Sunday, September 21, 2008

നരസിംഹ മൂര്‍ത്തി ഏലിയാസ് ദി വിസ ഗോഡ്

പരസ്യങ്ങളില്ലാതെ അമ്പലങ്ങള്‍ക്കും നിലനില്‍പ്പില്ല. കാലം മാറുന്നതിനനുസരിച്ച് കോലവും ദൌത്യവുമൊക്കെ മാറുന്ന ദൈവങ്ങള്‍ പുത്തരിയല്ലാതായിരിക്കുന്നു.

ആഴ്ചയില്‍ രണ്ടോ മൂന്നോ ഭക്തര്‍ വന്നിരുന്ന അമ്പലങ്ങള്‍ ദൈവത്തിന്റെ പേരൊന്നു മാറ്റിയും, ചാണക്യനെ തോല്‍പ്പിക്കുന്ന മാനേജ്‌മെന്റ് തന്ത്രങ്ങളിലൂടെയും, പരസ്യങ്ങളിലൂടെയും ആഴ്ചയില്‍ ലക്ഷങ്ങള്‍ സന്ദര്‍ശിക്കുന്ന സൂപ്പര്‍ ഡ്യൂപ്പര്‍ അമ്പലങ്ങളായി മാറും. ഭാഗ്യം കേറി വരുന്ന വഴി പലപ്പോഴും പാവം ദൈവങ്ങള്‍ പോലും അറിയാറില്ല...

ആന്ധ്രപ്രദേശിലെ ചില്‍ക്കയിലെ ബാലാജി ക്ഷേത്രം ഉദാഹരണം..

ഒരുത്തനും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന അമ്പലത്തെ ഹിറ്റ് ആക്കിയെടുക്കാന്‍ ക്ഷേത്ര ട്രസ്റ്റികള്‍ പയറ്റിയ തന്ത്രങ്ങള്‍ പരസ്യരംഗത്തെയും മാനേജ്മെന്റ് രംഗത്തെയും വിദ്യാര്‍ത്ഥികള്‍ കണ്ടു പഠിക്കണം..

അമേരിക്കയിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും ഒരു വിസ എന്ന സ്വപ്നവുമായി നടക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലഘട്ടം. അമേരിക്കയാകട്ടെ വിസയുടെ കാര്യത്തില്‍ പല നിയന്ത്രണങ്ങളും കൊണ്ടു വരുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എന്താണ് വഴി...

വാ കീറിയ ദൈവം വിസയും തന്നുകൊള്ളും എന്ന് പറഞ്ഞ് ചുമ്മാ ഇരുന്നാല്‍ വിസ വരുമോ? (അമ്പലത്തിലേക്ക് ആളുവരുമോ? വരുമാനം വരുമോ?)

അതിനു ദൈവം തന്നെ രക്ഷ. ആളൊഴിഞ്ഞു കിടന്നിരുന്ന ബാലാജി ക്ഷേത്രത്തെ അതിന്റെ ട്രസ്റ്റിമാര്‍ ഒന്ന് “മോഡേണൈസ്” ചെയ്യുവാന്‍ തീരുമാനിക്കുന്നു. ബാലാജി എന്ന പേരിനു ഒരു മോഡേണ്‍ ലുക്ക് ഇല്ല എന്ന് എടുത്ത് പറയേണ്ടല്ലോ. അവര്‍ ബാലാജിയുടെ പേര്‍ കാലഘട്ടത്തിനൊത്ത് ഒന്ന് പരിഷ്കരിച്ചു. The Visa God...

