Saturday, February 14, 2009

ഗോമൂത്രത്തിന്റെ സോഫ്റ്റ് ഡ്രിങ്കാവതാരം

പെപ്സിയും കൊക്കക്കോളയുമൊക്കെ ചെവിയില്‍ നുള്ളിക്കോട്ടെ. അവരുടെയൊക്കെ ആപ്പീസു പൂട്ടിക്കുവാനായി ഇതാ ഭാരതത്തില്‍ നിന്നും പുതിയൊരു സോഫ്ട് ഡ്രിങ്ക് അവതരിക്കാന്‍ പോകുന്നു. ഒരു പക്ഷെ Nothing political about it എന്ന പരസ്യവാചകവുമായിത്തന്നെ ഈ ശീതള പാനീയം ഇറങ്ങിയേക്കാം.

ഇറങ്ങാന്‍ പോകുന്ന ശീതളപാനീയം മറ്റൊന്നുമല്ല...നല്ല ശുദ്ധമായ ഗോമൂത്രത്തില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഗോജല്‍ എന്ന കൌവാട്ടര്‍ എന്ന പശുവിന്‍ വെള്ളം. നാരങ്ങാ വെള്ളം കുടിച്ച് മടുത്തവര്‍ക്ക് ഒരു പുതിയ ദാ‍ഹശമനി.

രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ(ആര്‍.എസ്.എസ്) ഗോ സംരക്ഷണ വിഭാഗമാണ് ഈ പരീക്ഷണത്തിന് മുന്‍കൈ എടുത്തത്. പരീക്ഷണം വിജയകരമായി നടക്കുകയാണത്രെ. സംരംഭത്തിന്റെ അവസാനഘട്ടമായി ലാബ് ടെസ്റ്റുകള്‍ നടത്തിവരികയാണെന്നാണ് ഗോ സംരക്ഷണ വിഭാഗം തലവന്‍ ഓം പ്രകാശ് അറിയിച്ചത്. ഹരിദ്വാറിലാണിതിന്റെ ആസ്ഥാനമെന്ന് വാര്‍ത്തകളില്‍ കാണുന്നു. ലക്നൌവിലാണത്രെ ലാബ് ടെസ്റ്റുകള്‍ നടക്കുന്നത്.

ഗോമൂത്രത്തില്‍ നിന്നും ശുദ്ധീകരിച്ചെടുക്കുന്ന ഈ ശീതളപാനീയത്തിനു ഗന്ധമുണ്ടാകില്ലെന്ന് മാത്രമല്ല വളരെയധികം രുചികരവുമായിരിക്കും. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന സോഫ്റ്റ് ഡ്രിങ്ക് കാര്‍ബൊണൈറ്റഡ് ആയിരിക്കില്ല. ജൈവിക വിഷങ്ങള്‍(ടോക്സിന്‍) ഉള്‍പ്പെടാത്തതിനാല്‍ ആരോഗ്യത്തിനും ഉത്തമമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലാബ് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിര്‍മ്മാണം, പാക്കേജിങ്ങ്, വിതരണം എന്നിവയെക്കുറിച്ചൊക്കെ ആലോചിക്കും.

കരള്‍ രോഗം മുതല്‍ അമിത വണ്ണമടക്കം കാന്‍സര്‍ വരെയുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഗോമൂത്രം ഒരു കണ്‍കണ്ട സിദ്ധൌഷധമാണെന്നാണ് ആര്‍.എസ്.എസ്സും സംഘപരിവാറും പ്രചരിപ്പിക്കുന്നത്. മൂത്രസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണോ ഇത് എന്ന് വാര്‍ത്തയില്‍ പറയുന്നില്ല. എങ്കിലും മനുഷ്യകുലത്തിന്റെ നന്മയെ മാത്രം ഉദ്ദ്യേശിച്ച് ഇറക്കുന്ന ഈ പുത്തന്‍ പാനീയം അമേരിക്കക്കാരന്റെ മൃദുജലങ്ങള്‍ക്ക് ഒരു കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് തലവന്‍ ഓം പ്രകാശ് അറിയിക്കുന്നത്. പുതിയ തലമുറയ്ക്ക് അന്യമായ ഗോമൂത്ര പുരാണങ്ങള്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു ശ്രമം.

