Saturday, August 23, 2008

മഹിഷപാദങ്ങള്‍ - ഒരു പ്രഹേളിക

മരം കോച്ചുന്ന മഞ്ഞുപെയ്യുന്ന മകരമാസ നിശീഥിനി. തൃശ്ശൂര്‍ കോട്ടപ്പുറം കുന്നത്ത് ലെയിനില്‍ 15/448ല്‍ വാസുദേവന്‍ മാഷിന്റെ മകന്‍ ദേവദത്തന്‍ പെട്ടെന്നാണോര്‍ത്തത്...എക്സൊര്‍സിസ്റ്റ് കണ്ടില്ലല്ലോ...

രാഗം തീയറ്ററിന്റെ 70എം.എം. മനോഹാരിതയില്‍ തെളിയുന്ന ആ ചിത്രം ഇന്നു കൂടിയേ ഉള്ളൂ എന്ന തിരിച്ചറിവ് സെക്കണ്ട് ഷോക്ക് പോയിക്കളയാം എന്ന തീരുമാനത്തിലേക്ക് സുന്ദരനായ ആ യുവാവിനെ എത്തിച്ചു. അമ്മ വിളമ്പിയ ചോറും മോരുകറിയും പൊടിത്തോരനും വയറു നിറയെ കഴിച്ച് ഒരേമ്പക്കവും വിട്ട് തന്റെ ഇംഗ്ലണ്ട് മെയ്ക്ക് റാലി സൈക്കിളില്‍ രാഗം തീയറ്ററിലേക്ക് വെച്ചു പിടിപ്പിച്ച യുവാവ് അറിഞ്ഞിരുന്നില്ല തന്നെ കാത്തിരിക്കുന്നതെന്താണെന്ന്...

എക്സൊര്‍സിസ്റ്റിനെക്കുറിച്ചുള്ള ഈ ലിങ്ക് വായിച്ച ശേഷം തിരിച്ചു സംഭവവിവരണത്തിലേക്ക് വരിക...:)

ഭൂതപ്രേതപിശാചുക്കളില്‍ ഒട്ടും തന്നെ വിശ്വാസമില്ലാതിരുന്ന, ‘അവിശ്വാസിയായ‘ ദേവദത്തന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴൊക്കെ ”ഇത്ര നല്ല തമാശപ്പടത്തെ ഭീകരചിത്രമായി കാണുന്ന ജനങ്ങളുടെ ഹാസ്യബോധമില്ലായ്മയെപ്പറ്റി“ വ്യാകുലനാകുകയായിരുന്നു. ചിത്രം കണ്ടില്ലായിരുന്നെല്‍ നഷ്ടമായേനെ എന്ന ആത്മഗതവും.

സിനിമ കഴിഞ്ഞ് തന്റെ ഇംഗ്ലണ്ട് മേയ്ക്ക് റാലി സൈക്കിളില്‍ കയറിയ യുവാവ് തന്റെ കയ്യിലെ റാഡോ വാച്ചില്‍ സമയം നോക്കി...കൃത്യം 11.38.....

എം.ജി.റോഡിലൂടെ മധുമതി എന്ന ഹിന്ദി ചിത്രത്തിലെ പ്രശസ്തമായ പാട്ടും പാടി ഇടക്കൊന്ന് രണ്ടു കൈയും വിട്ട് ചവിട്ടി ദേവദത്തന്‍ ചരിത്രപ്രസിദ്ധമായ കോട്ടപ്പുറം ഭാഗത്തേക്ക് സൈക്കിള്‍ തിരിച്ചു...

കെ.എസ്.ഇ.ബിയുടെ ഭീമാകാരവും ഭീതിജനിപ്പിക്കുന്നതുമായ ഗോഡൌണും, അതിനടുത്തൊരു തോടും വിശാലമായ പാടവും പാടത്തിനപ്പുറത്ത് ജനം ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന, പ്രേതങ്ങളിലെ റിയല്‍ എസ്റ്റേറ്റുകാര്‍ കയ്യടക്കിവെച്ചിരുന്ന വിജനമായ റെയില്‍‌വേ ട്രാക്കുമുള്ള അന്നത്തെ കോട്ടപ്പുറം...

മാഷിന്റെ മകനാണെങ്കിലും ഇടക്ക് ബീഡി വലിക്കുമായിരുന്നു ദേവദത്തന്‍...