തീര്‍ന്നില്ല..അവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്കെല്ലാം ഉടന്‍ വിസ ശരിയാവുമെന്ന പ്രചരണം അടിച്ചിറക്കുന്നു. പ്രമുഖ പത്രങ്ങളില്‍ ലേഖനം വരുന്നു. വെബ് സൈറ്റ് തുടങ്ങുന്നു. പരസ്യ ബ്രോഷര്‍ ഇറക്കുന്നു. കഥ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വരെ വരുന്നു. ആകെ ജഗപൊഗ...ഇന്നവിടെ ആഴ്ചയില്‍ ഒരു ലക്ഷം പേര്‍ സന്ദര്‍ശിക്കുന്നുവത്രെ. സാധാരണ അമ്പലങ്ങളില്‍ അച്ഛനും അമ്മയും കുട്ടികളെയും കൊണ്ട് വന്ന് ‘മോനേ പ്രാര്‍ത്ഥിക്കൂ, മോളേ പ്രാര്‍ത്ഥിക്കൂ’ എന്നൊക്കെ പറയുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ്. കുട്ടികളാണ് അച്ഛനെയും അമ്മയെയും ഒക്കെ കൊണ്ട് വന്ന് പ്രാര്‍ത്ഥിപ്പിക്കുന്നത്. വിസ കിട്ടാന്‍...11 തവണ ക്ഷേത്രപ്രദക്ഷിണം എന്നതാണ് വിസ കിട്ടാനുള്ള എളുപ്പ വഴി...

എത്ര പേര്‍ക്ക് വിസ കിട്ടി എന്നൊന്നും ചോദിക്കരുത്...അമ്പലത്തിനു നല്ല സാമ്പത്തിക സ്ഥിതിയിലേക്കുള്ള വിസ എന്തായാലും കിട്ടിയിട്ടുണ്ട്.

ഈ അമ്പലത്തെക്കുറിച്ച് എന്തിനു പറയുന്നുവെന്നല്ലേ? വിസ മാത്രം കൊടുത്തുകൊണ്ടിരുന്നാല്‍ എത്ര കാലം മുന്നോട്ട് പോകും? അതും diversification എന്നത് വിജയമന്ത്രമായി എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കരുതുന്ന ഈ അവസരത്തില്‍?

പുതിയ മേഖലകളിലേക്ക് അമ്പലം കടക്കുകയാണ്....

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ലോകത്തെ മൂടുമോ ഇല്ലയോ എന്ന ആശങ്കാജനകമായ സ്ഥിതിവിശേഷം അല്ലേ ഇപ്പോള്‍. ഫെഡറല്‍ റിസര്‍വും മറ്റു കേന്ദ്രബാങ്കുകളും പയറ്റാവുന്ന പയറ്റുകള്‍ പയറ്റിക്കൊണ്ടിരിക്കുന്നു. പ്രശ്നമൊക്കെ ഉണ്ടാക്കി വെച്ചത് ആര്‍ എന്നൊന്നും ചോദിക്കരുത്. ക്രൈസിസ് മാനേജ്മെന്റില്‍ ആ ചോദ്യം നിഷിദ്ധം. ഈ പ്രശ്നത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ഒരു അമ്പലത്തിന് എന്ത് ചെയ്യാന്‍ കഴിയും?

പലതും ചെയ്യാന്‍ കഴിയും.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് അമേരിക്കയെയും ലോകത്തെയും രക്ഷിക്കാന്‍ ഈ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയിരിക്കുന്നു. ജോലി നഷ്ടപ്പെട്ട അമേരിക്കയിലെ പ്രമുഖ ബാങ്ക് ജീവനക്കാരിയുടെ ആവശ്യാനുസരണമാണ് പൂജ നടത്തിയത്. സെപ്തംബര്‍ 18ന് ക്ഷേത്രം അധികൃതര്‍ക്ക് അമേരിക്കയിലെ ഡെട്രോയിട്ടില്‍നിന്ന് ഫോണ്‍ കോള്‍ വരുന്നു. ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരിയായ പെണ്‍കുട്ടി ഫോണിലൂടെ പൊട്ടിക്കരയുന്നു. ലോകത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പൂജ നടത്തൂ എന്ന് ആ പെണ്‍കുട്ടി പൂജാരിയോട് അഭ്യര്‍ഥിക്കുന്നു. അന്നു തന്നെ പൂജ നടത്തുന്നു.