ഇപ്പോള്‍ ആര്‍.എസ്.എസ്. ഒറ്റക്കാണെങ്കിലും ടെസ്റ്റ് ഒക്കെ കഴിഞ്ഞ് ഇവനു ‘കുടിക്കബിള്‍’ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ഉത്തര്‍ഖണ്ഡ് സര്‍ക്കാരിന്റെ സഹായം തേടാനും പരിപാടി ഉണ്ടത്രെ. ഇതൊരു വിപ്ലവകരമായ പരിപാടിയായിരിക്കുമെന്നും ദിവസം ചെല്ലും തോറും ഗോമൂത്രത്തിനു ഔഷധം എന്ന നിലയിലുള്ള ആവശ്യകത ഏറി വരികയാനെന്നും ഓം പ്രകാശ് പറയുന്നു.

2001 മാര്‍ച്ച് മാസത്തില്‍ ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ അഞ്ചാം നമ്പര്‍ പ്രമേയമായ Cow Protectionല്‍ ഇങ്ങനെ കാണാം...

The ABPS would like to draw the attention towards certain realities related to cow dung and cow urine and their medical ingredients। Their potential for generating energy, cooking gas and pesticides besides yielding organic manure is well proved by the application of modern methods and technological know-how.

കയ്യില്‍ പശുവിന്‍ വെള്ളവും പിടിച്ച് 'യഹീ ഹൈ റൈറ്റ് ചോയ്സ് ബേബീ' എന്ന് പരസ്യതാരങ്ങള്‍ പറയുന്ന കാലം വിദൂരത്തല്ല.

കേരളകൌമുദി വാര്‍ത്ത ഇവിടെ

ടൈംസ് ഓണ്‍ലയിന്‍ വാര്‍ത്ത ഇവിടെ

37 comments:

മൂര്‍ത്തി said...

പെപ്സിയും കൊക്കക്കോളയുമൊക്കെ ചെവിയില്‍ നുള്ളിക്കോട്ടെ. അവരുടെയൊക്കെ ആപ്പീസു പൂട്ടിക്കുവാനായി ഇതാ ഭാരതത്തില്‍ നിന്നും പുതിയൊരു സോഫ്ട് ഡ്രിങ്ക് അവതരിക്കാന്‍ പോകുന്നു. ഒരു പക്ഷെ Nothing political about it എന്ന പരസ്യവാചകവുമായിത്തന്നെ ഈ ശീതള പാനീയം ഇറങ്ങിയേക്കാം.

Roby said...

എന്നെക്കൊണ്ടു വയ്യായേ...

ഇവരുടെ തലച്ചോറു മാറ്റി പകരം ചാണകം വെച്ചാൽ നന്നായിരിക്കും. എല്ലാത്തിനും ബുദ്ധി അല്പം കൂടി തെളിയും, പശുക്കളെ സംരക്ഷിക്കുകയുമാകാം.

തെന്നാലിരാമന്‍‍ said...

ഇതിണ്റ്റൊരു കുറവൂടെ ഉണ്ടായിരുന്നു. എനിക്കുവയ്യാായേ...മൂറ്‍ത്തിച്ചേട്ടാ...ആ പരസ്യം അപ്പോ വിദൂരത്തല്ല...

ശ്രീവല്ലഭന്‍. said...

ഹാ ഹാ ഹാ ചിരിക്കാതിരിക്കാന്‍ വയ്യ.

ഇനി ചാണകം ചിപ്സ് ആയും, ചപ്പാത്തിയായും ഒക്കെ രൂപാന്തരപ്പെടുന്നത് കാത്തിരിക്കാം!

Radheyan said...

കലക്കി, ബീജെപിക്ക് അധികാരം കിട്ടുകയും അദ്വാനി പ്രധാനമന്ത്രിയാവുകയും ഒബാമ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്താല്‍ ഗോമൂത്രം കൊണ്ടാകുമോ പാനോപചാരം???

സര്‍,സോഡായ്ക്ക് പകരം സ്മോള്‍ അടിക്കാന്‍ ഇത് ഉപയോഗിക്കാമോ???

ഇത് പബിലൂടെ വിതരണം ചെയ്താല്‍ ആ പബ്ബുകളെ വാനരസേന ഒഴിവാക്കുമോ???

കൊച്ചുത്രേസ്യ said...

ഓഹോ സംഗതികൾ ഇവിടെ വരെയെത്തി അല്ലേ!! ഇനി മുതൽ റെയിൽവേസ്റ്റേഷനിലും മറ്റു പബ്ലിക്‌ പ്ലേസിലുമൊക്കെ ഡ്രിങ്കിംഗ്‌ വാട്ടർ ടാപ്പുകൾക്കു പകരം ഓരോ പശുവിനെ കൊണ്ടു വന്നു കെട്ടിയിടുന്നതും കാണേണ്ടി വരുമോ!! അടുത്ത പടിയായിപശുവിനെ തന്നെ pack ചെയ്ത്‌ വിപണിയിലിറക്കാനും സാധ്യതയുണ്ട്‌..ഗോമാതാ എന്ന ലേബലിൽ..

