പണ്ട് തൊട്ടേയുള്ള ശീലമാണ്. അവനവനെത്തന്നെ കണികാണണം എന്നത്.
വേറെ ആരെയെങ്കിലും കണ്ട് അന്നത്തെ ദിവസം പോയിക്കിട്ടിയാല്‍ പിന്നെ അയാളെ പ്രാകിപ്രാകി ഉള്ള പാപം മുഴുവന്‍ തലയില്‍ കേറ്റി വെയ്ക്കണം.
ഓരോ തവണ മറ്റൊരാളെ പ്രാകുമ്പോഴും നമ്മുടെ ആയുസ്സില്‍ നിന്ന് പ്രാക്കിന്റെ ത്രീവ്രതയനുസരിച്ച് ആനുപാതികമായി ഇത്ര സെക്കന്റ് നഷ്ടപ്പെടുന്നു എന്ന് പ്രസിദ്ധ റഷ്യന്‍ മന:ശാസ്ത്രജ്ഞനായ കിടിലോവ്സ്കി പറഞ്ഞിട്ടുണ്ട്. (ഇതിനു ലിങ്ക് വേണമെന്നോ? വേണമെങ്കില്‍ വിശ്വസി.)
മാത്രമല്ല കാറ്റു പോയി സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ നമ്മടെ അദ്ദേഹം പഴയ കണക്കൊക്കെത്തപ്പി നമ്മളെ വല്ല നരകത്തിലേക്കും വിട്ടാല്‍ പ്ലാന്‍ മുഴുവന്‍ തകരാറിലാവും.
സ്വര്‍ഗത്തില്‍ സെറ്റില്‍ ചെയ്യണം എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമാണ്. അതുകൊണ്ടല്ലെ ഇത്ര നല്ല മനുഷ്യനായി ഇങ്ങനെ ജീവിക്കുന്നത്.
പല്ലുതേപ്പിലും കുളിയിലും ഷേവിങ്ങിലുമൊന്നും വിശ്വാസമുണ്ടായിട്ടല്ല. ഗോദ്‌രെജ് കാരനും കോള്‍ഗേറ്റ്കാരനും പാര്‍ച്യൂട്ട് എണ്ണക്കമ്പനിക്കാരനുമൊക്കെ ജീവിച്ചുപോണ്ടേ? അതുകൊണ്ട് ആ കലാപരിപാടികളൊക്കെ കഴിച്ച്, പാന്റും ഷര്‍ട്ടുമൊക്കെ ഫിറ്റ് ചെയ്ത് പുറത്തിറങ്ങി.
“ഇന്നെങ്കിലും ഇവനെ ഒറ്റ കിക്കില്‍ സ്റ്റാര്‍ട്ടാക്കിയിട്ടുള്ള കാര്യമേയുള്ളൂ”
അങ്ങിനെ മനസ്സില്‍ പറഞ്ഞ് സ്റ്റാര്‍ട്ടറില്‍ ആഞ്ഞു ചവിട്ടി.
ബൈക്കാരാ മോന്‍. നമ്മള്‍ മനസ്സില്‍ കാണുന്നത് അവന്‍ മരത്തില്‍ കാണും.
ഒരനക്കവുമില്ല. നീയിന്നെങ്ങോട്ടും പോണ്ടെടേയ് എന്ന മട്ട്.
ചോക്കിട്ട് ഒന്നു കൂടി ചവിട്ടി നോക്കി.....എവടെ?
പിന്നെ പ്ലുഗ്ഗൊക്കെ ഊരി ഊതി ഒന്നു കൂടി ഫിറ്റ് ചെയ്ത് ഒരു നാലഞ്ച് ചവിട്ട് ചവിട്ടി. ഇത്തരം ചില സ്നേഹപ്രകടനങ്ങളൊക്കെ നടത്തിയാല്‍ ഏത് കൊലകൊമ്പന്‍ ബൈക്കും വഴിക്കു വരും.