നരസിംഹമൂര്‍ത്തി എന്ന നമ്മുടെ വിസ ഗോഡിനെ പ്രീതിപ്പെടുത്തുന്ന രണ വിമോചന നരസിംഹ സ്തോത്രം ചൊല്ലിയാണ് പൂജ നടത്തിയത്. രണ്ട് റൌണ്ട് എക്സ്ട്രാ പ്രദക്ഷിണവും വിശ്വാസികള്‍ നടത്തിയത്രെ. അപ്പോ 13 റൌണ്ട് പ്രദക്ഷിണം.

ഒരു ഡോസ് കൊണ്ട് അസുഖം മാറുമെന്നുറപ്പില്ലെങ്കില്‍ ഡോക്ടര്‍മാര്‍ എന്ത് ചെയ്യും? അടുത്ത് ഡോസ് കൊടുക്കും. അല്ലേ?

അതു തന്നെ ഇവിടെയും. 21ന് വീണ്ടും പൂജ അരങ്ങേറുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലോകം രക്ഷപ്പെട്ടാല്‍ വഴിയെ പോസ്റ്റിടാം...

:)

14 comments:

മൂര്‍ത്തി said...

ലോകം രക്ഷപ്പെടുമോ?

ശ്രീവല്ലഭന്‍. said...

ഹ ഹാ ഹാ .......Visa God എന്നത് ഒരു പക്ഷെ Visa Card കമ്പനി സ്പോണ്‍സര്‍ ചെയ്തതാകാനും വഴിയുണ്ട്. :-)

Suraj said...

ശ്ശൊ , ഞങ്ങടെ കൂടെ പരീക്ഷയെഴുതാന്‍ റെജിസ്റ്റര്‍ ചെയ്തിട്ട് വിസിറ്റ് വീസ കിട്ടാതെ പോയവര്‍ 4 പേരുണ്ടായിരുന്നു. ഇത് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ അങ്ങോട്ട് റെഫര്‍ ചെയ്യാമായിരുന്നു :0


ഓ..ഠോ.. !:

പോത്തുകാലപ്പന്‍ “ദ H1-B/H4 വീസ-ആന്റ്-ഡൌ ജോണ്‍സ് ഗോഡ്” എന്നൊരു സ്പെസിഫിക് അള്‍ട്രാ പരിഷ്കാരത്തോടെ ഞങ്ങളും ഉടന്‍ മാര്‍ക്കറ്റിലേക്കിറങ്ങുന്നതായിരിക്കും. ആദ്യപോത്തുകാല്‍ സ്തുത്തിയെഴുതിയ അനുഗൃഹീത കവിയെന്ന നിലയ്ക്ക് മൂര്‍ത്തിമാഷിനു ഒരു വേക്കന്‍സി ക്രിയേറ്റ് ചെയ്യുന്നതുമായിരിക്കും ;)

അനില്‍@ബ്ലോഗ് // anil said...

ബിസിനസ്സ് വളര്‍ച്ചക്കു പുതു വഴികള്‍ തേടേണ്ടതു മാനേജ്മെന്റിന്റെ കടമയല്ലെ?

ദൈവങ്ങളുടെ കൂടെ കൂടിയാല്‍ നല്ല കോളാണെന്നു തോന്നുന്നു.

ശ്രീവല്ലഭന്‍. said...

ദേണ്ടെ വേറൊരു ബാലാജിയുടെ
കൂടുതല്‍ വിവരങ്ങള്‍

ചുമ്മാതാണേലും ആയിരം കോടി സ്വര്‍ണം കെട്ടാന്‍ ഉപയോഗിക്കുമ്പോള്‍ രണ്ടു കോടി സാമൂഹ്യ സേവനത്തിനു കൊടുക്കുന്നുണ്ട്.

യാരിദ്‌|~|Yarid said...

ഉട്ടോപ്യയിലേക്കും ഉഗാണ്ടയിലേക്കും വിസാ കിട്ടുമൊ ഇവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍, ലോകം രക്ഷപെട്ടില്ല്ലെങ്കിലും വേണ്ടില്ല. ഞാന്‍ രക്ഷപെട്ടാല്‍ മതി..;)

Unknown said...