അഗ്രജന്‍ said...

ഇനി മുതൽ റെയിൽവേസ്റ്റേഷനിലും മറ്റു പബ്ലിക്‌ പ്ലേസിലുമൊക്കെ ഡ്രിങ്കിംഗ്‌ വാട്ടർ ടാപ്പുകൾക്കു പകരം ഓരോ പശുവിനെ കൊണ്ടു വന്നു കെട്ടിയിടുന്നതും കാണേണ്ടി വരുമോ!!

ഹഹഹ കൊച്ചു ത്രേസ്യാ... അപ്പോഴേക്കൂം ഊഹിച്ചു കഴിഞ്ഞു... :)

sugar free cow water അവൈലബിളായിരിക്കും അല്ലേ :)

ചന്ത്രക്കാറന്‍ said...

പശു അമ്മയാണെങ്കില്‍ കാള ഇവന്റെയൊക്കെ ആരായിട്ടുവരും?

കാവാലം ജയകൃഷ്ണന്‍ said...

ഗോമൂത്രം ഭാരതത്തിന്‍റെ ദേശീയ മൂത്രമായും,ചാണകം ഭാരതത്തിന്‍റെ ദേശീയ കാഷ്ടമായിട്ടും പ്രഘ്യാപിക്കണം.

പശുവിനെ കുത്തി വയ്ക്കുക എന്ന കിരാതമായ പ്രക്രിയ അവസാനിപ്പിച്ച് പശുക്കളെ നല്ലയിനം കാളകളെക്കൊണ്ട്‌ കല്യാണം കഴിപ്പിക്കുകയും, അതാതൂ പശുക്കളുടെ ഉടമസ്ഥര്‍ മണിയറ ഒരുക്കുകയും ചെയ്യണം.

പശുക്കള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ജാതകര്‍മ്മം, ഇരുപത്തിയെട്ട്, പേരീടീല്‍ തുടങ്ങിയവ നാട്ടുകാരെ വിളിച്ചു വരുത്തി ആഘോഷമായി ചെയ്യുകയും ചെയ്യണം... ഇത്രയും കൂടീ ചെയ്താലേ ഗോപൂജ പൂര്‍ണ്ണമാവുകയുള്ളൂ.

കഷ്ടം. കേരളത്തിന്‍റെ ബോര്‍ഡര്‍ കടന്ന് കൊല്ലാനായി കൊണ്ടുവരുന്ന ജീവികളോട് മനുഷ്യന്‍ കാണീക്കുന്ന ക്രൂരത കണ്ടാല്‍ മനസ്സാക്ഷി എന്നൊന്നുണ്ടെങ്കില്‍ സഹിക്കില്ല.കുറഞ്ഞ പക്ഷം അതൊന്നവസാനിപ്പിക്കാന്‍ കഴിയാതെ പശുവിന്‍റെ മൂത്രം കറക്കാന്‍ നടന്നാല്‍ മതിയല്ലോ? ഗോപൂജയും സംരക്ഷണവും നടത്തേണ്ടത് മൂത്രം കുടിച്ചല്ല. അതുങ്ങളോട്‌ ചെയ്യുന്ന ക്രൂരത അവസാനിപ്പിച്ചായിക്കൂടേ???

Unknown said...

പ്രധാനമന്ത്രി (മൊറാര്‍ജി ദേശായി) സ്വന്തം മൂത്രം കുടിക്കുന്ന നാട്ടില്‍ “കുടി”കിടപ്പുകാര്‍ക്കു് എന്തുകൊണ്ടു്‌ ഗോമൂത്രം കുടിച്ചുകൂടാ? അദ്ദേഹം തിന്നിരുന്നതു് സ്വന്തം അമേധ്യം ആയിരുന്നോ എന്നറിയില്ല. ഏതായാലും ജനങ്ങള്‍ ഒരു ആദ്യപടി എന്ന നിലയില്‍ ഗോമൂത്രം കുടിക്കുക മാത്രമല്ല, ഗോ-അമേധ്യം തിന്നുകയും വേണം. അങ്ങനെ മാത്രമേ അവസാനം സ്വ-മൂത്രം കുടിക്കാനും സ്വ-അമേധ്യം തിന്നാനും മനുഷ്യര്‍ ശീലിക്കുകയുള്ളു. കുടിതീറ്റകളില്‍ ഭാരതം അതുവഴി പൂര്‍ണ്ണസ്വയം‌പര്യാപ്തത നേടുകയും ചെയ്യും. “അയോദ്ധ്യരാജ്യത്തില്‍ അമേധ്യഭോജനം” എന്നു് മൃതലിംഗാനന്ദസരസ്വതിസ്വാമികളുടെ ഒരു സുഖശയനസൂക്തത്തില്‍ പറയുന്നുമുണ്ടല്ലോ! That is, such an action is undoubtedly religious and vedic conform!