എതിരെ നിന്നു വന്ന ആള്‍ ദേവദത്തന്റെ സൈക്കിളിനു നേരെ കൈകാണിച്ചു...ദേവദത്തന്‍ റാഡോ വാച്ചില്‍ സമയം നോക്കി..കൃത്യം 12 മണി..

“തീപ്പെട്ടിയുണ്ടോ മാഷുട്ട്യേ?’ ( ബീഡിയുണ്ടോ സഖാവെ എന്ന ഡയലോഗ് അന്ന് പ്രചാരത്തിലായിട്ടില്ല...കാരണം...ആ സിനിമ ഇറങ്ങിയിട്ടില്ല)

ഒന്ന് ഒന്നിനുപോയേക്കാം എന്നു കൂടി കരുതി സൈക്കിളില്‍ നിന്നും ഇറങ്ങി ദേവദത്തന്‍ തീപ്പെട്ടി നീട്ടി...ബീഡി കത്തിച്ചു കഴിഞ്ഞശേഷം തീപ്പെട്ടി തിരിച്ചു നീട്ടിയ അയാള്‍ അബദ്ധത്തിലെന്നവണ്ണം അത് താഴേക്കിട്ടു......

തീപ്പെട്ടി എടുക്കാനായി കുനിഞ്ഞ ദേവദത്തന്റെ ഉള്ളിലൂടെ ഒരു കിളി പാഞ്ഞു...................

അയാളുടെ കാലിന്റെ സ്ഥാനത്ത്...കാലിന്റെ സ്ഥാനത്ത്......

പോത്തിന്റെ കാലുകള്‍......................................

എഴുന്നേറ്റ് അയാളുടെ മുഖത്തേക്ക് നോക്കിയ ദേവദത്തന്റെ ഉള്ളിലൂടെ രണ്ടാമത്തെ കിളി പാഞ്ഞു...

കഴുത്തിനു മുകളില്‍ ശൂന്യം......................

പേടിച്ചാല്‍ ഓടുക എന്ന മലയാളിയുടെ ജനിതകപരമായ സ്വഭാവം ദേവദത്തനെയും ഭരിച്ചപ്പോള്‍ അയാള്‍ ഓട്ടം തുടങ്ങി..കാലില്‍ അമ്മിക്കല്ലു വെച്ചപോലെ തോന്നുന്നുണ്ടായിരുന്നുവെങ്കിലും....ആരെയെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍ ഒരു കൂട്ടാ‍യേനേ എന്നു കരുതിയപ്പോഴേക്കും ഒരാള്‍ വരുന്നു...അയാള്‍ അടുത്തെത്തിയപ്പോള്‍ ദേവദത്തന്‍ വിക്കി വിക്കി(പീഡിയ അല്ല) പറഞ്ഞു..

“അവിടെ..അവിടെ...”

“അവിടെ എന്താണ്? നിങ്ങളെന്തിനാണ് വിറയ്ക്കുന്നത്?”

നടന്ന സംഭവങ്ങള്‍ മുഴുവന്‍ ദേവദത്തന്‍ പറഞ്ഞൊപ്പിച്ചു...ഒടുവില്‍ പറഞ്ഞു

”അയാളുടെ കാലിന്റെ സ്ഥാനത്ത് പോത്തിന്‍‌കാലായിരുന്നു”

തന്റെ കാല്‍ നീട്ടിക്കൊണ്ട് അയാള്‍ ചോദിച്ചു “ദാ ഇതുപോലത്തെ കാലായിരുന്നോ?”

ദേവദത്തന്‍ ഒന്നേ നോക്കിയുള്ളൂ....അതും പോത്തിന്‍‌കാല്‍...

ഹൃദയം സ്തംഭിച്ചു മരിച്ചുവീണ സുന്ദരനായ ആ യുവാവിന്റെ മൃതദേഹം പിറ്റേന്ന് രാവിലെ വരെ അവിടെ അനാഥമായി കിടന്നു.....