അവനനക്കം വെച്ചു. ഇനി താമസിപ്പിക്കണ്ട എന്ന് കരുതി വെച്ച് പിടിച്ചു.
റോഡിലൂടെ വണ്ടിയോടിച്ച് കുഴിയില്‍ച്ചാടാതെ നോക്കണോ, കുഴിയിലൂടെ വണ്ടിയോടിച്ച് റോഡില്‍ കയറാതെ നോക്കണോ എന്ന ശങ്ക വിട്ടുമാറാത്തതുകൊണ്ട് റോഡ് കുഴി, കുഴി റോഡ് എന്നമട്ടില്‍ കുതിര സവാരിപോലെ ചാടിച്ചാടി ഓടിച്ചുകൊണ്ടിരിക്കെയാണ് പിന്നിലൊരു ബഹളം.
പതുക്കെ ട്രാഫിക് നിയമം തെറ്റിക്കാതെ തിരിഞ്ഞു നോക്കി. (അതെങ്ങനാണെന്നോ? അതിനെപ്പറ്റി ഉടനെ ഒരു പോസ്റ്റിടുന്നുണ്ട്.)
ഒരു ഓട്ടോക്കാരനാണ്.
അവന്റെ ഒടുക്കത്തെ ഹോണടിയും ഇരപ്പിക്കലും. ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമാണെന്ന് കണ്ടാലറിയില്ലേ? വായു ഗുളിക വാങ്ങാനുള്ള പോക്കാണെന്നു തോന്നുന്നു.
വിട്ടുകൊടുത്താല്‍പ്പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല? ആക്സിലറേറ്റര്‍ ഞെരിച്ചു പിടിച്ചു.
ബൈക്കിനോടാണിവന്റെ കളി.
പതുക്കെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ അവനും ഇരച്ച് വരുക തന്നെയാണ്.
സ്പീഡോമീറ്ററിന്റെ സൂചി അങ്ങനെ മുന്നോട്ട് നീക്കി. അവനും അത് തന്നെ ചെയ്യുന്നു.
ഇപ്പോള്‍ തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല എന്ന പാട്ടിന്റെ പിക്ചറൈസേഷന്റെ മട്ടിലായി. ലൈറ്റും ഇട്ടിട്ടുണ്ട്.
ആട്ടോറിക്ഷക്ക് എന്നാണാവോ ആംബുലന്‍സ് ലൈസന്‍സ് കിട്ടിയത്?
പറപ്പിച്ചു.
പക്ഷെ, ആത്മാഭിമാനം വിട്ടുള്ള കളിയില്ല എന്ന വാശി ഈ ആനവണ്ടി ആനവണ്ടി എന്നു പറയുന്ന ശത്രുവിന്റെ മുന്നില്‍ തകരും എന്നുറപ്പായി.
സ്പീഡ് കുറച്ചില്ലേല്‍ ആനക്ക് അട വെക്കേണ്ടി വരും.
കിട്ടിയ ചാന്‍സില്‍ ആട്ടോക്കാരന്‍ ഒപ്പത്തിനൊപ്പമായി. അവനോട് മത്സരിച്ചതല്ല എന്ന ഭാവത്തില്‍ നേരെത്തന്നെ നോക്കി വണ്ടി വിട്ടു.
അവനെന്തോ പറയുന്നുണ്ട്. തെറിയാവും. മൈന്‍ഡ് ചെയ്തില്ല.
ഉടനെ തനിസ്വഭാവം കാണിച്ചുകൊണ്ട് അവന്‍ വണ്ടി ക്രോസ്സാക്കി നിര്‍ത്തി.
ചവിട്ടിയേ പറ്റൂ..ചവിട്ടി.
അവന്‍ ഇനി പറയാന്‍ പോകുന്നതിനെക്കുറിച്ചോര്‍ത്തപ്പോള്‍ വിപദിധൈര്യം എന്നു പറയുന്ന സംഭവം തലച്ചോറിലേക്ക് ഇരച്ചുകയറി. അഡ്രിനാലിന്‍ പമ്പ് ചെയ്യുക എന്ന് സായിപ്പ് പറയുന്ന സംഭവം തന്നെ.