ഇവന്റെയൊക്കെ ആസനത്തില്‍ ഓരോ മിനി വിന്‍ഡ് പവ്വര്‍ സ്റ്റേഷന്‍ സ്ഥാപിച്ചിരുന്നെങ്കില്‍ തലയിലെ ബള്‍ബു് തെളിയാനുള്ള വൈദ്യുതി ലഭിക്കുമോ എന്നറിയാമായിരുന്നു!

അരവിന്ദ് :: aravind said...

സത്യായിട്ടും അറിയാന്‍ മേലാഞ്ഞ് ചോദിക്കുവാ..
ഇവന്മാര്‍ക്കെല്ലാം പെരു വട്ടാണോ?

കുഞ്ഞന്‍ said...

ചന്ത്രക്കാരന്റെ ചോദ്യം എനിക്കിഷ്ടപ്പെട്ടു....

അല്ല ചേട്ടന്മാരെ, ക്ഷേത്രത്തില്‍ പോയി പുണ്യാഹവും മറ്റും സേവിക്കുന്നവര്‍ ഇതിന്റെ മറ്റൊരു രൂപമായ പഞ്ചഗവ്യം കഴിച്ചിട്ടുണ്ടാവില്ലെ??

അറപ്പില്ലാത്തവര്‍ കഴിക്കട്ടെ ഇറച്ചിയും മറ്റും കഴിക്കുമ്പോലെ..രാഷ്ട്രീയം എന്തുതന്നെയായാലും..!

vimathan said...

എല്ലാ പൂജനീയ സ്വയം സേവകനും ഈ പരിശുദ്ധ ഗോജല്‍ സ്വയം സേവിച്ച് ആനന്ദിച്ച് പഥസഞ്ചലനം നടത്തുന്ന അസുലഭ കാഴ്ച കാണാന്‍ കാത്തിരിക്കുന്നു. ജയ് ഗോമാതാജീ

Anonymous said...

രസകരമായ പോസ്റ്റ്‌....

അനുരഞ്ജ വര്‍മ്മ said...

ഈ പാനീയത്തിന്റെ കോര്‍പറേറ്റ് ലോഗോ പുറത്തിറങ്ങി. ഇവിടെ

അനോണി ആന്റണി said...

ഗോമാതാവ് ഒരു നടയ്ക്ക് പോകുമെന്ന് തോന്നുന്നില്ല:
നൈജീരിയന്‍ ഗോത്രവര്‍ഗ്ഗക്കാരുടെഈടയിലും ഉണ്ട് ഈ ഗോമൂത്രചികിത്സ. അവിടെ
ഇതടിച്ചു വടിയാവുന്നവരെക്കുറിച്ച് ഒരു ഗവേഷണം പണ്ട് ലാന്‍സെറ്റിലോ മറ്റോ
വന്നിരുന്നു, അത് അന്വേഷിച്ചപ്പോ ഗൂഗിളമ്മ കാണിച്ചു തന്ന ഒരു സാധനം
http://www.cowurine.com/research-paper.html

വാഗ്ഭടന്‍ സ്ത്രീരോഗങ്ങള്‍ക്കും വാതം മൂത്രം പോക്ക് ചൊറിക്കൊക്കെയാണ്‌
ഗോമൂത്രം ചേര്‍ക്കാന്‍ പറഞ്ഞതെങ്കില്‍ അദ്ദേഹത്തിന്റെ എരുമ ശിഷ്യന്മാര്‍
ദാണ്ട് ഇസ്കീമിക്ക് ഹാര്‍ട്ട്, ക്യാന്‍സര്‍, എയിഡ്സ്, ഡയബറ്റീസ് എന്നു
വേണ്ട മനോരോഗം വരെ ചികിത്സിക്കുന്നു.

അയല്‍ക്കാരന്‍ said...

