Sunday, July 12, 2009

സി.സി.യുടെ എഴുതാത്ത കത്ത്

പ്രിയപ്പെട്ട മാധ്യമങ്ങളെ,

ആരാലുമറിയാതെ കടന്നുപോകുമായിരുന്ന കേന്ദ്രക്കമ്മറ്റി യോഗത്തെ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആക്കിത്തന്നതിന് നന്ദി രേഖപ്പെടുത്തുവാന്‍ കേന്ദ്രക്കമ്മിറ്റിക്ക് അതിയായ സന്തോഷം ഉണ്ട്। യോഗത്തിനു വന്ന ഓരോ അംഗത്തിന്റെയും ഓരോ ചലനവും ഒപ്പിയെടുത്ത് റിപ്പീറ്റ് കാണിച്ചതിന്, അവരുടെ ചലനങ്ങള്‍, നോട്ടങ്ങള്‍, കണ്ണിമയ്ക്കലുകള്‍, വാക്കുകള്‍, മൌനങ്ങള്‍ എല്ലാം ഒപ്പിയെടുത്ത് എല്ലാവരെയും ഒരു ‘സംഭവം’ ആക്കിത്തീര്‍ത്തതിന് നന്ദി പറയുവാനും സി.സി ഈയവസരം വിനിയോഗിക്കട്ടെ.

കേന്ദ്രക്കമ്മിറ്റിക്ക്ശേഷംഇടതുകാലു വെച്ചാണ് ഒരു നേതാവ് പുറത്ത് വരുന്നതെങ്കില്‍ അകത്തും, വലതുകാല്‍ വെച്ചാണ് പുറത്ത് വരുന്നതെങ്കില്‍ പുറത്തും എന്ന മട്ടില്‍ നിങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ തന്നെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി എന്ന് പറയാതെ വയ്യ। ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ട് തന്നെ പുറത്തേക്ക് വരുമ്പോള്‍ കണ്ടിരുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം। മനോവിശ്ലേഷണ മാധ്യമ റിപ്പോര്‍ട്ടിംഗ് രംഗത്ത് ഒരു പുതിയ അദ്ധ്യായം തന്നെ ഈ ‘ദന്തനിരീക്ഷണ“ സിദ്ധാന്തം തുറക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു। ചിലര്‍ മടങ്ങാനായി ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്ന വിമാനത്തിന്റെ ഫയല്‍ ഫോട്ടോ പ്രക്ഷേപണം ചെയ്തതിലൂടെ ബ്രേക്കിംഗ് ന്യൂസ് മേഖലയില്‍ ഒരു പുതിയ പന്ഥാവ് തന്നെ വെട്ടിത്തുറക്കുവാന്‍ നിങ്ങള്‍ക്കായി. ടിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റും ടിക്കറ്റ് നമ്പറിന്റെ ന്യൂമറോളജിക്കല്‍ വിശകലനവും കൂടി ഉണ്ടായിരുന്നുവെങ്കില്‍ കുറച്ച് കൂടി സയന്റിഫിക്ക് ആകുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു എന്ന് സി.സി വിലയിരുത്തുന്നു. കല്ലച്ചിലെ തെളിയാത്ത അക്ഷരങ്ങളില്‍ നിന്ന് മാധ്യമലോകം എത്രമാത്രം വളര്‍ന്നിരിക്കുന്നു!

ഇനി മുതല്‍ പി.ബി.യും കേന്ദ്രക്കമ്മറ്റിയും കൂടാനുള്ള ദിവസങ്ങളും ഗണിച്ച് ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കുന്ന പുത്തന്‍ സാങ്കേതിക വിദ്യ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്കാവും എന്ന് സി.സിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ഊഹിച്ചെഴുതുന്നതിനു പകരമായി, വെര്‍ച്ച്വല്‍ പി.ബിയും കേന്ദ്രക്കമ്മിറ്റിയും ഉണ്ടാക്കുവാനും ലൈവ് ആയി വെര്‍ച്ച്വല്‍ പി.ബി, വെര്‍ച്ച്വല്‍ സി.സി ചര്‍ച്ചകള്‍ പ്രക്ഷേപണം ചെയ്യുവാനും അനതിവിദൂര ഭാവിയില്‍ നിങ്ങള്‍ക്കാകട്ടെ എന്ന് സി.സി ആ‍ത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഞങ്ങള്‍ എന്താണ് തീരുമാനിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ ഞങ്ങളേക്കാള്‍ മുന്നെ കൂട്ടായിരുന്ന് അന്യോന്യം മസ്തിഷ്കപ്രക്ഷാളനം നടത്തുകയും, ‘ഞങ്ങളുടെ തീരുമാനം’ ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കുകയും ചെയ്യുന്ന നടപ്പ് രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും അത്തരമൊരു സാങ്കേതികവിദ്യാവികാസം. വികസിത, അതിവികസിത രാജ്യങ്ങളിലെ മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ഇത്തരം ഇന്നൊവേഷന്‍സ് മലയാള മാധ്യമരംഗത്തിന് അന്താരാഷ്ട്ര ഖ്യാതി നേടിത്തരും എന്നതില്‍ സി.സി. ഏകാഭിപ്രായക്കാരാണ്. ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയത്തിന്റെ വിവിധ പെർമ്യൂട്ടേഷൻ കോമ്പിനേഷനുകളെല്ലാം അതിവിദഗ്ദമായി വിശകലനം ചെയ്ത് ഒരു മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യനിലെന്നപോലെ നാലു ഓപ്ഷനുകള്‍ ഒരുക്കിത്തരികയും അതില്‍ ഒന്നു മാത്രം സ്വീകരിച്ച് ശരിയായ തീരുമാനത്തിലെത്താന്‍ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്ന നിങ്ങളുടെ കലാപരിപാടിയും സി.സി. വളരെ കൌതുകത്തോടെയാണ് കാണാറുള്ളത്.

എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റ്റുകാരെയും വിവിധ ചാനലുകളിലായി ഒരേ സമയം ചര്‍ച്ചകള്‍ക്കായി അണി നിരത്തുവാന്‍ കഴിഞ്ഞ നിങ്ങളുടെ സംഘടനാ പാടവത്തെയും സി.സി. ശ്ലാഘിക്കുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവര്‍ ഞങ്ങളെ നന്നാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതിന്റെ പേരില്‍ അവരോടും സി.സി. നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാനും നിങ്ങള്‍ തയ്യാറാകണം. അത് അവരുടെ അവകാശത്തിന്റെ പ്രശ്നമാണ്. ‘എട്ട് മണിക്കൂര്‍ പത്രങ്ങളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ ചാനലുകളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ സൈബര്‍ സ്പേസില്‍ വിമര്‍ശനം’ എന്ന അവരുടെ മുദ്രാവാക്യം ചിക്കാഗോയിലെ തെരുവീഥികളില്‍ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടവയാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

ഒരു ചെറിയ വിമര്‍ശനം കൂടി രേഖപ്പെടുത്തിക്കൊണ്ട് ഈ കത്ത് അവസാനിപ്പിക്കട്ടെ..

ഞങ്ങള്‍ ഇന്ന രീതിയില്‍ തീരുമാനിക്കും എന്ന് പറഞ്ഞ് നിങ്ങള്‍ കൊടുക്കുന്ന പരസഹസ്രം വാര്‍ത്തകളില്‍ ഏതെങ്കിലും ഒരെണ്ണം, ഏതെങ്കിലും മാധ്യമങ്ങളിലോ, ഏതെങ്കിലും ചാനലുകളിലോ, എന്നെങ്കിലും തെറ്റുകയാണെങ്കില്‍ (ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നു) ഒരു ചെറിയ തിരുത്ത് കൊടുക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. ഇന്ന് നിങ്ങള്‍ പുലര്‍ത്തി വരുന്ന അസൂയാവഹമായ സത്യസന്ധതക്ക് അതൊരു മകുടം ചാര്‍ത്തലായിരിക്കും എന്നതില്‍ സംശയമില്ലല്ലോ.

സത്യസന്ധതയുടേതും, ഉയര്‍ന്ന പ്രൊഫഷണലിസത്തിന്റെതുമായ പാതയിലൂടെ ഇന്നു ചെയ്യുന്നതുതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ മുന്നോട്ട് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്...

നിങ്ങളുടെ സ്വന്തം സി.സി

10 comments:

മൂര്‍ത്തി said...

കേന്ദ്രക്കമ്മിറ്റിക്ക്ശേഷംഇടതുകാലു വെച്ചാണ് ഒരു നേതാവ് പുറത്ത് വരുന്നതെങ്കില്‍ അകത്തും, വലതുകാല്‍ വെച്ചാണ് പുറത്ത് വരുന്നതെങ്കില്‍ പുറത്തും എന്ന മട്ടില്‍ നിങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ തന്നെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി എന്ന് പറയാതെ വയ്യ। ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ട് തന്നെ പുറത്തേക്ക് വരുമ്പോള്‍ കണ്ടിരുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം। മനോവിശ്ലേഷണ മാധ്യമ റിപ്പോര്‍ട്ടിംഗ് രംഗത്ത് ഒരു പുതിയ അദ്ധ്യായം തന്നെ ഈ ‘ദന്തനിരീക്ഷണ“ സിദ്ധാന്തം തുറക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു।