അറ്റാക് ഈസ് ദി ബെസ്റ്റ് വേ ഓഫ് ഡിഫന്‍സ് എന്ന് പറഞ്ഞ മഹാനെ മനസ്സില്‍ ധ്യാനിച്ച് അലറി.
“എവടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്. നിനക്ക് കണ്ണു കണ്ട് കൂടെ, നീയെന്താ വായു ഗുളിക വാങ്ങാന്‍ പോണോ?“
വാമൊഴി സൌന്ദര്യത്തിന്റെ ഈ പ്രയോഗത്തില്‍ അവന്‍ ഒന്നു പകച്ചു. ആ പകപ്പ് മുതലെടുത്ത് അടുത്ത ഡോസ് കയറ്റിക്കൊടുത്തു. അവന്റെ വര്‍ഗത്തിനിട്ട് താങ്ങിയാല്‍ കുറച്ച് കൂടി ഇഫക്ട് കിട്ടും.
“ അല്ലെങ്കിലും ഈ ഓട്ടോക്കാരന്മാരൊക്കെ ഇങ്ങനെയാണ്. നീയൊന്നും മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ”.
ഞാന്‍ ഇത്രയൊക്കെ അലറിയിട്ടും അവന്റെ കണ്ട്രോള്‍ വിടാത്തതു കണ്ട് ഞാനൊന്നമ്പരന്നു. ഇനിയിപ്പോ ഞാനല്ലേ മാന്യന്‍?
അവന്‍ പറ്റാവുന്നത്ര സൌമ്യമായി പറഞ്ഞു.
“സാറെ, സാര്‍ സൈഡ് സ്റ്റാന്‍ഡ് തട്ടിയിട്ടില്ല. അത് പറയാനാണ് ഞാനീ പെടാപ്പാട് പെട്ടത്.“
പതുക്കെ താഴോട്ട് നോക്കിയപ്പോള്‍ ശരിയാണ്. ബൈക്ക് സ്റ്റാര്‍ട്ടായ സന്തോഷത്തില്‍ തട്ടാന്‍ മറന്നതാണ്.
ഇനിയിപ്പോ എന്ത് പറയും എന്ത് ചെയ്യും എന്നാലോചിച്ചപ്പോള്‍ പഴയ വിപദിധൈര്യമൊക്കെ ചോര്‍ന്നുപോയി. അവന്റെ വാമൊഴി സംഗീതത്തിനായി ചെവിതയ്യാറാക്കി.
ങേ? അവനൊന്നും പറയാതെ വണ്ടിയെടുത്ത് പോവുകയാണ്
പോകുന്ന പോക്കില്‍ അവന്‍ യാത്രക്കാരനോട് പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു.“ ചാവണ്ട എന്ന് വിചാരിച്ച് സഹായിക്കാന്‍ ചെന്നപ്പോ കണ്ടില്ലെ സാറെ അനുഭവം. ഇതാ പറയുന്നത് ഇക്കാലത്ത് ആരെയും സഹായിക്കാന്‍ ചെല്ലരുതെന്ന്.“
27 comments:
ഒരെണ്ണം പോസ്റ്റുന്നു. ഇത് വായിച്ച് ആരെങ്കിലും കരഞ്ഞാല്‍ ഞാന്‍ ഉത്തരവാദിയല്ല.
ഹ ഹ
മൂര്‍ത്തി ചേട്ടാ... ഇതു വായിച്ച് കരയണതെന്തിനാ? രസികന്‍ സാംഭവം ആണല്ലോ!