ഇഷ്ടമില്ലാത്ത അച്ചി വെച്ചതെല്ലാം പൂച്ച് എന്നതങ്ങുമാറ്റിനിര്‍ത്തിയാല്‍ കണ്ടിവെണ്ണയും ഗോമൂത്രവുമൊക്കെ നമ്മുടെ ചികിത്സാ പാരമ്പര്യങ്ങളിലുള്ളതുതന്നെ. മൂത്രം നേരിട്ട് കുടിക്കാനല്ലല്ലോ അവര്‍ പറഞ്ഞത്, പ്രൊസെസ്സ് ചെയ്തിട്ടുതന്നെയല്ലേ വില്‍ക്കാന്‍ പോകുന്നത്? അറപ്പോ പേടിയോ ഇല്ലാത്തവര്‍ കുടിക്കട്ടെ. അല്ലാതെ ആര്‍ എസ് എസ് കാരന്‍ ഉണ്ടാക്കി എന്നതുകൊണ്ട് മാത്രം ഇതിനെയങ്ങ് എതിര്‍ക്കണോ? ഗുജറാത്തിലും കര്‍ണാടകയിലും കാണിക്കുന്ന വൃത്തികേടുകളെ ചെറുക്കൂ. നോണ്‍-ഇഷ്യൂകളെ വെറുതെ വിടൂ.

Ajith Pantheeradi said...

മൊറാര്‍ജിയുടെ ജനതാ പാര്‍ട്ടി സ്ട്രോങ്ങ് അല്ലാത്തതു നന്നായി. ഇല്ലെങ്കില്‍ മറ്റേതും കുപ്പിയിലാക്കി വില്‍പ്പന തുടങ്ങിയേനെ.

Ignited Words said...

“ഇഷ്ടമില്ലാത്ത അച്ചി വെച്ചതെല്ലാം പൂച്ച് എന്നതങ്ങുമാറ്റിനിര്‍ത്തിയാല്‍ കണ്ടിവെണ്ണയും ഗോമൂത്രവുമൊക്കെ നമ്മുടെ ചികിത്സാ പാരമ്പര്യങ്ങളിലുള്ളതുതന്നെ. മൂത്രം നേരിട്ട് കുടിക്കാനല്ലല്ലോ അവര്‍ പറഞ്ഞത്, പ്രൊസെസ്സ് ചെയ്തിട്ടുതന്നെയല്ലേ വില്‍ക്കാന്‍ പോകുന്നത്?“

അദാണു, അദാണു കാര്യം. അയൽക്കാരനെന്തു വ്യക്തമായും ശക്തമായും അക്കാര്യം പറഞ്ഞു! അടുത്ത പടി ചാണകം പ്രോസസ് ചെയ്തു ഈ പ്രോസസ്ഡ് ചാണകം എയർ ടൈറ്റ് ചെയ്തു പാക്കറ്റിലാക്കി എല്ലാ ബേക്കറികൾ വഴിയും വിതരണം ചെയ്യണം. അതു മാത്രം പോര ഇതിനെ പുറം രാജ്യങ്ങളിലേക്ക് കയറ്റിയയച്ചു വിലപനയും നടത്തണം. ഇനി മുതൽ ശാഖകളിൽ പോയി ക്ഷീണിച്ചു വരുന്ന സംഘസേവകർക്ക് ഗോമൂത്രകോളയും, ചാണകവരളിയും കൊടുത്തായിരിക്കും അവരുടെ ക്ഷീണം മാറ്റേണ്ടത്.

ചാണകത്തിന്നു പാൽ കൂടി ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിക്കണം.

ഇതൊക്കെ കണ്ടുപിടിച്ച ആ തല വെയിലത്തു കാണിക്കരുത്. ആ‍ തലക്കകത്തിരിക്കുന്ന ചെളി ചെലപ്പൊ ഉരുകി താഴെവീഴും.:):)

ചന്ത്രക്കാറന്‍ said...

ഒരമ്പതുകൊല്ലം കഴിഞ്ഞാല്‍ മൂത്രക്കോള ആര്‍ഷഭാരതസംസ്കാരത്തിന്റെ അവിഭാജ്യഘടകമാവും, അത് കുടിക്കാത്തവനൊക്കെ ഭാരതസംസ്കാരത്തിനെതിരാവും, അന്ന് നമ്മുടെ കുഞ്ഞുങ്ങളെ മൂത്രക്കോള കുടിപ്പിക്കാന്‍ മൂത്രസേനാനായകനാവാനുള്ള ഒരു മുത്താലിക് എവിടെയെങ്കിലും ഇപ്പോള്‍ മുട്ടിലിഴയുന്നുമുണ്ടാവും.

nalan::നളന്‍ said...

Coke has a rival: RSS's cow urine cola

He asserts that tiles made up of cow dung have been found to be fire - and water-resistant and can ward off radiation. --Om Prakash

ഹിനിയിപ്പം ബീമാനം നിര്‍മ്മിക്കാന്‍ വേറെ സാധനം തപ്പി നടക്കേണ്ട........ ശേഖരിച്ചുബച്ചോളിന്‍

അയല്‍ക്കാരന്‍ said...