*

തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും ഒരു കാലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന അത്ഭുതശാസ്ത്രീയപ്രതിഭാസത്തെക്കുറിച്ച് ഒരു പോസ്റ്റുപോലും ബൂലോഗത്തില്‍ വന്നില്ല എന്നത് തികച്ചും നാണക്കേടായി തോന്നിയതുകൊണ്ട് ബൂലോഗത്തിന്റെ മാനം രക്ഷിക്കുന്നതിനായി ഞാന്‍ എന്റെ തികച്ചും വിലയേറിയതും പൊന്നിനും പണത്തിനും ഒപ്പം മാത്രം തൂക്കി നോക്കാവുന്നതുമായ സമയം ചിലവഴിച്ച് ഒരെണ്ണം പ്രസിദ്ധീകരിക്കുന്നു. അന്ധവിശ്വാസജടിലമായ ഇന്നത്തെ സമൂഹത്തില്‍ ഇതുപോലുള്ള ശാസ്ത്രീയ ചിന്തകള്‍ വളരുന്നത് വരുന്ന തലമുറയോട് ചെയ്യുന്ന പാതകം ക്ഷമിക്കണം സേവനമാകും എന്നുറപ്പുണ്ട്. ഇത് വായിച്ചിട്ട് അശാസ്ത്രീയം, അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു കമന്റിടാന്‍ വരാനിടയുള്ള അശാസ്ത്രികളെ ഈ പോസ്റ്റ് വായിക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ലെങ്കിലും അവര്‍ ഇവിടെ കമന്റിടാന്‍ പാടുള്ളതല്ല. കമന്റിട്ട് പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ വഴി തെറ്റിക്കും എന്നതിനാലാണിത്. ദയവായി ഇതില്‍ ഫാസിസ്റ്റ് മനോഭാവം ആരോപിക്കരുത്..

ഇത് 100% നടന്ന സംഭവമാണ്. ഇതിലെ ഓരോ വാക്കും വരിയും സത്യമാണ്. ഇന്നും യുക്തികൊണ്ടോ ശാസ്ത്രം കൊണ്ടോ വിശദീകരിക്കാനായിട്ടില്ലാത്ത ഈ പ്രതിഭാസം കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടതായി വന്ന വാര്‍ത്തകള്‍ ഈ പ്രതിഭാസത്തിന്റെ യൂണിവേഴ്സാലിറ്റിക്ക് നിദര്‍ശനമാണ്. ഗണപതി പാലുകുടിക്കുന്നതുമായി ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല എങ്കില്‍പ്പോലും സംവത്സരങ്ങളിലൂടെ തുടര്‍ന്നു പോകുന്ന ശാസ്ത്രീയ ചിന്തയുടെ ഒരു നാര് അതിലും കാണാം..

*

ദേവദത്തന്‍ ചത്തെങ്കില്‍ പിന്നെ താനെങ്ങിനെ ഇതൊക്കെ അറിഞ്ഞെടോ എന്നല്ലേ?

അവിശ്വാസികളേ..കുവിശ്വാസികളേ...നിങ്ങള്‍ക്ക് ഹാ...കഷ്ടം.

*

ഡോ. സൂരജ് നിര്‍മ്മിച്ച സര്‍വരോഗ നിവാരണ യന്ത്രം ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക. :)

Monday, June 9, 2008

അഞ്ജനേയാ....

ഉത്തര്‍പ്രദേശിലെ ഒരു ബിസിനസ് സ്കൂളിന്റെ ചെയര്‍മാനായി ഹനുമാനെ നിയമിച്ചു. കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നാമെങ്കിലും സംഭവം സത്യമാണ്. സാക്ഷാല്‍ ഹനുമാന്‍ തന്നെയാണ് ലഖ്‌നൌവിലെ സര്‍ദാര്‍ ഭഗത് സിങ് കോളേജ് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബിസിനസ് സ്കൂളില്‍ ഹനുമാന്‍ ചെയര്‍മാന് ചന്ദനത്തിരികള്‍ കത്തി നില്‍ക്കുന്ന പ്രത്യേക മുറിയുണ്ട്, ലാപ് ടോപ് കമ്പ്യൂട്ടറുണ്ട്. 4 കസേരകള്‍ ഹനുമാന്റെ ഒഴിഞ്ഞു കിടക്കുന്ന കസേരക്ക് അഭിമുഖമായി എപ്പോഴും ഉണ്ടാകും.