“റോഡിലൂടെ വണ്ടിയോടിച്ച് കുഴിയില്‍ച്ചാടാതെ നോക്കണോ, കുഴിയിലൂടെ വണ്ടിയോടിച്ച് റോഡില്‍ കയറാതെ നോക്കണോ എന്ന ശങ്ക വിട്ടുമാറാത്തതുകൊണ്ട്...”
നന്നായിട്ടുണ്ട്
:)
കലക്കന്‍ എന്നു പറഞ്ഞാല്‍ കലകലക്കന്‍ കിണ്ണന്‍ 916 പോസ്റ്റ്!!
ഭയങ്കര രസായിട്ട് വായിച്ചു. സൂപ്പര്‍ബ്. ഇഷ്ടപ്പെട്ടത് ക്വോട്ടാതെ വിട്ടാല്‍ ശരിയാവില്ല.
1. റഷ്യന്‍ മന:ശാസ്ത്രജ്ഞനായ കിടിലോവ്സ്കി!
2. സ്വര്‍ഗത്തില്‍ സെറ്റില്‍ ചെയ്യണം എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമാണ്.
3. പല്ലുതേപ്പിലും കുളിയിലും ഷേവിങ്ങിലുമൊന്നും വിശ്വാസമുണ്ടായിട്ടല്ല. ഗോദ്‌രെജ് കാരനും കോള്‍ഗേറ്റ്കാരനും പാര്‍ച്യൂട്ട് എണ്ണക്കമ്പനിക്കാരനുമൊക്കെ ജീവിച്ചുപോണ്ടേ?
4. “ഇന്നെങ്കിലും ഇവനെ ഒറ്റ കിക്കില്‍ സ്റ്റാര്‍ട്ടാക്കിയിട്ടുള്ള കാര്യമേയുള്ളൂ”
5. നീയിന്നെങ്ങോട്ടും പോണ്ടെടേയ് എന്ന മട്ട്.
6.ആക്സിലറേറ്റര്‍ ഞെരിച്ചു പിടിച്ചു.
7.തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല എന്ന പാട്ടിന്റെ പിക്ചറൈസേഷന്റെ മട്ടിലായി.
8. സ്പീഡ് കുറച്ചില്ലേല്‍ ആനക്ക് അട വെക്കേണ്ടി വരും.
9. “വാമൊഴി സൌന്ദര്യത്തിന്റെ ഈ പ്രയോഗത്തില്‍ അവന്‍ ഒന്നു പകച്ചു. ആ പകപ്പ് മുതലെടുത്ത് അടുത്ത ഡോസ് കയറ്റിക്കൊടുത്തു. അവന്റെ വര്‍ഗത്തിനിട്ട് താങ്ങിയാല്‍ കുറച്ച് കൂടി ഇഫക്ട് കിട്ടും.“
10. ഇനിയിപ്പോ ഞാനല്ലേ മാന്യന്‍?
11. ഇനിയിപ്പോ എന്ത് പറയും എന്ത് ചെയ്യും എന്നാലോചിച്ചപ്പോള്‍ പഴയ വിപദിധൈര്യമൊക്കെ ചോര്‍ന്നുപോയി. അവന്റെ വാമൊഴി സംഗീതത്തിനായി ചെവിതയ്യാറാക്കി.
:)
ശൈലി ഇഷ്ടായി...തുടര്‍ന്നും തുടരാം...ഹേയ്, അങ്ങനെ അല്ലെ പറയാ.. എന്നാല്‍ പറയട്ടെ, അങ്ങട് തൊടര്‍ന്നെഴുതാ, എന്താണ്ടാവന്നറിയാലോ?
രസിപ്പന്‍ വിവരണം.:)
റോഡ് കുഴി, കുഴി റോഡ് എന്ന മട്ടിലെ കുതിരസവാരി കൊള്ളാം. ഒരു ഡയലെക്റ്റികല്‍ ഊഞ്ഞാലാട്ടം പോലെ!
ഗൊള്ളാാാാാംസ്... :) രസായി
മൂര്‍ത്തി ചേട്ടാ...വിവരണ ശൈലി ഇഷ്ടായി.