ഇതില്‍നിന്ന് രാഷ്ട്രീയം വിട്ടുപിടിക്കാമോ. ചാണകം തിന്നാന്‍ കൊള്ളുമെന്ന് വിവരമുള്ള ആരെങ്കിലും പറയുന്നതിനുമുമ്പേ നമ്മള്‍ മലര്‍പ്പൊടിസ്വപ്നം കാണേണ്ടതുണ്ടോ? എല്ലാ പാരമ്പര്യങ്ങളും തള്ളിക്കളയണമെന്നാണെങ്കില്‍ വേറേ ചോദ്യങ്ങളുമില്ല. പ്രൊസെസ്സ് ചെയ്യുന്ന കാര്യം പറഞ്ഞത് പബ്ലിക് ടാപ്പില്‍ പശുവിനെക്കെട്ടുന്ന ഐഡിയയോട് മാത്രം ചേര്‍ത്തുവായിക്കുക.

പിന്നെ എല്ലാ വിസര്‍ജ്ജ്യങ്ങളും അത്ര മോശമൊന്നുമല്ല. ചെടികളുടെ വിസര്‍ജ്ജ്യമാണ് ഓക്സിജന്‍ എന്നു പഠിപ്പിച്ച മാഷ് എന്‍‌ടി‌യു വായിരുന്നോ കെജിടി‌എ ആയിരുന്നോ എന്ന് അറിയില്ല. ചിലതിലെങ്കിലും രാഷ്ട്രീയം കാണേണ്ടതില്ല എന്നുകരുതുന്ന ഒരു ഭൂതകാലം മലയാളിക്കുണ്ടായിരുന്നുവല്ലോ.

ചന്ത്രക്കാറന്‍ said...

“പിന്നെ എല്ലാ വിസര്‍ജ്ജ്യങ്ങളും അത്ര മോശമൊന്നുമല്ല. ചെടികളുടെ വിസര്‍ജ്ജ്യമാണ് ഓക്സിജന്‍ ..“

എന്തൊരു ബുദ്ധി... എന്തൊരു ബുദ്ധി...

നാഗ്പൂരിന്റെ ആസ്ഥാനശാസ്തജ്ഞനാവാനുള്ള എല്ലാ യോഗ്യതയുമുണ്ട്. അബ്ദുള്‍കലാം വരെ ഈ നാട്ടില്‍ ശാസ്ത്രജ്ഞനാണ്.

Ignited Words said...

ആരാ‍ അവിടെ വിസർജ്യങ്ങളെ കുറ്റം പറയുന്നത്. ആർഷഭാരതസംസ്കാരത്തെ അവഹേളിക്കരുത്..:)) വേണമെങ്കിൽ ഇതൊക്കെ കഴിക്കാൻ പറ്റുന്നതാണു തെളിയിക്കാൻ ഡമണ്സ്ട്രേഷൻ വരെ സ്വയംസേവകർ നടത്തിക്കാണിക്കും..;)

അയല്‍ക്കാരന്‍ said...

ചന്ദ്രക്കാരോ, ആ ഓക്സിജന്‍‌റെ കൂടെ ഒരു സ്മൈലി ഇട്ടിട്ടു വായിക്കു. അതില്ലേലും നാഗ്‌പൂര്‍ കണക്കില്‍ ചേര്‍ക്കല്ലെ. ഈ കളത്തിലെ ഏറ്റവും ഗ്ലാമറുള്ള തെറി അതാണെന്ന് അറിയാം. കൊഞ്ഞനം കുത്തേണ്ടവര്‍ക്ക് വഴിമാറിപ്പോകേണ്ടെന്നു കരുതിയാണ് ആദ്യകമന്‍‌റില്‍ തന്നെ ആന്റിസിപ്പേറ്ററി ബെയില്‍ എടുത്തത്.

പേടിയും അറപ്പുമില്ലാത്തോര്‍ക്ക് രുചിയും മണവും ഇഷ്ടപ്പെട്ടാല്‍ കുടിക്കട്ടെ, ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ട സര്‍ക്കാരേജന്‍സികള്‍ ഇടപെടട്ടെ. കോള ഉണ്ടാക്കിയവന്‍‌റെ രാഷ്ട്രീയവും പാരമ്പര്യവും അത് കുടിക്കുന്നവനെ ബാധിക്കുന്നില്ല എന്ന അഭിപ്രായം മാത്രമേ ഉള്ളൂ. രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ അവര്‍ തന്നെ ധാരാളം അവസരങ്ങള്‍ ഉണ്ടാക്കിത്തരുന്നില്ലേ?

