമ്മുടെ കുടുമ്മത്ത് നീയെങ്കിലും രക്ഷപ്പെട്ടല്ലോ..ഒരു കൊന്നയെങ്കിലും പൂത്തല്ലോ. അച്ഛന് സന്തോഷായി മോനെ...സന്തോഷായി..
(ഒരു ഇന്റര്‍നെറ്റ് തമാശയുടെ മലയാളാന്തരീകരണം)
26 comments:
ഒരു രൂപക്ക് 45 ഡോളര്‍ കിട്ടിയാല്‍? എന്താ പുളിക്കുമോ? ചുമ്മാ കിട്ടട്ടെന്നേ...
യ്യോ വേണ്ട... നമ്മുടെ പുന്നാര ഇന്ത്യ അമേരിക്കയാവുന്നത് ആലോചിക്കുമ്പോള്‍ എന്തോ പോലെ :)
ഇതിന്റെ ഇംഗ്ലീഷിലുള്ളത് വായിച്ചിട്ടുണ്ടെങ്കിലും മലയാളീകരിച്ചപ്പോള്‍ നല്ല രസമുണ്ട്.
പിരി കയറുന്ന തിരി
പൂക്കട്ടെ പുളിച്ചികള്
കേമം ബഹുകേമം, നോമങ്ങ്ട് ചിരിച്ചു വശായി.. അസ്സലായീ ട്ടോ..
മൂര്‍ത്തി ചേട്ടാ...
“നമുക്കെങ്ങിനെയെങ്കിലും ഇന്ത്യയിലേക്ക് കടന്ന് ഒരു ജോലി സംഘടിപ്പിക്കണം.”
വെറുതെയെങ്കിലും ഈ വാക്കുകളെല്ലാം വായിച്ച് മനസ്സു നിറഞ്ഞു. തമാശയ്ക്കെങ്കിലും നമ്മുടെ നാടിനെ പറ്റി നല്ല വല്ലതും കണ്ടല്ലോ.
:)
[ഈ പോസ്റ്റ് കൂട്ടുകാര്‍ക്കൊക്കെ ഫോര്‍വേഡ് ചെയ്യുവാണേ...]
ഇംഗ്ലീഷ് നെരത്തെ വായിച്ചിരുന്നു..
"ആ.ശി.: ഉം..ഷാജി കൈലാസ് സാറിന്റെ അസിസ്റ്റന്റ് സാര്‍ വിളിച്ചിരുന്നു.. ആ റോള്‍ ഭീമന് രഘുവിനു കൊടുത്തെന്ന്...ച്ചേ..എത്ര മോഹിച്ചതാ.."
ഇതു വായിച്ച് ശരിക്കും ചിരിച്ചു
ഹ ഹ
നമ്മുടെ കൊന്നയും ഒരിക്കല്‍ പൂക്കുമെന്നേ :)
ഉം..ഉം... പൂക്കും പൂക്കും..
മൂര്‍ത്തിമാഷേ... നന്നായി എഴുതിയിരിക്കുന്നു.
ഒരു കുഴപ്പമുണ്ട് മൂര്‍ത്തി...
ഇന്ന് അമേരിക്കന്‍ അധിനിവേശം എന്നൊക്കെപറയുന്നതുപോലെ ഇന്ത്യന്‍ അധിനിവേശമെന്നൊക്കെ പറഞ്ഞേക്കും.........പൌരത്യവല്ക്കരണം, പൌരസ്ത്യശക്തികള്...ഇന്ത്യ ലോകപോലീസു ചമയുന്നു...ആഗോളവല്‍ക്കരണം അമേരിക്കയെ തകര്‍ക്കും ....തുടങ്ങിയ പദപ്രയോഗങ്ങളും വന്നു കൂടായ്കയില്ല.
ചിരിച്ചു. ശരിക്കും.
മലയാളത്തിന്റെ സെറ്റപ്പിലേയ്ക്ക് നന്നായി മാറ്റിയിട്ടുണ്ട്. :)
:-)
സംഭവം കൊള്ളാല്ലോ.. അപ്പൊ ഇന്ത്യ അമേരിക്കക്കു ജോലികള്‍ ഔട്ട് സോഴ്സ് ചെയ്യുമല്ലേ.. ഇപ്പോഴുള്ള ഐ ടി കമ്പനികള്‍ എല്ലാം പൂട്ടും. ഇന്ത്യയില്‍ റിസര്‍ച്ച് മാത്രം ..ഡവലപ്പമെന്റ് എല്ലാം സായിപ്പന്മാരെക്കൊണ്ട് നക്കാപ്പിച്ച കൊടുത്തു ചെയ്യിക്കും. നമ്മള് അമേരിക്കയില്‍ ക്ളൈന്റ് വിസിറ്റിനു ചെല്ലുമ്പോ അവന്മാര് മുണ്ടും ഷര്‍ട്ടുമിട്ടു തൊഴുതു നില്ക്കും . അവിടുന്നു ഓണ്‍ സൈറ്റ് ആയി ഇവിടെ വരുന്ന സായിപ്പന്മാര്ക്കും ഇതേ വേഷം !!! സ്വപ്നം നല്ല ലാവിഷായി തന്നെ കണ്ടൂട്ടാ ഞാന്‍ !