നന്നായി അവതരിപ്പിച്ചു..:)
ഇതു പോലത്തൊരു അബദ്ധം എനിക്കും പറ്റിയിട്ടുണ്ട്. ബൈക്കില്‍ പോകുകയായിരുന്ന ഞാന്‍, മുന്‍പില്‍ സൈഡ് സ്റ്റാന്റ്റിട്ടുകൊണ്ടുപോകുന്ന സ്കൂട്ടറുകാരന്റെ ഒപ്പമെത്തന്‍ പെട്ട പാട്, അവസാനം അയാളെ കര്യം മനസ്സിലാക്കികൊണ്ടിരുന്നപ്പോള്‍ പുറക്കില്‍ നിന്നു ചെവിപൊട്ടണ തെറിവിളി*@+##, എന്താകാര്യമെന്നുവച്ചാല്‍ എന്റെ ബൈക്കിന്റെ സൈഡ് സ്റ്റാന്റ് മടക്കി വച്ചിട്ടാല്ലാന്ന് പറയുവാന്‍ വേണ്ടി എന്റെ അടുത്ത സുഹൃത്ത് കിലോമീറ്ററോളം എന്നെ പിന്തുടരുകയായിരുന്നു. ഈ ചമ്മല്‍ ഞാന്‍ ഒരു ബൈക്കു ചമ്മല്‍സ് എന്ന പേരില്‍ പോസ്റ്റിട്ടുണ്ട്.
http://kunjantelokam.blogspot.com/2007/07/oru-baikku-chammal.html
stylan style!!
മൂര്‍ത്തിമാഷേ..അടിപൊളി പോസ്റ്റ്. നന്നായിട്ടുണ്ട് ഓരോ പ്രയോഗങ്ങളും
good good goodeyy...
മൂര്‍ത്തിസാര്‍ ഇപ്പൊ കണ്ടേയുള്ളൂ... രസികന്‍ അനുഭവം :) ഇനി ട്രാഫിക് നിയമം തെറ്റിയ്ക്കാതെ തിരിഞ്ഞു നോക്കുന്നതിനെക്കുറിച്ച് എഴുതൂ....
ചാത്തനേറ്: ചാടിയിറങ്ങി ആ ആട്ടോക്കാരനെ കൈ വയ്ക്കാത്തത് കഷ്ടമായിപ്പോയി. ഞങ്ങക്ക് ഒരു തല്ലു മിസ്സായി. ;)
മൂര്‍ത്തിച്ചേട്ടാ ഇതെന്തൊന്നാ ഒരു എഴുത്ത്, ഞെരിപ്പന്‍!
വിശാലന്‍ ജി എഴുതിയത് പോലെ, ക്വോട്ട് ചെയ്യാനേ ഉള്ളൂ എല്ലാം :)
:) നന്നായിട്ടുണ്ട്...
qw_er_ty
ശ്രീ,വിശാലമനസ്കന്‍ മുരളി മേനോന്‍, വേണു, മുടിയനായ പുത്രന്‍(!), മനു, അരിക്കോടന്‍, കുഞ്ഞന്‍, ജി.മനു, അപ്പു, സാല്‍ജൊ,പുള്ളി, കുട്ടിച്ചാത്തന്‍, സാജന്‍, വീണ വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
ഇത് വഴി വന്നുപോയ എല്ലാവര്‍ക്കും നന്ദി...
എന്നെ വിശാലമായി ക്വോട്ടിയ വിശാല മനസ്കന്റെ വിശാലമായ മനസ്സിന് വിശാലമായ ഒരു നന്ദി... :)
ശ്രീ,വിശാലമനസ്കന്‍ മുരളി മേനോന്‍, വേണു, മുടിയനായ പുത്രന്‍(!), മനു, അരിക്കോടന്‍, കുഞ്ഞന്‍, ജി.മനു, അപ്പു, സാല്‍ജൊ,പുള്ളി, കുട്ടിച്ചാത്തന്‍, സാജന്‍, വീണ വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
ഇത് വഴി വന്നുപോയ എല്ലാവര്‍ക്കും നന്ദി...