എന്ന് അബ്ദുള്‍ കലാമിനെ ബഹുമാനിക്കുന്ന ഒരാള്‍

Suraj said...

ഹാ..നിങ്ങളിങ്ങനെ പരിഹസിക്കരുത്...ഐശ്വര്യദേവതയായ ലക്ഷ്മീദേവി കുടിയിരിക്കുന്നതുകൊണ്ടാണ് പശുമൂത്രവും പശുത്തീട്ടവും പരിശുദ്ധമായത്. അതോണ്ട് എന്റെ ഒപ്പ് അയല്‍ക്കാരന്റെ കമന്റിന്റെ മൂട്ടിലാണ്...ഗോമൂത്രക്കോള നിങ്ങളുടെ തലകളെ തണുപ്പിക്കട്ടെ

- “ഗോ” ദ വര്‍മ്മ.

Thaikaden said...

Bangaloril, pashu moothram pedukkunnathu kandittu, scooter nirthi thante kayyil choodulla moothram sekharichu kudichu nirvrithiyode poya oruvan ente manassil ippozhum undu.

പരാജിതന്‍ said...

ഗോമൂത്രക്കോളയ്ക്ക് ഒരു ബേസ്‌ലൈന്‍ സജസ്റ്റ് ചെയ്യുന്നു:
Taste the blunder!

കൊച്ചുത്രേസ്യ said...

അയൽക്കാരാ ടാപ്പിനു പകരം പശുവിനെ കെട്ടിയാലും പ്രോസസ്സ്‌ഡ്‌ വാട്ടർ കിട്ടും.. ഇപ്പോഴത്തെ വാട്ടർ പ്യൂരിഫയർ പോലെ എന്തെങ്കിലും കിടുതാപ്പ്‌ പശുവിന്റെ മൂട്ടിൽ ഫിറ്റ്‌ ചെയ്താൽ പോരേ . ഇത്രേം ഗവേഷണങ്ങളൊക്കെ നടത്തുന്നവർക്ക്‌ അതും കൂടി കണ്ടു പിടിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാവുംന്ന്‌ തോന്നുന്നില്ല

(statuatory warning: ഈ കമന്റിൽ രാഷ്ട്രീയമില്ല)

കൊച്ചുത്രേസ്യ said...

ചന്ത്രക്കാറന്റെ ആർഷഭാരത ദീർഘവീഷണ കമന്റിനൊരു സല്യൂട്ട്‌ :-)

നാട്ടുകാരന്‍ said...

ധാര്‍ക്കണ്ട് ഗവണ്മെന്റ് പരിപാടികളിലൊക്കെ ഇനി ശുദ്ധ മൂത്രം ആയിരിക്കും കുടിക്കാന്‍ കൊടുക്കുന്നത് .... കേരളത്തിലെ പോലീസ് ലോക്കപ്പില്‍ കിടന്നു എക്സ്പീരിയന്‍സ് ഉള്ളവര്‍ മാത്രം ഇനി അങ്ങോട്ട് പോയാല്‍ മതി ..... ഇപ്പൊ പിടികിട്ടിയോ ? കേരള പോലീസിന്റെ ട്രെയിനിംഗ് നാഗ്പൂരിലാണ് !

Unknown said...

പശു-മൂത്ര-ആശയപരമായ ഈ വിഷയത്തില്‍
പശുക്കള്‍ എന്തു് പറയുന്നു, മേനക ഗാന്ധി എന്തു് പറയുന്നു, പശുപതി എന്തു് പറയുന്നു, സര്‍വ്വോപരി അമേരിക്കയുടെയും പാകിസ്ഥാന്റെയും പശു-മൂത്ര-ആശയപരമായ നിലപാടെന്തു് മുതലായ കാര്യങ്ങള്‍ കൂടി അറിഞ്ഞിട്ടു് ഒരു അവസാനതീരുമാനത്തില്‍ എത്തുന്നതാവും നല്ലതു് എന്നു് തോന്നുന്നു. ആണവശക്തികള്‍ തമ്മിലുള്ള ഒരേറ്റുമുട്ടല്‍ ഗോമൂ‍‍ത്രത്തിന്റെ radioactive contamination-ലേ അവസാനിക്കൂ എന്നു് മുന്‍പ്രസിഡന്റ് അബ്ദുള്‍‍ കലാമും വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്കു് ജനങ്ങളുടെ ശരീരം സ്വയം ദിവ്യപ്രഭാപൂരം റേഡിയേറ്റ് ചെയ്തു് “രാഷ്ട്രീയ സ്വയം സേവനം” തുടങ്ങിയാല്‍ ദൈവങ്ങളും അര്‍ദ്ധദൈവങ്ങളും തൊഴിലില്ലാതാവും. ഈ ആഗോളസാമ്പത്തികമാന്ദ്യത്തിനിടയ്ക്കു്‌ ഭാരതം അവര്‍ക്കുകൂടി തൊഴിലില്ലായ്മാവേതനം നല്‍കേണ്ടിവരും. ഇപ്പൊത്തന്നെ സാധാരണ ജനങ്ങള്‍ പശുമൂത്രം കുടിച്ചുകൊണ്ടല്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയുമാണു്!!