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാണ്‌ കിടിലം


എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റ്റുകാരെയും വിവിധ ചാനലുകളിലായി ഒരേ സമയം ചര്‍ച്ചകള്‍ക്കായി അണി നിരത്തുവാന്‍ കഴിഞ്ഞ നിങ്ങളുടെ സംഘടനാ പാടവത്തെയും സി.സി. ശ്ലാഘിക്കുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവര്‍ ഞങ്ങളെ നന്നാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതിന്റെ പേരില്‍ അവരോടും സി.സി. നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാനും നിങ്ങള്‍ തയ്യാറാകണം. അത് അവരുടെ അവകാശത്തിന്റെ പ്രശ്നമാണ്. ‘എട്ട് മണിക്കൂര്‍ പത്രങ്ങളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ ചാനലുകളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ സൈബര്‍ സ്പേസില്‍ വിമര്‍ശനം’ എന്ന അവരുടെ മുദ്രാവാക്യം ചിക്കാഗോയിലെ തെരുവീഥികളില്‍ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടവയാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

കുഞ്ഞന്‍ said...

ആ പ്ലെയിനിന്റെ കാര്യം കൂടി ഫ്ലാഷ് ന്യൂസ് കൊടുക്കുന്നതു കണ്ടപ്പോള്‍....മാധ്യമങ്ങളുടെ നിഗമനങ്ങള്‍...

പിബിയിലെ അംഗങ്ങളുടെ വീടുകളിലും കൂട്ടുകാരുടെ അടുത്തും എന്തെങ്കിലും ലേറ്റസ്റ്റ് വിവരം കിട്ടുവാന്‍ വേണ്ടി നടത്തുന്ന പരാക്രമങ്ങള്‍...

ഇതെല്ലാം ഞങ്ങള്‍ക്ക് വാര്‍ത്ത എത്തിച്ചു തരുവാനാണെന്നറിയുമ്പോള്‍ ഹര്‍ഷരോമാഞ്ചകുഞ്ചകനാകുന്നു ഈ ഞാന്‍..!

ശക്തമായ കത്ത് മൂര്‍ത്തിമാഷെ.

paarppidam said...

നന്നായിരിക്കുന്നു എന്നല്ല കിടിലൻ...മാധ്യമ ചർച്ചകൾ പലപ്പോഴും അർത്ഥശൂന്യവും തികച്ചും യാദാർത്ഥ്യബോധം ഇല്ലാത്തതും ആകുന്നു.അനാവശ്യങ്ങൾ ആവർത്തിച്ചും അയദാർത്ഥങ്ങൾ നിരത്തിയും പ്രക്ഷേപണം ചെയ്യുന്ന ചാനൽ ചർച്ചകളിൽ ഛർദ്ദിൽ മണക്കുന്നു എന്നതാണ്‌ വാസ്ഥവം...

Suraj said...

മാധ്യമങ്ങള്‍ക്ക് ചര്‍ച്ചിക്കാനും ഛര്‍ദ്ദിക്കാനും എന്തെങ്കിലും വേണ്ടേ. രാജ്യത്ത് വേറെ ഒരു വിഷയവുമില്ലാതെ വരണ്ടുണങ്ങിക്കിടക്കുമ്പോള്‍... പാവങ്ങള്‍ !

ജിവി/JiVi said...
This comment has been removed by the author.
ജിവി/JiVi said...

“ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ട് തന്നെ പുറത്തേക്ക് വരുമ്പോള്‍ കണ്ടിരുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം“

എല്ലാ പല്ലും പുറത്തുകാട്ടി ചിരിക്കേണ്ടി വന്നല്ലോ മൂര്‍ത്തീ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തി വന്നിരുന്ന് “ഗോസിപ്പ്” പ്രചാരണത്തിന്റെ മുന ഒടിഞ്ഞിട്ടും അവർ നിർത്തുന്നില്ല.ഇപ്പോൾ കേരളത്തിലെവിടെയെങ്കിലും പ്രകടനങ്ങൾ നടക്കുന്നുണ്ടോ എന്ന് പരതി നടക്കുകയാണവർ...!

Rajeeve Chelanat said...

കമ്മ്യൂണിസ്റ്റുകാരെയും, കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെയും ഈവിധത്തില്‍ ലൈം‌ലൈറ്റില്‍ നിര്‍ത്തുന്നതിന്, നമ്മുടെ ഈ അമേധ്യങ്ങള്‍ക്ക് നമ്മള്‍ നന്ദി പറയുക മൂര്‍ത്തീ..

അഭിവാദ്യങ്ങളോടെ

പാമരന്‍ said...

sathyam!