എന്നെ വിശാലമായി ക്വോട്ടിയ വിശാല മനസ്കന്റെ വിശാലമായ മനസ്സിന് വിശാലമായ :) ഒരു നന്ദി
"റോഡിലൂടെ വണ്ടിയോടിച്ച് കുഴിയില്‍ച്ചാടാതെ നോക്കണോ, കുഴിയിലൂടെ വണ്ടിയോടിച്ച് റോഡില്‍ കയറാതെ നോക്കണോ"
murthi ithu superb
-sul
മൂര്‍ത്തി മാഷേ, കലക്കന്‍ വിവരണം.
കരഞ്ഞില്ല, ഗൌരവാലിറ്റി കോര്‍ണര്‍ ആയോണ്ട് ശ്വാസം പിടിച്ച് ഗൌവരവം വരാതെ ഇരീക്കുന്നു.
:)
ശ്രീ യും സുല്‍ ഉം പറഞ്ഞു; മുടിയനായ പുത്രനും ക്വോട്ടിയ വിശാലന്‍ ക്വോട്ടാതെ പോയ
“റോഡിലൂടെ വണ്ടിയോടിച്ച് കുഴിയില്‍ച്ചാടാതെ നോക്കണോ, കുഴിയിലൂടെ വണ്ടിയോടിച്ച് റോഡില്‍ കയറാതെ നോക്കണോ എന്ന ശങ്ക വിട്ടുമാറാത്തതുകൊണ്ട് റോഡ് കുഴി, കുഴി റോഡ് എന്നമട്ടില്‍ കുതിര സവാരിപോലെ ചാടിച്ചാടി ഓടിച്ചുകൊണ്ടിരിക്കെയാണ് “
ഇതാണ് കുതിര.
നല്ല ഗുണപാഠം.
മൂര്‍ത്തീ, മൂത്രീ, മൂമൂന്നേ, അടിപൊളി. ഒരൊറ്റ സംശയം മാത്രം. രാവിലെ എഴുന്നേറ്റ് മൂരിയെ നിവര്‍ത്തുമ്പോള്‍ മൂരി തൊഴിക്കില്ലേ? :)
ആട്ടോരക്ഷകന്‍ ടൈറ്റില്‍ ദേവേട്ടന്റെ ഓട്ടോക്കലാധരനെ ഓര്‍മ്മിപ്പിച്ചു.
“ഇനിയിപ്പോള്‍ ഞാനല്ലേ മാന്യന്‍” ക്വോട്ടുന്നു.
പ്രിയ സുല്‍, ഡാലി, സതീഷ്, ബയാന്‍, വക്കാരീ നന്ദി.
നന്നായി....
അതു പോരാ... കലക്കി.... അല്ലപിന്നെ....
ഹ.ഹ..മൂര്‍ത്തിസാറേ....
പണ്ടൊരു പരോപകാരി...
പകല്‍ ഹെഡ് ലൈറ്റും ഇട്ട് പോയ ബൈക്കുകാരനെ...
കെടും ഓഫാകും എന്ന മട്ടിലൊരു കൈ സിഗ്നല്‍ കാണിച്ചു.....
ബൈക്കുകാരന്റെ സഹധര്‍മ്മിണീം പുറകില്‍ ഉണ്ടായിരുന്നു....
പിന്നെയാ പരോപകാരി ...വെറുതേ വീട്ടിലെ ലൈറ്റ് കണ്ടാലും ഞെട്ടാന്‍ തുടങ്ങി.....
കലക്കന് പോസ്റ്റ്... ഇതിലെ ഭംഗികളും മറ്റും എല്ലാവരും പറഞ്ഞ് കഴിഞ്ഞു....നല്ല ശൈലി...തുടര്‍ന്നും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..
Post a Comment