പതിമൂന്നു് വട്ടം പ്രദക്ഷിണം നടത്തിയതു് എന്തായാലും ശരിയായില്ല. അമേരിക്കയെ രക്ഷിക്കാനാവുമ്പോള്‍ പ്രത്യേകിച്ചും! പതിമൂന്നു് ദുര്‍ഭാഗ്യസംഖ്യ ആണെണു് പൂശാരി ഓര്‍ത്തുകാണില്ല. സായിപ്പിന്റെ നാട്ടില്‍ പതിമൂന്നാം തീയതി ഒരു വെള്ളിയാഴ്ച ആയാല്‍ തീര്‍ന്നു കഥ! ചില സംഖ്യാവിശ്വാസികള്‍ അന്നു് വീടിനു് പുറത്തിറങ്ങാറില്ല! അപ്പോളൊ 13-നു് അപകടം സംഭവിച്ചതു് എന്തുകൊണ്ടാണെന്നാ കരുതിയതു്? (പതിമൂന്നാം തീയതി ജനിക്കുന്ന കുഞ്ഞിനെ കൊല്ലാന്‍ ആവാത്തതുകൊണ്ടു് “എന്റെ കുഞ്ഞിനു് പതിമൂന്നു് ഭയങ്കര ഭാഗ്യമാണു്” എന്നു് വേണമെങ്കില്‍ തടിതപ്പാം. അല്ലാതെന്തുചെയ്യാന്‍?)

പ്രദക്ഷിണം മൂന്നോ, അഞ്ചോ, ഏഴോ, എട്ടോ, പതിനാലോ, നിര്‍ബന്ധമാണെങ്കില്‍ പതിനാലു് ഗുണം പതിനാലു് സമം നൂറ്റിത്തൊണ്ണൂറ്റാറു് പ്രാവശ്യമോ ഒക്കെ ആവാമായിരുന്നു. എന്നാലും പതിമൂന്നു്! ഇതു് പാളും, കട്ടായം! അല്ലെങ്കി നോക്കിക്കോ!!

Joker said...

കരിങ്കല്ലില്‍ തീര്‍ത്ത ദൈവം പാല്‍ കുടിച്ച നാടാണിത്. പ്രാര്‍ഥിച്ചാല്‍ വിസ കിട്ടും എന്നല്ലേ പറഞ്ഞുള്ളൂ ഭാഗ്യം. ഇനി ഒരു വിസ മഴക്കുള്ള യാഗം എന്നാണാവോ തുടങ്ങുക .

പാര്‍ത്ഥന്‍ said...

ഒരു വിസ തരോ,
ഒരു വിസ തന്നനുഗ്രഹിക്കൂ,
ഒരു വിസ കൊടുത്തയയ്ക്കൂ.
എങ്ങിനെയാ പ്രാര്‍ത്ഥിക്കേണ്ടത്‌.
അതുംകൂടി പറയൂ.
സൂരജ്‌ (അമേരിക്കയിലായതുകൊണ്ട്‌) ഇടപെടരുത്‌.

കെ said...

ഹും. പൂശാരി പറഞ്ഞതും കേട്ട് ബ്രഹ്മമുഹൂര്‍ത്തത്തില്‍ പരിപൂര്‍ണ നഗ്നനായി പതിനേഴ് തവണ ശയനപ്രദക്ഷിണം ചെയ്തിട്ടാണ് ഒരു ഡോക്ടര്‍ മാന്യന്‍ ഈയിടെ അമേരിക്കയില്‍ ചെന്നത്. പോത്തിന്‍കാലപ്പനെയും കൊണ്ട് അവിടെ ചെന്ന് മാസം ഒന്നു തികയും മുമ്പെ അമേരിക്ക പണ്ടാരമടങ്ങിത്തുടങ്ങി..

വിസയും കൊണ്ടു ചെന്നാലും, ചെല്ലുന്നത് പാപിയാണെങ്കില്‍ ഏതമേരിക്കയും പാതാളമായിപ്പോകും.

അമേരിക്കന്‍സിന്റെ കച്ചോടം മുടിച്ചു തുടങ്ങിയതോ പോകട്ടെ...ദേ നമ്മുടെ ഇഞ്ചിപ്പെണ്ണിനെ കാണാനുമില്ല..