ഹനുമാന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഏതുജോലിയും വിജയകരമാകുമെന്ന വിശ്വാസമാണ് ഇതിനുപിന്നിലെന്ന് സ്കൂള്‍ വൈസ് ചെയര്‍മാന്‍ വിവേക് കാന്‍ഡി പറഞ്ഞു. സ്ഥാപനത്തിനു പറ്റിയ ചെയര്‍മാനു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ ആ മേഖലയിലെ അനവധി പേരുകള്‍ പരിഗണിച്ചെങ്കിലും അവസാനം ഹനുമാനെ ചെയര്‍മാനായി തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തേക്കാള്‍ വലുതായി ആരുണ്ട് എന്ന് ചോദിക്കുന്നു വിവേക് കാന്‍ഡി.

പര്‍വ്വതങ്ങളെ അമ്മാനമാടാന്‍ കഴിവുള്ള ആളാണ് ഹനുമാന്‍ എന്നറിയാമെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് വൈദഗ്ദ്യത്തെപ്പറ്റി പുരാണങ്ങളില്‍ സൂചനയൊന്നുമില്ലെന്ന് അസോസിയേറ്റഡ് പ്രസിന്റെ വാര്‍ത്തയില്‍ പറയുന്നു.

ആഞ്ജനേയാ...കാത്തോള്‍ണേ എന്ന് ഇന്നസെന്റ് ശൈലിയില്‍ പറഞ്ഞുകൊണ്ട് ഇത് പോസ്റ്റുന്നു.

Saturday, May 3, 2008

‘അരി‘കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍

പണ്ടത്തെ കഥയാണ്....

ഭാരത പര്യടനത്തിനെത്തിയ സായിപ്പ് തീവണ്ടി യാത്രക്കിടയിലാണ് ആ കാഴ്ച കണ്ടത്....

ട്രാക്കിന്റെ വക്കത്തിരുന്ന് സാധിക്കുന്ന ഒരു ‘പാമ്പാട്ടി‘ അല്ലെങ്കില്‍ ‘മന്ത്രവാദി‘...

സാധിച്ച് കഴിഞ്ഞ് അയാള്‍ എഴുന്നേറ്റപ്പോള്‍ അവശേഷിപ്പിച്ച നൈറ്റ് സോയിലിന്റെ ‍(ലത് തന്നെ) പരിമാണം കണ്ട് സായിപ്പിന്റെ കണ്ണു തള്ളി....

"ദൈവമേ!......ഇവനൊക്കെ എന്നാ ഭാഗ്യവാന്‍...എനിക്കിതുപോലെ സാധിക്കാന്‍ എന്നെങ്കിലും പറ്റുമോ? സാധിക്കണമെങ്കില്‍ തന്നെ എത്ര എത്തനോള്‍,സോറി ആവണക്കെണ്ണ കുടിക്കണം. ഇത്രയധികം സാധിക്കണമെങ്കില്‍ ഇവന്‍ എന്നാ മുടിഞ്ഞ തീറ്റയായിരിക്കും..പണ്ടാറം...ചുമ്മാ അല്ല ഭക്ഷ്യക്ഷാമം..."

പണ്ട് പിതാമഹന്‍ പറഞ്ഞ ഈ ഡയലോഗിന്റെ സ്റ്റാറ്റിസ്റ്റിക്കലി പോളിഷ്‌ഡ്, എക്കണോമിക്കലി വയബിള്‍(ചുമ്മാ കിടക്കട്ടെ),പൊളിറ്റിക്കലി (ഇന്‍‌)കറക്ട് ആയ സ്റ്റേറ്റ്മെന്റ് ആണ് കൊച്ചുമോന്‍ ഇപ്പോള്‍ പറഞ്ഞ ഈ വാചകം...

.......there are 350 million people in India who are classified as middle class. That's bigger than America. Their middle class is larger than our entire population. And when you start getting wealth, you start demanding better nutrition and better food, and so demand is high, and that causes the price to go up," No question that ethanol has had a part of it. But I simply do not subscribe to the notion that it is the main cost driver for your food going up,"

അരിയെത്താറാവുമ്പോള്‍ ചിലര്‍ക്ക് ചില മാനസികവിഭ്രാന്തിയൊക്കെ ഉണ്ടാവുമെന്ന് പഴമക്കാര്‍ പറയാറുണ്ട്...‘അരി’ വകയില്‍ ഒരു സെക്രട്ടറി ആവുമ്പോള്‍ പിന്നെ പറയാനുമില്ല...

‘അരി‘കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍ എന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി എന്ന് എല്ലാം കഴിയുമ്പോള്‍ പാടിക്കൊണ്ട് നടക്കേണ്ടിവരുമോ?