Unknown said...

ആര്‍ഷഭാരതത്തിലെ സനാതനഹിന്ദുക്കളെല്ലാം ആര്‍.എസ്.എസ് കാരുടെ മൂത്രക്കോള കുടിച്ച് ശുദ്ധരാകട്ടെ! ഇത് നിര്‍ബന്ധിച്ച് കുടിപ്പിക്കാന്‍ അമ്പും വില്ലും, ശൂലവും, ദണ്ഡും, രാമന്റെ പടവുമായി ഇവന്മാരു തെരുവിലിറങ്ങുന്ന കാലം ദൂരെയല്ല.

വേറെ ഒരു കാര്യം, മാഡ് കൗ ഡിസീസ് രോഗമുള്ള ഗോമാതാവിന്റെ മൂത്രത്തില്‍ രോഗമുണ്ടാക്കുന്ന പ്രയോണിന്റെ സാന്നിധ്യമുള്ളതായി ഒരു ആര്‍ട്ടിക്കിള്‍ പബ്‌മെഡില്‍ വായിച്ചു. പരിവാരക്കൂട്ടം ഈ മൂത്രക്കോള കുടിച്ച് മാഡ് കൗ ഡിസീസ് പോലെ വല്ല മാരകരോഗവും വന്ന് ചത്തു തുലയുമെങ്കില്‍ അത്രയും നല്ലത്.

കാളിയമ്പി said...

ഒരു ചീസ്ബര്‍ഗറും ഗോജലും..ഈ മൃഗത്തെയാണ് കല്‍പ്പവൃക്ഷം കല്‍പ്പവൃക്ഷം എന്നൊക്കെ പറയുന്നത്.:)

ഗൗരവാല്‍റ്റി കാണാഞ്ഞല്ല. വളിപ്പടിയ്ക്കാനുള്ള ത്വര കൊന്‍ട് മാത്രം. മാഫി മൂര്‍ത്തിമാഷേ.

അനില്‍@ബ്ലോഗ് // anil said...

പാലില്ലാത്ത പശുക്കളുടെ നല്ലകാലം തെളിഞ്ഞു. സ്തോത്രം.

ആ സുദിനത്തിനായ് കാത്തിരിക്കുന്നു.

വെളിച്ചപ്പാട് said...

ഞങ്ങടെ ദൈവത്തെ തൊട്ട് കളിക്കണ്ട ത്രേസ്സ്യാമ്മച്ചി ..
ദണ്ട് ഓര്‍ ശൂലം സെ ഉന്മൂലന്‍ കരേഗ..മാലൂം...

ബാബുരാജ് ഭഗവതി said...

നാം കരുതുന്നതിനുമപ്പുറം വിചിത്രമാണ് കാര്യം.
ഒരിക്കല്‍ ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഒരു സംസ്കൃതവിദ്യാ‍ലയത്തില്‍ പോകാനിടയായി.
അവിടെ വെച്ച് ആ വിദ്യാലയത്തിലെ മേധാവിയും എന്റെ കൂടെ ഉണ്ടായിരുന്നയാളും തമ്മിലുണ്ടായ ഒരു ചര്‍ച്ച എന്നെ ഞെട്ടിച്ചുകളഞ്ഞു.
ഒരുപാടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അവര്‍ അവസാനം എത്തിച്ചേര്‍ന്നത് പഞ്ചദ്രവ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. പശുവിന്‍ ചാണത്തിന്റെ രുചിയെക്കുറിച്ചാണ് സ്ഥാപനമേധാവി സംസാരിച്ചത്.
അതൊരു മാനസികാവസ്ഥയാണ്. അതേ മാനസീകാവസ്ഥയില്‍ നിന്നാണ് ‘മൂത്രക്കോള‘ ഉണ്ടാകുന്നത് എന്ന് തോനുന്നു.