ഇത് അന്വേഷിക്കണം... ഇതന്വേഷിച്ചേ തീരൂ...

കുഞ്ഞന്‍ said...

കാലത്തിനനുസരിച്ച് കോലവും കെട്ടണം..!

മൂര്‍ത്തി മാഷെ എനിക്കു തോന്നുന്നത് ഈ വിസ ദൈവം പോലെ ഹര്‍ത്താല്‍ ദൈവവും ഉണ്ട്. ആ പ്രതിഷ്ഠയുടെ ശക്തിയറിയണമെങ്കില്‍ ദാ ഒന്നു പരിക്ഷിച്ചോളൂ..ഒരു നിശ്ചിത തുക (500 രൂപക്ക് മുകളില്‍) തലക്കു മുകളില്‍ രണ്ടു വട്ടം ഉഴിഞ്ഞിട്ട് എന്റെ ഹര്‍ത്താല്‍ ഭഗവതി അടുത്തമാസം ഒരു ഹര്‍ത്താലുണ്ടാകണെ എന്നു പ്രാര്‍ത്ഥിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം പ്രാര്‍ത്ഥിക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളെ ഒരു കാരണവശാലും ഓര്‍ക്കരുത്..അതുപോലെ അന്നുതന്നെ വഴിപാട് കാശ് എത്തിക്കുകയും വേണം. എന്നിട്ട് ഹര്‍ത്താല്‍ നടന്നില്ലെകില്‍ ആ വഴിപാട് കാശ് തിരിച്ചു കൊടുക്കും..കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ബന്ധപ്പെടുക..തെളിവുകള്‍ നിരവധി.

കുഞ്ഞന്‍ said...

ഒരു തിരുത്ത് “ എനിക്കു തോന്നുന്നത്“ എന്നത് മാറ്റി എനിക്ക് അറിവുള്ളത് എന്നാക്കി വായിക്കണം

എതിരന്‍ കതിരവന്‍ said...

എനിക്കു വിസ കിട്ടാന്‍ പുറകില്‍ വിളക്കും പുഷ്പാഞ്ജലിയും മാത്രം മതിയായിരുന്നു. പിന്നെ J-1 കിട്ടണമെങ്കില്‍ പാലഭിഷേകം, H-1 നു പൂമൂടല്‍ എന്നിങ്ങ്നെ റേറ്റു കൂടി. ശയനപ്രദിക്ഷണം ചെയ്താല്‍ ഗ്രീന്‍ കാര്‍ഡിനുള്ള ചാന്‍സെങ്കിലും കാണും.
പിന്നെ വ്രതം മുടക്കിക്കോണ്ട് ആരും ഇങ്ങോട്ട് വന്നേക്കരുത്. അങ്ങിനെ വല്ലതും വന്നുപോയാല്‍ ഇന്റെര്‍നെറ്റ് വഴി പാപപരിഹാരപൂജകള്‍ ചെയ്യാന്‍ സംവിധാനമുണ്ട്.

നാലുതവണ ശയനപ്രദിക്ഷണം നടത്തിയവര്‍ക്കു ന്യൂ യോര്‍ക്, ഷിക്കാഗൊ, ലോസ് ഏഞ്ജെലെസ് എയര്‍ പോറ്ടുകളിലില്‍ എളുപ്പത്തില്‍ കടന്നുപോകാവുന്ന ഗേറ്റുകളുണ്ട്.

പോത്തിങ്കാലപ്പ ഏലസ്സിനും വിസാ‍നുകൂല സിദ്ധികളുണ്ട്. അത് ആദ്യം സ്വയം തെളിയിക്കാന്‍ വേണ്ടി മാത്രമാണ്‍ സൂരജ് ഇവിടെ വന്നിരിക്കുന്നത്.

Anil cheleri kumaran said...

എനിക്കും അമേരിക്കയിലേക്ക് പോകണമെന്നുണ്ട്
ഒരു ശയന പ്രദക്ഷിണം നടത്താമൊ?