ചാത്തനേറ്: ഫോര്വേഡാണേലും മലയാളീകരിച്ചപ്പോളാ ആ ഇഫക്റ്റ് വന്നത്. ഇത് കേരളത്തിന്റെ കാര്യമല്ലേ ഇന്ത്യേടെ മൊത്തം ഒന്നുമല്ലാലോ. ചുമ്മാ ഒരു സ്വപ്നം കണ്ടു കളയാം..:)
അല്പം വിശാലമായിട്ട് തന്നെ ഞാനും ഈ സ്വപ്നം കണ്ടു ട്ടാ..
"ഒരു നാള് സ്വപ്നം ഫലിക്കുമല്ലോ അന്നെന്
ചിത്തത്തിന് ജീവന് തുടിക്കുമല്ലോ”
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നേതോ സിനിമയില്‍ ആരോ പറഞ്ഞു,
പക്ഷെ വരും തലമുറ ആഞ്ഞു പിടിച്ചാല്‍, രാഷ്ട്രീയക്കാര്‍ നല്ലവരായാല്‍, രാജ്യം സ്വര്‍ഗ്ഗമാവും.
അങ്ങനെ പറയുമ്പോള്‍ ഓര്‍മ്മ വന്ന ഒരു കാര്യം കൂടി:
നമ്പൂരി: (പുഴ വക്കത്തു നിന്ന് അക്കരെ നോക്കിക്കൊണ്ട്) രാമാ, നോം യാത്ര വേണ്ടാന്നു വയ്ക്ക്വാ, നമുക്ക് തിരിച്ചു പോകാം.
രാമന്: എന്താ തിരുമേനി ഇത്ര പെട്ടെന്നൊരു തീരുമാനം?
നമ്പൂരി: ഹൈ കൊശവാ, കണ്ടില്ലേ പുഴക്കക്കരെ ഒരു വീടും വീടിനു മുന്നില്‍ തൊടലിലിട്ട ശ്വാനനേം.
രാമന്: അടിയന് - അതിപ്പോ പുഴക്കപ്പുറത്തല്ലേ തിരുമേനി?
രാമന്: എടോ ശപ്പാ, പൊഴേലെ വെള്ളം വറ്റുകേം, ശ്വാനന്റെ തൊടലു പൊട്ട്വേം ചെയ്താ കഴിഞ്ഞില്ലേ ശിവ ശിവ. ഇല്ലത്തേക്ക് തിരിച്ച് നടന്നോളു.
(അപ്പോ എല്ലാവര്ക്കും ഇന്ത്യയിലേക്ക് തിരിച്ചു പോകാം അല്ലേ?)
മൂര്‍ത്തി മാഷേ,
സംഗതി നന്നായിട്ടുണ്ട്.
സ്വപ്നലോകമെന്ന് തോന്നുന്നെങ്കിലും അങ്ങനെയൊരു കാലമുണ്ടായിക്കൂടെന്നില്ലല്ലോ?
നമ്മുടെ കൊന്നയും പൂക്കണം. പൂക്കും.
ഇംഗ്ലീഷ് വായിച്ചിരുന്നു. മലയാളത്തിലും വായിക്കാന്‍ കഴിഞ്ഞതിനു് നന്ദി.
നമ്മുടെ നാട് അത്ര മോശാണോ
മൂര്‍ത്തി സാറേ..?
:)
ഉപാസന
ഓ. ടോ: ഒരു നാള് നമ്മളും വളരും വലുതാകും.
നേരത്തെ കണ്ടിട്ടില്ല ഇത്.
:)
രസകരം മൂര്‍ത്തീ!
കലക്കി!
നന്നായിട്ടുണ്ട്..
ഭാവുകങ്ങള്‍
മലയാളം വേര്‍ഷന്‍ കലക്കി!!
:)
ഇന്‍ഡ്യന്‍ റുപ്പീസ് വേണമെന്നുള്ളവര്‍ എന്റെ അങ്കിളിനോട് ചോദിച്ചാല്‍ മതി. അങ്കമാലിയിലെ പ്രധാനമന്ത്രിയാണ് എന്റെ മാമന്.
“വട്ടാണ് അല്ലേ?”
ഉഗ്രന്‍ പൊസ്റ്റ്. കലക്കി.
വക്കാരീ,ഡാന്‍ഡി,സങ്കുചിതമനസ്കന്‍, ബയാന്‍, ബാജി, വലപ്പാടന്‍, ശ്രീ,ശ്രീഹരി, ആഷ, അപ്പു,ജോജൂ, നിഷകളങ്കന്‍, കുതിരവട്ടന്‍, ഉണ്ണിക്കുട്ടന്, കുട്ടിച്ചാത്തന്, മെലോഡിയസ്, മുരളിമേനോന്, സതീശ് മാക്കോത്ത്,മുടിയനായ പുത്രന്, എന്റെ ഉപാസന, വനജ, കലേഷ്, ദ്രൌപദി, വീണ, ഹരിത് എല്ലാവര്ക്കും നന്ദി..സന്തോഷം.
ഒരു രൂപക്ക് 45 ഡോളറൊന്നും വേണ്ട അല്ലേ? 1 രൂപ=1 ഡോളര്‍=1 പൌണ്ട്=1 യെന്‍....
അങ്ങിനത്തെ ഒരു കാലം വരട്ടെ..കുറച്ചുപേര്‍ മാത്രം സന്തോഷിക്കുന്നതിനു പകരം എല്ലാവരും സന്തോഷിക്കുന്ന ഒരു കാലം ...
Post a Comment